തൃശ്ശൂര്‍: ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളില്‍ നടക്കുന്ന തിരുവമ്പാടിയുടെ ചമയപ്രദര്‍ശനത്തില്‍ വര്‍ണശബളമായ 46 സെറ്റ് കുടകളാണ് ഒരുക്കിയിട്ടുള്ളത്. ജവാന്മാര്‍ക്ക് ആദരമര്‍പ്പിക്കാനായി നിര്‍മിച്ച 'ജവാന്മാര്‍', 'പുലിപ്പുറത്തേറിയ അയ്യപ്പന്‍', 'ദശാവതാരം' എന്നീ രൂപങ്ങളാണ് സ്‌പെഷ്യല്‍ കുടകളായി തിരുവമ്പാടി പുറത്തിറക്കുന്നത്-അതിനു പുറമേ തഴയുടെ രൂപത്തിലുള്ള സ്‌പെഷ്യല്‍ കുടയും ഉണ്ട്.

തിരുവമ്പാടി ഭഗവതി, കൃഷ്ണന്‍, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ മൂര്‍ത്തികളുടെ സ്വര്‍ണനിറത്തില്‍ ഉള്ള രൂപങ്ങള്‍ ആലേഖനം ചെയ്ത കുടകളാണ് മറ്റൊരാകര്‍ഷണം.

നിറപ്പകിട്ടുള്ള പ്രിന്റഡ് കുടകളും ചമയപ്രദര്‍ശനത്തിലെ താരങ്ങളാണ്. തപസ്സുചെയ്യുന്ന പരമശിവന്‍, തെയ്യക്കോലങ്ങളും മുഖങ്ങളും, ചുമര്‍ചിത്രരൂപങ്ങള്‍ തുടങ്ങി അഞ്ചുസെറ്റ് പ്രിന്റഡ് കുടകള്‍ ആണുള്ളത്. ആലവട്ടവും വെഞ്ചാമരവും ആനയാഭരണങ്ങളും തങ്കശോഭ വിതറിക്കൊണ്ടുള്ള നെറ്റിപ്പട്ടങ്ങളുമെല്ലാം ചമയത്തിനൊരുക്കിയിട്ടുണ്ട്.

മന്ത്രിമാരായ എ.സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തത്. മേയര്‍ അജിതാ വിജയന്‍, കെ. രാജന്‍ എം.എല്‍.എ., രാമകൃഷ്ണ മിഷന്‍ പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, പൂര്‍ണിമ സുരേഷ്, എം. രാവുണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു. രാവിലെ പത്തരയ്ക്കാണ് പ്രദര്‍ശനഹാള്‍ തുറന്നുകൊടുത്തത്. രാത്രി 12 വരെ പ്രദര്‍ശനം ഉണ്ടാകും.

Content Highlights: Thrissur Pooram 2019 Kudamattam Chamayam