രദേവതയായ കൊടിക്കുന്നിലമ്മയിലുള്ള അചഞ്ചലമായ വിശ്വാസം എം.ടി.വാസുദേവന്‍നായര്‍ ആവര്‍ത്തിക്കാറുണ്ട്. പരംപൊരുളായ വാണിമാതാവിനോടുള്ള ഭക്തിയാണ് എം.ടി.യെ മൂകാംബികാവിഗ്രഹത്തിനുമുന്നില്‍ മനസ്സര്‍പ്പിച്ചും മനസ്സുറപ്പിച്ചും നിര്‍ത്തുന്നത്. പിറന്നാളിന് മൂകാംബികയില്‍ പ്രാര്‍ഥിച്ചിരുന്ന കാലവും അദ്ദേഹത്തിന്റെ ജീവിതത്തിലതുണ്ടായിരുന്നു. എണ്‍പതാംപിറന്നാള്‍വേളയിലാണ് അദ്ദേഹം അവസാനമായി മൂകാംബികാദര്‍ശനം നടത്തിയത്. വാരിധിതന്നില്‍ തിരമാലകണക്കെ ഭാരതീ പദാവലി തോന്നിപ്പിച്ച അമ്മയ്ക്കുമുന്നില്‍ ഇനിയും സരസ്വതീപ്രസാദത്തിനായി, പൊതുവേ മൗനിയായ എം.ടി. മൗനാര്‍ച്ചന ചെയ്തിരിക്കണം. ആ സരസ്വതീപ്രസാദസിദ്ധിയാണ് 'വാനപ്രസ്ഥം' എന്ന അതിമനോഹരമായ ചെറുകഥ. എം.ടി.യുടെ മൂകാംബികായാത്രകളുടെ അനോപമമായ സദ്ഫലം.

അമ്പത്തിയെട്ടാമത്തെ വയസ്സിലാണ് എം.ടി. ഉദാത്തമായ ഈ കഥ എഴുതുന്നത്. ഉപനിഷദ്‌സമാനമെന്ന് മഹാകവി അക്കിത്തവും എം.ടി.യുടെ ഏറ്റവും മികച്ച കഥയെന്ന് പത്രാധിപശ്രേഷ്ഠനായ എസ്. ജയചന്ദ്രന്‍നായരും അസന്ദിഗ്ധരായ കഥ. മൂകാംബികാപരിസരവും കുടജാദ്രിയും പ്രമേയമാക്കി തത്ത്വദര്‍ശനവും ജീവിതത്തിന്റെ അന്തസ്സാരശൂന്യതയും വെളിപ്പെടുത്തുന്ന ഈ കഥ എഴുതിക്കഴിഞ്ഞശേഷമാണ് ജ്ഞാനപീഠവും പത്മഭൂഷണും തിരക്കഥയ്ക്ക് ഒന്നിലധികം ദേശീയപുരസ്‌കാരങ്ങളും രണ്ട് സര്‍വകലാശാലകളുടെ ഡി.ലിറ്റ് ബഹുമതിയും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാസുദേവന്‍നായര്‍ക്ക് ലഭിക്കുന്നത്. മലയാളകഥയില്‍ മൂകാംബികയെ പ്രതിഷ്ഠിച്ചതിന്റെ അനുഗ്രഹംകൂടിയാവുന്നു ഈ ബഹുമതികള്‍.

മറ്റൊരു പശ്ചാത്തലപ്രകൃതിയില്‍ എഴുതിയാലും ഫലിക്കാതെപോകുന്ന കഥകൂടിയാണ് വാനപ്രസ്ഥം. അഥവാ ഈയൊരു ആത്മീയാനുഭൂതി കഥയ്ക്ക് കൈവരുകയില്ല. ഒരു മൂകാംബികായാത്രയ്ക്കിടയില്‍ മനസ്സില്‍ കരുതിവെച്ച കഥയുടെ നെയ്ത്തിരി കത്തുകയായിരുന്നു. വാനപ്രസ്ഥം മലയാളകഥയുടെ ശ്രീകോവിലില്‍ കെടാവിളക്കായി പ്രകാശിക്കുന്നു.

ഒറ്റപ്പാലത്തുകാരനായ കരുണാകരന്‍മാസ്റ്റര്‍ക്ക് പട്ടാമ്പി ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്ത് കെ.എസ്.വിനോദിനി എന്ന വിദ്യാര്‍ഥിനിയോട് ഇഷ്ടംതോന്നുകയാണ്. അവള്‍ വലിയവീട്ടിലെ കുട്ടിയായതിനാല്‍ മാസ്റ്റര്‍ മോഹം മനസ്സില്‍വെച്ചു നടന്നു. വിനോദിനിക്ക് തിരിച്ചും ഇഷ്ടമുണ്ടായിരുന്നു. പഠിപ്പ് കഴിഞ്ഞിട്ടും വിനീതശിഷ്യയായി മാസ്റ്റര്‍ക്ക് ആശംസാകാര്‍ഡുകള്‍ അയച്ച് ഓര്‍മ നിലനിര്‍ത്തി. മുപ്പത്തിയാറു വര്‍ഷത്തിനുശേഷം വിനോദിനി അയച്ച കത്തിലെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തില്‍ അവളെ കാണാനുള്ള സാധ്യത മനസ്സില്‍ കണക്കുകൂട്ടി മാസ്റ്റര്‍ മൂകാംബികയിലെത്തുകയാണ്. അപ്പോള്‍ വയസ്സ് അറുപത്തിയൊന്ന്. രണ്ടുമക്കളും പേരക്കുട്ടികളും ഭാര്യയുമായി തൃപ്തിയായി ജീവിക്കുന്നു. ഒരുപക്ഷേ, വന്നിരിക്കില്ല എന്ന മോഹഭംഗത്തോടെ ദര്‍ശനംകഴിഞ്ഞ് തിരിച്ചുപോരാന്‍തുടങ്ങുമ്പോഴാണ് യാദൃച്ഛികമായി അവര്‍ കണ്ടുമുട്ടുന്നത് (കണ്ടുമുട്ടിയത് ഭഗവതിയുടെ അനുഗ്രഹമാണെന്ന് വിനോദിനി). 

വര്‍ത്തമാനത്തിനിടയില്‍ കുടജാദ്രി വിഷയമാവുന്നു. മാസ്റ്റര്‍ സ്വന്തം ചെലവില്‍ ജീപ്പ് ഏര്‍പ്പാടാക്കി വിനോദിനിയെയും കൂട്ടി കുടജാദ്രിയിലേക്ക് തീര്‍ഥയാത്ര പോകുന്നു. അന്ന് രാത്രി അവര്‍ അവിടെ താമസിക്കുകയാണ്. യാത്രയ്ക്കിടയില്‍ അവര്‍ പഴയ സ്‌കൂള്‍കാലത്തിലേക്ക് പിന്മടങ്ങുന്നുമുണ്ട്. വിനോദിനി മദിരാശിയിലെ ചൂടില്‍ താമസിച്ച് ഒരു സ്‌കൂളില്‍ ചുരുങ്ങിയ ശമ്പളത്തിന് ജോലിചെയ്യുകയാണ്. ഭൂനിയമംവന്ന് സമ്പത്തും പ്രതാപവും അന്യാധീനപ്പെട്ടു. ജാതകദോഷം കാരണം വിനോദിനി അവിവാഹിതയായി കഴിയുന്നു. കുടജാദ്രിയിലെത്തിയ ഇവരെ ഭട്ടരുടെ കുടുംബം ദമ്പതിമാരായി ധരിച്ച് ദമ്പതീപൂജ ചെയ്യുന്നു. അവര്‍ക്കായി ഒരു മുറിയില്‍ വിരിച്ചിടുന്നു. ആ രാത്രി ഇരുവരും അജ്ഞാതമായ പേടികൊണ്ട് പരസ്പരം പറയാന്‍ മടിച്ച മൗനപ്രണയകാല മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കുന്നു. മുജ്ജന്മത്തിലെ ഒരു യോഗസാക്ഷാത്കാരമായി അവര്‍ സ്വാഭാവികദമ്പതിമാരെപ്പോലെ ആ രാത്രിയില്‍ അസ്വാഭാവികമായി ഒന്നും സംഭവിക്കാതെ കഴിയുന്നു. പിറ്റേന്ന് ''എല്ലാം അമ്മ നിശ്ചയിച്ചതാണ്. നേരത്തേ നിശ്ചയിച്ചതാണ്'' എന്ന നിയോഗത്തില്‍ വിശ്വസിച്ച് യാത്രയാവുന്നു.

പ്രണയത്തെ ഇത്രമേല്‍ ഉദാത്തമാക്കി സാക്ഷാത്കരിച്ച മറ്റൊരു മലയാളകഥയില്ല. മികച്ച അധ്യാപകകഥകൂടിയാണ് വാനപ്രസ്ഥം. താമസിക്കുന്ന ലോഡ്ജിലേക്ക് സംശയം വല്ലതുമുണ്ടെങ്കില്‍ തീര്‍ക്കാന്‍ വന്നോളൂ എന്ന് ശിഷ്യയെ ക്ഷണിച്ച് വെറുതേ കിടക്ക വിരിച്ചിട്ട് കാത്തിരുന്ന കാലത്തില്‍നിന്ന് ''എല്ലുന്തിയ വിരലുകള്‍ നിശ്ചലമായി വിറയ്ക്കുന്ന കൈയിനുതാഴെ തുണുത്തുകിടക്കുന്ന'' സഹശയനസാക്ഷാത്കാരത്തിലെ നിരര്‍ഥകതയിലെത്തുമ്പോഴാണ് വാനപ്രസ്ഥം മറുമാനമുള്ള കഥയായിമാറുന്നത്.

മൂകാംബികാക്ഷേത്രപരിസരവും കുടജാദ്രിയും അതിന്റെ ഭക്തിപ്രകൃതി ലൗകിക ആത്മീയഭാവങ്ങളില്‍ സമ്യക്കായി കഥയില്‍ മേളിക്കുകയാണ്. ''നിശ്ചലം ശാന്തം. പേടിപ്പെടുത്തുന്ന ഏകാന്തതയല്ല. ചേര്‍ത്തുപിടിച്ച് നീ ഒന്നുമല്ല എന്ന് നിശ്ശബ്ദം ശാസിക്കുന്ന അദൃശ്യമായ ഏതോ സാന്നിധ്യമുണ്ട് അരികെ എന്നും തോന്നിപ്പോയി'' എന്ന് എം.ടി. എഴുതുന്നു. ജീവിതത്തിന്റെ കേവലതയെക്കുറിച്ചും ഭൗതികജീവിതാസക്തിയുടെ നിരര്‍ഥകതയെക്കുറിച്ചും ഈ പ്രകൃതിയില്‍വെച്ച് ഉപനിഷദ്ദര്‍ശനംപോലെ എം.ടി. എഴുതുന്നു.

ദൈവനിശ്ചയങ്ങളുടെ കഥകൂടിയാണ് വാനപ്രസ്ഥം. മാസ്റ്ററുടെയും വിനോദിനിയുടെയും സങ്കല്പത്തില്‍ പടുത്തുയര്‍ത്തിയ ജീവിതം കുടജാദ്രിയിലെ ഒരു രാവില്‍ അനാസക്തമായ സഹശയനത്തില്‍ മാത്രം പൂര്‍ത്തീകരിക്കാനുള്ളതാണ് എന്നാണ് ആ നിശ്ചയങ്ങളിലൊന്ന്. ജീവിതം മുഴുവന്‍ അവര്‍ സൂക്ഷിച്ച രഹസ്യത്തിനുമേല്‍ മറ്റൊരു രഹസ്യംകൂടി അവര്‍ക്ക് കൈവരുകയാണ്. മാംസാധിഷ്ഠിതമല്ലാത്ത രാഗത്തിന്റെ കഥകൂടിയാണിത്. ''വിചാരിച്ചപോലെ ഒന്നും ഇവിടെ വരാന്‍ പറ്റില്ല; ഭഗവതി നിശ്ചയിക്കും. അപ്പഴേ നമുക്ക് സൗകര്യാവൂ''; ''ഭഗവതി വിളിക്കുമ്പഴേ വരൂ. നമ്മള് കണക്കുകൂട്ടീട്ടൊന്നും കാര്യല്ല്യ'' എന്ന് മൂകാംബികാദര്‍ശനവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ കഥയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

വാര്‍ധക്യത്തിന്റെ പരാധീനതകള്‍ സര്‍വജ്ഞപീഠസ്ഥലിയിലേക്കുള്ള യാത്രയില്‍ മാസ്റ്ററെ അലട്ടുന്നുണ്ട്. അപ്പോഴും പണ്ട് അനുഭവിക്കാന്‍ ആഗ്രഹിച്ചതിന്റെ കാലംതെറ്റിയ പൂര്‍ത്തീകരണംപോലെ യാത്രചെയ്യുന്നതിലെ ഗൂഢാനന്ദവും മാസ്റ്റര്‍ അനുഭവിക്കുന്നു. വടി കുത്തി നടക്കുന്ന മാസ്റ്ററോട് ''ഇപ്പഴേ ശരിക്ക് തീര്‍ഥാടനമായുള്ളൂ അല്ലേ'' എന്ന് വിനോദിനി ചോദിക്കുന്നുമുണ്ട്. കഥ ചലച്ചിത്രമായപ്പോള്‍ 'തീര്‍ത്ഥാടനം' എന്നായിരുന്നു പേര്.

കുടജാദ്രിയെ പ്രകൃതീശ്വരിയുടെ പവിത്രഭാഗമായിട്ടാണ് എം.ടി. വാസുദേവന്‍നായര്‍ വിവരിക്കുന്നത് ''നേര്‍ത്ത മഞ്ഞിന്‍പടലങ്ങള്‍ താഴ്വരയില്‍ പരന്ന് വൃക്ഷത്തലപ്പുകളെ മറച്ചുകഴിഞ്ഞു. ആരോ ചുവന്ന പട്ട് വീശിയുണക്കുന്നതുപോലെ കാട്ടുതീയിന്റെ ജ്വാലകള്‍ പുളഞ്ഞു. കൊല്ലൂരില്‍നിന്ന് ഏകാഗ്രമായ ധ്യാനത്തിന് ഇടംതേടി ഈ മലകളില്‍ ആചാര്യന്‍ എത്തിയതില്‍ അദ്ഭുതമില്ല'' പ്രകൃതീശ്വരിക്ക് പട്ടുചാര്‍ത്തുകയാണ് എം.ടി. ചെയ്യുന്നത്.

ജീവിതത്തിലെ വാനപ്രസ്ഥകാലത്ത് ധ്യാനാത്മകമായ ജീവിതാവസ്ഥയിലേക്ക്, നിര്‍വേദത്തിലേക്ക് മനസ്സ് ചെന്നെത്തുകയാണ്. കുടജാദ്രിയുടെ പരമപവിത്രശാന്തതയില്‍ കാമമോഹിതകാലത്തിന്റെ അങ്കലാപ്പ് കഴിഞ്ഞ് വൈരാഗ്യത്തിന്റെ അവസ്ഥയിലാണ് മാസ്റ്റര്‍ വിനോദിനിയോടൊപ്പം ശയിക്കുന്നത്. അത് ഒരു ബാക്കിയുടെ കടംവീട്ടല്‍കൂടിയായിരുന്നു. ആസക്തിയുടെ അഗ്‌നിനാളങ്ങളില്‍ ജീവിച്ച കാലത്തിന്റെ ഓര്‍മകള്‍ കുടജാദ്രിയിലെ ഏകാന്തധ്യാനസ്ഥലിയിലെ തണുപ്പില്‍ ഉറഞ്ഞുപോവുകയാണ്.

മൂകാംബികയില്‍ തൊഴുതവര്‍ക്കും കുടജാദ്രിയില്‍ പോയവര്‍ക്കും ദൃശ്യസമ്പന്നമായ ഈ കഥ വേറിട്ട വായനാനുഭവമായി മാറുന്നു. അത്രമേല്‍ സൂക്ഷ്മതയാര്‍ന്നും കാവ്യാത്മകമായിട്ടുമാണ് എം.ടി. എഴുതുന്നത്. ''ഒക്കെ അമ്മ നിശ്ചയിച്ചതാവും'' എന്ന് കഥയില്‍ അഞ്ചുഭാഗത്ത് ആത്മഗതമായും വര്‍ത്തമാനമായും വരുന്നുണ്ട്. ഭക്തി അന്തര്‍ധാരയായി കഥയില്‍ കവിയുകയല്ല, കുറുകുകയാണ്. പൂര്‍വനിശ്ചയങ്ങളുടെ നിറവേറലുകളാണ് ജീവിതമെന്ന് വാനപ്രസ്ഥത്തിന്റെ വായനാഫലശ്രുതിയുമാവുന്നു.

മലയാളകഥയില്‍ എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴം ആരംഭിക്കുന്നതിന്റെ സാക്ഷ്യംകൂടിയാണ് വാനപ്രസ്ഥം. തുടര്‍ന്ന് അദ്ദേഹം എഴുതിയ കഥകള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കും തിരക്കഥകള്‍ക്കുതന്നെയും അസാമാന്യ വായനക്ഷമതയാണുള്ളത്. മുന്‍കാല കഥകളില്‍നിന്നുള്ള മാറിനടപ്പിനും വാനപ്രസ്ഥം നിമിത്തമാവുകയാണ്. ഓരോ വായനയിലും പുതിയ അര്‍ഥതലങ്ങളും അര്‍ഥാന്തരങ്ങളും നാനാര്‍ഥങ്ങള്‍തന്നെയും സാധ്യമാകുന്ന കഥയാണ് വാനപ്രസ്ഥം. മലയാളി മൂകാംബികയിലെത്തി തൊഴുതിറങ്ങിപ്പോരുമ്പോഴുണ്ടാകുന്ന മാനസികാനന്ദം, അനുഭവം ആവിഷ്‌കരണത്തിനുമപ്പുറത്താണ്. 

വാനപ്രസ്ഥത്തില്‍ എം.ടി. വായനക്കാരെ കുടജാദ്രിയിലേക്ക് കൈപിടിച്ചുനടത്തിക്കുന്നു. എണ്‍പത്തിയേഴാം വയസ്സിലും കേരളീയതയുടെ സുകൃതമായി, അക്ഷരതേജസ്സായി എം.ടി.വാസുദേവന്‍നായര്‍ വിശ്രുതനാവുന്നതില്‍ വാഗ്‌ദേവതയുടെ കടാക്ഷമുണ്ട്. 'വാനപ്രസ്ഥം' കഥയുടെ പണിപ്പുരയെക്കുറിച്ച് ചോദിച്ചാല്‍ എം.ടി.ക്ക് പറയാനുള്ള ഉത്തരം കഥയുടെ ഭരതവാക്യമായി അദ്ദേഹം മുന്‍പേ എഴുതിവെച്ചിട്ടുണ്ട്:
'എല്ലാം അമ്മ നിശ്ചയിച്ചതാണ്
നേരത്തേ നിശ്ചയിച്ചതാണ്.'

Content Highlights: M.T. Vasudevan Nair at Kollur mookambika devi temple, Vidhyarambham 2020, Vanaprastham