ത് ഭാഷയിലായാലും ജീവിതത്തില്‍ ഒരിക്കലെങ്കിലും അമ്മയെ വിളിക്കാത്തവര്‍ ആരും ഉണ്ടാവില്ല, ഭൂമിയിലെങ്ങും. കുട്ടിക്കാലം കഴിഞ്ഞാല്‍ അമ്മയെ വിളിച്ച് കരയാറില്ല എന്നാണ് നമ്മുടെയൊക്കെ വിചാരം. പക്ഷേ, പ്രായമെത്രയായാലും ആരിലും ഉള്ളുരുകിവരുന്ന എല്ലാ തേങ്ങലിന്റെയും കൂടെ ഇതുണ്ടാവും. ജന്മനാ നമുക്കറിയാം, അമ്മയ്ക്ക് നൂനം മകനെത്ര വൃദ്ധനായ് പോകിലും പിഞ്ചുകിടാവുതന്നെ! അമ്മ ഇല്ലാതായാല്‍ പിന്നെ ഈ വിളിക്ക് ആഴവും ഭാവവും കൂടുകയേയുള്ളൂതാനും. പണ്ടാരോ പറഞ്ഞ ഒരു ക്രൂരമായ ഫലിതമുണ്ടല്ലോ ഒരര്‍ഥത്തില്‍ അച്ഛന്‍ ഒരു അഭിപ്രായമാണ്, അമ്മയോ ഒരു യാഥാര്‍ഥ്യവും! അത്രത്തോളം പോകണമെന്നില്ല. അമ്മയെ സ്തുതിക്കാന്‍ അച്ഛനെ തള്ളിപ്പറയണോ? അങ്ങനെ ചെയ്താല്‍ ഒരമ്മയ്ക്കും ഉള്ളിന്റെയുള്ളില്‍ രസിക്കുകയുമില്ല! വിശ്വനാഥനെ നിന്ദിക്കയോ, ശാന്തം പാപം!

പറഞ്ഞുവന്നത് അമ്മേ എന്ന ആര്‍ത്തനാദത്തെപ്പറ്റിയാണല്ലോ. ഏതമ്മയെയാണ് ഉദ്ദേശിക്കുന്നത്? പെറ്റുപോറ്റിയ അമ്മയ്ക്ക് കൈയെത്തുന്ന അകലങ്ങള്‍ക്കിപ്പുറത്തുനിന്നല്ലേ നമ്മുടെ വിളി? അസഹ്യമായ വേദന വരുമ്പോള്‍, വലിയ നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍, ഊരാക്കുടുക്കുകളില്‍ പെടുമ്പോള്‍... ഓടിയെത്തി ആശ്വസിപ്പിക്കാന്‍പോലും കഴിയില്ല, ഒരു പെറ്റമ്മയ്ക്കും, പലപ്പോഴും. എന്നിട്ടും നാം വിളിക്കുന്നു. ചിലപ്പോള്‍ ഏറെ പ്രായമായി അവസാനശ്വാസത്തിനൊപ്പംപോലും വിളിക്കുന്നു.

അമ്മയെയല്ല, പറഞ്ഞോ പറയാതെയോ അമ്മയിലൂടെ അറിഞ്ഞ മഹാദേവിയെയാണ് വാസ്തവത്തില്‍ വിളിക്കുന്നത്. പലപ്പോഴും തെളിഞ്ഞല്ലെങ്കിലും വിശ്വനാഥന്‍ പിതാവും വിശ്വധാത്രി ചരാചരമാതാവുമെന്ന ബോധം മനുഷ്യസഹജം! ദൈവവിശ്വാസമില്ലെന്നാലും ആ അമ്മയെ വിളിച്ചുപോകുന്നു! ദയാമയിയും സര്‍വകലാവല്ലഭയും സര്‍വൈശ്വര്യദായികയും സര്‍വസൗന്ദര്യസാരവും അവസാനത്തെ അഭയസ്ഥാനവുമായ ദേവിയെ! അതായത്, പ്രകൃതി എന്ന ദേവതയെ. നമുക്ക് ജന്മംനല്‍കിയ അമ്മയ്ക്ക് ജന്മംനല്‍കിയ അമ്മയ്ക്കും അങ്ങനെയങ്ങനെ ആദ്യത്തെ അമ്മയ്ക്കുതന്നെയും ജന്മംനല്‍കിയ അനാദിയായ മാതൃത്വത്തെ. സര്‍വംസഹയെ!

ഈ തിരിച്ചറിവ് എനിക്ക് ആദ്യമായി വീണുകിട്ടിയ സന്ദര്‍ഭം മറക്കാവതല്ല. കുളിപ്പിച്ച് ഒക്കത്തെടുത്ത് അമ്മ ദുര്‍ഗാക്ഷേത്രനടയില്‍ ചെന്നുനിന്ന് ''മ്പാട്ടീ രക്ഷിക്കണേ'' എന്ന് കൈകൂപ്പിച്ചപ്പോഴല്ല. പട്ടുടുത്ത് കിങ്ങിണികെട്ടി മുടിയഴിച്ചുഴിഞ്ഞ് കലിതുള്ളി സ്വന്തം ശിരസ്സില്‍ വാളോങ്ങി വെട്ടി ''ഹിയ്യേ'' എന്ന് അലറി വെളിച്ചപ്പാട് അരികിലേക്ക് ഓടിവന്നപ്പോഴുമല്ല. അമ്പിളിപ്പൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം ചിലമ്പൊലിയിട്ട് തുടികൊട്ടകമ്പടിയോടെ പടികടന്നുവരുന്നത് കണ്ടപ്പോഴും അല്ല.

മുത്തച്ഛന്റെകൂടെ വയലില്‍ നടക്കെ, ഒരു തൊടിയിലെ തെങ്ങില്‍നിന്ന് വഴിയില്‍ വീണുകിടന്ന കൂരിയാറ്റക്കൂട് കാണാനിടയായി. രാത്രിയിലെ കാറ്റില്‍ വീണ അത് കൈയിലെടുത്ത് അതിന്റെ ചന്തവും നിര്‍മിതിയുടെ വടിവും കണ്ട് സ്വയമറിയാതെ ഞാന്‍ പറഞ്ഞുപോയത് അമ്മമ്മോ എന്നാണ്. മുത്തച്ഛന്റെ പതിവുചിരി അല്പം വിടര്‍ന്നു സരസ്വതിട്ടീച്ചറെയാണോ ഉദ്ദേശിച്ചത്? അവരാണല്ലോ കൂരിയാറ്റക്കിളിയെ ഈ കൂടു
നെയ്യാന്‍ പഠിപ്പിച്ചത്. അത് ഏത് സ്‌കൂളിലെ ടീച്ചറെന്ന് ഞാന്‍.

എല്ലാ സ്‌കൂളുകളിലും ഒരേസമയം പഠിപ്പിക്കുന്ന ഒരു ടീച്ചറെ അന്നാണ് മുത്തച്ഛന്‍ പരിചയപ്പെടുത്തിത്തന്നത്. പിന്നെ കുറേകഴിഞ്ഞ് ആ ദേവിയുടെ നാനാഭാവങ്ങളെക്കുറിച്ച് വിസ്തരിച്ചു. ഇന്നും, ഹെന്റമ്മേ എന്ന് എപ്പോഴെങ്കിലും സ്വയമറിയാതെ പറയുന്നേരം അടുത്ത ചിന്ത ആ കൂരിയാറ്റക്കൂടിനെയും അത് നെയ്യാന്‍ കിളിയെ പഠിപ്പിച്ച ആ ടീച്ചറെയും കുറിച്ചാണ്.

ദേവിയെന്നാല്‍ ശക്തിയാണ് എന്ന് ധരിപ്പിച്ചതും മുത്തച്ഛനാണ്. ഓജസ്സും ഊക്കും ഉള്ളവനെപ്പറ്റി നാട്ടില്‍ പറയാറ് അത് അവന്‍ കുടിച്ച മുലപ്പാലിന്റെ ശേഷിയാണ് എന്നായിരുന്നു. പ്രകൃതി എന്ന അമ്മയുടെ വരദാനം എന്നേ അര്‍ഥമുള്ളൂ. വിത്തിലും കോശത്തിലും അണ്ഡത്തിലുമൊക്കെ കിളിര്‍ക്കുന്ന ഏത് ജീവനും ദേവി മുന്‍കൂട്ടി ആദ്യാഹാരം ഒരുക്കുന്നു. പൊള്ളിക്കുന്ന ചുനയായും ഛര്‍ദിപ്പിക്കുന്ന കട്ടായും കഠിനമായ പുളിയോ എരിവോ കയ്‌പ്പോ ചൊറിയോ ഒക്കെയായും പ്രതിരോധായുധങ്ങളും നല്‍കുന്നു. വല നെയ്യാനും കൂടുകൂട്ടാനും പാടാനും ആടാനും ജനിക്കുംമുന്‍പേ പഠിപ്പിക്കുന്നു. 

മനുഷ്യജീവനോ, ജന്മനാ ഇത്തരം ഒരു സോഫ്‌റ്റ്വേറും നല്‍കാതെ, പക്ഷേ പകരം, എല്ലാ വിദ്യകളും പഠിക്കാനുള്ള ഹാര്‍ഡ്വേര്‍ വാരിക്കോരി നല്‍കി, ക്ലീന്‍ സ്‌ളെയിറ്റായി പിറവിയുമേകി, കൂടുതല്‍ മികച്ച വിവേകത്തിലേക്ക് പരിണമിക്കാന്‍ വഴിയൊരുക്കുന്നു.

അമ്മയുടെ മാറത്തിരിക്കെ നമുക്ക് ഈ അമ്മയെ പിച്ചിയും മാന്തിയും അടിച്ചുമിടിച്ചും കടിച്ചുകീറിത്തന്നെയും ഉപദ്രവിക്കാം. സഹിക്കവയ്യാതാകുമ്പോള്‍ ചുമലൊന്ന് ഇളക്കുകയോ ചെറുതായൊന്ന് കുടയുകയോ ചെയ്‌തെന്നിരിക്കും. ഉടനെ ഉരുള്‍പൊട്ടലായി, സുനാമിയായി, ഭൂകമ്പമായി! അമ്മ കളിക്കാന്‍തരുന്ന ഉപായങ്ങള്‍കൊണ്ട് നമുക്ക് അന്യരെ ഉപദ്രവിക്കാം. പക്ഷേ, അവര്‍ തിരിച്ചും ചെയ്താല്‍ വിവരമറിയും!

സുപ്രസിദ്ധ ആണവശാസ്ത്രജ്ഞനായ രാജാ രാമണ്ണ ഒരിക്കല്‍ എന്നോട് പറഞ്ഞു ഹൃദയം പിളര്‍ന്നാണ് അണു നമുക്ക് ഊര്‍ജം തരുന്നത്. ആ ഊര്‍ജദാനം ആ അമ്മയെ അലങ്കോലമാക്കുകവരെ ചെയ്യുന്നു. കുഴപ്പമില്ല, ആ അമ്മയ്ക്കും അമ്മയായി വേറൊരാള്‍ ഉള്ളതിനാല്‍ പ്രപഞ്ചത്തുടര്‍ച്ച തകരാറാകുന്നില്ല. ഒരു പ്രത്യേക ഊര്‍ജാവസ്ഥയിലുള്ള ഒരു ന്യൂട്രോണ്‍ ഒരു യുറേനിയം അണുഹൃദയത്തില്‍ കടന്നുചെന്നാല്‍ എത്ര സമയംകൊണ്ട് ആ അണുഹൃദയം തകരുമെന്ന് കണക്കുകൂട്ടുന്നതില്‍ ലോകത്താദ്യമായി വിജയിച്ച അദ്ദേഹത്തെ അഭിനന്ദിക്കാനും അതേപ്പറ്റി ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ടുചെയ്യാനും ചെന്നതായിരുന്നു ഞാന്‍.

അതിവേഗ റിയാക്ടറുകള്‍ രൂപകല്പനചെയ്യുന്നതില്‍ ഏറെ സഹായിക്കുന്ന ഈ കണ്ടെത്തല്‍ വിശദീകരിച്ചുതന്ന് എന്നെ യാത്രയാക്കുമ്പോള്‍ അദ്ദേഹം ചിരിച്ചു മാതൃഹൃദയത്തിലെ ക്ഷമയുടെ അതിര് കണക്കാക്കാന്‍ ശ്രമിച്ചതാണ്. അണുവമ്മ അതും സഹിച്ചുകൊള്ളുമെന്നേ കരുതാനാവൂ. പക്ഷേ, ഇങ്ങനെ കിട്ടുന്ന ഊര്‍ജം ലോകത്തെ പെറ്റമ്മമാരുടെ കണ്ണീരുറവെടുപ്പിക്കുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ സംഭവിക്കാവുന്നത് വന്‍ ദുരന്തമാണ്. കറിക്ക് നുറുക്കാനാണ് കത്തി ഉണ്ടാക്കിയതെങ്കിലും അത് അത്യപരാധത്തിന് ആയുധമായാല്‍ അതുണ്ടാക്കിയവനും ഉത്തരവാദിതന്നെ എന്നാണ് എന്റെ വീട്ടുകാരിയുടെ പക്ഷം. സയന്‍സിന്റെ അടിത്തറ യുക്തിഭദ്രതയായതിനാല്‍ ഇതിനോട് യോജിക്കാതിരിക്കാന്‍ എനിക്ക് നിവൃത്തിയുമില്ല. അതുകൊണ്ട് ഞാന്‍ എല്ലാ മാസവും കൊല്ലൂരില്‍ പോയി അമ്മയോട് ക്ഷമ പറയുന്നു. സമസ്താപരാധം ക്ഷമിക്കണം!

അമ്മയും നിലാവുമുള്ളപ്പോഴേ സുഖമുള്ളൂ എന്നാണല്ലോ പഴമൊഴി. ഉള്ള അമ്മയെ ഉപേക്ഷിച്ചാലും അമ്മയില്ലായ്മയായി! വെളിച്ചമില്ലായ്മ മാത്രമാണല്ലോ ഇരുളെന്നത്. സത്യത്തില്‍ വെളിച്ചമെന്ന ഒന്നേ ഉള്ളൂ, ഇരുളില്ല! ഉണ്ടാകാതിരിക്കട്ടെ!

ഏകായ സര്‍വ്വായ
ജഗദംബികായ നമഃ

Content Highlights: C. Radhakrishnan experience with Mookambika devi temple, vidhyarambham