തൃശ്ശൂർ: പൂരവിളംബരത്തിൽ ആചാരലംഘനം നടന്നുവെന്ന് നെയ്തലക്കാവ് ദേവസ്വം. വിളംബരച്ചടങ്ങുകൾ ഒറ്റയാനയെ ഉപയോഗിച്ച് പൂർത്തിയാക്കുന്ന പതിവ് അനുവദിച്ചില്ലെന്ന പരാതിയാണ് ദേവസ്വം ഉന്നയിച്ചിരിക്കുന്നത്. അധികൃതരുടെ പിടിവാശിയാണ് ചടങ്ങ് യഥാവിധി പൂർത്തിയാക്കാൻ അനുവദിക്കാത്തതിന് കാരണമെന്നും ദേവസ്വം ഭാരവാഹികൾ ആരോപിച്ചു.

പൂരവിളംബരത്തിനായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് എഴുന്നള്ളുന്ന നെയ്തലക്കാവിലമ്മ, അതേ ആനപ്പുറത്ത് പടിഞ്ഞാറേ നടയ്ക്കലുള്ള നിലപാടുതറയിലെത്തി ശംഖനാദം മുഴക്കുന്നതോടെയാണ് ആചാരം പൂർത്തിയാകുന്നത്. എല്ലാ വർഷവും ഈ രീതിയിലാണ് ചടങ്ങ് നടത്തുന്നത്.

തെക്കേ ഗോപുരനടയിൽ കൊമ്പുപറ്റും കുഴൽപ്പറ്റുമെല്ലാമായി ഒരു മേളമുണ്ട്. അതുകഴിഞ്ഞ് താഴോട്ടിറങ്ങി രാജാവിനെ വണങ്ങുന്നതായി സങ്കല്പിച്ച് വണങ്ങും. ഇതിനുശേഷം ശ്രീമൂലസ്ഥാനത്തെത്തി നിലപാടുതറയിൽ ശംഖ് വിളിച്ച്, തിടമ്പേറ്റിയ ആന തുമ്പിക്കൈ ഉയർത്തുന്നതോടെയാണ് ആചാരം പൂർത്തിയാകുന്നത്.

ഇത്തവണയും നെയ്തലക്കാവ് ദേവിയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നടന്നുപോകാൻ നെയ്തലക്കാവ് ദേവസ്വം അധികൃതരും എലിഫന്റ് സ്‌ക്വാഡും ആൾക്കൂട്ടത്തെ മാറ്റി, ആംബുലൻസ് മുന്നിൽ ഓടിച്ച് വഴിയൊരുക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടായേക്കുമെന്ന ആശങ്ക ഉന്നയിച്ച് മന്ത്രി സുനിൽകുമാർ ഇത് തടയുകയായിരുന്നു. പോലീസ് ഉന്നത ഉദ്യോഗസ്ഥരും എതിർത്തു. സംഭവത്തിന്റെ പേരിൽ മന്ത്രിയും ദേവസ്വം അധികൃതരും തമ്മിൽ ചെറിയതോതിൽ തർക്കവും നടന്നു.

ഒടുവിൽ നിരീക്ഷണസമിതിയുടെ തീരുമാനപ്രകാരം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിലെ ദേവീദാസനെ കൊണ്ടുവന്ന് ചടങ്ങ് പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ദേവീദാസനാണ് ബാക്കി ചടങ്ങുകളെല്ലാം പൂർത്തിയാക്കിയത്. നെയ്തലക്കാവ് ദേവസ്വം അധികൃതർ ചടങ്ങിൽനിന്ന് മാറിനിന്നു.

ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് നെയ്തലക്കാവ് ദേവസ്വം : ഇതുവരെ നെയ്തലക്കാവ് ദേവസ്വം സമിതിയെയോ ഉദ്യോഗസ്ഥരെയോ യാതൊരു ചർച്ചയ്ക്കും വിളിച്ചിട്ടില്ല. ആന ഏത് എന്നതല്ല പ്രശ്‌നം, ചടങ്ങുകൾ ഭംഗിയായി തീർക്കുക എന്നതാണ്. തിടമ്പേറ്റുന്ന ആന തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമായിരുന്നു. നിലപാടുതറയിലെ ശംഖുവിളിക്ക് ശേഷം, തിരുവമ്പാടിയിൽ പ്രദക്ഷിണം കഴിഞ്ഞ്, വിയ്യൂരിൽ തന്ത്രികുടുംബമായ മൂത്തേടത്ത് മനയ്ക്കലെ ഇറക്കിപ്പൂജയും കഴിഞ്ഞാണ് നെയ്തലക്കാവ് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നത്.ഇതെല്ലാം ഇത്തവണ രണ്ട് ആനകളെക്കൊണ്ട് ചെയ്യിക്കേണ്ടിവന്നു. അതിലുള്ള വിഷമം മന്ത്രിയേയും മറ്റ് അധികൃതരേയും അറിയിച്ചു. മാറിനിന്നതിന് കാരണവും ഇതാണ്. സജീവൻ അമ്മാത്ത്-നെയ്തലക്കാവ് ദേവസ്വം സെക്രട്ടറി

ആചാര ലംഘനമില്ലെന്ന് മന്ത്രി: യാതൊരുവിധ ആചാരലംഘനവും നടന്നിട്ടില്ല. രാമചന്ദ്രനല്ല, നെയ്തലക്കാവ് ഭഗവതിയാണ് തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തുന്നതും ചടങ്ങുകൾ പൂർത്തിയാക്കുന്നതും. ജില്ലാതല മോണിട്ടറിങ് സമിതി നേരത്തെ എന്ത് തീരുമാനിച്ചോ അതുതന്നെയാണ് നടന്നിട്ടുള്ളത്. ഒരു ആനപ്പുറത്തുനിന്നും തിടമ്പ് മറ്റൊരാനപ്പുറത്തേക്ക് മാറ്റിയതാണ് പ്രശ്‌നമെങ്കിൽ, മണികണ്ഠനാൽത്തറയിൽ വെച്ച് മറ്റൊരാനയിൽ നിന്നാണ് രാമചന്ദ്രൻ തിടമ്പ് സ്വീകരിച്ചത്. അങ്ങനെയെങ്കിൽ അതും പ്രശ്‌നമല്ലേ. . ആനയുടമസ്ഥ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് രാമചന്ദ്രന് പൂരവിളംബരത്തിന് അവസരമൊരുക്കിയത്. എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അവരും നെയ്തലക്കാവ് ദേവസ്വവും തമ്മിൽ പറഞ്ഞുതീർക്കണം. വി.എസ്. സുനിൽകുമാർ- കൃഷിമന്ത്രി

Content Highlights: Thrissur Pooram 2019, Neythalakkavu Devaswam