തേക്കിൻകാട്ടിലെത്തുന്ന ഓരോരുത്തർക്കും പ്രിയപ്പെട്ടൊരു നേരമുണ്ട്‌. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‌ വൈകുന്നേരമായിരുന്നു യൗവനകാലം. ‘‘ഈ മൈതാനത്തിലിരുന്ന്‌ വൈകുന്നേരത്തിൽ കാറ്റ്‌ ആസ്വദിക്കുമ്പോൾ എന്റെ മനസ്സിന്റെ സംഘർഷങ്ങളെല്ലാം ഒഴിഞ്ഞുപോകുന്നു’’-പിൽക്കാലത്ത്‌ അദ്ദേഹം എഴുതി.

എനിക്കും നിങ്ങൾക്കും ഈ പൂരപ്പറമ്പിൽ പ്രത്യേക ഇഷ്ടങ്ങളുണ്ട്, ഇടങ്ങളുണ്ട്‌. ദൈവങ്ങൾക്കും സമയവേഗങ്ങളുടെ കലണ്ടറുണ്ട്‌. കണിമംഗലം ശാസ്താവ്‌ വെയിലും മഞ്ഞും കൊള്ളാതെവേണം പൂരപ്പറമ്പിൽ എത്തേണ്ടത്‌. ശാസ്താവ്‌ വടക്കുന്നാഥന്റെ സന്നിധാനത്തിലെത്തണമെങ്കിൽ നെയ്‌തലക്കാവ്‌ ഭഗവതി വടക്കുന്നാഥനോട്‌ സമ്മതം വാങ്ങി തെക്കേ ഗോപുരനട തുറന്നിടണം. കാലാന്തരത്തിൽ അതുപൂരം പുറപ്പാട്‌ തന്നെയായി.

ഏഴരവെളുപ്പിന്‌ നിയമവെടി മുഴങ്ങുന്നതുമുതൽ രാത്രി കണ്ണടയ്ക്കുന്നതുവരെ തേക്കിൻകാട്‌ ജീവിതസ്പന്ദനങ്ങൾകൊണ്ട്‌ നിറയും. രാത്രിയുടെ വലിയ പുതപ്പിനുള്ളിൽ ആൽത്തറയിലോ തെക്കേ ഗോപുരനടയിലെ ചരുവിലോ നിരാലംബരോ ലഹരിയിൽക്കുഴഞ്ഞുപോയവരോ ഉണ്ടാകും.

പക്ഷേ, പൂരനാളിൽ തേക്കിൻകാട്‌ കണ്ണടയ്ക്കില്ല. 36 മണിക്കൂർ നീണ്ട അഭിരാമമായ കാഴ്ചകൾക്കു നടുവിൽ അതു കണ്ണുതുറന്നിരിക്കും. പൂരത്തിന്റെ പേരിലാണ്‌ തേക്കിൻകാടിന്റെ അപദാനങ്ങൾ അതിർത്തികടന്നു പോയത്‌. ഭൂമിയിൽ ഇങ്ങനെയൊന്ന്‌ ഇല്ലെന്ന്‌ തട്ടകക്കാർ അഭിമാനം കൊള്ളും. പൂരം അവർ കൊല്ലംതോറും കാത്തിരിക്കുന്ന ആനന്ദകാലമാണ്‌.

ഒരിക്കലും ഈ പൂരം പൂർണമായി കാണാനാവില്ല. പൂരത്തിന്റെ സമയക്രമങ്ങളിൽ അതിന്റെ സൂചനയുണ്ട്‌. മഠത്തിലെ വരവിന്‌ തിരുവമ്പാടി കാലമിടുമ്പോൾ പാറമേക്കാവിൽ പാണ്ടിമേളത്തിനു മുന്നോടിയായുള്ള ചെമ്പടവട്ടമായിരിക്കും. അതേ സമയത്ത്‌ അയ്യന്തോൾ ഭഗവതി ശ്രീമൂലസ്ഥാനത്ത്‌ എത്തിയിട്ടുണ്ടാകും.

ഓരോ പൂരപ്രേമിക്കും പൂരം വ്യക്തിഗതമായ അനുഭവമാണ്‌. പൂരങ്ങളുടെ പൂരത്തിൽ ഒരേയെരു നേരമേ പഞ്ചാരിമേളമുള്ളൂ. അതു കാത്തുനിൽക്കുന്ന ഒരാളെ ഓർമവരുന്നു. മൂന്നാനപ്പുറത്ത്‌ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാറമേക്കാവിന്റെ നടയിലൂടെ കിഴക്കേ ഗോപുരം കടന്ന്‌  ചെമ്പുക്കാവ്‌ ഭഗവതി തെക്കേഗോപുര നടയിലെത്തുമ്പോൾ പഞ്ചവാദ്യത്തിന്‌ കലാശമാകും. പിന്നെ കേൾക്കുന്നത്‌ പഞ്ചാരി. അങ്ങനെ മേളമോ ആനയോ, ചമയമോ കരിമരുന്നോ തേടിയെത്തുന്നവരും ഇതൊന്നുമല്ലാതെ ആ തിരക്കിൽ അമരുന്നവരും ഒട്ടേറെയാണ്‌.

ജീവിതവും പ്രകൃതിയും ഈ നാടിനു ആനപ്പുറത്തേറുന്ന ഒരാഘോഷമാണ്‌. അതിനു പ്രത്യേകമായൊരു മൗലികതയുണ്ട്‌. തൃശ്ശൂരിലെത്തുമ്പോൾ മലയാളത്തിന്റെ വാക്കുകൾ ചതുരവടിവിൽനിന്ന്‌ സവിശേഷമായൊരു താളത്തിലേക്ക്‌ കൂടുമാറുന്നു. സ്വപ്നംപോലും തൃശ്ശൂരിന്റെ ഭാഷയിലണ്‌ സംഭവിക്കുന്നത്‌. പൂരത്തിനു നിലയമിട്ട്‌ പൊട്ടിച്ച കരിമരുന്നു പ്രമാണിയുടെ ചരമവാർഷികത്തിന്‌ മകൻ വീട്ടുമുറ്റത്ത്‌ തീകൊളുത്തിയത്‌ പത്തുനിലയുള്ള അമിട്ടിനായിരുന്നു. തലേന്നു രാത്രി അപ്പൻ വന്നു പറഞ്ഞുവത്രെ. ഞാൻ പോയോണ്ട്‌ വെഷിമിക്കേണ്ടടാ, പത്തുനിലയുള്ള അമിട്ട്‌ പൂശടാ ന്റെ ക്‌ടാവേ.....

ഭാഷയുടെ ഈ താളം തൃശ്ശൂരിന്റെ പ്രകൃതിക്കുമുണ്ട്‌. അതു പൂരപ്പറമ്പിനുചുറ്റും തഴയ്‌ക്കുന്നു. താളങ്ങളുടെ, നനവുകളുടെ, രുചിയൂറുന്ന ഗന്ധങ്ങളുടെ, നിറമുള്ള കാഴ്ചകളുടെ ഒരുവിളി എപ്പോഴും നമ്മെ പിന്തുടർന്നെത്തും. കാഴ്ചകളിലാണ്‌ തൃശ്ശൂർ അഭിരമിക്കുന്നതെന്ന്‌ മറഞ്ഞുപോയ ഗന്ധർവൻ പി. പദ്‌മരാജന്റെ വാക്കുകൾ. ''ക്യാമറ എവിടെവെച്ചാലും ലെൻസിലൂടെ ഒരു പച്ചിലക്കൊമ്പ്‌ കടന്നുവരും''.

ഗന്ധമാണ്‌ തൃശ്ശൂരെന്ന്‌ പറഞ്ഞുതുടങ്ങിയത്‌ സാക്ഷാൽ വി.കെ.എൻ. തൃശ്ശൂരിന്‌ മൂന്നു ശൂരു (ഗന്ധം)കളുണ്ടെന്നാണ്‌ വി.കെ.എൻ. പക്ഷം. ഇലയിൽ ചൂടോടെ വീഴുന്ന പാലടയുടെ ഗന്ധം. ആനപ്പിണ്ടത്തിന്റെ രൂക്ഷമായ ശൂര്‌. മൂന്നാമത്‌ കത്തിത്തീർന്നതിനുശേഷമുള്ള കരിമരുന്നിന്റെ ഗന്ധം. ഈ മൂന്നു  ശൂരുകളിൽനിന്നാണ്‌ തൃശ്ശൂരിന്റെ നിരുക്തി!

ഒരു കുന്നിന്റെ നെറുകയിൽനിന്നാണ്‌ തൃശ്ശൂരിന്റെ വഴികൾ പുറപ്പെടുന്നത്‌. വടക്കുന്നാഥനാണ്‌ ആ കുന്നിന്റെ അധിഷ്ഠാനം. അവിടെനിന്ന്‌ നാലുഭാഗത്തേക്കും പുറപ്പെടുന്ന ഗോപുരവഴികൾ ചെന്നുചേരുന്നത്‌ വൃത്താകൃതിയിലുള്ള പ്രദക്ഷിണവഴിയിലേക്കാണ്‌. ഇതിനെ സ്വരാജ് റൗണ്ട്‌ എന്നു പറഞ്ഞുവന്നു. പടിഞ്ഞാറേ നടയിൽനിന്ന്‌ പുറപ്പെട്ടാൽ അറബിക്കടലായി. കിഴക്കേനടയിൽനിന്ന്‌ പുറപ്പെട്ടാൽ  സഹ്യന്റെ താഴ്‌വാരത്തെത്തും. തെക്കേ നടയിൽനിന്നു പുറപ്പെട്ടാൽ ആറാട്ടുപുഴയും കടന്ന്‌ കൂടൽമാണിക്യം വഴി മഹോദയപുരത്തെത്തും. വടക്കോട്ടുപോയാൽ സംസ്കാരതീരമായ നിളാതീരം. ജലയാത്രയ്ക്ക്‌ പണ്ട്‌ ശക്തൻ തമ്പുരാൻ പണിതീർത്ത വഞ്ചിക്കുളം വഴി തിരുവഞ്ചിക്കുളത്തും എത്താം. ചരിത്രം വേരോടിയ മുസിരസിന്റെ അങ്കണം. ഈ വിധത്തിൽ രൂപകല്പന ചെയ്യപ്പെട്ട ഒരു പട്ടണം ലോകത്തുതന്നെ അപൂർവമാണ്‌.

പ്രകൃതിദത്തമായ, പൈതൃകസ്വഭാവമുള്ള ഒരു വർത്തുളനഗരം അധികമൊന്നും കാണാനാവില്ല. പോരാത്തതിന്‌ കലയുടെയും സംസ്കാരത്തിന്റെയും മൂലകങ്ങൾ ഈ ചെറുനഗരത്തിൽ ലയിച്ചുകിടക്കുന്നു. കൾച്ചറൽ ഹെറിറ്റേജ്‌ സിറ്റിയുടെ എല്ലാ ഛായയും തൃശ്ശൂരിനുണ്ട്‌. അതിന്റെ ഹൃദയമാണ്‌ പൂരപ്പറമ്പ്‌. വ്യത്യസ്ത നാദങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വൃന്ദവാദ്യംപോലെ ബഹുസ്വരതയാണ്‌ അതിന്റെ ആത്മാവ്‌. അവിടെ തമ്പുരാനും വെളിച്ചപ്പാടിനും പാതിരിക്കും പതിതയ്ക്കും നിരാലംബർക്കും ഇടമുണ്ട്‌.

 ഒരു പൂരംനാളിലാണ്‌ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ്‌ ബയോസ്‌കോപ്പുമായി പൂരപ്പറമ്പിലെത്തുന്നത്‌. വർഷങ്ങൾ കഴിഞ്ഞ്‌ തൃശ്ശൂരിൽ ഒരു ലഹള പൊട്ടിപ്പുറപ്പെട്ടു. വളരെപ്പെട്ടെന്നുതന്നെ അത്‌ കെട്ടടങ്ങുകയും ചെയ്തു. അതിനുശേഷം തൃശ്ശൂർക്കാർക്ക്‌ വർഗീയ സംഘർഷമെന്നു കേൾക്കുമ്പോൾ ഒരു കരുതലുണ്ട്‌. ശക്തൻതമ്പുരാൻ ക്രിസ്ത്യാനികളെയും മായാവരം ബ്രാഹ്മണരെയും കച്ചവടത്തിനായി തൃശ്ശൂരിൽ കൊണ്ടുവന്ന കഥ അവർ പിന്നീട്‌ ഓർത്തുവെച്ചു. ഇന്ന്‌ പൂരം തൃശ്ശൂരിലെ നാനാജാതിമതസ്ഥരുടെ കൂട്ടായ്മകൂടിയാണ്‌.

പൂരക്കാലം ഒഴിച്ചുനിർത്തിയാൽ തേക്കിൻകാട്‌ എന്നും അവകാശപ്പോരാട്ടങ്ങളുടെയും കലയുടെയും നിലപാടുതറയായിരുന്നു. 1924-ൽ ആദ്യമായി ഗാന്ധിജി തൃശ്ശൂരിലെത്തി. പിന്നീട്‌ രണ്ടുതവണകൂടി രാഷ്ട്രപിതാവ്‌ തൃശ്ശൂരിലെത്തുന്നുണ്ട്‌. മണികണ്ഠനാൽത്തറയിൽനിന്നാണ്‌ ഗാന്ധിജി ജനങ്ങളോട്‌ സംസാരിച്ചത്‌. സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളുടെ ആവേശംനിറഞ്ഞ കഥകൾ മണികണ്ഠനാലിന്റെ ആത്മഗതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്‌. പോരാട്ടത്തിന്റെ നാളുകളിൽ ആ ആൽമരം വീണുപോയി. പുതിയതു മുളച്ചുവന്നു. ഒരു രാത്രി ഇരുണ്ടുവെളുത്തു വന്നപ്പോൾ ആൽത്തറയിൽ ഗണപതിവിഗ്രഹവും പൂജയും. അതോടെ വിദ്യാർഥികോർണർ ആശയപ്രകാശനങ്ങളുടെ വേദിയായി. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ലേബർ കോർണറും ഉയർന്നുവന്നു. ഇതൊന്നുമല്ലാതെ തെക്കേഗോപുരനടയോടുചേർന്നുള്ള ആൽത്തറ വാടകയ്ക്കെടുത്ത്‌ നവാബ്‌ രാജേന്ദ്രന്റെ അച്ഛൻ കുഞ്ഞുരാമപ്പൊതുവാൾ അഴിമതിക്കെതിരേ ഒറ്റയാൾ പ്രസംഗം നടത്തി. പലപ്പോഴും അതു മർദ്ദനത്തിൽ കലാശിച്ചു.

പൂരപ്പറമ്പിൽ കവിതയ്ക്കും സിനിമയ്ക്കും എന്നും ഇടമുണ്ടായിരുന്നു. ‘ന്യൂസ്‌പേപ്പർ ബോയി’യിലൂടെ ചലച്ചിത്രരംഗത്തെത്തിയ അഡ്വ. പി. രാംദാസ്‌ കോളേജ്‌ വിദ്യാർഥിയായിരിക്കുമ്പോഴാണ്‌ താൻ സിനിമയെടുക്കുന്നതായി പ്രഖ്യാപിച്ചത്‌. പിൽക്കാലത്ത്‌ രാമു കാര്യാട്ടും ശോഭന പരമേശ്വരൻനായരും പി. ഭാസ്‌കരനും പരീക്കുട്ടി സായിപ്പും അവരുടെ സിനിമാസ്വപ്നങ്ങൾ പങ്കുവെച്ചത്‌ തെക്കേ ഗോപരുനടയിലെ നാട്ടുമാവിന്റെ തണലിലിരുന്നായിരുന്നു.

തൃശ്ശൂരിന്റെയും ശക്തൻതമ്പുരാന്റെയും ചരിത്രകാരൻ പുത്തേഴനും മുണ്ടശ്ശേരിമാഷും അനന്തനാരായണശാസ്ത്രികളും കെ.കെ. രാജയും ഇടപ്പള്ളിയും ചങ്ങമ്പുഴയും തകഴിയും ബഷീറും കോവിലനും അതേ തണലുകളിലുണ്ടായിരുന്നു. തേക്കിൻകാടിന്റെ നടവഴികളിലൂടെ ഒരു സൈക്കിൾ ഉന്തിത്തള്ളി വൈലോപ്പിള്ളിയും കവിതകൾ നെയ്തെടുത്തു.

ഇതൊന്നുമല്ലാത്ത ഏകാന്തപഥികരുടെയും ചെറുകൂട്ടങ്ങളുടെയും കുടുംബങ്ങളുടെയും മണ്ണും ഈ പൂരപ്പറമ്പു തന്നെയായിരുന്നു. ചിലർ ഒറ്റയ്ക്കിരുന്നു തീക്കാറ്റുപോലുള്ള ജീവിതത്തെക്കുറിച്ച്‌ വിഷാദിച്ചു. ചീട്ടുകളിക്കിടയ്ക്ക്‌ ചീട്ടുകൊട്ടാരങ്ങൾ തകർന്നവരുടെ കാതുകളിൽ അതതുകാലത്തെ വാർത്താപുരുഷന്മാരുടെ ചിത്രങ്ങൾ കുണുക്കുകളായി ഞാന്നുകിടന്നു.

 നീലപ്പുകച്ചുരുളുകളിൽ സ്വയം തീർന്നവരും ലഹരിയുടെ ലാവ കടത്തിവിട്ട്‌ കാൽകുഴഞ്ഞവരും തേക്കിൻകാടിന്റെ ഏകാന്തത്തുരുത്തുകളിൽ കിടന്നു. അത്രമേൽ പ്രിയപ്പെട്ടതാകയാൽ രാജുവും സരസ്വതിയമ്മാളും നിറംമങ്ങാത്ത ഛായാചിത്രംപോലെ ഇന്നും മനസ്സിലുണ്ട്‌. ഇടതൂർന്ന ജഡയും നിസ്സംഗമായ കണ്ണുകളും മൗനവുമായി ആൽത്തറസ്വാമി അരയാലിനു കീഴിൽ ഉണ്ടായിരുന്നു. ആരെയും വേദനിപ്പിക്കാതെ, ഒരുനാൾ അപ്രത്യക്ഷമാവുകയും ചെയ്തു.

 മുപ്പത്താറിലെ ഇലക്‌ട്രിസിറ്റി പ്രക്ഷോഭവും ക്വിറ്റിന്ത്യാ പ്രക്ഷോഭവും ഐക്യകേരള പ്രഖ്യാപനവും വടക്കനച്ചന്റെ ദിവ്യബലിയും ക്രിസ്തുവിന്റെ ആറാംതിരുമുറിവ്‌ പ്രക്ഷോഭവും എണ്ണമറ്റ കലാപ്രകടനങ്ങളും രാഷ്ട്രീയപ്രസംഗങ്ങളും കയറിയിറങ്ങി തേക്കിൻകാട്‌ ഇന്ന്‌ ചരിത്രത്തിന്റെ പേടകമായി മാറിയിരിക്കുന്നു.

രാത്രിവണ്ടികളിൽനിന്ന്‌ അഴിച്ച കാളകളുടെ അയവിറക്കൽ നാം ഇന്ന്‌ കേൾക്കുന്നില്ല. നാടിന്റെ ദാഹംതീർത്ത തണ്ണീർപ്പന്തലുകളും ഇല്ലാതായി. പശുക്കൾ കൂട്ടത്തോടെ വെള്ളം കുടിച്ചിരുന്ന കൽത്തൊട്ടികളും കാണുന്നില്ല. ആർക്കും പന്തുതട്ടാവുന്ന ഫുട്‌ബോൾ മൈതാനം ഇന്നു കുട്ടികളുടെ പാർക്കായി. ബാസ്കറ്റ്‌ ബോൾ പ്രണയികളുടെ കോർട്ടും ഇന്നു പഴങ്കഥ. സന്ധ്യയ്ക്ക്‌ അയ്യരുടെ ‘കോളാമ്പി’യിലൂടെ ഒഴുകിവന്ന പാട്ടുകൾ കാലപ്രവാഹത്തിൽ നിന്നുപോയി. മംഗളോദയവും കറന്റ്‌ മൂലയും രാജാവ്‌ പൂരംകണ്ട മന്ദിരവും പൂരക്കാലത്ത്‌ സംഭാരം വിതരണം ചെയ്തിരുന്ന മാളികകളും ഓർമകൾ മാത്രമായി.

  മാറ്റമില്ലാത്തത്‌ മുപ്പത്താറുമണിക്കൂർ നീണ്ട തൃശ്ശിവപേരൂരിന്റെ പൂരം മാത്രം. ശ്രീമൂലസ്ഥാനത്തെ അരയാലിലകളിൽ ഓർമകളുടെ കാറ്റുവീശുമ്പോൾ തലയാട്ടി, തുമ്പിയാട്ടി വരുന്ന ആനകളും അലറിവിളിക്കുന്ന ചെണ്ടകളും മാനത്ത്‌ ഉയരുന്ന വർണ്ണപ്പകിട്ടുകളും അതേപടി തുടരുന്നു. ഏതാണ്‌ പ്രിയപ്പെട്ട നേരമെന്ന്‌ ചോദിക്കാനാവാത്തവിധം നമ്മൾ പൂരപ്പറമ്പിലെ വഴികൾ മുറിച്ചുകടക്കുകയാണ്‌. ഇത്തിരി ആനന്ദംതേടി.

Content Highlights: Thrissur Pooram 2019, Thekkinkadu Maithan