തൃശ്ശൂർ: മഴവില്ലഴകിൻ വിസ്മയം ഒളിപ്പിച്ച വർണക്കുടകൾ ആനപ്പുറമേറി. അസ്തമയസൂര്യന്റെ പ്രഭയിൽ വെട്ടിത്തിളങ്ങിയ നെറ്റിപ്പട്ടങ്ങൾ കുടകളിൽ പൊൻവെട്ടം ചാർത്തി. തൊട്ടുരുമ്മിനിന്ന ആനകളുടെ പുറത്ത് അഴക് വിരിയിച്ചത് ഒന്നല്ല, ഒരായിരം കുടകൾ. മൂന്നും നാലും നിലകളിലുള്ള കുടകൾ, ദൈവരൂപക്കുടകൾ, എൽ.ഇ.ഡി. ബൾബുകൾ ദൃശ്യവിസ്മയം തീർത്ത കുടകൾ, ധീരജവാന്മാർക്ക് സല്യൂട്ട് ചെയ്ത് പോകുന്ന ജീവൻതുടിക്കുന്ന കുടകൾ...

വൈകീട്ട് ആറിന് തുടങ്ങിയ കുടമാറ്റച്ചടങ്ങിൽ കുടകളിലെ അലകുകളിൽ സൂര്യകിരണം പൊൻപ്രഭ ചാർത്തി ചന്തംകൂട്ടി. സൂര്യനകന്നപ്പോൾ അലകുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശിപ്പിക്കുന്നവ ഉയർത്തി. സപ്തവർണങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം നിറഭേദങ്ങളുണ്ടെന്ന് തെളിയിച്ചു പൂരവർണക്കുടകൾ. അവ ആനപ്പുറമേറിയപ്പോൾ ജനങ്ങൾ ആർത്തിരമ്പി. കരഘോഷങ്ങൾ നിറഞ്ഞു. ദൈവരൂപങ്ങളെത്തിയപ്പോൾ ശരണം വിളിയായി. ജവാന്മാരുടെ ചിത്രമുള്ളവ ഉയർത്തിയപ്പോൾ ഭാരത് മാതാ കി ജെയ് വിളിച്ചു. തൃശ്ശൂർ പൂരത്തിന്റെ അവിസ്മരണീയ കുടമാറ്റച്ചടങ്ങിന് ആർപ്പുവിളിയുമായി തെക്കേഗോപുരനടയിൽ തിങ്ങിക്കൂടിയത് പതിനായിരങ്ങളാണ്.

പാറമേക്കാവ് വിഭാഗത്തിനായി ഗുരുവായൂർ നന്ദനും തിരുവന്പാടി വിഭാഗത്തിനായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റി. പാറമേക്കാവിനായി പഞ്ചാരിമേളവും തിരുവമ്പാടിക്കായി പാണ്ടിമേളവും കുടമാറ്റത്തിന് മാറ്റുകൂട്ടി. ഇരുവിഭാഗത്തും അണിഞ്ഞൊരുങ്ങിയെത്തിയ പതിനഞ്ച് വീതം ഗജവീരന്മാരുടെ പുറത്ത് പത്തടിപ്പൊക്കത്തിൽ മാറിമാറി വിരിഞ്ഞു ആയിരത്തിലേറെ വർണക്കുടകൾ. പാറമേക്കാവ് 59 ഇനം കുടകളും തിരുവമ്പാടി 53 ഇനം കുടകളുമായി ആവേശം നിറച്ചു. ഒടുവിൽ ഇരുവിഭാഗത്തിന്റെയും കുടമാറ്റക്കാർ തോർത്ത് വീശിക്കാണിച്ച് ചടങ്ങിന് വിരാമമിട്ടു.

എൽ.ഇ.ഡി. കുടകളിൽ പാറമേക്കാവ് മികവ് കാണിച്ചപ്പോൾ തിരുവമ്പാടി രൂപക്കുടകൾ അണിനിരത്തി ആശ്ചര്യപ്പെടുത്തി. കുടകളുടെ വൈവിധ്യത്തിൽ മാത്രമല്ല പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ നിമിഷത്തിന്റെപോലും ഇടവേളയില്ലാതെ പതിനഞ്ച് കുടകളും വിരിയിച്ച് മത്സരിച്ചു. മിന്നൽവേഗത്തിൽ ഇനംതെറ്റാതെ കുടകൾ കയറ്റിയും ഇറക്കിയും ദേശക്കാർ മികവ് കാണിച്ചു. ഒന്നിനുപിന്നാലെ ഒന്നായി ഉയർന്നും താഴ്ന്നും കുടകളുടെ മത്സരമായിരുന്നു. അസ്തമയത്തിന് മുമ്പ് തുടങ്ങിയ കുടമാറ്റം രാത്രി 7.10-ന് സമാപിക്കുന്പോൾ പിരിയാൻ മടിച്ചു ആസ്വാദകർ. ഇനി അടുത്തവർഷം കാണാം കണ്ണടയ്ക്കാതെ കാണേണ്ടതായ ഇൗ മായക്കാഴ്ച.

കാണാനെത്തിയവരെല്ലാം മൊബൈൽ ഫോണെന്ന കൊച്ചു ചതുരപ്പെട്ടിയിലേക്ക് കുടമാറ്റത്തിന്റെ നിറച്ചാർത്ത് പകർത്തി നിർവൃതിയടഞ്ഞു. മൊബൈൽ ഫോണുകളുടെ ഫ്ലാഷുകളുടെ കൂട്ടായ്മ നക്ഷത്രക്കൂട്ടങ്ങളെപ്പോലെ തോന്നിച്ചു.

Content Highlights: Thrissur Pooram 2019 Kudamattam