• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

വരദേവത

Oct 24, 2020, 08:01 AM IST
A A A
# വരയും എഴുത്തും: നമ്പൂതിരി
vadevatha
X

വരദേവത 

95-ാം വയസ്സിൽ ആർട്ടിസ്റ്റ് നമ്പൂതിരി  വരയിലൂടെയും വാക്കുകളിലൂടെയും നവരാത്രിക്കാലത്തേക്കും മൂകാംബികയിലേക്കും സഞ്ചരിക്കുകയാണ്. ഒന്നിലധികം തവണ മൂകാംബികയിലെത്തി, സവിസ്തരം കണ്ടു നമസ്കരിച്ചു, പ്രകൃതിയെ അറിഞ്ഞു. പൊന്നാനി തൃക്കാവിലെ നവരാത്രിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ നിറങ്ങളും നാദങ്ങളും ഒന്നിച്ചുണരുന്നു. ഒപ്പം ഭക്തിഭരിതമായ ഒരു കാലവും

വർഷങ്ങൾക്കുമുമ്പാണ്. കുടുംബസമേതം മൂകാംബികയിൽപ്പോയി തൊഴുവാൻ തീരുമാനിച്ചു. മൂകാംബികയ്ക്കുപോവുക എന്നാണ് ഈ യാത്രയ്ക്കും ദർശനത്തിനും പൊതുവായി പറഞ്ഞുവന്നിരുന്നത്. പ്രതിഷ്ഠയുടെ പേരിൽ ക്ഷേത്രംതന്നെ ഒരു സ്ഥലമായി മാറുകയാണ്. കേരളത്തിൽത്തന്നെ ദൂരെ ഒരു അമ്പലത്തിലേക്കു പോവുന്ന അനുഭവമാണ്. തളിപ്പറമ്പിലും തൃച്ചംബരത്തും തൊഴുത് രാത്രി ഉഡുപ്പിയിൽ എത്തി. പിറ്റേദിവസം രാവിലെ മൂകാംബികയിൽ ചെന്നപ്പോൾ അസുലഭമായ അന്തരീക്ഷം. ഈ യാത്രയ്ക്കും കൊല്ലങ്ങൾക്കുമുമ്പ് ഇവിടെ വന്നിട്ടുണ്ട്. എറണാകുളത്തെ അഡ്വക്കേറ്റ് കൃഷ്ണകുമാറിന്റെ ഒപ്പമായിരുന്നു. അന്ന് പ്രകൃതിയാകെ നടന്നുകണ്ടു. സൗപർണികയിൽ കുളിച്ചു. ക്ഷേത്രത്തിലെത്തി. പ്രദക്ഷിണംവെക്കുമ്പോൾ ക്ഷേത്രഘടന നോക്കിക്കണ്ടു. സോപാനവും പശ്ചാത്തലവും നിരീക്ഷിച്ചു. ശ്രീലകത്തെ ദേവിയുടെ അലങ്കാരങ്ങൾ കണ്ടു. രാത്രിയിലെ ചടങ്ങുകൾ ശ്രദ്ധിച്ചു. അകേരളീയമെങ്കിലും കേരളീയംപോലെത്തന്നെ. വാദ്യങ്ങളുടെ മുഴങ്ങുന്ന ശബ്ദം. സരസ്വതീമണ്ഡപത്തിൽ എഴുത്തും നൃത്തവും പാട്ടുമായി സ്വയം ആരാധന. ആത്മകലയും എഴുത്തും അഭിവൃദ്ധിപ്പെടാനുള്ള പ്രാർഥനാക്ഷേത്രമാവുകയാണ് മൂകാംബിക. സഹൃദയരായ ഭക്തന്മാർ ഇത്രയധികം വന്നു ഭജിക്കുന്ന മറ്റൊരു അമ്പലമില്ല. കലാക്ഷേത്രവും സാഹിത്യക്ഷേത്രവുമായി മൂകാംബിക മാറുകയാണ്. സരസ്വതീമണ്ഡപം എന്ന അരങ്ങിന്റെ വിശുദ്ധിയിലുള്ള വിശ്വാസം ഓരോരുത്തരുടെയും മുഖത്തു പ്രകാശിക്കുന്നു. ക്ഷേത്രച്ചുമരിൽ അക്ഷരങ്ങൾ എഴുതി അമ്മയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നവർ, കുട്ടികളെ എഴുത്തിനിരുത്തുന്നവർ, നടയ്ക്കൽവെച്ച് നെറ്റിയിൽ കുങ്കുമംതൊട്ട് ഊർജം നേടുന്നവർ, പ്രത്യേക പൂജകളിൽ പങ്കാളികളായി മനസ്സമാധാനം നേടുന്നവർ തുടങ്ങി സൗമ്യമായ ഭക്തിയാണ് മൂകാംബികയിൽ കാണുക. കോലാഹലങ്ങളില്ലാത്ത സംയമനമുള്ള പ്രാർഥന. അവിടെനിന്നു ലഭിക്കുന്ന ഭക്ഷണം പ്രസാദമായി കരുതുന്നവർ. മൂകാംബികയിലെ സന്ധ്യയ്ക്കും രാത്രിക്കും ചിത്രശോഭതോന്നി.

കുടജാദ്രിയിലേക്ക് പോകണമെന്നുണ്ടായിരുന്നു. ദൂരം, ജീപ്പുയാത്രയിലെ ക്ലേശം എന്നിവകാരണം ഒഴിവാക്കി. മൂകാംബികയിലെ ഉഷസ്സിനും പുതുമതോന്നി. നേരിയമഞ്ഞിൽ ക്ഷേത്രവും പരിസരവും വിളങ്ങി. പ്രഭാതവന്ദനത്തിനായി വരിനിൽക്കുന്നവരിൽ അക്ഷമയേതുമുണ്ടായിരുന്നില്ല. രണ്ടാമതും മൂകാംബികയിലെത്തുമ്പോൾ ഭക്തി അന്തരീക്ഷത്തിന് വലിയമാറ്റമൊന്നും കണ്ടില്ല. മക്കൾ, പരമേശ്വരന്റെ മകൾ ശ്രീദേവിയും ദേവന്റെ മകൾ ആര്യയും സ്കൂൾകുട്ടികളാണ്. അവരാണ് ഈ യാത്ര ആസ്വദിച്ചത്. സൗപർണികയിൽ കുളിച്ച് ക്ഷേത്രത്തിലെത്തി തൊഴുതു. കുടജാദ്രിയിലേക്ക് അന്നും പോയില്ല. ഒരു പകൽ മൂകാംബികയിൽ തങ്ങി രാത്രി ഉഡുപ്പിയിലേക്ക് മടങ്ങി. ഈ രണ്ടു യാത്രയിലും ക്ഷേത്രവും പരിസരവും സ്‌കെച്ച് ചെയ്തിരുന്നു; കാൻവാസിലല്ല, മനസ്സിൽ. ആ കാഴ്ചകൾ മനസ്സിൽ ലയിച്ചുകിടപ്പുണ്ട്.മൂകാംബികയിൽ തൊഴുതുമടങ്ങുമ്പോൾ പഴയകാലം ഓർമിച്ചു. പൊന്നാനി തൃക്കാവ് ക്ഷേത്രത്തിൽ ദുർഗയാണ് പ്രതിഷ്ഠ. തൃക്കാവ് ക്ഷേത്രത്തിനടുത്തായിരുന്നു ഞങ്ങളുടെ തറവാടായ കരുവാട്ട്മന. ദുർഗാ പ്രതിഷ്ഠയ്ക്ക് വിദ്യാദേവത സങ്കല്പവുമുണ്ടല്ലോ. ചെറുപ്പത്തിൽ അവിടെ ശാന്തിചെയ്തിട്ടുണ്ട്. ദുർഗാപ്രതിഷ്ഠയിൽ ചന്ദനം ചാർത്താൻ വലിയ ഉത്സാഹമായിരുന്നു. ഓരോദിവസവും ഓരോ രീതിയിൽ. ചന്ദനം ചാർത്തലിനെ കലയായിക്കണ്ട് അതിൽ ആനന്ദിച്ചിരുന്നു. അച്ഛനാണ് എന്നെ എഴുത്തിനിരുത്തിയത്. ഇല്ലമുറ്റത്തെ ലേശം നനവുകലർന്ന മണ്ണിൽ ഈർക്കിലികൊണ്ട് വരച്ച് സ്വയം ചിത്രമെഴുത്തിനിരിക്കുകയായിരുന്നു. അച്ഛൻ എഴുതിച്ച ഹരിശ്രീ ചിത്രലിപിയായി ദുർഗാദേവി മാറ്റിയതുമായിരിക്കാം.

സാമൂതിരിയുടെ വകയാണ് ക്ഷേത്രം. അടുത്ത് സമൂഹമഠം ഉണ്ടായിരുന്നു. അവിടെ വിഭിന്നസ്വാദുള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നവർ ഞങ്ങൾ കുട്ടികളെ വിളിച്ച് വാത്സല്യപൂർവം കഴിക്കാൻതരും. ഗുജറാത്തികളായ സേട്ടുമാരുടെ വാസഗൃഹങ്ങളും അവിടെ ധാരാളമുണ്ടായിരുന്നു.തൃക്കാവിലെ നവരാത്രിക്കാലത്ത് സദ്യ പ്രധാനമായിരുന്നു. ദിവസവും ഓരോരുത്തരുടെ വകയായിരിക്കും സദ്യ. ചതുശ്ശതം പായസമാണ് പ്രധാനവഴിപാട്. 100 നാഴി അരി, 100 പലം (115 കിലോഗ്രാം) ശർക്കര, 100 നാളികേരം, 100 കദളിപ്പഴം എന്നിവകൊണ്ടാണ് ചതുശ്ശതം പായസം ഉണ്ടാക്കുക. അതിൽ കുറച്ച് നിവേദ്യമാക്കി നീക്കിവെക്കും. ഗുജറാത്തി സേട്ടുമാരുടെ വഴിപാടായിട്ടായിരിക്കും അധികവും ചതുശ്ശതം. അഞ്ച് ചതുശ്ശതമൊക്കെ ഒറ്റദിവസം വഴിപാടു വരുമായിരുന്നു. അന്ന് തിടപ്പള്ളിയിൽ പായസം വെക്കാനൊക്കെ സഹായിയാവും. ഇപ്പോൾ ആന എഴുന്നള്ളിപ്പും പഞ്ചവാദ്യമൊക്കെയായി. ആൽച്ചുവട്ടിൽ ആന വിശ്രമിക്കുന്നതു നോക്കിനിന്നിട്ടുണ്ട്. 

തൃക്കാവിലെ നവരാത്രിസന്ധ്യയെക്കുറിച്ചോർക്കുമ്പോൾ മഹാരഥന്മാരുടെ തായമ്പക മനസ്സിലെത്തുന്നു. തായമ്പക മഹോത്സവനാളുകൾ കൂടിയായിരുന്നു തൃക്കാവിലെ നവരാത്രിക്കാലം. തായമ്പകയിലെ മലമക്കാവ് ശൈലിക്കാരുടെ തായമ്പകയാവും അധികവും. മലമക്കാവ് കേശവപ്പൊതുവാൾ മുതൽക്കുള്ളവരുടെ തായമ്പക കേട്ടിട്ടുണ്ട്. ആചാര്യസ്ഥാനീയനായിരുന്ന കേശവപ്പൊതുവാളുടെ കൊട്ട് തായമ്പകയുടെ ഗോപുരച്ഛായ ഘടനയിലുള്ളതായിരുന്നു. അതൊരു ശബ്ദശില്പംതന്നെ. ഭാവനാശാലിയായ തിയ്യാടിനമ്പ്യാരുടെ തായമ്പകയും കേട്ടിട്ടുണ്ട്. മലമക്കാവ് ശൈലിയിൽനിന്ന് വേറിട്ട് കൊട്ടിയിരുന്ന പോരൂർ ശങ്കുണ്ണിമാരാരുടെ സാധകത്തികവ് വിസ്മയിപ്പിച്ചിട്ടുണ്ട്. അനുകരണമല്ലാത്ത തായമ്പകതന്നെ. തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാളാകുമ്പോഴേക്ക് അല്പം കനംകൂടിത്തുടങ്ങി. ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ അലങ്കാരങ്ങളൊന്നുമില്ലാതെ സൗമ്യമായി കൊട്ടി. അദ്ദേഹത്തിന്റെ കൊട്ടിപ്പാടിസേവയും കേട്ടിട്ടുണ്ട്. തിരുവേഗപ്പുറ രാമപ്പൊതുവാൾ സാമ്പ്രദായഭദ്രതയിൽനിന്ന് മാറാതെ കൊട്ടി. ചിതലിരാമമാരാരുടെ തായമ്പക പാലക്കാട് ശൈലിയിലായിരുന്നു. തൃത്താല കേശവപ്പൊതുവാൾ സ്വന്തമായ ഒരു പ്രസ്ഥാനംപോലെ പ്രതിഭാവിലാസം കാണിച്ച് അദ്ഭുതപുരുഷനായി. ഒരു ദിവസം മൂന്നു തായമ്പകയൊക്കെ ഉണ്ടാവും. ചെറുപ്പക്കാർക്കും കൊട്ടാൻ വേദിയുണ്ട്. ഏറ്റവും കേമനാണ് അവസാനത്തെ തായമ്പക കൊട്ടുക. ഇന്ന് തായമ്പകയുടെ സ്വരൂപമൊക്കെ മാറി. തൃക്കാവിൽ കൊട്ടിക്കേട്ട ആ തായമ്പകകളുടെ പ്രൗഢിക്ക് പകരമില്ല.

നിരൂപകശ്രേഷ്ഠനായിരുന്ന കുട്ടികൃഷ്ണമാരാർ തൃക്കാവ് മാരാത്തുനിന്നാണ് വിവാഹം കഴിച്ചിരുന്നത്. മാരാരായിട്ടും ചെണ്ടകൊട്ടിനോട് വിമുഖനായി സംസ്‌കൃതം പഠിക്കാൻ പോയ അനുഭവം അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു നവരാത്രിക്കാലത്തും കുട്ടികൃഷ്ണമാരാരെ തൃക്കാവിൽ കണ്ടിട്ടില്ല. അദ്ദേഹം ചെണ്ടകൊട്ട് കേട്ടത് കേരളകലാമണ്ഡലത്തിലെ സാഹിത്യ അധ്യാപനകാലത്തു മാത്രമായിരിക്കാം. മാതൃഭൂമിയിൽ ഞങ്ങൾ ഒരേകാലത്ത് ജോലിചെയ്തിട്ടുമുണ്ട്.
തൃക്കാവിൽനിന്ന് ചില വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കണ്ണൻതൃക്കാവിലേക്ക് മാറിത്താമസിക്കേണ്ടതായിവന്നു. മഠംപോലെയുള്ള ഗൃഹത്തിലായിരുന്നു അന്ന് താമസം. മനയുടെ ഘടനയല്ല. അമ്പലമുറ്റവും മനയുടെ മുറ്റവും ഒന്നാണ്. കുട്ടിക്കാലത്ത് കണ്ണൻതൃക്കാവിലും ശാന്തിചെയ്തിട്ടുണ്ട്. ശിവനാണ് പ്രതിഷ്ഠ. ഗണപതിയും സുബ്രഹ്മണ്യനുമുണ്ട്. ശിവരാത്രിയും തിരുവാതിരയുമാണ് പ്രധാന ആഘോഷങ്ങൾ. ശിവരാത്രിയും നവരാത്രിയും ഉത്സവച്ഛായയിൽ ഉലഞ്ഞാടിനിൽക്കുന്ന രണ്ട് തൃക്കാവ് അമ്പലങ്ങളുടെയും ഓർമ മായുന്നില്ല.

കഴിഞ്ഞകൊല്ലം എം.ടി. പറഞ്ഞതനുസരിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പെയിന്റിങ്ങിൽ മുഴുകുന്ന സമയത്ത് രാമായണം ഓർമിച്ചു. എഴുത്തച്ഛൻ വാണിമാതാവിനോട് ‘‘വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീപദാവലി തോന്നേണ’’മെന്ന് പ്രാർഥിക്കുന്നുണ്ടല്ലോ. ഈയിടെ കഥകളിയിലെ പച്ചവേഷം വരച്ചപ്പോൾ നളചരിതം നിനവിൽവന്നു. നളചരിതത്തിൽ സരസ്വതി കഥാപാത്രമായി വരുന്നുണ്ട്. ‘അമൃതുപോലുള്ള പദാവലി കൈവരട്ടെ’ എന്നാണ് സരസ്വതി നളനെ അനുഗ്രഹിക്കുന്നത്. എഴുത്തുകാരുടെ പ്രാർഥനാവിഗ്രഹം മൂകാംബികതന്നെയാണ്. പിറന്നാളിന് മൂകാംബികയിൽ തൊഴുതിരുന്ന അനുഭവം എം.ടി. വാസുദേവൻനായർ പറയുകയുണ്ടായി. വാസുദേവൻനായരുടെ ‘വാനപ്രസ്ഥം’ മൂകാംബികയും കുടജാദ്രിയും പശ്ചാത്തലമാക്കി ഗുരു-ശിഷ്യ ബന്ധത്തിന്റെ ‘കാതലി’നെ തൊടുന്ന വിശിഷ്ടമായ കഥയാണ്. ‘വാനപ്രസ്ഥം’ പുസ്തകമാക്കിയപ്പോൾ വരയ്ക്കുകയുണ്ടായി. അങ്ങനെ എം.ടി.യുടെ കഥയ്‌ക്കൊപ്പം ഒരിക്കൽക്കൂടി മൂകാംബികയിലേക്ക് മനസ്സുചെന്നു. അതുവരെ പോകാത്ത കുടജാദ്രിയിലേക്ക് കഥയിലൂടെ എം.ടി. ഒപ്പം കൊണ്ടുപോവുകയായിരുന്നു.

‘‘വിചാരിച്ചപോലെയൊന്നും ഇവിടെ വരാൻപറ്റില്ല. ഭഗവതി നിശ്ചയിക്കും. അപ്പഴേ നമുക്ക് സൗകര്യാവൂ’’ എന്ന്‌ കഥയിലെ വിനോദിനി, മാസ്റ്ററോട് പറയുന്നുണ്ട്. ഒരു കന്നഡ വാരികയിൽ വരയ്ക്കാൻവേണ്ടി അല്പകാലം മണിപ്പാലിൽ താമസിക്കുകയുണ്ടായി. അന്ന് മൂകാംബിക യാത്ര എളുപ്പമായിരുന്നു. പക്ഷേ, നടന്നില്ല. ഇടപ്പള്ളിയിൽ താമസിക്കുന്ന കാലത്താണ് അങ്ങനെയൊരു ‘നിശ്ചയ’ത്തിനുമേൽ രണ്ടാമതും മൂകാംബികയിൽ എത്തിയത്.

യാത്രയ്‌ക്കെന്നല്ല വരയ്ക്കും ഈ നിശ്ചയം ഉണ്ടെന്നുതോന്നുന്നു. കഴിഞ്ഞവർഷം മാതൃഭൂമി ശ്രീ മൂകാംബിക പതിപ്പിനുവേണ്ടി ക്ഷേത്രം വരയ്ക്കുകയുണ്ടായി. ലേശമൊരു കാലതാമസംകാരണം അത് ഉൾപ്പെടുത്താൻ സാധിച്ചില്ല. അന്ന് മാറ്റിവെച്ച ചിത്രം തിരഞ്ഞുകിട്ടിയതുമില്ല. വരികൾക്കായി വീണ്ടും വരയ്ക്കണം എന്നാവും അമ്മയുടെ നിശ്ചയം. വരിയുടെ ദേവത വരദേവതയുമാണല്ലോ.

Content Highlight: Artist Namboothiri Navarathri special

 

PRINT
EMAIL
COMMENT

 

Related Articles

മുഖ്യമന്ത്രി ഡ്രൈവറുടെ ചെറുമകൾക്ക് ആദ്യക്ഷരം കുറിച്ചു
Kerala |
Videos |
പനച്ചിക്കാട് ദക്ഷിണ മൂകാംബി ദേവിയുടെ മുന്നില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍
News |
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
Spirituality |
വീട്ടിലെ വിദ്യാരംഭം എങ്ങനെ
 
  • Tags :
    • Vidyarambham 2020
More from this section
kollur mookambika temple
നവരാത്രി ആഘോഷവേളയിൽ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിലേക്ക് ഒരു വെർച്വൽ ടൂർ
vidhyarambham
വീട്ടിലെ വിദ്യാരംഭം എങ്ങനെ
kolkkatta
മഹാനഗരം ഒരു പൂജാപ്പന്തൽ
vidyarambham
അരിയിൽ തിരയുന്ന ഇളം കൈകൾ; അപ്പൻ പഠിപ്പിച്ച ജ്ഞാനക്ഷേത്രം
Mookambika temple
അമ്മയെയല്ല, അമ്മയിലൂടെ അറിഞ്ഞ മഹാദേവിയെയാണ് നാമെന്നും വിളിക്കുന്നത്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.