പൂരദിവസം രാവിലെമുതൽ സ്വരാജ്‌ റൗണ്ടിലേക്ക്‌ വണ്ടിസർവീസ്‌ ഇല്ല. പിന്നെയുള്ളത്‌ ആനസർവീസും ആള്‌ സർവീസും ആംബുലൻസ്‌ സർവീസും മാത്രമാണ്‌. കരയുന്ന ശബ്ദവും ഇട്ടുകൊണ്ടുള്ള ആംബുലൻസ്‌ അഥവാ രക്ഷകൻസ്‌ന്റെ പാച്ചിൽ പൂരനഗരിയിലെ പ്രധാന കാഴ്ചകളിലൊന്നാണ്‌. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽപ്പിന്നെ  ആനകൾക്കും ഫാൻസ്‌ അസോസിയേഷനുള്ള സ്ഥലമാണ്‌ തൃശ്ശൂർ. ഒരു ആനയുടെ പേരിൽ ഫാൻസുകാര്‌ ഉണ്ടാക്കിയ പുകില്‌ മ്മ്‌ള്‌ നേരത്തേ കണ്ടതല്ലേ. മേൽപ്പറഞ്ഞ ആനയെങ്ങാനും സ്ഥാനാർഥിയായി മത്സരിച്ചിരുന്നുവെങ്കിൽ എതിർസ്ഥാനാർഥിക്ക്‌ കെട്ടിവെച്ച കാശുപോലും  കിട്ടുമായിരുന്നില്ല. അത്രയ്ക്കുണ്ട്‌ ആരാധകർ. 

മറുനാടൻ തൊഴിലാളികളൊക്കെ ഇവിടെ വരുന്നതിനുമുമ്പ്‌ ബിഹാറിൽനിന്നെത്തി ഇവിടെ പണി തുടങ്ങിയവനാണീ ഗജകേസരി.
മഹാന്മാരെ സ്വീകരിക്കുന്നത്‌ റെഡ്‌ കാർപ്പറ്റ്‌ വിരിച്ചിട്ടാണെങ്കിൽ തൃശ്ശൂർ പൂരത്തിലേക്ക്‌ ആനകളെ സ്വീകരിക്കുന്നത്‌ ബ്ളാക്ക്‌ കാർപ്പറ്റ്‌ വിരിച്ചിട്ടാണ്‌. എന്നുവെച്ചാൽ എന്താ...? നല്ല ടാറുരുകിയ റോഡ്‌, ഇങ്ങനെ നീണ്ട്‌ കിടക്കണത്‌തന്നെ. കരിമലപോലുള്ള ആനയെ മെലിഞ്ഞുണങ്ങിയ പാപ്പാൻ ഒരു ചെറുവടികൊണ്ട്‌ അനുസരിപ്പിക്കുന്ന കാഴ്ചയാണ്‌ സായിപ്പ്‌മാരെയൊക്കെ അത്‌ഭുതപ്പെടുത്തുന്നത്‌. സുരക്ഷയ്ക്കായി ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ പോയിട്ട്‌ ഷർട്ടുപോലുമില്ലാതെ നിൽക്കുന്ന പാപ്പാനെ കാണുമ്പോ സായിപ്പ്‌ എങ്ങനെ ഞെട്ടാതിരിക്കും.

ഇക്കുറി പൂരത്തിന്‌ വരുന്നവർ ബാഗുകൾ പൂരപ്പറമ്പിലേക്ക്‌ കൊണ്ടുവരുന്നതിന്‌ കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. പഴയകാലത്ത്‌ ആളുകൾ പൂരത്തിന്‌ വന്നിരുന്നത്‌ ഒരു തോർത്തും  തോളിലിട്ടാണ്‌. മേളം മുറുകുമ്പോൾ തോർത്ത്‌ വായുവിൽ ഉയർത്തിവീശി താളംപിടിക്കും.

വിയർത്തൊഴുകുമ്പോൾ മേല്‌ തുടയ്ക്കും. സന്ധ്യയാകുമ്പോൾ വടക്കേച്ചിറയിലോ മറ്റോ കുളിച്ചുതോർത്തും. രാത്രി പൂരം നടക്കുമ്പോൾ തോർത്ത്‌ തലയിൽക്കെട്ടി ഒരു രാജാവിനെപ്പോലെ ഞെളിഞ്ഞുനിൽക്കും. പുലർച്ചെയുള്ള വെടിക്കെട്ട്‌ കഴിഞ്ഞാൽ തോർത്തുവിരിച്ച്‌  എവിടെയെങ്കിലും കിടന്ന്‌ ഒരു സുഖമയക്കവും പാസാക്കും. ബാഗ്‌ നിരോധിച്ച സ്ഥിതിക്ക്‌ ഇക്കുറി തോർത്താണ്‌ ബെസ്റ്റ്‌. തോർത്തുകൊണ്ട്‌ ഭാണ്ഡമുണ്ടാക്കി ബാഗിന്‌ പകരം തോളിലിട്ടുവരുന്നവരുണ്ടോ എന്ന്‌ കണ്ടുതന്നെ അറിയണം. നഗരത്തിൽ ഏറ്റവും കൂടുതൽ ബാഗുള്ളത്‌ ഫുഡ്‌ ഹോം ഡെലിവറിക്കാരുടെ തോളിലാണ്‌. രാവും പകലും വെന്ത ഇറച്ചിയുമായി തേരാപാരാ പായുന്ന ഇവരൊക്കെ ബാഗുംകൊണ്ട്‌ ഏത്‌ മാളത്തിൽ പോയി ഒളിക്കുമെന്നാണ്‌ കൺഫ്യൂഷൻ.

ഇപ്രാവശ്യം ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച്‌ നടത്തുന്ന പൂരമായതിനാൽ പ്ളാസ്റ്റിക് കുപ്പിവെള്ളത്തിന്‌ പൂരപ്പറമ്പിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്‌. മുൻവർഷങ്ങളിലൊക്കെ പൂരം കഴിഞ്ഞാൽ കാലിക്കുപ്പികളുടെ ചമയമില്ലാപ്രദർശനമായിരുന്നു പറമ്പ്‌ നിറയെ. കുപ്പിനിരോധനം ബെസ്റ്റ്‌, പക്ഷേ മ്മ്‌ടെ പട്ടാളം റോഡിലെ കുപ്പിക്കഴുത്തിന്റെ കാര്യം എന്തായാവോ?

കുപ്പിനിരോധനക്കാലത്ത്‌ കാൽക്കുപ്പിയും അരക്കുപ്പിയുമൊക്കെ അകത്താക്കിയിട്ട്‌ പൂരം കാണാൻ വരുന്നവർ സമൃദ്ധിയായിരിക്കും. ചിലര്‌ തെങ്ങിൻതോപ്പിലിരുന്ന്‌ കുപ്പി പൊട്ടിച്ചാഘോഷിച്ചാണ്‌ പൂരപ്പറമ്പിലേക്ക്‌ ആനനടയായി വരുക. പൂരലഹരിയുടെ മദ്യത്തിൽപ്പെട്ട ചിലര്‌ അവിടെ എവിടെയെങ്കിലും ധ്യാനസമാധിയാകും. പിറ്റേന്ന്‌ രാവിലെ ബോധംവന്ന്‌ കണ്ണുതുറന്നു നോക്കുമ്പോൾ ആകെ പൊക. പൊടിപൂരം എന്ന്‌ പറഞ്ഞതുപോലെ അവർക്ക്‌ പൊകയാണ്‌ പൂരം.

പൂരപ്പറമ്പിൽ ഭൂരിപക്ഷം പുരുേഷാത്തമന്മാർക്കാണ്‌. നാരീജനങ്ങളുടെ എണ്ണം കമ്മിയാണ്‌. ഒളികണ്ണാൽ നോക്കിയിട്ടും കാര്യമില്ല. മഷിയിട്ടുതന്നെ നോക്കേണ്ടിവരും. പക്ഷേ, നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്‌. വിഖ്യാതമായ തൃശ്ശൂർ പൂരത്തിന്റെ മുഖ്യകാരണക്കാരായ രണ്ടുപേർ ഭഗവതിമാരാണ്‌. പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും.  വടക്കുന്നാഥൻ എന്ന പ്രപഞ്ചപുരുഷൻപോലും അരങ്ങൊരുക്കുന്ന കാഴ്‌ചക്കാരൻ മാത്രം. 

എന്തിന്‌ ഈ വർത്തമാനകാലത്ത്‌ തൃശ്ശൂരിന്റെ ഭരണം നിയന്ത്രിക്കുന്ന മൂന്നുപേരും വനിതകളാണ്‌. ഹൈപവർ ലേഡിയായ കളക്ടർ, ലാളിത്യത്തിന്റെ നിറകുടമായ മേയർ, വീട്ടമ്മയുടെ മുഖശ്രീയുള്ള ജില്ലാപഞ്ചായത്ത്‌  പ്രസിഡന്റ്‌... 

Content Highlights: Thrissur Pooram 2019 Spacial