അമ്മ! അതിലും മഹത്തായ ഒരു പദം ഭാരതീയഭാഷകളില്‍ വേറേയില്ല. ''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി'' എന്നാണ് നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത്. ഭാരതം നമുക്ക് മാതൃഭൂമിയാണ്. ഭാരതാംബയാണ്. ഈ മാതൃഭാവത്തിന് ആചാര്യ ഭഗവല്‍പാദരായ ശ്രീ ശങ്കരനുണ്ണി അമ്മയ്ക്ക് സമര്‍പ്പിച്ച മഹോപാസനയാണ് മാതൃപഞ്ചകം എന്ന സ്തുതി. ഒരു ശിശു പത്തുമാസം മാതൃഗര്‍ഭത്തില്‍ ചെയ്യുന്ന തപസ്സും ആ കുഞ്ഞിന്റെ സ്വഭാവവൈശിഷ്ട്യത്തിനും സംസ്‌കാരശുദ്ധിക്കും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ആ പത്തുമാസവും അമ്മ അനുഷ്ഠിക്കുന്ന വ്രതങ്ങളും തപസ്സുതന്നെയാണെന്ന് ആചാര്യപാദര്‍ സമര്‍ഥിക്കുന്നുണ്ട്.
അമ്മ എന്ന അവസ്ഥയില്‍ ഒരു സ്ത്രീയില്‍ ഉളവാകുന്ന വികാരവിചാരങ്ങളും ഭാവവിശേഷങ്ങളും ഏകീകരിച്ച് ഒരു മഹാചൈതന്യമായി ശക്തിവിശേഷമായിമാറുമ്പോള്‍ അവള്‍ ദേവിയാവുന്നു. ഈശ്വരന്റെ മാതൃഭാവമാണ് ശ്രീ മൂകാംബികാദേവി. ഇതില്‍ മാതൃഭാവത്തിന്റെ സകല ചൈതന്യങ്ങളും ആഹ്ലാദങ്ങളും ആവേശങ്ങളും നമുക്ക് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കാണാം. അറിയാം. ആ ശക്തിവിശേഷം ആദിശങ്കര ഭഗവല്‍പാദര്‍ക്ക് ദേവി വ്യക്തമായി കാണിച്ചുകൊടുത്തു ശാരദാംബിക എന്ന നാമത്തില്‍ ദേവിയെ തന്റെ ജന്മഭൂമിയിലേക്ക് കൊണ്ടുവരണം എന്നൊരു ചിന്ത അവിടുത്തെ മനസ്സില്‍ തോന്നിച്ചതും ദേവിതന്നെ. അമ്മ! എന്ന ചിന്ത ഉള്ളിലുണര്‍ന്നാല്‍ മറ്റെല്ലാം വിസ്മരിക്കുന്ന ആചാര്യപാദരെ കേരളീയര്‍ക്കും ഇന്ന് ലോകത്തിനും സുപരിചിതമാണ്.
ബ്രഹ്മചാരിയായി വേദാധ്യയനം നടത്തുമ്പോള്‍ ഭിക്ഷാടനം എന്നൊരു ചടങ്ങുണ്ട്. ശങ്കരനുണ്ണിക്ക് ഏഴുവയസ്സാണ് അന്ന് എന്നാണ് അറിവ്. പുന്നോര്‍ക്കോട്ടുമന എന്ന വൈദികഭവനം അക്കാലത്ത് ദാരിദ്ര്യദേവതയുടെ നര്‍ത്തനവേദിയായിമാറിയിരുന്നു. ഇവിടെയാണ് ഉപനിച്ചുണ്ണിയായി എത്തിയ ബാലന്‍ 'ഭവതി ഭിക്ഷാംദേഹി' എന്ന് മൂന്നുരു വിളിച്ചത്. പട്ടിണിയാല്‍ ക്ഷീണിതയായ അന്തര്‍ജനം വാതില്‍ തുറന്ന് നോക്കി. മുറ്റത്ത് അതിതേജസ്വിയായ ഒരു ബാലന്‍ തന്റെ നേരേ കൈമലര്‍ത്തിക്കാട്ടി നില്‍ക്കുന്നു. ആ തൃക്കൈകളില്‍ കൊടുക്കാന്‍ ഒന്നുമില്ലല്ലോ എന്ന സങ്കടത്തോടെ ആ അമ്മ വീഴാതിരിക്കാന്‍ മേല്പടിയില്‍ പിടിച്ചു. എന്തോ തടയുന്നു. നോക്കിയപ്പോള്‍ ഒരു നെല്ലിക്ക. പതിയായ യാചകബ്രാഹ്മണന്‍ ദ്വാദശിപാരണയ്ക്ക് കരുതിയതാണത്. അന്തര്‍ജനം ഉടനെ അതെടുത്ത് ഉണ്ണിയുടെ കരങ്ങളില്‍ സമര്‍പ്പിച്ചു. ഉണ്ണി അവരെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ഉണ്ണി നെല്ലിക്ക തന്റെ ഭാണ്ഡത്തിലിട്ടു. അവിടെത്തന്നെ നിന്നു കരംകൂപ്പിക്കൊണ്ട് കനകധാരാസ്‌തോത്രം രചിച്ച് ചൊല്ലി. അതിലെ വിശിഷ്ട സ്‌തോത്രം എന്ന് പരമാചാര്യര്‍ അരുളിയത്
ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം
അസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ
എന്ന ശ്ലോകമാണ്. ഈ ശ്ലോകത്തിനോടൊപ്പം സ്വര്‍ണനെല്ലിക്കകള്‍ മഴപോലെ പൊഴിയാന്‍ തുടങ്ങി. പുന്നോര്‍ക്കോട്ടുമന അതോടെ സ്വര്‍ണത്തുമനയായി. ഒരു അമ്മയുടെ വാത്സല്യത്തിന് ശങ്കരനുണ്ണി സമ്മാനിച്ച ആദ്യസമ്മാനംഅതാവാം അവിടുത്തെ ആദ്യ രചനയും. അമ്മയുടെ അന്ത്യാവസ്ഥയറിഞ്ഞ് അവിടെ എത്തിയ ആചാര്യര്‍ ആദ്യം ശ്രീകൃഷ്ണാഷ്ടകം ചൊല്ലി ഭഗവാനെ പ്രത്യക്ഷമാക്കി. വിഷ്ണുഭുജംഗം എന്ന വിശിഷ്ടസ്തുതി ചൊല്ലി അമ്മയുടെ ആത്മാവിനെ ഭഗവാനില്‍ ലയിപ്പിച്ചു. ഒരു പുത്രന് ഒരമ്മയ്ക്ക് സമ്മാനിക്കാന്‍ ഇതിലും മഹത്തായി വേറേ എന്തുണ്ട്?
മണ്ഡനമിശ്രനെ ജയിച്ച ആചാര്യര്‍ക്ക് പത്‌നിയായ സരസവാണിയെയും ജയിക്കേണ്ടിവന്നു. ശക്തിയുടെ മഹാചൈതന്യവും പരിപൂര്‍ണതയും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ അവിടുന്ന് സൗന്ദര്യലഹരി, ത്രിപുരസുന്ദരീ മാനസപൂജ തുടങ്ങി അനേകം ദേവീസ്തുതികളും നമുക്ക് സമ്മാനിച്ചു.
ജീവിതത്തിന് മൂന്ന് ആധാരങ്ങള്‍ വേണം. പ്രഥമമാണ് ശക്തി ദുര്‍ഗാസങ്കല്പം അതാണ്. പിന്നെ നമ്മുടെ ശരീരം എന്ന ഉപാധിക്കുവേണ്ടി പലതും ചെയ്യേണ്ടതുണ്ട്. അതിന് ധനം വേണം.
ലക്ഷ്മീഭാവത്തില്‍ നാം ഉപാസിക്കുന്നത് സമ്പത്തിനാണ്. ജ്ഞാനമാണ് നമ്മെ ആത്യന്തികമായ ആത്മബോധത്തിലേക്ക് നയിക്കുന്നത്. ജ്ഞാനപ്രസൂനാംബികേ! എന്നാണ് സരസ്വതിക്ക് ആചാര്യര്‍ ഒരിടത്ത് ഭാഷ്യം എഴുതിയത്. ഈ മൂന്ന് ശക്തികളും സമന്വയിച്ച ദേവീഭാവംലോകജനനി എന്ന നിലയിലുള്ള അനുഗ്രഹം തന്റെ ജന്മഭൂമിക്ക് സമ്മാനിക്കാന്‍ ആ മാതൃഭക്തന് തോന്നി. അങ്ങനെ കേരളത്തിലേക്ക് പുറപ്പെട്ട ദേവിയും ആചാര്യരും തിരിഞ്ഞുനോക്കരുത് എന്ന വ്യവസ്ഥയിലായിരുന്നു. യാത്ര കൊല്ലൂരെത്തിയപ്പോള്‍ ആചാര്യര്‍ ആഹ്ലാദംകൊണ്ടാവാം ഒന്ന് തിരിഞ്ഞുനോക്കി. ദേവി അവിടെ നിന്നു. അവിടെ പ്രതിഷ്ഠ നടന്നു. അതാണ് ഇന്ന് വിശ്വപ്രശസ്തമായ മൂകാംബികാക്ഷേത്രം.
ആദ്യാക്ഷരം എഴുതാന്‍ കുഞ്ഞുങ്ങള്‍ ഇവിടെ എത്തുന്നു. മഹാവിദ്വാന്മാരും സംഗീതചക്രവര്‍ത്തികളും ഇവിടെ വന്ന് തങ്ങളുടെ അറിവിനെ ദേവീസമക്ഷം പ്രകടിപ്പിക്കുന്നു. നൃത്തം, കലകള്‍, സംഗീതം എന്നിവപോലെ എല്ലാ അറിവുകളുടെ രാജപാതകളും ഒറ്റയടിപ്പാതകളും ഇവിടെയെത്തി ജ്ഞാനപ്രസൂനാംബികയായ മൂകാംബികയുടെ മുന്‍പില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുന്നു. നാസ്തികരായി വന്നവര്‍ ആസ്തികശിരോമണികളായ അനുഭവകഥകള്‍ ഇവിടെ കാണാം, കേള്‍ക്കാം.
Content Highlights: Sankaracharya and Mookambika temple, Vidhyarambham