തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ആനയ്ക്ക് മദപ്പാടില്ലെന്നും കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. 

എഴുന്നള്ളിക്കുന്നതിന് തടസ്സമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ആനയ്ക്കില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധപരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാനായേക്കും.  തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങില്‍ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്. 

ഉത്തരവാദിത്വം ഉടമസ്ഥര്‍ക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ആനയുടമസ്ഥരെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് നിയമോപദേശം. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള നിയമപരമായ ഉറപ്പ് ആനയുടമസ്ഥരില്‍നിന്ന് എഴുതി വാങ്ങണമെന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തൃശ്ശൂര്‍ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിയമോപദേശം.

ആനയെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആളുകളെ സുരക്ഷിത അകലത്തിലേക്ക് മാറ്റിനിര്‍ത്തണം. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങില്‍ മാത്രമായിരിക്കണം പങ്കെടുപ്പിക്കേണ്ടത്. മറ്റുത്സവങ്ങളുടെ കാര്യത്തില്‍ ഇതൊരു കീഴ്വഴക്കമായി എടുക്കരുത്. ആന വിരണ്ടോടുന്നതുമൂലമോ മറ്റോ ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായാല്‍ നാട്ടാനപരിപാലന ചട്ടത്തിലെ വ്യവസ്ഥപ്രകാരം വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധസംഘം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമേ മറ്റ് ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാവൂയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Thrissur Pooram 2019, Thechikkottukavu Ramachandran