തൃശ്ശൂർ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് വൻസുരക്ഷ. പല കേന്ദ്ര ഏജൻസികളും ഇതിന്റെ ഭാഗമായി തൃശ്ശൂരിലെത്തും. ഇതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.

ബോംബുകൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. 160 ബോംബുവിദഗ്ധർ സ്ഥലത്തെത്തും.

നിലവിൽ ഭീഷണികളില്ലെന്നും അയൽസംസ്ഥാനങ്ങളിലെയും അയൽരാജ്യങ്ങളിലെയും സംഭവവികാസങ്ങൾ മുൻനിർത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നും തൃശ്ശൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ യതീഷ്ചന്ദ്ര എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ശനിയാഴ്‌ച മുതൽ ചൊവ്വാഴ്‌ച വരെയാണ് സുരക്ഷാസംവിധാനങ്ങൾ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ടായിരിക്കും. പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങൾ സജ്ജീകരിക്കും. 40 ഡോർഫ്രെയിംഡ് മെറ്റൽ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. പൂരം കാണാനെത്തുന്നവർ ബാഗുകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. 10 ഡോഗ് സ്‌ക്വാഡുകളും സേവനത്തിൽ ഉണ്ടായിരിക്കും. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

സംശയാസ്പദമായി വ്യക്തികളെ കാണുകയോ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പോലീസിനെ അറിയിക്കണമെന്ന് ഐ.ജി. പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷയുടെ ഭാഗമായി നിരവധി കെട്ടിടങ്ങളിൽ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. തീരദേശ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളവയാണിവ. വടക്കുന്നാഥക്ഷേത്രം, തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 80 ക്യാമറകളിലൂടെയുള്ള തത്‌സമയദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.

വി.വി.ഐ.പി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും. ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് സമയങ്ങളിൽ ഇരുദേവസ്വങ്ങളും നിശ്ചയിച്ച ബാഡ്‌ജ്‌ അണിഞ്ഞ വൊളന്റിയർമാരെയല്ലാതെ തൊട്ടടുത്ത പരിസരത്തേക്ക് ആരെയും കടത്തിവിടില്ല. പൂരം കാണാനെത്തുന്നവർ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്നും പോലീസ് നിർദേശിക്കുന്നു. ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ചുള്ള ബലൂൺ, ഭക്ഷണശാല എന്നിവ പൂരപ്പറമ്പിൽ അനുവദിക്കില്ല.

ആനത്തൊഴിലാളികൾ, ആന ഉടമസ്ഥർ, സഹായികൾ, വെടിക്കെട്ടുതൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ നൽകി. എല്ലാ പൂരക്കമ്മിറ്റി ഭാരവാഹികളുടെയും വൊളന്റിയർമാരുടെയും വിവരം പോലീസ് പരിശോധിച്ചു. വാദ്യകലാകാരന്മാർക്കും ബാഡ്‌ജ്‌ നിർബന്ധമാക്കി. എല്ലാ വാദ്യോപകരണങ്ങളും സ്‌കാൻ ചെയ്യും.

അപരിചിതർക്ക് വീടോ വാഹനമോ നൽകരുതെന്ന് നിർദേശമുണ്ട്. രേഖകളും ഫോട്ടോയും നൽകാത്തവർക്ക് സിം കാർഡുകൾ നൽകരുത്. അടിയന്തരമായി സിം കാർഡോ ഫോണോ അന്വേഷിച്ചെത്തുന്ന അപരിചിതരുടെ വിവരം പോലീസിന് കൈമാറണം. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം. വിദേശികൾ താമസിക്കുന്നുണ്ടെങ്കിൽ ഇവരുടെ വിവരങ്ങൾ പോലീസിന് കൈമാറണം.

അടിയന്തരസാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീം സജ്ജമാക്കി. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനായി പൂരം കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ നമ്പർ 100.

സുരക്ഷാനിര്‍ദേശങ്ങളുമായി പോലീസ്

തൃശ്ശൂര്‍: പൂരത്തിന് സുരക്ഷയൊരുക്കാന്‍ 3,500 പോലീസുകാര്‍, അഞ്ച് ഐ.പി.എസ്. ട്രെയിനികള്‍. സുരക്ഷാക്രമീകരണങ്ങള്‍ക്ക് റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കും. 30 ഡി.വൈ.എസ്.പി.മാര്‍, 60 സി.ഐ.മാര്‍, 300 എസ്.ഐ.മാര്‍, 3,000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ. ട്രെയിനികള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടാവുക.

അതിസുരക്ഷാ ഭാഗമായി വടക്കുന്നാഥക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. പൂരപ്പറമ്പിനെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും രണ്ട് ഡിവൈ.എസ്.പി.മാര്‍ സുരക്ഷാ മേല്‍നോട്ടം വഹിക്കും. ഗതാഗത നിയന്ത്രണത്തിനും പട്രോളിങ്ങിനും പ്രത്യേക സംവിധാനമുണ്ട്. പൂരം ദിവസവും സാമ്പിള്‍ വെടിക്കെട്ട് ദിവസവും നഗരത്തില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

ഒരാഴ്ച മുമ്പുതന്നെ നഗരത്തിലെ ലോഡ്ജുകളിലും തിയേറ്ററുകളിലും വന്‍കിട ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും വടവുമെല്ലാം സജ്ജമാക്കിക്കഴിഞ്ഞു. പാപ്പാന്മാരെയും സഹായികളെയും ഓരോ രണ്ടു മണിക്കൂറിലും ബ്രീത്ത് അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കും. ആനകളുടെ ഫിറ്റ്നസ്, സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് പരിശോധിക്കും.

മുന്നറിയിപ്പുകള്‍

 • ഇലഞ്ഞിത്തറമേളം ഉള്‍പ്പെടെയുള്ളവക്ക് നേരത്തെ എത്തണം.
 • വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടാല്‍ വിവരം പോലീസിന് കൈമാറണം.
 • അപരിചിതര്‍ കൈമാറുന്ന കിറ്റുകളും ബാഗുകളും സ്വീകരിക്കരുത്.
 • മരത്തിലോ മതില്‍ക്കെട്ടിലോ ദുര്‍ബലമായ കെട്ടിടങ്ങളിലോ കയറരുത്
 • വലിയ ശബ്ദമുണ്ടാക്കുന്ന പീപ്പി പോലുള്ളവ കൊണ്ടുവരരുത്
 • ആനകളെ പരിഭ്രാന്തരാക്കുകയോ സെല്‍ഫിയെടുക്കുകയോ ചെയ്യരുത്
 • സ്വകാര്യവാഹനങ്ങള്‍ പരമാവധി കുറയ്ക്കണം.
 • റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനനുവദിയ്ക്കില്ല.
 • പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തണം.
 • സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ സന്ദേശങ്ങളില്‍ വീഴരുത്.

ബസുകളുടെ റൂട്ട് മാറ്റം ഇങ്ങനെ

തൃശ്ശൂര്‍: പൂരം സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തില്‍ ശനിയാഴ്ച 1.30 മുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ബസുകളുടെ റൂട്ട് മാറ്റം ഇപ്രകാരം:

പാലക്കാട്, പീച്ചി തുടങ്ങിയ മേഖലകളില്‍നിന്ന് വരുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, കാട്ടൂക്കാരന്‍ ജങ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി സര്‍വീസ് നടത്തണം.

മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി. ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്സ്, ഫാത്തിമ നഗര്‍ ജങ്ഷന്‍ വഴി പോകണം.

മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ കിഴക്കേക്കോട്ടയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെന്പുക്കാവ്, രാമനിലയം, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷന്‍ വഴി പോകണം.

മുക്കാട്ടുകര, നെല്ലങ്കര ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജങ്ഷന്‍, രാമനിലയം, അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി തിരികെ പോകണം.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂെട വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വീസ് നടത്തണം.

മെഡിക്കല്‍ കോളേജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂെട വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സാധാരണപോലെ സര്‍വീസ് നടത്തണം.

ചേറൂര്‍, പള്ളിമൂല, മാറ്റാന്പുറം, കുണ്ടുകാട് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബാലഭവന്‍ വഴി ടൗണ്‍ഹാള്‍ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി തിരികെ പോകണം.

കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട് തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍ സിവില്‍ ലെയിന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജങ്ഷന്‍ വഴി തിരികെ പോകണം.

വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങി പടിഞ്ഞാറേക്കോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോര്‍ട്ടില്‍നിന്ന് കാല്‍വരി റോഡ് വഴി തിരിഞ്ഞ് തോപ്പിന്‍മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ വെസ്റ്റ് ഫോര്‍ട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി തിരിഞ്ഞ് സര്‍വീസ് നടത്തണം.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെനിന്ന് തിരികെ കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി പോകണം. ഈ സമയം കണ്ണംകുളങ്ങര കസ്തൂര്‍ബാ ഹോസ്പിറ്റല്‍ ജങ്ഷനില്‍നിന്നും വാഹനങ്ങള്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ പാടില്ല.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് ഇടത്തോട്ട് തിരഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വന്ന് മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിയ്യാരം വഴി പോകണം.

ഒല്ലൂര്‍, ആന്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മുണ്ടുപാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജങ്ഷന്‍ വഴി പോകണം. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ പെന്‍ഷന്‍മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുകര വഴി പോകണം.

കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ഹൗസ് വന്ന് പൊങ്ങണംകാട്, ചിറയ്ക്കാക്കോട്, മുടിക്കോട് വഴി പോകണം.

കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയിലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ഹൗസ് വന്ന് പൊങ്ങണംകാട്, മുക്കാട്ടുകര വഴി പോകണം.

കണിമംഗലം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറിയ വാഹനങ്ങളും നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകണം.

ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂര്‍ക്കഞ്ചേരി സെന്ററില്‍നിന്ന് ഇടത്തു തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷന്‍ വഴി തിരിഞ്ഞ് വടൂക്കര, തോപ്പിന്‍മൂല വഴി പോകണം.

ജൂബിലി ജങ്ഷന്‍ വഴി വരുന്ന, കൂര്‍ക്കഞ്ചേരി പോകുന്ന എല്ലാ ചെറുവാഹനങ്ങളും മിഷന്‍ ക്വാര്‍ട്ടേഴ്സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തി കൂര്‍ക്കഞ്ചേരിക്ക് പോകണം.

കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍

 • കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര, ചിയ്യാരം വഴി പോകണം.
 • പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും പൂങ്കുന്നം ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
 • അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ ശക്തന്‍ തന്പുരാന്‍ സ്റ്റാന്‍ഡില്‍ താത്കാലികമായി ആരംഭിക്കുന്ന ബസ്സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ അവിടെനിന്നുതന്നെ സര്‍വീസ് നടത്തണം.
 • ഷൊര്‍ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഐ.ടി.സി. ജങ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട്, അശ്വിനി ജങ്ഷന്‍, കോലോത്തുംപാടം വഴി സര്‍വീസ് നടത്തണം.

content highlights: thrissur pooram, high security,thunderbolt, bomb squad