ആദിപരാശക്തിയായ മൂകാംബികാദേവിയുടെ മൂലവിഗ്രഹത്തിന്റെ ചിത്രം വരയ്ക്കാന്‍ സൗഭാഗ്യം ലഭിച്ച ചിത്രകാരനാണ് വൈക്കം അയ്യര്‍കുളങ്ങര സ്വദേശി വൈക്കം വിശ്വനാഥന്‍ (എം.എസ്.വിശ്വനാഥന്‍). 1968-69 കാലഘട്ടത്തിലാണ് അദ്ദേഹം മൂകാംബികയില്‍ താമസിച്ച് ചിത്രങ്ങള്‍ വരച്ചത്. അദ്ദേഹം വരച്ച മൂലവിഗ്രഹത്തിന്റെ ചിത്രം ഇപ്പോഴും ക്ഷേത്രപൂജാരിയായ നരസിംഹ അഡിഗകളുടെ വീട്ടില്‍ ഭദ്രമായി ഇരിപ്പുണ്ട്. ദേവിയുടെ ചിത്രം വരച്ചതിന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
''പതിനെട്ടുവയസ്സുള്ളപ്പോഴാണ് ആദ്യമായി മൂകാംബികയില്‍ പോകുന്നത്. അന്ന് ഇന്നത്തെപ്പോലെ നഗരവത്കൃതമായിരുന്നില്ല മൂകാംബിക. ഭക്തജനത്തിരക്കും കുറവ്. ക്ഷേത്രത്തിന് സമീപം മലയാളികള്‍ നിര്‍മിച്ച ഒരു പഴയ സത്രമുണ്ടായിരുന്നു അക്കാലത്ത്. കൃഷ്ണ അഡിഗയായിരുന്നു സത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. അദ്ദേഹം അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നു. കിടക്കാന്‍ ഒരിടം എന്നുമാത്രമേ അതിനെ പറയാനാകൂ. കുളിയും മറ്റ് പ്രഭാതകൃത്യങ്ങളുമെല്ലാം സൗപര്‍ണികയിലും വനത്തിലുമായി കഴിക്കണം. അവിടെയും അടുത്തുള്ള ഒന്നുരണ്ട് സ്ഥലങ്ങളിലുമായി നാലുവര്‍ഷത്തോളം മൂകാംബികാദേവിയുടെ സന്നിധിയില്‍ തുടര്‍ന്നു.''
''മൂകാംബികയില്‍ എത്തുന്നതിനു മുന്‍പ് ഗുരുവായൂരില്‍ താമസിച്ച് ചിത്രങ്ങള്‍ വരയ്ക്കുകയായിരുന്നു. ആയിടെ ചെറിയൊരു അപകടമുണ്ടായി. കൈയുളുക്കി. അതോടെ ഏറ്റെടുത്ത ജോലികള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് എല്ലാ ജോലികളും ഉപേക്ഷിച്ച് മൂകാംബികയിലേക്ക് യാത്രതിരിച്ചു. അങ്ങനെയാണ് മൂകാംബികയില്‍ എത്തുന്നത്. അന്ന് അതിനിഗൂഢമായ ഒരു പ്രദേശമായിരുന്നു കൊല്ലൂര്‍. പണ്ടുകാലത്ത് അവിടേക്കുള്ള വഴിയില്‍ ഒരുപാട് സ്ഥലത്ത് പകല്‍പോലും ഇരുട്ടായിരുന്നു. അത്രയ്ക്ക് നിബിഡവനമായിരുന്നു അവിടെയെല്ലാം. വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ അക്കാലത്ത് മൂകാംബികയില്‍ ഉണ്ടായിരുന്നുള്ളൂ. ക്ഷേത്രപൂജാരിമാരും ഏതാനും ചിലരും ഒഴികെ അവിടെ അധികം ആളുകള്‍ ഉണ്ടാവാറില്ല. ദര്‍ശനത്തിനെത്തുന്നവരുടെയും എണ്ണം വളരെ പരിമിതം.
ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ യാതൊരു തടസ്സങ്ങളും തിരക്കുമില്ലാതെ അമ്മയെ കാണാം. ദീപപ്രകാശത്തില്‍ നമ്മോട് സംസാരിക്കാന്‍ തയ്യാറായിരിക്കുന്ന ദേവി. കാറ്റില്‍ ദീപം ഒന്നനങ്ങുമ്പോള്‍ ഒപ്പംചലിക്കുന്ന കൈകള്‍... കരുണയും രൗദ്രതയും എല്ലാം ഒത്തുചേര്‍ന്ന മുഖത്തോടുകൂടിയ ദേവി നമ്മോട് സംവദിക്കാന്‍ തയ്യാറായിനില്‍ക്കുന്നതായി തോന്നും. അവിടെയെത്തുന്ന ഏതൊരാളെയും ആ കാഴ്ച ആഴത്തില്‍ ആകര്‍ഷിക്കും; അതീവശ്രദ്ധയിലാഴ്ത്തും. ആര്‍ക്കും അശ്രദ്ധമായി നില്‍ക്കുവാന്‍ സാധിക്കില്ല അവിടെ. ഓരോ ദിവസം കടന്നുപോകുമ്പോഴും ദേവീസന്നിധിയില്‍ നമ്മെ കാത്തിരിക്കുന്നത് വ്യത്യസ്തങ്ങളായ ഭാവങ്ങളും അനുഭവങ്ങളുമാണ്.
രണ്ടുദിവസത്തെ ദര്‍ശനത്തിനായാണ് മൂകാംബികയില്‍ എത്തിയത്. രണ്ടാംദിവസം ക്ഷേത്രപൂജാ
രിമാരുടെ കുടുംബത്തിലെ സുബ്രായ അഡിഗയുടെ മകന്‍ പരമേശ്വര അഡിഗയും കൃഷ്ണ അഡിഗയുടെ മകന്‍ ശ്രീകാന്ത് അഡിഗയും എന്റെ അടുത്തുവന്ന് ദേവിയുടെ ഒരു ചിത്രം വരച്ചുതരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വരയ്ക്കാമെന്ന് സമ്മതിച്ചു. കൈയില്‍ വരയ്ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നതിനാല്‍ പിന്നെ മടിച്ചില്ല. അക്കാലത്ത് തിരക്കുകളൊന്നും ഇല്ലാതിരുന്നതിനാല്‍ എപ്പോള്‍ ചെന്നാലും വലിയ അലങ്കാരമോ ആഡംബരമോ ഇല്ലാതെ ദേവിയെ കണ്‍നിറയെ കാണാം. ദേവിയുടെ ആഭരണങ്ങളും മുഖച്ചാര്‍ത്തും വരയ്ക്കുവാനുള്ള സൗകര്യത്തിനായി പ്രത്യേകം എടുത്തുകാണിക്കുമായിരുന്നു.
ദീപപ്രകാശത്തില്‍ വര്‍ണശോഭിതയായി നില്‍ക്കുന്ന ദേവിയെ നടയ്ക്കല്‍നിന്ന് നോക്കി പഠിക്കും... ധ്യാനിക്കും... തിരികെ സത്രത്തിലെത്തി ഏകാഗ്രമായി നിലത്തിരുന്ന് വരയ്ക്കും. അങ്ങനെ 10-15 ദിവസമായപ്പോള്‍ ചില അസ്വസ്ഥതകള്‍ അലട്ടി. ഉടന്‍തന്നെ കുടജാദ്രിയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ ഒരു യാത്രപോയി. തിരിച്ചെത്തിയപ്പോള്‍ പുതിയൊരു മനുഷ്യനായി. വനത്തിലൂടെയുള്ള ഏകാന്ത യാത്രയും ഭക്തിയും ആത്മീയമായ ഒരു ബോധം നമ്മില്‍ സൃഷ്ടിക്കും. നമ്മള്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ ഇടവരും. ഏകാഗ്രതയുടെ പൂര്‍ത്തീകരണത്തിലേക്ക് നമ്മള്‍ എത്തിച്ചേരും.
മനുഷ്യനെ ഭരിക്കുന്ന വികാരങ്ങളുടെ മുഴുവന്‍ ഖനിയാണ് കുടജാദ്രിപര്‍വതം. മൂകാംബികാദേവിയുടെ സന്നിധി നമുക്ക് ശരിയായ വഴി തെളിച്ചുതരും. ആദ്യമാദ്യം അത് ദേവിയിലേക്കുള്ള വഴിയാണെന്ന് തോന്നും. പിന്നീട് ആ വഴി തന്നിലേക്കുതന്നെയാണെന്ന് തിരിച്ചറിയും. മൂകാംബികയില്‍ ദേവിയുടെ ഭക്തിഭാവവും ജ്ഞാനഭാവവും എല്ലാം ഉണ്ട്. അവയുടെ ദര്‍ശനം വ്യക്തികളെ ആശ്രയിച്ചിരിക്കും. ഓരോരുത്തരുടെ മുന്നിലും ഓരോ രൂപത്തിലാകും ദേവി അനുഗ്രഹം ചൊരിയുക.
അങ്ങനെ കൂടുതല്‍ ഉണര്‍വോടെ കുടജാദ്രിയില്‍നിന്ന് തിരിച്ചെത്തി ചിത്രരചന തുടര്‍ന്നു. ചിത്രം പൂര്‍ത്തിയാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങി. പക്ഷേ, ദേവിയുടെ മുഖം ശരിയാകുന്നില്ല. അതിതീവ്രശ്രദ്ധയിലായിട്ടും യഥാര്‍ഥ ഫലം ലഭിക്കുന്നില്ല. എന്റെ മനസ്സിലെ എല്ലാ സ്ത്രീരൂപങ്ങളെയും വരച്ചെങ്കിലും അതൊന്നും ദേവിയുടെ മുഖമായിരുന്നില്ല. വീണ്ടും വീണ്ടും മായ്ച്ച് വരച്ചുകൊണ്ടേയിരുന്നു. മുപ്പതുദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കിനല്‍കാമെന്നാണ് അഡിഗകള്‍ക്ക് നല്‍കിയിരുന്ന വാക്ക്. പക്ഷേ, അത് പാലിക്കാന്‍ സാധിച്ചില്ല, ദേവിയുടെ മുഖം ശരിയായി വരയ്ക്കാനും സാധിക്കുന്നില്ല. ദേവീസന്നിധിയില്‍ച്ചെന്ന് വിഗ്രഹത്തെ നോക്കുമ്പോള്‍ വ്യക്തമായ ബോധമുണ്ട്. പക്ഷേ, തിരിച്ചെത്തി വരയ്ക്കുമ്പോള്‍ മറ്റെന്തോ ആയി മാറുന്നു... തെറ്റുന്നു...
ആത്മീയബോധം സിദ്ധിച്ച ഞാന്‍ ഭൗതികശരീരത്തിന് പുറത്തേക്ക് കടന്ന് ദേവിയുടെ മുന്നിലെത്തി അറിയിച്ചു, എന്റെ ജോലി തീര്‍ന്നിട്ടുണ്ട്; ഞാന്‍ പോവുകയാണ്.... അങ്ങനെ ചെയ്യട്ടേയെന്ന് ചോദിച്ചു. ഞാന്‍ മുറിയില്‍ പോയി. പൂര്‍ണബോധത്തിലല്ലാതെ ഒരാള്‍ ചെയ്യുന്നതുപോലെയെന്തൊക്കെയോ ചെയ്തു. കണ്ടുമതിവരാത്ത ഒരു സൗന്ദര്യം ഒഴുകിയെത്തിയോ... അറിയില്ല. വര പൂര്‍ത്തിയാക്കി. വൈകുന്നേരം നരസിംഹ അഡിഗയുടെ അച്ഛന്‍ വന്നുനോക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയായിരിക്കുന്നു. ദേവിയുടെ മൂലവിഗ്രഹത്തിന്റെ യഥാര്‍ഥ പകര്‍പ്പ് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ഇതിനുമുന്‍പ് രാജാ രവിവര്‍മയുള്‍പ്പെടെ പലരും ദേവിയുടെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണെന്നും എനിക്ക് അത് സാധിച്ചെന്നും പറഞ്ഞ് അദ്ദേഹം എന്നെ കെട്ടിപുണര്‍ന്നു. ദിവ്യമായ ഒരു ആനന്ദം എന്നില്‍ അലയടിച്ചു. ദേവിയെ തൊഴണം. ഞാന്‍ സൗപര്‍ണികയില്‍ പോയി മുങ്ങിനിവര്‍ന്നു.
''സൗപര്‍ണികയിലെ മൗനത്തിന്റെ താഴ്‌വരയില്‍ നമ്രതയോടെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ലാവണ്യമാര്‍ന്ന ഹൃദയാഭിവാഞ്ഛയോടെ രാപ്പാടികള്‍ ഗാനമാലപിക്കുന്നു. എന്റെ ആകാശത്തിലെ ഓരോ താരകവും രാത്രിയുടെ ഗര്‍ഭത്തില്‍ ഞാന്‍ ഒളിച്ചുവെച്ച ദേവിയുടെ വിസ്മയിപ്പിക്കുന്ന ആ നീലവെളിച്ചം കണ്ട് കണ്‍മിഴിച്ചിരിക്കുന്നു. എന്നില്‍ ആനന്ദത്തിന്റെ വിത്തുകള്‍ എവിടെയെല്ലാമോ വിതച്ചിരിക്കുന്നു. ദേവിയുടെ അനുഗ്രഹം ലഭിച്ച സന്തോഷത്തോടെ ക്ഷേത്രത്തിലെത്തി അമ്മയെ വണങ്ങി. ആ ചിത്രം വരച്ചത് ഞാനാണെന്ന അവകാശവാദം ഉന്നയിക്കാന്‍ എനിക്കാകുമായിരുന്നില്ല. കാരണം യഥാര്‍ഥത്തില്‍ അത് ഞാനല്ല വരച്ചത്! എല്ലാം ദേവിയുടെ അനുഗ്രഹം, കടാക്ഷം.''
മൂലവിഗ്രഹത്തിന്റെ ആ ചിത്രം നരസിംഹ അഡിഗകളുടെ വീട്ടില്‍ ഒരു അമൂല്യനിധിപോലെ ഇപ്പോഴുമുണ്ട്. കൈകളിലെല്ലാം ആയുധവുമായി താമരയില്‍ ഇരിക്കുന്ന ചെത്തിപ്പൂവിന്റെ നിറമുള്ള മഹാലക്ഷ്മിയുടെയും പത്തുതലകളുള്ള മഹാകാളിയുടെയും ചിത്രങ്ങളും അദ്ദേഹത്തിന് വരച്ചുനല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനായി നല്‍കാന്‍ മഹാസരസ്വതിയുടെ ചിത്രം വരച്ചുകൊണ്ടിരിക്കയാണിപ്പോള്‍.
ശ്രീ ശങ്കരാചാര്യരുടെ ചിത്രം, മള്ളിയൂരില്‍ ഗണപതിയുടെ മടിയില്‍ ഇരിക്കുന്ന കൃഷ്ണന്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളും വൈക്കം വിശ്വനാഥന്‍ വരച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച 'ലക്ഷ്മി നരസിംഹം' എന്ന ചിത്രവും അവയില്‍പ്പെടുന്നു.
ചിത്രംവരയ്ക്കാനായി മൂകാംബികയില്‍ താമസിക്കുന്നകാലത്തുണ്ടായ ഒരനുഭവംകൂടി അദ്ദേഹം ഓര്‍ക്കുന്നു. ''ഒരുദിവസം കുളിക്കാനായി പോയപ്പോള്‍ സൗപര്‍ണികയിലെ കാശിതീര്‍ഥത്തിന്നടുത്തുവെച്ച് ഒരാളെ കാണാനിടയായി. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ മുഖത്തേക്കും ശരീരത്തിലേക്കും നോക്കിയാല്‍ ശങ്കരാചാര്യരെ കൃത്യമായി വരയ്ക്കാന്‍ സാധിക്കും എന്ന് തോന്നി. കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന, തന്നേക്കാള്‍ പ്രായക്കുറവുള്ള ഒരു സാധു. പിന്നീട് പലപ്പോഴായി അദ്ദേഹവുമായി ഇടപഴകാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഭാവഭേദങ്ങള്‍ പലപ്പോഴും പലതായിരുന്നു. കൂടുതല്‍ പഠിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത് അദ്ദേഹം ശക്ത്യുപാസകനാണ് എന്ന്. ഇപ്പോഴും ഇത്തരം ശക്ത്യുപാസകര്‍ മൂകാംബികയിലുണ്ട്. ഇത്തരം ശക്ത്യുപാസകരുടെയും സത്യാര്‍ഥികളുടെയും കേന്ദ്രമാണ് ഇപ്പോഴും എപ്പോഴും മൂകാംബിക.''
ഗുരുകുലസമ്പ്രദായത്തിലാണ് വൈക്കം വിശ്വനാഥന്‍ ചിത്രകല അഭ്യസിച്ചത്. പ്രശസ്ത ചിത്രകാരനായിരുന്ന രാജാരവിവര്‍മയുടെ മകന്‍ രാമവര്‍മ, ശ്രീധരന്‍നായര്‍, പഴയകാല സിനിമകള്‍ക്കായി ചിത്രങ്ങള്‍ വരച്ചിരുന്ന വാസന്‍, പരമേശ്വരപിള്ള, മൂകാംബികയില്‍വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ശിവശങ്കരപ്പണിക്കര്‍ എന്നിവരുടെയെല്ലാം ശിഷ്യനാകാനുള്ള അവസരം വൈക്കം വിശ്വനാഥന് ലഭിച്ചിട്ടുണ്ട്.
Content Highlights: Mookambika moola vigraha Painting, Vidhyarambham 2020