ബംഗാളിയോളം ദുർഗാപൂജ ആഘോഷിക്കുന്ന മറ്റൊരു ജനവിഭാഗമില്ല . പൂജൊ എന്ന് അവർ വിളിക്കുന്ന ഈ ഉത്സവം ആരാധനയിലൂടെ ആഘോഷത്തിലേക്കുള്ള സഞ്ചാരമാണ്. വീടിനകത്തും 
പുറത്തും പ്രാർഥനയും ആഘോഷവും. എവിടെയും നിറയുന്ന പൂജാപ്പന്തലുകൾ, നിറങ്ങൾ, നാദങ്ങൾ. ഒടുവിൽ ജലാശയത്തിൽ ദുർഗാവിഗ്രഹമൊഴുക്കൽ, അതിന്റെ ദുഃഖം... ബംഗാളി ഇങ്ങനെയൊക്കെ ദുർഗാപൂജ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. കൊൽക്കത്തയെ ജീവിത മണ്ഡലമാക്കിയ മലയാളത്തിന്റെ യുവ എഴുത്തുകാരൻ അറിഞ്ഞതും അനുഭവിച്ചതുമായ പൂജാക്കാലത്തെക്കുറിച്ച് എഴുതുന്നു... 

റ്റവാചകത്തിൽ പറഞ്ഞാൽ, അമ്മ മക്കളെയും കൂട്ടി ഭർത്തൃഗൃഹത്തിൽനിന്നും ജന്മഗൃഹത്തിൽ വന്ന് മടങ്ങുന്ന ആഘോഷമാണ് ദുർഗോത്സവം. ഇത് ബംഗാളിൽച്ചെന്ന് പറഞ്ഞാൽ അവരത് കണിശമായും നിഷേധിക്കും. എന്നുമാത്രവുമല്ല, ഒച്ചപൊക്കി സങ്കടവും രോഷവും പ്രകടിപ്പിക്കുകയും ചെയ്യും. ഏതാണ്ട് ആറേഴ് നൂറ്റാണ്ടിനപ്പുറംമുതൽ ബംഗാളികൾ ആഘോഷിച്ചുവരുന്ന ദുർഗാപൂജ എന്നാൽ, എന്താണെന്ന് സമർഥിക്കാൻ ലക്ഷം കാരണങ്ങളും ഉദാഹരണങ്ങളും അവർക്കുണ്ട്. പന്ത്രണ്ടുമാസത്തെ കാത്തിരിപ്പാണ് ബംഗാളിക്ക് ദുർഗോത്സവം. ജീവിക്കുന്നതുതന്നെ പത്തുദിവസത്തെ പൂജാഘോഷങ്ങൾ കാണാനാണെന്നു തോന്നും. വേറൊരു വിധത്തിൽ ആലോചിച്ചാൽ ആഘോഷമില്ലാതെ ജീവിക്കാൻ ബംഗാളിക്കാവില്ല.

ബ്രിട്ടീഷുകാർ ഭരിച്ചാലും കമ്യൂണിസ്റ്റുകാർ ഭരിച്ചാലും പഴയ കോൺഗ്രസിന്റെ കൂട്ടിൽനിന്ന്‌ പുറത്തുചാടിയ തൃണമൂൽ ഭരിച്ചാലും ബംഗാളിൽ ആശ്വിനമാസം പിറന്നാൽ ദുർഗ മക്കളെയുംകൂട്ടി പത്തുദിവസത്തെ സന്ദർശനത്തിന് വന്നിരിക്കും. ജനങ്ങൾ അമ്മയെ വികാരപാരവശ്യത്തോടെ സ്വീകരിച്ച്, സത്‌കരിച്ച് തൃപ്തിപ്പെടുത്തി കണ്ണീരോടെ വിജയദശമിദിനത്തിന് പറഞ്ഞയക്കുകയും ചെയ്യും. കണ്ണീരെന്ന് ഒരോളത്തിന് എഴുതിയതല്ല. അവസാനദിവസം ദുർഗയുടെ പ്രതീകമായ പ്രതിമ വെള്ളത്തിലൊഴുക്കാൻ കൊണ്ടുപോകുമ്പോൾ ബംഗാളിലെ പെണ്ണുങ്ങളും ആണുങ്ങളും അമ്മയുടെ കാലിൽ തൊട്ട് നിലവിളിക്കുന്നത് ആറു വർഷമായി ഞാൻ കാണുന്നു. അത് കണ്ടുനിൽക്കേ ഏതോ നിമിഷത്തിൽ സ്വന്തം അമ്മയെ ഓർത്ത് ഞാനുമൊന്ന് വിതുമ്പിപ്പോവുന്നത് അറിയുന്നു. എന്താണ് ബംഗാളിലെ ദുർഗാപൂജ എന്നുചോദിച്ചാൽ അമ്മയെ ഓർത്തുള്ള വിങ്ങലാണെന്ന് ഉപസംഹരിക്കാം. 


രണ്ടായിരത്തിപ്പതിന്നാലിലാണ് ആദ്യമായി ദുർഗാപൂജ കണ്ടത്. മഹാലയമുതൽ പത്തുദിവസമാണ് ചടങ്ങുകൾ. അവസാനത്തെ അഞ്ചുദിവസമാണ് മുഖ്യം. ദുർഗാ-മഹിഷാസുര  യുദ്ധത്തിലെ ദുർഗയുടെ വിജയമാണ് ദുർഗോത്സവമായി ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. ബംഗാളി വിശ്വാസമനുസരിച്ച് ലക്ഷ്മിയും സരസ്വതിയും ഗണേശനും കാർത്തികേയനും ദുർഗയുടെ മക്കളാണ്. കൈലാസത്തിലെ ഭർത്തൃഗൃഹത്തിൽനിന്ന്‌ മക്കളെയും കൂട്ടി അമ്മ സ്വവസതിയിലേക്കെത്തുന്നതോടെ പൂജ ആരംഭിക്കും.

ആറാം ദിവസമായ ഷഷ്ടിമുതൽ ദുർഗാപൂജ അതിന്റെ പ്രധാനചടങ്ങുകളിലേക്ക് കടക്കും. 
പശ്ചിമ ബംഗാൾ, അസം, ഒഡിഷ, ബിഹാർ, ത്രിപുര തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളും പഴയ കിഴക്കൻ ബംഗാളായിരുന്ന ബംഗ്ലാദേശും ദുർഗാപൂജ ആഘോഷിക്കും. ഞാൻ ചെന്നകാലത്ത് പൂജയുടെ ചരിത്രമൊന്നും അറിയുമായിരുന്നില്ല. ആരോ പറഞ്ഞാണ് ആശ്വിനമാസമായെന്നും ദുർഗാപൂജ തുടങ്ങാറായെന്നും അറിയുന്നത്. പൂജാകാലമാകുന്നതോടെ നിരത്തുകൾ പലതും അടയുന്നതും വാഹനഗതാഗതം വഴിമാറിപ്പോകുന്നതും കടകമ്പോളങ്ങൾ ഒരുങ്ങുന്നതും ജനക്കൂട്ടം തെരുവുകൾ കൈയടക്കുന്നതും കണ്ടു. പൂജക്കാലത്ത് സന്തോഷിക്കാത്ത ബംഗാളി ഉണ്ടാവുകയില്ല. മെല്ലെ മെല്ലെ ഞാനും അതിൽ മുഴുകാൻ ആരംഭിച്ചു.

പൂജ അല്ലെങ്കിൽ പൂജൊ എന്നാണ് ബംഗാളിൽ പൊതുവിൽ പറയുന്നത്. അത് പത്തുദിവസത്തെ ചടങ്ങുകളെയും ആരാധനയെയും ഉദ്ദേശിച്ചാണ്. പൂജയോട് അനുബന്ധിച്ച് ധാരാളം അനുഷ്ഠാനങ്ങളുണ്ട്. എല്ലാം വിശദീകരിക്കാൻ നിന്നാൽ സ്ഥലം മതിയാവുകയില്ല. വീടുകൾക്കുള്ളിൽ നടക്കുന്നതും പുറത്ത് നടക്കുന്നതുമായി രണ്ടായി സൗകര്യത്തിന് തിരിക്കാം. വീടുകളിൽ ആചരിക്കേണ്ടത്, അഥവാ വ്യക്തികളോ കുടുംബങ്ങളോ ആചരിക്കേണ്ടതുതന്നെ മഹാലയമുതൽ ഒട്ടേറെയുണ്ട്. വിശ്വാസത്തിന്റെ തീവ്രതയനുസരിച്ച് ഏറ്റക്കുറച്ചിലൊന്നുമില്ല. എല്ലാ ബംഗാളിയും-കമ്യൂണിസ്റ്റുകാരനും നക്സലൈറ്റും തൃണമൂൽ കോൺഗ്രസുകാരനും - ഒരേപോലെ ആചാരങ്ങളിൽ ഭാഗമാകും. അനുഷ്ഠിക്കാത്തവരും ആചരിക്കാത്തവരും കാണും. കാണാതിരിക്കില്ല. ബംഗാളല്ലേ. ഏതുകാര്യവും പരമാവധിയിൽ എടുക്കുന്നവരാണ്. വേണ്ടാ എന്നുവെച്ചാൽ വേണ്ടാ എന്നുതന്നെയാണ് അവരുടെ രീതി. 

റോഡുകളുടെ രണ്ട് അതിരുകളും കുത്തിത്തുരന്ന് മുളന്തൂണുകൾ സ്ഥാപിക്കുന്നതോടെ മെല്ലെ മെല്ലെ പൂജയുടെ ബാഹ്യമായ ഒരുക്കങ്ങൾ പ്രകടമാകും. പത്താം ദിവസമായ വിജയദശമിക്ക് കൈലാസത്തിലേക്ക് മടങ്ങുന്ന അമ്മയെ യാത്രയയക്കാൻ മക്കൾ റോഡരികിൽ തടിച്ചുകൂടും. അത് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളാണ് മുളകൊണ്ട് നിർമിക്കുന്നത്. പിന്നെ പന്തലുകൾ കാണാൻ നിരത്തിലിറങ്ങുന്നവരെ നിയന്ത്രിക്കാനും. മടക്കയാത്ര എന്നാൽ, കുളത്തിലോ നദിയിലോ പ്രതിമ ഒഴുക്കുന്നതാണ്. അതിനായി വലിയ ലോറികളിൽ പന്തലിൽനിന്നും മാറ്റുന്ന പ്രതിമ വെക്കും. ആ ലോറിയിൽ ജനറേറ്റവും ലൈറ്റുകളും സ്ഥാപിച്ച് മേളത്തോടെ നഗരവഴികളിലൂടെ ഹൂഗ്‌ളിയിലേക്ക് നീങ്ങും. ഹൗറപ്പാലത്തിനു താഴെയായി പ്രതിമകളെ ഒഴുക്കുന്നതാണ് പലപ്പോഴും പത്രങ്ങളിലും ചാനലുകളിലും കാണാറുള്ളത്. ഹൂഗ്‌ളിയിൽ ഒഴുക്കാൻ സാധിക്കാത്തവർ സമീപത്തുള്ള കുളങ്ങളിലും കടൽത്തീരങ്ങളിലും നിമജ്ജനം നടത്തും. ഡയമണ്ട് ഹാർബർ എന്ന പ്രശസ്തമായ അഴിമുഖവും മറ്റ് ബീച്ചുകളുമെല്ലാം നിമജ്ജനച്ചടങ്ങുകൾക്ക് സ്ഥിരം സ്ഥലമാണ്‌.

കൊൽക്കത്ത നഗരത്തിൽ ബാരിക്കേഡിനും പന്തലിനുമുള്ള മുളകൾ കെട്ടുന്നത് ഇന്നും തുണിക്കീറുപയോഗിച്ചാണ്. അല്ലാതെ കയറോ പ്ലാസ്റ്റിക് നാടയോ ഉപയോഗിച്ച് മുള കെട്ടുന്നത് ഞാൻ കണ്ടിട്ടില്ല. (നഗരത്തിന് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനിയുടെ ആളുകൾ മുളയേണിയുമായിട്ടാണ് ഇന്നും പോസ്റ്റിലെ പണികൾ നോക്കാൻ വരുന്നതെന്നോർക്കണം.) അതോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ പന്തലുകൾ ഉയരും. ഈ പന്തലുകളാണ് പൂജയുടെ പ്രധാന ആകർഷണം. 

 പന്തലുകൾ, പന്തലുകൾ...

പന്തൽ എന്നു പറയുമെങ്കിലും അതിനെ വലിയ ആർട്ട് വർക്കായിട്ടുവേണം മനസ്സിലാക്കാൻ. ഉദാഹരണത്തിന് തൃശ്ശൂർ പൂരത്തിന് നാല് വലിയ പന്തൽ ഉയരുമല്ലോ. ഏറക്കുറെ ഒരേ ഉയരവും വലുപ്പവുമുള്ള പന്തലുകളാണ് അവ. നല്ലൊരു കാറ്റിനെയോ മഴയെയോ താങ്ങാൻ അതിനാവില്ല. രാത്രിയിലെ വർണവിളക്കുകളുടെ മിന്നിക്കെടലിന്റെ ഭംഗിയാണ് അതിന് വലിയ മിഴിവ് പകരുന്നതെന്ന് സാമാന്യമായി പറയാം. എന്നാൽ, ബംഗാളിലെ പൂജാപ്പന്തലുകൾ അങ്ങനെയല്ല. അത് ഓരോ പന്തൽ കമ്മിറ്റിയുടെയും വിലയും നിലയും അന്തസ്സും അധികാരവും അനുസരിച്ച് നിലമാറ്റും. എന്നുവെച്ചാൽ പന്തലിന്റെ നിർമാണച്ചെലവ് ലക്ഷങ്ങൾമുതൽ കോടികളിലേക്ക് പടരുന്നതാണെന്ന് സാരം.

മാത്രവുമല്ല, പന്തലുകൾ തമ്മിലും ദുർഗാപ്രതിമകൾ തമ്മിലും മത്സരമുണ്ട്. അതിനാൽ ഓരോ പന്തൽ കമ്മിറ്റിയും മാസങ്ങൾക്കുമുന്നേ അവരവരുടെ പന്തലുകളുടെ മാതൃക നിശ്ചയിക്കും. അതിനായി കലാകാരന്മാരെ രാജ്യത്തിന്റെ പലഭാഗത്തേക്കും അയക്കും. അവിടെനിന്നെല്ലാം മാതൃകകൾ സ്വീകരിക്കും. അതുപയോഗിച്ച് പന്തൽ പണിയും. എളുപ്പത്തിൽ മനസ്സിലാക്കാൻ പറയാം: രാജമൗലിയുടെ ബാഹുബലി സിനിമയിലെ സെറ്റുകൾ മനസ്സിൽ കാണുക. അതുപോലിരിക്കും ഓരോ പന്തലും. ബംഗാളിലെ കാറ്റിലും മഴയിലും അത് പൊളിയില്ല. ഞാൻ പറഞ്ഞുകേട്ടതാണ്: ഏതോ കൊല്ലത്തെ പന്തലിന്റെ മാതൃക കേരളത്തിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ മാതൃകയായിരുന്നത്രേ. ഇങ്ങനെ രൂപത്തിൽ മാത്രമല്ല പരീക്ഷണങ്ങളും പുതുമകളും കാണുക, നിർമാണ സാമഗ്രിയിലും ഉണ്ടാവും. ബുദ്ധിമാന്മാരായ കലാകാരന്മാരുടെയും പ്രയത്നശാലികളായ തൊഴിലാളികളുടെയും പണമിറക്കാൻ മടിയില്ലാത്ത കമ്മിറ്റിക്കാരുടെയും വ്യക്തികളുടെയും കലാപരമായ, വാണിജ്യപരമായ മത്സരം കൂടിയാണ് പന്തലുകൾ. 


 റോഡുകളിലുള്ള പന്തൽ സാധാരണഗതിയിൽ ചെറുതാവും. മൈതാനങ്ങളിലും പാർക്കുകളിലും ആളൊഴിഞ്ഞ പറമ്പുകളിലുമായി പടുത്തുയർത്തുന്നവ കൂറ്റൻ പന്തലുകളാവും. പന്തലുകളുടെ വലുപ്പമനുസരിച്ച് ഉള്ളിൽ വെക്കുന്ന ദുർഗയുടെ പ്രതിമകൾക്കും വലുപ്പം കൂടും. പത്തും പതിനഞ്ചും അടി ഉയരമുള്ള പ്രതിമകൾ കാണാം. അവയിൽ അണിയിക്കുന്ന സാരിയും ആഭരണങ്ങളും ചമയങ്ങളും എല്ലാം മേൽത്തരമാവും. ദുർഗയ്ക്ക് ചുറ്റാൻ കൊടുക്കുന്ന സാരിയുടെ വില മാത്രം മതിയാവും പാർക്ക് സ്ട്രീറ്റിലെ നക്ഷത്രഹോട്ടലുകളിൽ പോയി ഒരാഴ്ച സ്വപ്നസന്നിഭമായ അത്താഴം കഴിക്കാൻ. ഇങ്ങനെ പണിയുന്ന പന്തലുകളിലെ ദുർഗയെ വന്ദിക്കാനും പന്തൽ കാണാനും ആബാലവൃദ്ധം ബംഗാളികളും ഒഴുകും. പന്തലുകളിൽ നിത്യപൂജയും പ്രസാദവിതരണവും ഉണ്ടാകും. പ്രസാദം ഉണ്ടാക്കുന്നതും റോഡരികിൽത്തന്നെ. വലിയ കുട്ടകങ്ങളിൽ നമ്മുടെ നാട്ടിലെ പഴയ കല്യാണസദ്യയെ ഓർമിപ്പിക്കുന്ന മട്ടിൽ സദ്യയൊരുക്കും. അത് കഴിക്കാനും വലുപ്പച്ചെറുപ്പമില്ലാതെ ആളുണ്ടാവും. വലിയ പന്തലുകളിൽ മുൻനിരയിൽ ഏതാനും സോഫകൾ ഇട്ടിട്ടുണ്ടാവും. അത് വിശിഷ്ടാതിഥികൾക്ക് ഇരിക്കാനാണ്. സാധാരണക്കാർക്ക് ഇരിക്കാൻ പിന്നിലായി പ്ലാസ്റ്റിക് കസേരകൾ ഇടും. എല്ലാ പന്തലിലും ഇങ്ങനെ ഇരിപ്പിടമുണ്ടാവില്ല. വരാനും പോകാനും രണ്ടുവഴിയുണ്ടാക്കി സന്ദർശകരെ കടത്തിവിടും. 

 ആഘോഷകാലം

കലണ്ടറിൽ പത്തുദിവസമാണ് ദുർഗോത്സവമെങ്കിലും കൊൽക്കത്തയിൽ അത് ഒരുമാസംമുതൽ രണ്ടുമാസംവരെ നീളുന്ന ഉത്സവമാണ്. സർക്കാർ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം മെല്ലെ മെല്ലെ അടച്ചിടുന്ന അവസ്ഥയിലേക്കെത്തും. അപ്രഖ്യാപിത അവധികളാവും പിന്നീടങ്ങോട്ട്. ദുർഗോത്സവത്തിന് നാലുദിവസം ദിനപത്രങ്ങളും അച്ചടിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെ ഏതാണ്ട് മുഴുവനായും ജീവിതരീതി നിർത്തിവെച്ചിട്ടാണ് ബംഗാളികൾ ദുർഗാപൂജ ആഘോഷിക്കുക. അതിനായി അകലെപ്പോയ ബംഗാളിന്റെ മക്കളെല്ലാം തിരികെയെത്തും. പിന്നെ പണ്ഡിതനും പാമരനും കുബേരനും കുചേലനും ഒന്നിച്ച് ഏറക്കുറെ പാരമ്പര്യവേഷത്തിൽ നിരത്തിലിറങ്ങും. രാത്രികളുടെയും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ആഘോഷം കൂടിയാണ് പൂജ. ഹിന്ദുവിശ്വാസമനുസരിച്ച് ശക്തിയുടെ ഉത്സവമായിട്ടാണ് പൂജ ആഘോഷിക്കുന്നതും. ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾക്ക് വിഹരിക്കാൻ സാധിക്കുന്ന നഗരം കൂടിയാണ് കൊൽക്കത്ത. സാധാരണദിവസങ്ങളിൽപ്പോലും ഏതു അസമയത്തും കൂട്ടമായി സ്ത്രീകളെ റോഡിൽ കാണാൻ സാധിക്കും. പൂജയാവുന്നതോടെ അത് നിർബാധമാകും. ബംഗാളിൽ ദുർഗ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. അവിടെ പിറക്കുന്ന ഓരോ സ്ത്രീപ്രജയും ഈ അമ്മയുടെ ശക്തിയുടെ പ്രതിനിധിയാണ്. ആ ശക്തി ഉള്ളിലിട്ടാണ് അവർ വളരുന്നതും. അത് അംഗീകരിച്ചുകൊടുത്താണ് ആണുങ്ങളും വളരുന്നത്. അതിനാൽ സ്ത്രീകളുടെ ശക്തിയെ ഓരോ കൊല്ലവും ഓർമിപ്പിക്കുന്ന ഉത്സവം കൂടിയാണ് ദുർഗാപൂജ എന്നുപറയാം. 

 പെണ്ണ് വിഹരിക്കുന്നത് കാണണമെങ്കിൽ കൊൽക്കത്തയിൽത്തന്നെ വരണം. ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലോ ആന്ധ്രാപ്രദേശിലോ ഒന്നും സ്ത്രീയുടെ സ്വാതന്ത്ര്യവും ധൈര്യവും ഇങ്ങനെ കാണാൻ സാധിക്കില്ല. അവർ ശാരീരികമായി മലയാളികളെക്കാളും ബംഗാളികളെക്കാളും കരുത്തരാണെങ്കിലും. എന്നാൽ ഏതാണ്ട് പതിന്നാല് പതിനഞ്ച് വയസ്സാകുന്നതോടെ ബംഗാളിൽ പെൺകുട്ടികൾ ഏറക്കുറെ വീടുകളിൽനിന്ന്‌ സ്വാതന്ത്ര്യം നേടും. അവരുടെ ശൈശവത്തിൽനിന്നുള്ള കൗമാരത്തിലേക്കുള്ള, അല്ലെങ്കിൽ കൗമാരത്തിൽനിന്ന് യൗവനത്തിലേക്കുള്ള കടന്നുപോക്ക് കൂടിയാണ് ദുർഗാപൂജ. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഓർമകൾ ദുർഗാപൂജയോടെയാണ് ബംഗാളിൽ ആരംഭിക്കുന്നതെന്ന് പറഞ്ഞുകേൾക്കാറുണ്ട്. മിക്കവാറും അത് അവരുടെ സ്വകാര്യമായ ജീവിതത്തോടു ചേർത്തുമാത്രം പിന്നീട് ഓർമിക്കേണ്ട കാര്യങ്ങളായിരിക്കും. അത്രത്തോളം തുറന്നുവിടൽ കുടുംബത്തിൽനിന്ന്‌ അന്ന് സംഭവിക്കും. വിചിത്രമായി തോന്നാം: പ്രായത്തിനു ചേരുന്ന ഇണയെ കണ്ടെത്തുന്നതും പ്രേമസല്ലാപങ്ങൾ ആരംഭിക്കുന്നതും പെൺകുട്ടികൾ ആൺസുഹൃത്തുക്കളുടെ വീടുകളിൽ സന്ദർശനത്തിനു പോകുന്നതുമെല്ലാം പൂജാനാളുകളിലാണ്. കേരളത്തിലെ സാമൂഹിക സാഹചര്യം പരിഗണിച്ച് വിലയിരുത്തിയാൽ നമുക്ക് അദ്‌ഭുതം തോന്നുന്നത്ര പ്രായം കുറഞ്ഞ ഇണകൾ കൈകോർത്ത് കറങ്ങുന്നത് പൂജാദിനങ്ങളിൽ കാണാം. അതിന്റെപേരിൽ കുറ്റകൃത്യങ്ങളൊന്നും കേൾക്കാറുമില്ല. അമ്മയുടെ ശക്തിയിൽ മക്കൾക്ക് വിഹരിക്കാമെന്നാവാം വിശ്വാസം പറയുന്നത്.

 ഈ വർഷം ഒക്ടോബർ ഇരുപത്തിരണ്ടുമുതൽ ഇരുപത്താറു വരെയാണ് ദുർഗാപൂജ. കോവിഡിന്റെ സാഹചര്യങ്ങൾ ശോഭകുറയ്ക്കുമോ എന്ന് പറയാൻപറ്റില്ല. പൊതുവേ പ്രതിസന്ധികളോട് ഒരുതരം കൂസലില്ലായ്മ ബംഗാളിക്കുണ്ട്. എല്ലായിടത്തും പന്തൽപ്പണി പൂർത്തിയായിത്തുടങ്ങി. കുമാർത്തുളിയിലെ ശില്പികൾ നിർമിച്ച കളിമൺ ദുർഗാരൂപങ്ങൾ നിറംചാർത്തി ഒരുങ്ങിക്കഴിഞ്ഞു. ചേലയും ആഭരണങ്ങളും അണിഞ്ഞ് ചൈതന്യത്തോടെ അവ പന്തലുകളിലേക്ക് എത്തിയാൽ വീടുകളിലടിഞ്ഞിരിക്കുന്ന ബംഗാളികൾ കൂട്ടത്തോടെ പുറപ്പെടും. അവർ അമ്മയ്ക്ക് ആരതിയുഴിയുകയും കരഞ്ഞ് കണ്ണീർവാർത്ത് സങ്കടം പറയുകയും പ്രണാമം സമർപ്പിക്കുകയും ചെയ്യും. ഈ പന്തലുകളിലെ ദുർഗാരൂപങ്ങളുടെ മുന്നിൽപ്പോയി നിന്നപ്പോഴെല്ലാം ഞാൻ ഓർത്ത പ്രധാനകാര്യം മനുഷ്യരുടെ വലുപ്പക്കുറവാണ്. എവിടെയും എല്ലായ്‌പ്പോഴും ദുർഗയാണ് ഏറ്റവും വലുത്. മറ്റ് ദൈവരൂപങ്ങളും അതിനു മുന്നിലെത്തുന്ന യഥാർഥ മനുഷ്യരും ദുർഗയെക്കാളും ചെറുതാണ്. അങ്ങനെയായിരിക്കാനാണ് എല്ലാകൊല്ലവും ഈ ചടങ്ങ് നടത്തുന്നതുതന്നെ. 

 കൊൽക്കത്തയും കുട്ടിക്കാലവും​

രണ്ട് കുട്ടിക്കാല ഓർമകൾ കൊൽക്കത്തയെക്കുറിച്ചും ദുർഗാപൂജയെക്കുറിച്ചും ഉണ്ട്. ഹൗറ പാലത്തെക്കുറിച്ചും ഡംഡം വിമാനത്താവളത്തെക്കുറിച്ചും സാമൂഹ്യപാഠം ക്ലാസിൽ പഠിച്ചതിനുശേഷം അമ്പരപ്പായി മനസ്സിൽ വളർന്ന കൊൽക്കത്തയോട് ആദ്യമായി ബന്ധമുണ്ടാകുന്നത് പതിനഞ്ചാം വയസ്സിലാണ്. എന്റെ അയൽവാസികളായിരുന്ന കുടുംബത്തിലെ മൂത്തയാൾ വളരെപ്പണ്ട് ജോലിതേടി നാടുവിട്ട ആളായിരുന്നു. അദ്ദേഹം കൊൽക്കത്തയിലാണ് അഭയം തേടിയത്. വർഷങ്ങൾക്കുശേഷം എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം നാട്ടിൽ വന്നു. ഞാനദ്ദേഹത്തെ കണ്ടു. ചാരക്കളറുള്ള സഫാരി സ്യൂട്ടായിരുന്നു അദ്ദേഹത്തിന്റെ വേഷം. അന്ന് അമ്പതിനുമേൽ പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൃതാവ് കവിളിലേക്ക് ഇറങ്ങിയിരുന്നു. അത് കേരളത്തിലെ അന്നത്തെ യുവാക്കൾ കൃതാവ് വളർത്തിയിരുന്ന വിധത്തിലായിരുന്നില്ല. മുടി വെട്ടിയിരുന്നതും അത് ചീകിവെച്ചിരുന്നതും കേരളത്തിൽ കണ്ടിട്ടുള്ള മട്ടിലായിരുന്നില്ല. കട്ടിയുള്ള ഫ്രെയിമുള്ള കണ്ണട വെച്ച് സിഗരറ്റ് പുകച്ച് ശാന്തനായി അകലേക്ക് നോക്കിനിൽക്കുന്ന ആ മനുഷ്യനിലാണ് ആദ്യമായി എന്താണ് കൊൽക്കത്ത എന്ന് നേരിട്ട് ഞാനറിയുന്നത്. 

രണ്ടാമത്തെ ഓർമയും ഏതാണ്ട് അതേപ്രായത്തോട് ചേർന്നാണ്. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷംകൂടി കൂടുതലുണ്ടാവും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒക്ടോബർ, സെപ്‌റ്റംബർ മാസം കഴിയുമ്പോൾ ദിലീപ് ബാനർജി എന്നൊരാൾ എടുത്ത ഫോട്ടോകൾ മുഖച്ചിത്രമായി വരും. അത് ദുർഗയുടെ പല മുഖങ്ങളാണ്. ഏതോ ലക്കത്തിൽ ഉള്ളിൽ സെന്റർ സ്‌പ്രെഡായി കുറേയധികം കളർച്ചിത്രങ്ങൾ കൊടുത്തിരുന്നു. സ്പോർട്സിലും ഗെയിംസിലും ഒരുകാലത്തും കമ്പം വന്നിട്ടില്ലാത്ത എനിക്ക് ബംഗാളി പേരായി ആദ്യം പതിഞ്ഞത് ദിലീപ് ബാനർജിയുടെ പേരാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ചെറുപ്പത്തിൽ കിട്ടിയിരുന്നില്ലെങ്കിൽ എല്ലാ അർഥത്തിലും എന്റെ ജീവിതഗതി മറ്റൊന്നാകുമായിരുന്നു എന്നത് ഉറപ്പാണ്. ഈ രണ്ട് ബന്ധത്തിനുശേഷം കൊൽക്കത്ത എന്നിലൊരു ആവേശമായി. എത്രയും വേഗം ദുർഗാപൂജ ബംഗാളിൽപ്പോയി കാണണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. സഫാരി സ്യൂട്ട് ധരിക്കാൻ തോന്നിയില്ലെങ്കിലും അകലേക്ക് നോക്കിനിന്ന ആ മനുഷ്യന്റെ ശാന്തഗാംഭീര്യം അദ്ദേഹത്തിന് സമ്മാനിച്ചത് കൊൽക്കത്താജീവിതമായിരിക്കുമെന്ന് ഞാൻ ഗ്രഹിച്ചിരുന്നു. 

ആദ്യത്തെ വർഷം പന്തലുകൾ കണ്ട് നടക്കുമ്പോൾ ആദ്യമായി കണ്ട തൃശ്ശൂർ പൂരമാണ് ഞാനോർത്തത്. ആചാരങ്ങൾ സർവമത മനുഷ്യരെയും ആകർഷിക്കുകയും ഒന്നിച്ചുനിർത്തുകയും ചെയ്യുമ്പോഴാണ് അതിന് സാർവലൗകികമായ പ്രൗഢിയുണ്ടാകുന്നത്. തൃശ്ശൂർപൂരം ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ല. ഹിന്ദുമതവുമായി അതിന് ബന്ധമുണ്ടെങ്കിലും അത് ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമല്ല. ബംഗാളിലെ ദുർഗാപൂജയ്ക്കും സമാനമായ പകിട്ടുണ്ട്. പൂജാകാലമായാൽ മതം മാഞ്ഞ് ഉത്സാഹം മാത്രമാകും മനുഷ്യർക്ക്. സർവരെയും അണച്ചുപിടിക്കാൻ ദൈവം തുനിഞ്ഞിറങ്ങിയാൽ ദൈവത്തെ പിന്തിരിപ്പിക്കാൻ മനുഷ്യനാകില്ലെന്ന തത്ത്വം ഓർമിപ്പിക്കുന്ന ആഘോഷങ്ങളെല്ലാം ദുർഗാപൂജ പോലെ, തൃശ്ശൂർപൂരം പോലെ നീണാൾ വാഴട്ടെ.