തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊണ്ടുവരാന്‍ അനുമതി. ജില്ലാ കലക്ടര്‍ അനുപമയാണ് ഉപാധികളോടെ അനുമതി നല്‍കിയത്. പൂരവിളംബരത്തിനായി രാവിലെ 9.30 മുതല്‍ 10.30 വരെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തിക്കുന്നതിനാണ് അനുമതി. ചടങ്ങിന് മാത്രമായി ക്ഷേത്ര പരിസരത്ത് മാത്രമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

ആനയ്‌ക്കൊപ്പം നാലു പാപ്പാന്മാരുണ്ടായിരിക്കണം. ആളുകളില്‍ നിന്ന് 10 മീറ്റര്‍ ബാരിക്കേഡ് സ്ഥാപിച്ച് അതിനുള്ളില്‍ മാത്രമേ ആനയെ എഴുന്നള്ളിക്കാവു തുടങ്ങിയ കര്‍ശന നിബന്ധനകളാണ് തൃശ്ശൂര്‍ കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. 

ഇതോടെ വിഷയത്തില്‍ നിലനിന്നിരുന്ന മുഴുവന്‍ പ്രതിസന്ധികളും വിവാദങ്ങളുമാണ് ഒഴിയുന്നത്. ഞായറാഴ്ച രാവിലെ 9.30 ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമേന്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടതള്ളിത്തുറന്ന് പൂരത്തിന് തടക്കം കുറിക്കും.

കര്‍ശന സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കലക്ടറുടെ നിര്‍ദ്ദേശം. ആനയെ പുറത്തുനിന്നു നടത്തിക്കൊണ്ടു വരുന്നതും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ നെയ്തലക്കാവില്‍ നിന്ന് എഴുന്നള്ളിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവന്നിരുന്നത്. ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതൊഴിവാക്കിയിട്ടുണ്ട്. ഇതിന് പകരം വടക്കും നാഥ ക്ഷേത്ര പരിസരത്ത് വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കാനാണ് നിര്‍ദ്ദേശം. 

വടക്കുംനാഥ ക്ഷേത്രത്തിലെത്തിച്ച് വടക്കും നാഥനെ വണങ്ങി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറന്ന് പുരത്തിന് തുടക്കം കുറിച്ച് കഴിഞ്ഞാല്‍ 10.30 നകം തന്നെ ആനയെ അവിടെനിന്ന് മാറ്റണമെന്നും കലക്ടറുടെ നിബന്ധനയില്‍ പറയുന്നു.

Content Highlights: Thrissur Pooram 2019 , Techikkotukavu Ramachanran