മാനതകളില്ലാത്ത യാത്രയാണിത്. മനസ്സ് ശാന്തമാകുന്ന പുണ്യസ്ഥലങ്ങളിലൊന്നാണ് മൂകാംബികാ അമ്മയുടെ തട്ടകം. എത്രതവണ ആ മണ്ണിലങ്ങനെ ചവിട്ടിനിന്നെന്ന് ഓര്‍ത്തെടുക്കുക പ്രയാസം. സിനിമയുടെ തിരക്കുകളേറെയുണ്ടെങ്കിലും അമ്മയെ കാണണമെന്ന് മനസ്സ് മന്ത്രിക്കുമ്പോള്‍ ഇറങ്ങിത്തിരിക്കുന്നതാണ് പതിവ്.

ഈശ്വരവിശ്വാസിയാണ് ഞാന്‍, അതുകൊണ്ടുതന്നെ ക്ഷേത്രവും പ്രാര്‍ഥനയും തീര്‍ഥാടനവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. മൂകാംബികാക്ഷേത്രംപോലെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ക്ഷേത്രങ്ങളിലെല്ലാം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെല്ലുകയെന്ന പതിവിന് മുടക്കംവരുത്താറില്ല. പ്രാര്‍ഥിച്ചതെല്ലാം നല്‍കുന്ന അമ്മയെയാണ് ഞാന്‍ വര്‍ഷങ്ങളായി മൂകാംബികയില്‍ തൊഴുതുവണങ്ങുന്നത്.
സൗപര്‍ണികയിലിറങ്ങുമ്പോള്‍ തണുപ്പ് ശരീരത്തിനെയല്ല മനസ്സിനെയാണ് സ്പര്‍ശിക്കുന്നത്, ഒരു പ്രത്യേക വൈബ്രേഷന്‍ വന്നുപൊതിയുന്നതായി തോന്നിയിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് കയറുമ്പോള്‍ത്തന്നെ റീചാര്‍ജ് ചെയ്യപ്പെടും. വലിയ ഭാരങ്ങള്‍ ഇറക്കിവെച്ചതുപോലുള്ള അവസ്ഥ.

ക്ഷേത്രത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് മനസ്സിലേക്കെത്തുന്നത്.
വിവാഹംകഴിഞ്ഞ സമയം. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ആദ്യമായി അമ്മയെ ദര്‍ശിക്കാന്‍ പോയതായിരുന്നു. രാത്രി വൈകിയും ക്ഷേത്രമുറ്റത്തങ്ങനെ കാഴ്ചകള്‍കണ്ട് ഇരുന്നു. രഥം വലിച്ചുകൊണ്ടുള്ള ചടങ്ങ് നടക്കുകയായിരുന്നു. കാതില്‍ കടുക്കനിട്ട ഓമനത്തമുള്ള ഒരു പയ്യനാണ് അന്ന് കോലമേന്തി ചടങ്ങിന്റെ മുന്നില്‍ നടന്നത്. അവനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കോലമേന്താന്‍ അധികാരമുള്ള കുടുംബത്തിലെ ഇളമുറ അവകാശിയാണ് ആ പയ്യനെന്ന് മനസ്സിലായി. ആറോ ഏഴോ വയസ്സുമാത്രമേയുള്ളൂ. അവന്റെ പേര് കാളിദാസന്‍. അവിടെവെച്ച് ഞങ്ങളെടുത്ത തീരുമാനമാണ് ആദ്യം ജനിക്കുന്നത് ആണ്‍കുഞ്ഞാണെങ്കില്‍ അവന് കാളിദാസന്‍ എന്ന് പേരിടണമെന്ന്.

മകന്‍ ജനിച്ചശേഷവും എത്രയോ തവണ അമ്മയെ കാണാന്‍ ചെന്നു. ഓരോ തവണ ദര്‍ശിക്കുമ്പോഴും മനസ്സ് കൂടുതല്‍ കൂടുതല്‍ ക്ഷേത്രവുമായി ചേര്‍ന്നുവരുന്നതായി തോന്നിയിട്ടുണ്ട്. ദീപാലങ്കാരങ്ങള്‍കൊണ്ട് മനോഹരമായ ക്ഷേത്രസന്നിധിയും അഡിഗമാരുടെ വീട്ടില്‍നിന്നുള്ള ഭക്ഷണവുമെല്ലാം മനസ്സില്‍ ഇപ്പോഴുമുണ്ട്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുനില്‍ക്കുന്ന അമ്മയുടെ തട്ടകം. നേരിട്ടുചെന്നതിനെക്കാള്‍ എത്രയോ അധികം തവണ മനസ്സുകൊണ്ട് ആ സന്നിധിയില്‍ നമസ്‌കരിച്ചുകഴിഞ്ഞു.

എം.ടി.വാസുദേവന്‍നായരുടെ തിരക്കഥയില്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന സിനിമയ്ക്കായി ഒരുമാസത്തോളം ഞാന്‍ മൂകാംബികയിലും കുടജാദ്രിയിലുമെല്ലാമായി കഴിഞ്ഞു. ഉദയംമുതല്‍ അസ്തമയംവരെയുള്ള എല്ലാ പൂജകളും തൊഴുതുപ്രാര്‍ഥിക്കാനുള്ള അവസരംകൂടിയായിരുന്നു ആ ചിത്രീകരണനാളുകള്‍. ജീവിതത്തില്‍ ഏറ്റവുമധികം ശാന്തത അനുഭവിച്ച നാളുകളായിരുന്നു അത്.
കുടജാദ്രിയിലേക്കുള്ള വഴി കഠിനമാണ്. എന്നാല്‍, അതിനെയൊരു പ്രതീകമായിട്ടാണ് ഞാന്‍ കാണുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കുറുക്കുവഴികളില്ലെന്നും പ്രതിസന്ധികള്‍ പലതും തരണംചെയ്തുവേണം സന്നിധിയിലെത്താനെന്നും അത് ഓര്‍മപ്പെടുത്തുന്നു.

ക്ഷേത്രങ്ങളിലേക്കുള്ള യാത്ര ഇന്നും മുടക്കമില്ലാതെ തുടരുന്നു. ഗുരുവായൂരപ്പനെ കണ്ടുകൊണ്ട് വര്‍ഷം തുടങ്ങുന്നതാണ് പതിവ്. ശബരിമലയിലേക്കുള്ള യാത്രയ്ക്ക് കഴിഞ്ഞ അമ്പതുവര്‍ഷത്തോളമായി മുടക്കമില്ല. അമ്മ വിളിക്കുമ്പോള്‍, കാണണമെന്ന് മനസ്സ് പറയുമ്പോള്‍ മൂകാംബികയിലേക്കും ഇറങ്ങിത്തിരിക്കുന്നു.

Content Highlights: Actor jayaram shares his experiences with mookambika temple, Vidhyarambham 2020