തൃശ്ശൂര്‍: പൂരനഗരി വന്‍സുരക്ഷയില്‍. ശ്രീലങ്കയിലെ സ്‌ഫോടനപശ്ചാത്തലത്തില്‍ ഇതേവരെ കാണാത്ത സുരക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കുന്നത്. ഇതിനായി ജില്ലയ്ക്ക് പുറത്തുനിന്ന് 3500 പോലീസിനെ എത്തിച്ചു. ഇവര്‍ക്ക് രാമവര്‍മപുരത്തെ സായുധ സേനാ ക്യാമ്പില്‍ പ്രാഥമിക പരിശീലനം നല്‍കി. തുടര്‍ന്ന് ഡ്യൂട്ടിയുള്ള സ്ഥലങ്ങളിലെത്തിച്ച് മോക് പരിേശാധനയും ഏര്‍പ്പെടുത്തി. ഇവര്‍ ഞായറാഴ്ച രാത്രി എട്ടുമുതല്‍ ഡ്യൂട്ടിയിലുണ്ട്.

ഇവര്‍ക്കുപുറമേ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെയും ഇറക്കിയിട്ടുണ്ട്. ബോംബ് പരിശോധനയ്ക്ക് 160 അംഗ സംഘം എത്തി. പൂരനഗരിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഇതര സംസ്ഥാന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തും.

60 ഡോര്‍ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്റ്ററുകള്‍ പൂരനഗരിയില്‍ സ്ഥാപിച്ചു. വി.ഐ.പി.കള്‍ ഉള്‍പ്പെടെയുള്ളവരെ ഇതിലൂടെ പരിശോധന നടത്തി മാത്രമേ കടത്തിവിടൂ. പത്ത് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധനയ്ക്കായുണ്ട്. കേന്ദ്രസുരക്ഷാ വിഭാഗം അംഗങ്ങളും എത്തിയിട്ടുണ്ട്. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിര്‍വീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

പൂരം നടക്കുന്ന സ്ഥലങ്ങളുെട നിരീക്ഷണത്തിന് 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തത്സമയദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.

വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ട്. പരിശോധനയ്ക്കായി പടിഞ്ഞാറേ ഗോപുരനടയിലും കിഴക്കേ ഗോപുരനടയിലും അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൂരം കാണാനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. സംശയാസ്പദമായ വ്യക്തികളോ സംഭവങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വി.വി.ഐ.പി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും. ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവ നടക്കുന്ന സമയങ്ങളില്‍ ബാഡ്ജണിഞ്ഞ വൊളന്റിയര്‍മാരെയല്ലാതെ കടത്തിവിടില്ല. പൂരം കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പി കൊണ്ടുവരരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. ഗ്യാസ് സിലിന്‍ഡറുകള്‍ ഉപയോഗിച്ചുള്ള ബലൂണ്‍, പാചകം എന്നിവ പൂരപ്പറമ്പില്‍ നിരോധിച്ചു.

ആനത്തൊഴിലാളികള്‍, ആന ഉടമസ്ഥര്‍, സഹായികള്‍, വെടിക്കെട്ട് തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ സ്പെഷ്യല്‍ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നല്‍കിയിട്ടുണ്ട്്. പഞ്ചവാദ്യം, മദ്ദളം കലാകാരന്മാര്‍ക്കും മറ്റു വാദ്യോപകരണ കലാകാരന്മാര്‍ക്കും ബാഡ്ജ് നിര്‍ബന്ധമാക്കി. എല്ലാ ഉപകരണങ്ങളും സ്‌കാനിങ്ങിന് വിധേയമാക്കും.

ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കണം. വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറണം. അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനായി പൂരം കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍- 100

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  • വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടാല്‍ വിവരം പോലീസിന് കൈമാറണം.
  • അപരിചിതര്‍ കൈമാറുന്ന കിറ്റുകളും ബാഗുകളും സ്വീകരിക്കരുത്.
  • മരത്തിലോ മതില്‍ക്കെട്ടിലോ ദുര്‍ബലമായ കെട്ടിടങ്ങളിലോ കയറരുത്
  • ആനകളെ പരിഭ്രാന്തരാക്കുകയോ സെല്‍ഫിയെടുക്കുകയോ ചെയ്യരുത്
  • പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം.
  • സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ സന്ദേശങ്ങളില്‍ വീഴരുത്.

Content Highlights: Thrissur Pooram 2019 High Security  Enabled