അമ്പത്തഞ്ച് വർഷമായി ഞാൻ തൃശ്ശൂർ പൂരം കാണാൻ തുടങ്ങിയിട്ട്. കുട്ടിക്കാലത്ത് പെരുമ്പിള്ളിശ്ശേരിയിൽനിന്ന് കൂട്ടുകാരുമായി രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് പൂരത്തിന്ന് പുറപ്പെടും. പത്ത് കിലോമീറ്റർ നടന്ന് തൃശ്ശൂരിൽ എത്തുന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. നടന്ന് പോകുന്നതിന്റെ പ്രധാനകാരണം കൈയിൽ പണമില്ല എന്നതുതന്നെ.
കണിമംഗലം കഴിഞ്ഞാൽ പിന്നെ തൃശ്ശൂർ എത്തുന്നതുവരെ വഴിനീളെ പൂരത്തിന്റെ അലങ്കാരങ്ങളാണ്. അതെല്ലാം ആസ്വദിച്ച് നഗരത്തിൽ എത്തിയാൽ പിന്നെ ഒരു സ്വർഗലോകത്തിന്റെ പ്രതീതിയാണ്. എവിടേക്ക് നടക്കണം, എങ്ങോട്ട് പോകണമെന്നൊന്നും ഒരു ലക്ഷ്യവും ഇല്ല. ജനങ്ങളുടെ ഒഴുക്കിനനുസരിച്ച് ഞങ്ങളും നടക്കും. അന്ന് തിക്കിലും തിരക്കിലും നടക്കുന്നത് ഒരു സുഖംതന്നെയാണ്. വല്ലാതെ ക്ഷീണിക്കുമ്പോൾ തേക്കിൻകാട് മൈതാനത്ത് എവിടെയെങ്കിലും ചെന്നിരിക്കും. കപ്പലണ്ടി കൊറിച്ച് വീണ്ടും നടക്കും. കഴിഞ്ഞവർഷംവരെ ഞാൻ തൃശ്ശൂർപൂരം കണ്ടു. ഇക്കൊല്ലവും കാണും.
തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും സംഗമപൂരം വടക്കുന്നാഥന്റെ മടിത്തട്ടിൽ തിമർത്ത് ആഘോഷിക്കുമ്പോൾ ലോകത്ത് എമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾ ഇതിൽ പങ്കാളികളാകാൻ ഇവിടേക്ക് എത്തിച്ചേരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മേളകലാകാരന്മാർ അവരുടെ കഴിവുതെളിയിക്കുന്ന ഏറ്റവും വലിയ കലാപൂരമാണ് തൃശ്ശൂർ പൂരം.
പഞ്ചവാദ്യത്തിൽ എനിക്ക് അത്ര താത്‌പര്യമില്ലെങ്കിലും വിയർത്തുകുളിച്ച് അതും കാണാൻ നിൽക്കും. കാരണം പാണ്ടിസമൂഹമഠത്തിന്റെ വഴിയിൽ തിങ്ങിനിറഞ്ഞ് വരുന്ന ഗജവീരന്മാരുടെ വരവും അതിന് അകമ്പടിയായി പഞ്ചവാദ്യവും എല്ലാംകൂടിയുള്ള ചന്തം.
ഇലഞ്ഞിത്തറ പാണ്ടിമേളം ആണ് തൃശ്ശൂർ പൂരത്തിൽ ഏറ്റവും ഇഷ്ടം. സ്കൂളിൽ പഠിക്കുന്ന കാലംതൊട്ട് എനിക്ക് പാണ്ടിമേളവും പഞ്ചാരിമേളവും വലിയ താത്‌പര്യമാണ്. പല്ലാവൂർ അപ്പുമാരാർ 18 കൊല്ലവും ചക്കംകുളം അപ്പുമാരാർ രണ്ടുകൊല്ലവും മേളപ്രമാണിയായിരുന്ന കാലത്തും ഇപ്പോൾ ഇരുപത്തൊന്ന് വർഷം പ്രമാണിയായിരിക്കുന്ന പെരുവനം കുട്ടൻ മാരാരുടെ മേളപ്രമാണത്തിലും എനിക്ക് ഇലഞ്ഞിത്തറമേളം ആസ്വദിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
ടെലിവിഷനിൽ പൂരം കാണാമെങ്കിലും, തേക്കിൻകാട് മൈതാനിയിൽ വന്നെങ്കിലേ പൂരം പരിപൂർണമായി ആസ്വാദ്യമാവൂ ഇപ്പോഴും.
കലയ്‌ക്കും ആസ്വാദനത്തിനും അതിർവരമ്പുകൾ ഇല്ലാത്തിടത്തോളംകാലം തൃശ്ശൂർ പൂരം എന്റെ സ്വന്തം പൂരമാണ്, നമ്മൾ ഓരോരുത്തരുടേതുമാണ്.
Content Highlights: Thrissur Pooram 2019 Memories