സൗപര്‍ണിക ഒരു നദിയാണ്. നദികളെല്ലാം പ്രകൃതിപരമായി പെണ്‍ജാതിയില്‍പ്പെടുന്നു. ഭൂമിയുടെ നാഡിഞരമ്പുകളും നാരായവേരും നദിയാണ്. ജീവികളിലെ പേറും പ്രകൃതിയും സ്ത്രീയാണ്. ദേവതകളില്‍ പെണ്‍ഭാവത്തില്‍ പുലരുന്ന ദേവിയുടെ പിറവികേദാരവും നദിയാണ്. അങ്ങനെ ഭഗവതിയും നദിയും സ്ത്രീയും സ്‌ത്രൈണ, ലാവണ്യ, സമ്മോഹന പ്രവാഹത്തിലൂടെ കാലപ്രപഞ്ചത്തിലേക്കൊഴുകിച്ചേരുന്നു. ഈ നിലയ്ക്ക് മൂകാംബികാദേവിയുടെ പ്രവാഹസൗഭാഗ്യമാണ് സൗപര്‍ണികാനദി. നാരീപടങ്ങളുടെ നിറവും നിലാവും ഘനീഭവിച്ച സൗപര്‍ണികാനദിയില്‍ മൂകാംബികാദേവിയുടെ ദേവതാമയൂരങ്ങള്‍ ഉത്സവപ്പെരുമയോടെ ഉയര്‍ന്നുനില്‍ക്കുന്നു.
ജലരാശിയായ കര്‍ക്കടകം രാശിയുടെ ആധിപത്യം വഹിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ജലകാരകനും മാനസകാരകനുമാണ്. ജലം ഇളകുമ്പോള്‍ നദി ഉലയുന്നതുപോലെ മനസ്സിളകുമ്പോള്‍ മനോവ്യഥകളുണ്ടാകുന്നു. നദിയില്‍ ബലിയിടുമ്പോള്‍ ബലിവിഭവങ്ങള്‍ ജലജീവികള്‍ ഭക്ഷിച്ച് ജലജീവികളിലൂടെ ചന്ദ്രനിലെത്തിച്ചേരുന്നു. ചന്ദ്രനിലൂടെയാണത് പിതൃലോകത്തും പ്രേതലോകത്തുമെത്തിച്ചേരുന്നത്. സൗപര്‍ണികപോലുള്ള പുണ്യനദി മൂകാംബികാദേവിയുടെ പ്രാപഞ്ചിക പ്രവാഹധാരയും ചന്ദ്രന്റെ ഹൃദയഭൂമിയുമാണ്. ചന്ദ്രനാണ് സൗന്ദര്യത്തിന്റെ ഉറവിടം. നദികള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സൗന്ദര്യമുള്ളത്.
പിച്ചവെച്ചുനടന്ന ഭാരതപ്പുഴയില്‍നിന്ന് മൂകാംബികാദേവിയെ തേടിയുള്ള യാത്രാമുഖത്തുവെച്ചാണ് ഞാന്‍ സൗപര്‍ണികാനദിയിലെത്തിച്ചേരുന്നത്. അമ്മഭഗവതി ആധിപത്യം വഹിക്കുന്ന ഹരിതവനമുഖത്തുനിന്നാണ് സൗപര്‍ണിക പുറപ്പെടുന്നത്. സൗപര്‍ണികയുടെ മറുകര കൊടുംവനമാണ്. നിലാവുള്ള രാത്രികളില്‍ പാതിരവരെ സൗപര്‍ണികയുടെ തീരത്തിരിക്കാറുണ്ട്. മൈസൂര്‍ സാന്‍ഡല്‍ ധൂപത്തിരി കത്തിച്ച് സൗപര്‍ണികയുടെ പടവില്‍വെച്ച് നിറവനത്തില്‍ നിലാവ് പെയ്യുന്നതും നോക്കി അങ്ങനെ ഇരിക്കുക എന്നത് ഒരു മാസ്മരികമായ അനുഭൂതിയാണ്. സൗപര്‍ണികാനദിക്ക് കുറുകേ വാനര ഹൈവേ കടന്നുപോകുന്നു. ഇത് ഹനുമാന്‍ പണിത പാലമല്ല. നദിയില്‍ പണിത തടയണയാണ്.
രാവിലെ പ്രഭാതവെളിച്ചം വീഴുമ്പോള്‍ത്തന്നെ കാട്ടിനകത്തുനിന്ന് കുരങ്ങന്മാര്‍ മലയോര ഹൈവേയിലൂടെ ഭക്തര്‍ കുളിക്കുന്ന കടവിലെത്തിച്ചേരുന്നു, തീറ്റസാധനങ്ങള്‍ തേടി. കുളിക്കാന്‍ വന്നവരുടെ സകല വസ്തുക്കളും കുരങ്ങന്മാര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. അത്യാധുനിക മൊബൈല്‍ ഫോണുകളോട് കുരങ്ങന്മാര്‍ക്ക് വലിയ കമ്പമാണ്. മൊബൈല്‍ സ്‌ക്രീനില്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തലിപികള്‍ കുരങ്ങന്മാര്‍ കണ്ടെത്തിയിട്ടുണ്ടായിരിക്കാം. എത്രയെത്രപേരുടെ, വലിയ വിലയുള്ള മൊബൈല്‍ ഫോണുകളാണ് സൗപര്‍ണികയിലെ വാനരന്‍മാര്‍ കടിച്ചുകൊണ്ടുപോയതെന്നറിയാമോ. സൗപര്‍ണികാതീരത്ത് ശാന്തമായി നിന്ന് ചെവിയോര്‍ത്താല്‍ കാട്ടിനകത്തുനിന്ന് മൊബൈല്‍ ഫോണുകള്‍ മണിയടിക്കുന്ന ഒച്ച കേള്‍ക്കാം.
ആയുസ്സ് മൂത്ത് വളര്‍ന്ന മത്സ്യങ്ങള്‍ സൗപര്‍ണികയിലെ സൗഭാഗ്യകരമായ ഒരു കാഴ്ചയാണ്. കുളിക്കടവില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതിനാല്‍ ഇവിടെ മത്സ്യങ്ങള്‍ ആയുസ്സെത്തി മരിക്കുന്നു. കഴിഞ്ഞ ജന്മത്തില്‍ മാതാപിതാക്കളെ മര്‍ദിച്ച മനുഷ്യരാണ് പുനര്‍ജന്മത്തില്‍ മത്സ്യങ്ങളായി ജനിക്കുന്നതെന്ന് മഹാഭാരതത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനോട് പറയുന്നുണ്ട്. പാപജന്മത്തിന്‍ ജര വന്ന് അലഞ്ഞുനടക്കുന്ന മത്സ്യങ്ങള്‍ക്ക് എന്നെങ്കിലും ഗതി കിട്ടുമോ... മത്സ്യങ്ങളുടെ മുഖത്ത് ഇത്തരമൊരു ആകുലതയും മ്ലാനതയും നിഴലിച്ചുനില്‍ക്കുന്നത് ഞാന്‍ കണ്ടു.
മൂകാംബികയിലേക്ക് സഞ്ചരിക്കുമ്പോള്‍ കന്നഡദേശം നമുക്കൊരിക്കലും അന്യമായി തോന്നില്ല. തമിഴ്‌നാടിനോട് കേരളത്തിന് പൂര്‍വബന്ധമുണ്ടെങ്കിലും നമുക്ക് കൂടുതല്‍ ഐക്യവും ആത്മലയവുമുണ്ടാകുന്നത് കര്‍ണാടകത്തോടാണ്. കാലാവസ്ഥയും നദികളുടെ ഹസ്തപ്പെരുക്കവുമാണതിന് കാരണം. മഹാനദികളുടെ കളകളാരവങ്ങളില്‍നിന്നാണ് കര്‍ണാട്ടിക് സംഗീതം ആവിര്‍ഭവിച്ചത്. അതേ നദീബന്ധമാണ് ഭാരതപ്പുഴയില്‍നിന്ന് സൗപര്‍ണികയിലേക്ക് നീളുന്ന ജന്മാന്തരപാളങ്ങളില്‍ എന്റെ ജന്മ കാമനകളെ ആവേശിച്ചത് എന്ന് ഞാന്‍ തിരിച്ചറിയുന്നു.
ഭൂമിയിലെ നദികള്‍ക്കെല്ലാം ഒരു വിഷാദമുണ്ട്. ഗംഗാനദിയില്‍നിന്ന് പകര്‍ന്നുകിട്ടിയ ദുഃഖമാണത്. നദികള്‍ക്കെല്ലാം ലാവണ്യഭംഗിയുണ്ട്. അതും ഗംഗയില്‍നിന്ന് പകര്‍ന്നതുതന്നെ. നദികള്‍ കാമമോഹിതകളായിത്തീരുന്നതും ഗംഗാവികാരം ഉള്‍ക്കൊണ്ടുതന്നെ.
പണ്ടുപണ്ട് മഹാഭിഷന്‍ എന്ന രാജാവ് ഭൂമിയില്‍ മഹാപുണ്യങ്ങള്‍ ചെയ്ത് സ്വര്‍ഗത്തിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തെ സ്വര്‍ഗാഭിഷേകം ചെയ്യവേ ഗംഗാനദി ബ്രഹ്മാവിനെ കാണാന്‍ വന്നു. ചന്ദനലോലവസ്ത്രം ധരിച്ച് വിലാസവതിയായി നടന്നുവന്ന ഗംഗാനദിയുടെ വസ്ത്രം കാറ്റില്‍ പാറിവീണു. സ്വര്‍ഗത്തിലെ മറ്റുള്ളവരെല്ലാം അതുകണ്ട് കണ്ണടച്ചപ്പോള്‍ മഹാഭിഷന്‍ ഗംഗയുടെ മോഹിതനഗ്‌നസൗന്ദര്യം ആസ്വാദിച്ചുരസിച്ചു. അപ്പോള്‍ ബ്രഹ്മാവ് മഹാഭിഷനോട് പറഞ്ഞു: ''നിനക്കിപ്പോഴും കാമസുഖം അനുഭവിച്ച് തൃപ്തി വന്നിട്ടില്ല. ഒരിക്കല്‍കൂടി ഭൂമിയില്‍ പോയി ജന്മമെടുത്ത് വരൂ... നിന്നെ മോഹിപ്പിച്ച ഗംഗതന്നെയായിരിക്കും ഭൂമിയില്‍ നിന്റെ സഖി.''
അങ്ങനെ മഹാഭിഷന്‍ പ്രതിപന്‍ എന്ന രാജാവിന്റെ മകനായി ശന്തനു എന്ന പേരില്‍ ഭൂമിയില്‍ ജന്മമെടുത്തു. ഗംഗാനദിയാവട്ടെ ഭഗീരഥന്റെ തപസ്സ് നിമിത്തം ഭൂമിയിലേക്കൊഴുകി. ശന്തനുവിന് ഗംഗാനദിയില്‍ പിറന്ന പുത്രനാണ് ഭീഷ്മര്‍. പില്‍ക്കാലത്ത് പാണ്ഡവര്‍ ഗംഗാനദിയില്‍ ഭീഷ്മരുടെ ഉദകക്രിയ ചെയ്യവേ സ്വന്തം പുത്രന്റെ പിണ്ഡം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഗംഗാനദി ആര്‍ത്തലച്ച് നിലവിളിച്ച് കരയിലേക്ക് കയറി വന്നു. ഗംഗാനദിയെ ബാധിച്ച കഠിനമായ പുത്രമൃത്യുദുഃഖം മറ്റു നദികള്‍ ചേര്‍ന്ന് പകുത്തെടുത്തു. മഹാഭാരതത്തില്‍ ഗംഗാനദി ആര്‍ത്തലച്ച് നിലവിളിച്ച് കരയിലേക്ക് പാഞ്ഞുവരുന്ന രംഗം വായിച്ചപ്പോള്‍ എന്റെ സകല ജീവിതജരകളും ആഗ്രഹങ്ങളും പകയും വിഷവും പൊഴിഞ്ഞുപോയി. പിന്നീട് ഭാരതപ്പുഴയെയും സൗപര്‍ണികാനദിയെയും അഭിമുഖീകരിച്ചപ്പോഴെല്ലാം ഞാന്‍ 'ഈശ്വരചിന്തയിതൊന്നേ മനുജന്' എന്ന പാട്ടിലെ വരികള്‍ ഓര്‍ത്തുപോയി.
'കണ്ണില്‍ കാണ്മത് കളിയായ് മറയും
കാണാത്തത് നാം എങ്ങിനെയറിയും
ഒന്ന് നിനച്ചാല്‍ മറ്റൊന്നാകും
മന്നിതിന്‍ മായാ നാടക രംഗം'
Content Highlights: Sacred River Souparnika, Kollur mookambika, Vidhyarambham 2020