കുണ്ടറ : അക്ഷരദേവത സരസ്വതി ദേവി. എന്നാൽ അക്ഷരപഠനാരംഭം ഹരിശ്രീ ഗണപതയെ നമഃ എന്നുകുറിച്ചുകൊണ്ടും. ഇതിലൊരു വൈരുധ്യം ഇല്ലേ? എന്നാൽ ഹരിശ്രീ ഗണപതയെ നമഃ എന്നതും ഓം സരസ്വതിയെ നമഃ എന്നതും ഒന്നുതന്നെയെന്ന് ശാസ്ത്രമതം. ഇവിടെയാണ് ജ്യോതിഷ ശാസ്ത്രത്തിന് കണക്കുമായുള്ള ബന്ധം ബോധ്യപ്പെടുന്നതെന്ന് ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീശങ്കരം ഗോപാലകൃഷ്ണൻ (പെരുമ്പുഴ) വിശദീകരിക്കുന്നു.

ജ്യോതിഷം കണക്ക് ശാസ്ത്രം കൂടിയാകുന്നു. അക്ഷരങ്ങളെ കണക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനെ പരൽ സംഖ്യയെന്നുപറയും. പരൽ സംഖ്യപ്രകാരം ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യെ-1, ന-ശൂന്യം, മ-5

ഇങ്ങനെ സംഖ്യ കൂട്ടുമ്പോൾ അൻപത്തൊന്ന് എന്ന ഉത്തരം ലഭിക്കും.

അൻപത്തൊന്ന് അക്ഷരങ്ങളുടെ ദേവത സരസ്വതി ദേവിയും.

അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാകുന്നു. അറിവിന്റെ കവാടം കടക്കാനുള്ള തുടക്കം അക്ഷരാരംഭം. വിദ്യാരംഭം തൊഴിൽ ചെയ്യാനുള്ള അറിവുനേടൽ.

താലത്തിൽ അരിമണികളോ മണൽത്തരികളോ നിരത്തി അതിൽ അക്ഷരം എഴുതിത്തുടങ്ങും. അരിമണിയിലും മണൽത്തരിയിലും ബ്രഹ്മശക്തി അടങ്ങിയിരിക്കുന്നു. ചൂണ്ടുവിരലൂന്നി അക്ഷരബ്രഹ്മത്തെ ആവാഹിച്ചെടുക്കുന്നു. ചൂണ്ടുവിരലിന് കൂടുതൽ ഊർജശക്തിയും ആത്മശക്തിയും ആജ്ഞാശക്തിയുമുണ്ട്.

അക്ഷരാരംഭം കഴിഞ്ഞാൽ നവഗ്രഹപൂജ വേണം. നവഗ്രഹങ്ങൾ അണുവിനെയും ചെറുലതകളെയും വരെ സ്വാധീനിക്കുന്നു. അക്ഷരാരംഭത്തിലും അവയുടെ സ്വാധീനമുണ്ട്. ആദിത്യൻമുതൽ കേതുവരെയുള്ള നവഗ്രഹങ്ങൾ ആദ്യക്ഷരങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കും.

ജന്മനക്ഷത്രങ്ങളും ജനനസമയവും നവഗ്രഹബന്ധത്തിൽപ്പെട്ടുനിൽക്കും.

ഗ്രഹങ്ങൾ ആരോടും ഒന്നും ചെയ്യുന്നില്ല. എന്നാൽ പല അകലങ്ങളിൽ നിൽക്കുന്ന ഗ്രഹരശ്മികൾ ജീവജാലങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കും.

ഹരി-സൂര്യനും ശ്രീ-ചന്ദ്രനും ഗ-ചൊവ്വയും ആകുന്നു. ണ-രാഹവും പ-വ്യാഴവും ത-ശനിയും യെ-ബുധനും ന-കേതുവും മഃ-ശുക്രനുമാകുന്നു.

ദശാകാല കണക്കിനാണ് ഗ്രഹങ്ങൾ ഇവിടെ സ്വീകരിച്ചിട്ടുള്ളത്‌. ദശകളിൽ ആദ്യം ആദിത്യനും അവസാനം ശുക്രനും. അക്ഷരാരംഭം കഴിഞ്ഞാൽ ഗ്രഹപ്രീതി കർമങ്ങൾ ചെയ്യേണ്ടതിന്റെ പ്രാധാന്യം ശ്രീരാമചന്ദ്രം ശ്രീകൃഷ്ണം എന്ന തന്റെ ഗ്രന്ഥത്തിൽ ശ്രീശങ്കരം ഗോപാലകൃഷ്ണൻ പ്രതിപാദിക്കുന്നു.

ഉത്തമനായ ഗുരുവായിരിക്കണം വിദ്യാ ദാതാവ്. ഗുരുവിന് ദക്ഷിണനൽകി കൈകൂപ്പിക്കൊണ്ടുവേണം വിദ്യ സ്വീകരിക്കാൻ. ദക്ഷതയുണ്ടാക്കിത്തരാനുള്ള ധനസമർപ്പണമാകുന്നു ദക്ഷിണ. ദക്ഷതയെന്നാൽ സാമർഥ്യം. ദക്ഷിണ ഹസ്തത്താൽ-വലതുകൈയാൽ-ഗുരുവിന് സമർപ്പിക്കുന്ന ധനത്തെ ദക്ഷിണയെന്നു പറയും.

Content Highlight; Harisree kurikkumbol | Vidhyarambham 2020