മ്മയുടെ ആ പ്രഭാവലയം നീലപ്രകാശമായി വന്ന് നിങ്ങളെ തൊടും... ആ നിമിഷം നിങ്ങള്‍ അമ്മയെ കാണാനുള്ള ഒരുക്കം തുടങ്ങുകയോ പുറപ്പെടുകയോ ചെയ്യും നിത്യാനന്ദ അഡിഗ (ക്ഷേത്രം തന്ത്രി). 

ആ നീലപ്രകാശം വന്നുതൊട്ടിരിക്കുന്നു. ഇനി പുറപ്പെട്ടേമതിയാവൂ... അഡിഗ പറഞ്ഞ ഈ പ്രകാശസ്പര്‍ശത്തെയാണ് നമ്മള്‍ മലയാളികള്‍ മൂകാംബികാ ദേവിയുടെ വിളിയായ് കാണുന്നത്. അമ്മ വിളിച്ചാല്‍ ആ വിളി കേള്‍ക്കാതിരിക്കാനാവില്ല.. പോയേപറ്റൂ...
തീര്‍ത്തും അപ്രതീക്ഷിതമായാണ് കോഴിക്കോട് മാതൃഭൂമി ഓഫീസില്‍നിന്ന് അമ്മയുടെ അരുളെന്നോണം ആ ഫോണ്‍കോള്‍ വന്നത്. നവരാത്രിക്ക് ദേവിയുടെ തിരുമുമ്പില്‍ മാതൃഭൂമി സമര്‍പ്പിക്കുന്ന പത്തൊന്‍പതാം സപ്ലിമെന്റ് ഒരുക്കണം.. അതിനായി ദേവീസന്നിധിയിലെത്തണം. അറിവിന്റെ, അക്ഷരത്തിന്റെ ആ നിറകുടത്തില്‍ പേന മുക്കി ഫീച്ചറുകളെഴുതണം...

മഴ ആര്‍ത്തുകുരവയിട്ടുകൊണ്ടിരിക്കുന്ന ഒരു പുലര്‍ക്കാലത്തിലാണ് കൊല്ലൂരിലേക്ക് പുറപ്പെട്ടത്. ഫോട്ടോഗ്രാഫര്‍ രാമനാഥ് പൈയും കാറിലേക്ക് കയറി. കര്‍ണാടകയ്ക്ക്് മുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി മഴ തിമര്‍ക്കുകയാണ്. ദേശീയപാത 66 പിന്നിട്ട് ഹെമ്മാഡിയില്‍നിന്ന് കൊല്ലൂര്‍ റൂട്ടിലേക്ക് കയറിയതും മഴ കനത്തു. കാനനപാതയിലൂടെ കാറ് പായുമ്പോള്‍ തുള്ളിക്കൊരുകുടമെന്നോണം കല്ലേറുപോലെ മഴ... പാതയില്‍ അപകടവളവുകള്‍ ധാരാളം. കാറ് നിര്‍ത്തണോ.. വേണ്ട... വിളിച്ചത് ദേവിയാണ് ഒരാപത്തുമില്ലാതെ ഈ മക്കളെ അമ്മ സന്നിധിയിലെത്തിക്കും. മഴക്കല്ലേറേറ്റ് കാറു പാഞ്ഞു. പാച്ചിലിനൊടുവില്‍ വല്ലാത്തൊരനുഭൂതിയേകി ആ കവാടമെത്തി; കൊല്ലൂര്‍ മൂകാംബിക ടെമ്പിള്‍ എന്ന് ഇംഗ്ലീഷിലും കന്നഡയിലുമെഴുതിയ പ്രവേശനകവാടം. ആ കവാടം കടക്കുമ്പോളറിയാം ഒന്നരകിലോമീറ്ററിനപ്പുറം അമ്മയുണ്ട്. അമ്മയെ കാണാനുള്ള മനസ്സൊരുക്കം അവിടെനിന്നാരംഭിക്കുന്നു.

കൊല്ലൂരിനെ മഴ വൃത്തിയാക്കിയിരിക്കുന്നു. ഹോട്ടലില്‍ ചെന്ന് യാത്രാക്ഷീണത്തെ കുളിയാല്‍ കഴുകിക്കളഞ്ഞ് ദേവീസന്നിധിയിലേക്ക് പോകാനൊരുങ്ങവേ മാനം രാത്രിയെന്നോണം കറുത്തു... കാര്‍മേഘം കീറി മഴയെത്തി. കുടയ്ക്കുപോലും പ്രതിരോധിക്കാനാവാത്ത മഴ. കൊല്ലൂരിലെ മഴയെയറിയുന്നത് ആദ്യമായാണ്. അനുഗ്രഹവര്‍ഷമെന്നോണം മഴ. അത് ചിലപ്പോള്‍ ദേവീസ്വരൂപമായ കാളിയായി താണ്ഡവമാടുന്നു. ലക്ഷ്മിയായ് ചാഞ്ഞെത്തി അനുഗ്രഹം ചൊരിയുന്നു. സരസ്വതിയുടെ വീണാനാദമായി പതിഞ്ഞുപെയ്യുന്നു. വിജനമായിരുന്നു ക്ഷേത്രനട... കനത്ത മഴ ഭക്തരെ ഹോട്ടല്‍മുറിയില്‍നിന്നിറങ്ങാന്‍ സമ്മതിച്ചില്ല. എന്നാല്‍ മഴയും ദേവിയുടെ അനുഗ്രഹമാണെന്ന ചിന്തയില്‍ ചിലര്‍ നനഞ്ഞുപ്രാര്‍ഥിക്കുന്നു.. ദേവിയെ വലംവയ്ക്കുന്നു. കുട്ടികളാണ് ദേവീസന്നിധിയിലെ മഴ ആഘോഷിച്ചത്. അമ്മയുടെ വിരല്‍ത്തുമ്പ് വിട്ട് മഴയിലേക്ക് ഓടുന്നു അവര്‍... മോളൂ.. വേണ്ട... വാവേ... കണ്ണാ പോവല്ലേ. ദേശാന്തരങ്ങളില്‍നിന്നെത്തിയ അമ്മമാര്‍ തങ്ങളുടെ മക്കളെ വിലക്കുന്ന ശബ്ദം മഴയില്‍ അലിഞ്ഞു. അവരറിയുന്നില്ലേ മഴയിലും വെയിലിലും എല്ലാ ഋതുഭേദങ്ങളിലും അമ്മയുടെ ചൈതന്യമുണ്ടെന്ന്, സര്‍വമംഗളയായി ദേവി നില്‍ക്കുമ്പോള്‍ മഴ ആ കുരുന്നുകളില്‍ പനിയായ് പതിക്കില്ലെന്ന്.

വലിയ മണിശബ്ദത്തോടെ പ്രദോഷപൂജ തുടങ്ങി. ഒപ്പം കനത്ത മഴയും. മംഗളാരതി തൊഴാനായി ഭക്തരെത്തിത്തുടങ്ങി. മഴ ചാഞ്ഞുപെയ്യുന്ന നടയില്‍ അവര്‍ കൈകൂപ്പി. മംഗളാരതിക്കുശേഷം സലാം മംഗളാരതിയാണ്. സലാം എന്ന പേരിലെ കൗതുകം ചോദ്യമായി മനസ്സില്‍ കൊടികെട്ടി. കിഴക്കേഗോപുരത്തിന്റെ വലതുവശത്തായി നിലയുറപ്പിച്ചിരിക്കുന്ന ദേവവാദ്യക്കാരിലൊരാളായ പ്രമോദ്, സലാം മംഗളാരതിചൈതന്യത്തിന്റെ ചുരുളഴിച്ചു. പടയോട്ടക്കാലത്ത് ടിപ്പുസുല്‍ത്താന്‍ തന്റെ പടയാളികള്‍ക്കൊപ്പം മൂകാംബികാക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലും ഭൂമിക്കടിയിലുമുള്ള സമ്പത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ടിപ്പു പരാജയപ്പെട്ടു.. അംബാവനത്തില്‍നിന്ന് തേനീച്ചക്കൂട്ടമെത്തി ആക്രമിച്ചു. പിടിച്ചുനില്‍ക്കാനാവാതെ ടിപ്പു പതറി. ക്ഷേത്രത്തിലെ ദേവീചൈതന്യം ടിപ്പു തിരിച്ചറിഞ്ഞു. അന്ന് സന്ധ്യാപൂജയുടെ എല്ലാ ചെലവുകളും ക്ഷേത്രാധികാരികള്‍ക്ക് നല്‍കിയാണ് ടിപ്പു അവിടെനിന്ന് യാത്രയായത്. ആ ഓര്‍മയിലാണ് നിത്യേന വൈകീട്ട് 7.30ന് സലാം മംഗളാരതി നടത്തുന്നത്.

പെട്ടെന്ന് പെരുമ്പറ മുഴങ്ങി... വെള്ളിക്കോലുമേന്തി പരമേശ്വര ഭട്ട്, സലാം മംഗളാരതിക്കായി ദേവിയെ ക്ഷണിക്കാന്‍ നടയിലെത്തി. മഴ കനത്തുപെയ്തു. അനുയായി,  മുത്തുക്കുടയിലേക്ക് പരമേശ്വരഭട്ടിനെ ചേര്‍ത്തു. ആളുകള്‍ കഷായമംഗളാരതിക്കായി പ്ലാസ്റ്റിക് ഡബ്ബയുമായി വരിനിന്നു. ഊട്ടുപുരയില്‍നിന്ന് സാമ്പാറും ചോറും മോരും പായസവും കൂട്ടി അത്താഴമുണ്ട് മുറിയിലെത്തുമ്പോള്‍ മണി പത്ത്... രാമേട്ടന്റെ മുഖത്ത് തെളിച്ചമില്ല. തകര്‍ത്തുപെയ്യുന്ന മഴ നല്ല ഒരു ദൃശ്യത്തെയും ക്യാമറക്കണ്ണുകള്‍ക്ക് നല്‍കിയില്ല. പ്രതീക്ഷയുടെ പൊന്‍കിരണം നാളെ പുലര്‍ച്ചെ കുടജാദ്രിമലനിരകള്‍ക്കുമേല്‍ തെളിയുമെന്നും അതില്‍ മികച്ചചിത്രങ്ങള്‍ പ്രതിഫലിക്കുമെന്നും സ്വപ്‌നംകണ്ട് ഉറങ്ങാന്‍കിടന്നു. നാളെ പുലര്‍ച്ചെ പൂജകള്‍ക്കുള്ള ഊഴം തന്ത്രി നിത്യാനന്ദ അഡിഗയ്ക്കാണ്. പൂജാവേഷത്തില്‍ പൂജാസാമഗ്രികളുമായി ആറുമണിയോടെ അഡിഗ വീട്ടില്‍നിന്നിറങ്ങും. മഴ ചതിച്ചില്ലെങ്കില്‍ ക്യാമറയില്‍ നല്ലൊരു ഫ്രെയിം ഒരുങ്ങും. ഉറങ്ങാന്‍കിടന്നു... പുറത്ത് മഴയുടെ നിലയ്ക്കാത്ത പെരുമ്പറയടി...

പുലര്‍കാലത്തെ ദേവിയെ കാണണം.. ആ ദര്‍ശനമൊരു പ്രത്യേക അനുഭൂതിയാണ്. മഴ നനഞ്ഞ് നടയിലെത്തി. ഹോട്ടലിലെ ചൂടുവെള്ളസ്‌നാനത്തിനു ശേഷം പ്രകൃതിയുടെ ശീതസ്‌നാനമേറ്റുവാങ്ങി നടയില്‍ കൈകൂപ്പി. നിയോണ്‍വെളിച്ചത്തില്‍ മഴ വെള്ളിനൂലുപോലെ പെയ്തുകൊണ്ടേയിരുന്നു. മികച്ച ഫോട്ടോയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളൊക്കെ മഴ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

രാവിലെ ഏഴുമണിക്ക്, കലങ്ങിമറിഞ്ഞ് ക്ഷേത്രത്തെ വലംവയ്ക്കുന്ന അഗ്‌നിതീര്‍ഥത്തിനരികിലൂടെ വീണ്ടും അമ്പലത്തിലേക്ക് പോകുമ്പോഴുണ്ട് ഒരു കുടക്കീഴില്‍ രണ്ടുപേര്‍ ദേവിക്കരികിലേക്ക്. മുന്‍ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറും പത്‌നി മീരയും. മനസ്സിലേക്ക് ആ പാട്ട് ഒഴുകിവന്നു.. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി... ഈ വരികളെഴുതിയ വിരല്‍ത്തുമ്പുകളാണ് മുന്നില്‍. പരിചയപ്പെട്ടു. ദര്‍ശനത്തിനുശേഷം കിഴക്കേഗോപുരത്തിനരികില്‍ മഴകൊള്ളാത്തൊരിടത്തേക്ക് മാറിനിന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മീരച്ചേച്ചി അടുത്തുണ്ട്. ''സര്‍ അങ്ങയുടെ പാട്ടുകേട്ടാണ് നിത്യവും എന്റെ വീടുണരാറ്...'' ബെംഗളൂരുവില്‍നിന്നെത്തിയ ഒരു ഭക്തന്‍ കാല്‍തൊടാന്‍ ശ്രമിച്ചു. പകുതിവെച്ച് ജയകുമാര്‍ സ്‌നേഹത്തോടെ പിടിച്ചു. അങ്ങനെ പലരും വന്ന് ആദരത്തോടെ തൊഴുതുനിന്നു. ''എല്ലാം ദേവിയുടെ അനുഗ്രഹം'' മീരേച്ചി പറഞ്ഞു.

''34 വര്‍ഷം മുമ്പ് ചെന്നൈയില്‍വെച്ചാണ് ആ പാട്ട് ഞാനെഴുതുന്നത്. അതുവരെ ഞാന്‍ കൊല്ലൂരില്‍ വന്നിട്ടില്ല. ദേവിയെ തൊഴുതിട്ടില്ല. ക്ഷേത്രത്തിന് പശ്ചാത്തലമായി കുടജാദ്രി തലയെടുപ്പോടെ നില്‍ക്കുന്നുണ്ടാവുമെന്ന് മനസ്സില്‍ സങ്കല്പിച്ച് എഴുതിയ പാട്ടാണത്'' മൂകാംബികയുടെ ഔദ്യോഗിക പാട്ടായി മലയാളികള്‍ നെഞ്ചേറ്റിയ 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി' എന്ന ഗാനം വന്ന വഴി ജയകുമാര്‍ പറഞ്ഞു. തുടര്‍ന്നിങ്ങോട്ട് അമ്മയുടെ ഭക്തമകനാണ് ജയകുമാര്‍. അമ്മ വിളിക്കുമ്പോഴൊക്കെ എന്ത് തിരക്കിനിടയിലും അനുസരണയുള്ള കുട്ടിയായി അമ്മയുടെ മടിത്തട്ടിലെത്തും ജയകുമാര്‍. ഏറെനേരത്തെ സംസാരത്തിനൊടുവില്‍ മഴ പിന്‍വാങ്ങിയ നിമിഷം അദ്ദേഹം മുറിയിലേക്ക് പോയി.

തിരിച്ച് ഹോട്ടലിലേക്ക് നടക്കുമ്പോള്‍ മുന്നില്‍ ഷാഹിന... കോളേജിലെ എന്റെ സഹപാഠി. 15 വര്‍ഷത്തിലേറെയായി കണ്ടിട്ട്. ആശ്ചര്യം അതിരുവിട്ട് ഓടിയെത്തി അവള്‍ ചോദിച്ചു, എന്താടാ നീ ഇവിടെ... സര്‍പ്രൈസ്... തിരിച്ച് അതേ ചോദ്യം തിരികെ നല്‍കിയപ്പോള്‍ അവളില്‍നിന്നുള്ള മറുപടി. മൂകാംബികാദേവിയെ കാണണം കുടജാദ്രിയില്‍ പോണം... കുറേ വര്‍ഷമായി വിചാരിക്കുന്നു ഇന്നാ നടന്നത്. ആ നീലപ്രകാശം ഷാഹിനയെ വന്ന് തൊട്ടിരിക്കുന്നു. മതേതരമായ ചൈതന്യപ്രകാശസ്പര്‍ശം. 

ഒന്നുമാലോചിക്കാതെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം അവള്‍ പുറപ്പെട്ടിരിക്കുന്നു. ഈ പെരും മഴയത്ത്. സര്‍വജ്ഞപീഠത്തില്‍ മൊത്തം കോടയാണ് എന്ന് പറഞ്ഞപ്പോള്‍, എന്തായാലും പോകണമെന്ന ദൃഢനിശ്ചയമായിരുന്നു അവളില്‍. നിരുത്സാഹപ്പെടുത്തിയില്ല. ഒരുമിച്ച് പഠിച്ചത് മലയാളസാഹിത്യമായതിനാല്‍ എം.ടി.യുടെ വാനപ്രസ്ഥമെന്ന ചെറുകഥയാണ് ഇരുവരുടെയും മനസ്സില്‍ തെളിഞ്ഞത്. ജീവിതപൂര്‍ണവിരാമത്തിനോടടുത്ത മാഷുടെയും പ്രിയശിഷ്യ വിനോദിനിയുടെയും കുടജാദ്രിയാത്ര. ആ കഥയിലെ അവസാനവാചകംതന്നെയാണ് ഒന്നരപ്പതിറ്റാണ്ടിനിപ്പുറത്തെ ഷാഹിനയുടെ കണ്ടുമുട്ടലിന് കാരണമായത് എല്ലാം അമ്മ നിശ്ചയിച്ചതാണ്.. നേരത്തേ നിശ്ചയിച്ചതാണ്... 

ഉറങ്ങാന്‍കിടക്കുമ്പോള്‍ നിത്യാനന്ദ അഡിഗ പറഞ്ഞത് ഓര്‍മയില്‍ വന്നു... ''ശുദ്ധമനസ്സുമായെത്തിയാല്‍ അമ്മയുടെ ശക്തി അനുഭവിക്കാനാവും. ക്ഷേത്രത്തില്‍ ദിവസവും മൂന്നുനേരം മാത്രമുള്ള ശീവേലിസമയത്തെ മേളഘോഷങ്ങള്‍ പാതിരാത്രിയിലൊക്കെ ഭക്തര്‍ അദ്ഭുതമെന്നോണം കേട്ടിട്ടുണ്ട്...''കണ്ണടച്ചു കിടന്നു... ആ മേളഘോഷം കേള്‍ക്കാനാകുമോ... പുറത്ത് ഘോഷങ്ങളില്ലാതെ മഴയുടെ ശീവേലി...

ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം

കേരളത്തില്‍നിന്ന് കൊല്ലൂരിലേക്ക് വരുന്നവര്‍ക്ക് അവിടെയെത്തും മുന്‍പ് ദര്‍ശിക്കാവുന്ന പ്രശസ്ത ക്ഷേത്രമാണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം. ഒരുകൈയില്‍ കടക്കോലും മറുകൈയില്‍ ചരടുമായി നില്‍ക്കുന്ന ശ്രീകൃഷ്ണവിഗ്രഹമാണിവിടെ. പടിഞ്ഞാറേക്ക് മുഖംതിരിഞ്ഞുനില്‍ക്കുന്ന രീതിയിലാണിവിടത്തെ പ്രതിഷ്ഠ. ശ്രീകോവിലിന് കിളിവാതിലാണ്. വെള്ളിപതിച്ച വാതിലില്‍ കണ്ണന്റെ 24 പ്രതിബിംബങ്ങള്‍ കാണാം.

കേരളത്തില്‍നിന്ന്് വരുമ്പോള്‍ ഉഡുപ്പി ജങ്ഷനില്‍ നിന്ന് വലത്തോട്ടുള്ള റോഡില്‍ പോയാല്‍ ക്ഷേത്രത്തിലെത്താം.

Content Highlights:  Kollur Mookambika Devi temple visit experience, Vidhyarambham 2020