അന്ന് ‘തൃശ്ശൂരിന്’ അല്പം കൂടി വലുപ്പമുണ്ടായിരുന്നു. ഇച്ചിരി നീട്ടിപ്പിടിക്കുന്ന, കനത്തിലുള്ള ‘തൃശ്ശിവപേരൂർ’....അന്നെന്നുപറഞ്ഞാല്‍ ഒരു നൂറ്റാണ്ടോളം പിന്നോട്ട് നടക്കണം. കാലമെത്രമാറിയാലും പേരുകളും ആളുകളുമെത്രമാറിയാലും മലയാളത്തിന്റെ നടുക്കണ്ടമായ നാടിന്റെ തലയെടുപ്പ് അന്നും ഇന്നും തൃശ്ശൂര്‍പ്പൂരമാണ്.

ആദ്യമായി പൂരം കണ്ട് അന്തംവിട്ട് നില്‍ക്കുന്നവനോട് പുച്ഛഭാവത്തില്‍ തൃശ്ശൂരുകാരന്റെ ഒരു ഡയലോഗുണ്ട്...’ന്റെ ഗഡീ ഇതൊന്നല്ലാട്ടാ പൂരം...പണ്ടത്തെ പൂരോണ്ടല്ലോ...അതായിരുന്നു പൂരം. എജ്ജാതി പൂരായിരുന്നു അന്ന് ’ ഇതു കേള്‍ക്കുന്നവന്‍ വിചാരിക്കും ‘ഹൊ ആ പൂരമൊന്ന് കാണാന്‍ കഴിയാത്തത് വലിയ നഷ്ടം തന്നെ....?’

ആശ്ചര്യചിഹ്നം ചാര്‍ത്തിയേ തൃശ്ശൂരുകാര്‍ എന്തും പറയു. അല്പം അതിശയോക്തിയുടെ വെടിമരുന്ന് ചേര്‍ക്കും. അനുവദനീയമായ അളവിലേ ഉണ്ടാവൂട്ടോ...സത്യത്തില്‍ ഓരോ ആണ്ട് കഴിയുംതോറും പൂരം പൊടിപൂരമാവുകയാണ്. പഴയപത്രത്താളുകള്‍ നോക്കിയാലറിയാം അന്നത്തെ മേടപ്പൂരത്തിന്റെ വിശേഷങ്ങള്‍.

‘ഇയ്യാണ്ടിലെ പൂരം വളരെ കേമമായി’

മാതൃഭൂമി കേരളത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയിട്ട് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴായിരുന്നു ആദ്യത്തെ തൃശ്ശൂര്‍പൂരം റിപ്പോര്‍ട്ടിങ്. കോഴിക്കോട് നിന്ന് 1923 മേയ് 12-ന് ഇറങ്ങിയ മാതൃഭൂമി പത്രത്തില്‍ പൂരം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു;

തൃശ്ശിവപേരൂര്‍

(സ്വന്തം ലേഖകന്‍)

ഇയ്യാണ്ടില്‍ ഇവിടെ പൂരം പതിവിനേക്കാള്‍ വളരെ കേമമായി കഴിഞ്ഞു. കരിമരുന്നു കത്തിക്കുന്ന സമയം ഒരു വേനലന് അപകടം പറ്റി മരിക്കുക ഉണ്ടായി. നാനാ ദിക്കുകളിലുമായി ജനങ്ങളും അസംഖ്യം കൂടിയിരുന്നു. ഇവിടേക്ക് ജല സൌകര്യത്തിന് രണ്ടു ചിറകള്‍ ഉള്ളതില്‍ ഒന്നു പൂരത്തിന് മുമ്പ് നന്നാക്കാനായി അശുദ്ധപ്പെടുത്തി വെള്ളം വറ്റിക്കുകയാല്‍ ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പൂരത്തിന് ഓരോ വിഭാഗക്കാര്‍ക്ക് വെടിക്കെട്ടിനായിതന്നെ 2,500ല്‍ അധികം ഉറുപ്പികയായിട്ടുണ്ട്. 5,000 ഉറുപ്പികയുടെ വിദേശമരുന്നുകൊണ്ടുണ്ടാക്കിയ വെടിക്കെട്ട് രണ്ടു മണിക്കൂറു കൊണ്ട് പുകച്ചു കളയുകയാണുണ്ടായത്...

ക്ഷാമദുര്‍ദേവതയുടെ നൃത്തവും പൂരവും

ക്ഷാമകാലത്തെ തൃശ്ശൂര്‍പൂരത്തെക്കുറിച്ചുള്ള പത്രമെഴുത്തിങ്ങനെയായിരുന്നു. 1926 ഏപ്രില്‍ 27-ന് ഇറങ്ങിയ പത്രത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ...

തൃശ്ശിവപേരൂര്‍ പൂരം

(ഒരു ലേഖകന്‍)

ഇക്കൊല്ലത്തെ തൃശ്ശിവപേരൂര്‍പൂരം പതിവിലധികം ഭംഗിയോടും ആഘോഷത്തോടും കൂടി കഴിഞ്ഞുകൂടിയിരിക്കുന്നു. തിരുവമ്പാടി, പാറമേക്കാവ് എന്നീ ഭാഗക്കാരുടെ പൂരം സംബന്ധിച്ച പരസ്പരമത്സരങ്ങള്‍ക്ക് പൂര്‍വാധികം ശക്തിയുള്ളതായിട്ടാണ് കാണപ്പെട്ടത്. ക്ഷാമദുർദേവത നാട്ടില്‍ എല്ലായിടത്തും നൃത്തം ചെയ്യുന്ന കാലമായിട്ടുകൂടി, കഴിഞ്ഞ പല കൊല്ലങ്ങളേ അപേക്ഷിച്ച് വളരെ ജനങ്ങള്‍ കാണികളായി വന്നു ചേര്‍ന്നിരുന്നു. കച്ചവട ഏര്‍പ്പാടുകളും വളരെ വർധിച്ച നിലയില്‍ തന്നെയായിരുന്നുവെങ്കിലും ഹോട്ടല്‍ക്കാര്‍, കാപ്പിക്കച്ചവടക്കാര്‍ എന്നിവരൊഴിച്ച് അധികമാര്‍ക്കും പതിവുപോലെയുള്ള ലാഭമുണ്ടായതായി അറിയുന്നില്ല.

അന്നും ആനത്തര്‍ക്കം

ഒരുകാലത്ത് തൃശ്ശൂര്‍പൂരത്തിന്റെ ഭാഗമായിരുന്നു ആനയുദ്ധം. ആനകള്‍ക്ക് വേണ്ടി തിരുവമ്പാടിയും പാറമേക്കാവും തമ്മില്‍ രണ്ടു രാജ്യങ്ങളെ പോലെ പോരടിച്ചിരുന്നു. ലക്ഷണമൊത്ത ആനകളെ ഒപ്പം ചേര്‍ക്കാന്‍ എന്തും ചെയ്യുന്ന കാലമുണ്ടായിരുന്നു.

തൊണ്ണൂറ് വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട് ഇങ്ങനെ...’തിരുവമ്പാടിക്കാര്‍ പേര്‍ പൊങ്ങിയ ആനകളെയെല്ലാം കൈവശപ്പെടുത്തി. എന്നുമാത്രമല്ല നല്ല ആനകള്‍ മറുഭാഗത്തേക്ക് പോകാതിരിക്കാന്‍ വേണ്ടി ആവശ്യമുള്ളതില്‍ അധികം ആനകളേയും ഏക്കംകൊടുത്തേല്‍പ്പിച്ചു. എന്നാല്‍ പൂരം നിരന്നപ്പോള്‍ ഒരുവിധം സമവലുപ്പമുള്ള അധികം ആനകളെ ഒന്നായി കാണപ്പെട്ടത് പാറമേക്കാവുകാരുടെ ഭാഗത്തായിരുന്നു എന്നുവേണം പറയാന്‍.

ഒരു ആപല്‍സംഭവം - ഈ വാര്‍ത്തയുടെ അവസാനമാണ് ‘ആപല്‍സംഭവം’ എന്തെന്ന് വെളിപ്പെടുത്തുന്നത്. ‘ രാത്രി പരിതാപകരമായ ഒരു സംഭവം നടക്കുകയുണ്ടായി. ഒരു ചെറിയ പൂരം കഴിഞ്ഞതിന്നുശേഷം മാറ്റിക്കെട്ടാനായി ഒരാനയെ അഴിച്ചു കൊണ്ടുപോകുമ്പോള്‍, അതിനെതിരേ വന്നിരുന്ന മറ്റൊരാനയെ അതു കേറിക്കുത്തുകയും രണ്ടാനകളും പരിഭ്രമിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ചെയ്തു. അവയില്‍ ‘അവണപ്പറമ്പില്‍ കുഞ്ചു’ എന്ന ആന അനേകം ജനങ്ങള്‍ കൂടിയിരുന്ന ശ്രീമൂലസ്ഥാനം വഴി വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും കിഴക്കേ ഗോപുരം കുത്തിപ്പൊളിച്ചു എവിടേക്കൊ ഓടിപ്പോവുകയും ചെയ്തു. രണ്ടാനകളേയും ഇപ്പോള്‍ പിടിച്ചു കെട്ടിയിരിക്കുന്നു. ആനകളുടെ ഈ ഓട്ടത്തില്‍ ആറേഴാളുകള്‍ക്ക് പരിക്കുകള്‍ പറ്റിയെന്നാണറിയുന്നത്. അവരില്‍ ഒരാള്‍ ആസ്പത്രിയില്‍ വെച്ചു മരിച്ചുപോയിരിക്കുന്നതായും അറിയുന്നു. മദശ്ശങ്കയുള്ള ആനകളെ ഉത്സവങ്ങള്‍ക്കെഴുന്നള്ളിക്കാനനുവദിക്കുന്നതില്‍ ഗവൺമേന്റ്‌ ഒന്നു കൂടി ജാഗ്രത ചെയ്യേണ്ടതാണ്.

കരിയിലുമുണ്ടായിരുന്നു നിരോധനം

അരനൂറ്റാണ്ട് മുമ്പുള്ള വാര്‍ത്ത ഇങ്ങനെ....’നീരുള്ളവയോ വിറള്‍പ്പാടുള്ളവയോ വെടിക്കെട്ടു കത്തിക്കുമ്പോള്‍ പേടിച്ചോടുന്നവയോ വികൃതികളോ ആയ ആനകളെ പൂരത്തിനെഴുന്നള്ളിക്കുകയോ ഏപ്രില്‍ 18, 19, 20 എന്നീ തീയതികളില്‍ തൃശ്ശൂര്‍ നഗരാതിര്‍ത്തിയില്‍ കടത്തിക്കൊണ്ടുവരികയോ ചെയ്യാന്‍ പാടില്ലെന്നും തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് താക്കീത് ചെയ്തിട്ടുണ്ട്.

1979 ആയപ്പോഴേക്കും ആനത്തര്‍ക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളിലുണ്ട്. തലക്കെട്ട് തന്നെ ഇങ്ങനെയാണ്...

കേറ്റി എഴുന്നള്ളിക്കേണ്ടത് ആരെ?- തൃശ്ശൂര്‍ പൂരത്തിന് ആനത്തര്‍ക്കം

തൃശ്ശൂര്‍, മേയ് 3

‘കയറ്റി എഴുന്നള്ളിക്കാനുള്ള’ ആനയെ നിശ്ചയിക്കുന്ന കാര്യം തൃശ്ശൂര്‍ പൂരത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

സ്വന്തം എന്ന് അവകാശപ്പെടാവുന്ന തലയെടുപ്പുള്ള ഗജവീരന്‍മാര്‍ തിരുവമ്പാടി ദേവസ്വത്തിനും പാറമേക്കാവ് ദേവസ്വത്തിനും ഉള്ളതാണ് ഒരളവോളം രൂക്ഷമായി മാറിയിട്ടുള്ള തര്‍ക്കത്തിന് വഴിയൊരുക്കിയതത്രേ. ഈ സ്ഥിതിവിശേഷം ഒരുപക്ഷേ, പൂരത്തെ സംബന്ധിച്ചിടത്തോളം നടാടെയാണ്.

ബാലമുരുകന്‍ ട്രസ്റ്റിന്റെ കേശവനും ശങ്കരന്‍കുളങ്ങര ദേവസ്വത്തിന്റെ ഗംഗാധരനും തിരുവമ്പാടി ഭാഗത്തു പോയിരിക്കും. ശങ്കരന്‍കുളങ്ങര ദേവസ്വം തിരുവമ്പാടിയില്‍ പെട്ടതാണ്. ഗംഗാധരനെ എഴുന്നള്ളിക്കണമെന്ന് ഒരു വിഭാഗവും കേശവനെ എഴുന്നള്ളിക്കണമെന്ന് മറ്റൊരു വിഭാഗവും ശക്തിയായി സമ്മർദം ചെലുത്തുന്നുണ്ടത്രേ. കേശവന് തിരുവമ്പാടി കേശവന്‍ എന്നപേരിലാണ് പ്രസിദ്ധി. ഗംഗാധരന്‍ തൃശ്ശൂരില്‍ എത്തിയിട്ട് ഒരു വര്‍ഷമായിട്ടില്ല. ഇവന്‍ ബിഹാറുകാരനാണ്. കേശവനാകട്ടെ തിരുവമ്പാടി ഭാഗത്ത് ഒന്നാം സ്ഥാനക്കാരനായി നിലയുറപ്പിച്ചിട്ട് രണ്ടുമൂന്ന് കൊല്ലമായി.....

കരിമരുന്ന് നിറച്ച ആശങ്ക

തൊണ്ണൂറ് വര്‍ഷം മുമ്പുള്ള വെടിക്കെട്ട് റിപ്പോര്‍ട്ട് ഇങ്ങനെ....’വെടിക്കെട്ട് ഇരുഭാഗത്തും ധാരാളമുണ്ടായിരുന്നു. എങ്കിലും പാറമേക്കാവുകാരുടെ ഭാഗത്ത് കുറച്ചധികം കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നു എന്നുതന്നെ സമ്മതിക്കണം. എട്ടു നിലയില്‍ അമിട്ടു പൊട്ടിച്ചു എന്ന മഹിമ തിരുവമ്പാടിക്കാര്‍ക്കു തന്നെയാണ് ഉള്ളത്...’

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വെടിക്കെട്ടിലെ ആശങ്കകള്‍ വാനിലേക്കുയര്‍ന്നു. മാലപ്പടക്കത്തിന്റെ പേരില്‍ ഇന്നുള്ള ആശങ്കപോലെ തന്നെ അന്നും കരിമരുന്നില്‍ ആശങ്ക നിറച്ചിരുന്നു.

1959-ലെ വാര്‍ത്ത ഇങ്ങനെ...

പൂരത്തിന് മുന്‍കരുതലുകള്‍

വെടിക്കെട്ടു നിര്‍മാണം സംബന്ധിച്ച നിബന്ധന

(സ്വന്തം ലേഖകന്‍)

തൃശ്ശൂര്‍, ഏപ്രില്‍ 17

പൊട്ടാസ്യം, പനോലയും മാത്രം ചേര്‍ത്തോ, അവ മറ്റു സാധനങ്ങളോട് ചേര്‍ത്തോ ഉണ്ടാക്കുന്ന വെടിക്കെട്ടുകളില്‍നിന്ന്‌ അപകടമുണ്ടായേക്കാനിടയുള്ളതുകൊണ്ട് തൃശ്ശൂര്‍ പൂരത്തിന് അത്തരം വെടിക്കെട്ടുകള്‍ ഉണ്ടാക്കുകയോ കത്തിക്കുകയോ ചെയ്യുന്നതിനെ നിരോധിച്ചു കൊണ്ട് തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി റീജണല്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസില്‍നിന്ന്‌ ഇവിടെ അറിയിച്ചിരിക്കുന്നു.

1970-ലെ തൃശ്ശൂര്‍പൂരത്തിന്റെ റിപ്പോര്‍ട്ടില്‍ വെടിക്കെട്ടിനെകുറിച്ച് പറയുന്നതിങ്ങനെ. ‘പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിക്ക് തീകൊടുത്ത വെടിക്കെട്ട് കിടിലം കൊള്ളിക്കുന്നതായിരുന്നു. ഇരുഭാഗക്കാരുടെയും ‘ഫിനിഷിങ്’ പൊറുക്കാനാവാത്ത വിധം ഉഗ്രമായിരുന്നു. തുരുതുരെ ഗുണ്ടുകള്‍ അന്തരീക്ഷത്തിലുയര്‍ന്നു. കണ്ണഞ്ചിക്കുന്ന മിന്നലോടും ഇടിമുഴക്കത്തോടും പൊട്ടിത്തെറിച്ചപ്പോള്‍ ഇതവസാനിച്ചാല്‍ മതി എന്ന തോന്നലാണുണ്ടായത്. കെട്ടിടങ്ങള്‍ കിടന്നു കുലുങ്ങി, ഓടുകള്‍ സ്ഥാനം തെറ്റി ചിതറി, ചുമരുകളിലെ കുമ്മായം അടര്‍ന്നു വീണു.

ഇരുപക്ഷത്തുമായി ഉദ്ദേശം അമ്പതിനായിരം ക. വെടിക്കെട്ടിനു മാത്രം ചെലവു വന്നു എന്നു പറഞ്ഞാല്‍ അതിന്റെ ഗൗരവം ഊഹിക്കാമല്ലോ. രണ്ടുലക്ഷത്തോളം പടക്കങ്ങളാണ് പൊട്ടിച്ചിതറിയത്.

തെക്കോട്ടുള്ള ഇറക്കസമയത്ത് പാറമേക്കാവ് ഭാഗത്തുനിന്നും പൊട്ടിച്ച ഒരു ഗുണ്ടില്‍ നിന്ന്‌ രണ്ടു വെള്ളപ്രാവുകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നത് തൃശ്ശൂരില്‍ ഇദംപ്രഥമമായ ഒരു കാഴ്ചയായിരുന്നു.’

റെയില്‍വേയുടെ പൂരപ്പരസ്യം

ഇന്ത്യന്‍ റെയില്‍വേയ്ക്ക് നല്ലൊരു വരുമാനവഴിയായിരുന്നു തൃശ്ശൂര്‍ പൂരം. തീവണ്ടിയാത്രക്കാര്‍ കുറവായിരുന്ന അക്കാലത്ത് തൃശ്ശൂര്‍പൂരം കാണുന്നതിന് ജനങ്ങളെ പരസ്യം കൊടുത്ത് ആകര്‍ഷിക്കുന്ന പതിവ് റെയില്‍വേക്കുണ്ടായിരുന്നു.

1929-ല്‍ ഇറങ്ങിയ പരസ്യം ഇങ്ങനെ.

തീര്‍ഥയാത്രവഴി

അതികേമമായ പൂരാഘോഷം

തൃശ്ശിവപേരൂരില്‍

(18-4-29 മുതല്‍ 20-4-29 വരെ)

വെടിക്കെട്ട്

അനവധി ആനകള്‍

---------------

തെന്‍ഇന്ത്യാ റെയില്‍വേ കമ്പനി ലിമിറ്റഡ്

(ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തത്)

1934 ലെ മറ്റൊരു പരസ്യം ഇങ്ങനെ;

----------

തൃശ്ശൂരിലെ

പൂരമഹോത്സവം

------------

23-4-34 മുതല്‍ 27-4-34 വരെ

പൂരം...25-4-34

തൃശ്ശൂരിലെ അഖിലഭാരത സ്വദേശി പ്രദര്‍ശനം

ഏപ്രില്‍ 20ഉം 30-ഉം തീയതിക്കുള്ളില്‍

ഇവ ചെന്ന് കാണുക

തെന്‍ഇന്ത്യാ റെയില്‍വേ കമ്പനി, ക്ലിപ്തം

(ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തത്‌)

1966 ആയപ്പോഴേക്കും തൃശ്ശൂര്‍ പൂരത്തിനായി ഷൊറണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പ്രത്യേക തീവണ്ടികള്‍ റെയില്‍വേ ഓടിച്ചിരുന്നു.

ഗാന്ധിജിയും തൃശ്ശൂര്‍പൂരവും

അപൂര്‍വസമയങ്ങളില്‍ മാത്രമാണ് തൃശ്ശൂര്‍പൂരം അതിന്റെ ആഡംബരമെല്ലാം അഴിച്ചുവെച്ചിട്ടുള്ളത്. അതിലൊന്ന് ഗാന്ധിജിയുടെ മരണത്തെ തുടര്‍ന്ന് 1948-ല്‍ ആയിരുന്നു. അന്നത്തെ പത്രം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

തൃശ്ശൂര്‍ പൂരാഘോഷം അനാഡംബരമായി നടത്തപ്പെട്ടു

തൃശ്ശൂര്‍, ഏപ്രില്‍ 20

ബാപ്പുജിയുടെ അകാലവിയോഗത്തില്‍ അനുശോചിച്ച്, ഇക്കൊല്ലത്തെ തൃശ്ശൂര്‍പൂരം ഇന്നലെ അനാഡംബരമായി, ചടങ്ങുകള്‍ മാത്രമായി നടത്തപ്പെടുകയാണുണ്ടായത്..പാറമേക്കാവു പൂരവും തിരുവമ്പാടിപൂരവും മാമൂലിനെ ലംഘിച്ച്‌ ഒന്നിച്ചാണ് ഇക്കൊല്ലം തെക്കേഗോപുരം നടകടന്നത്.

സ്വ.ലേ.

ഗാന്ധിജി വധിക്കപ്പെട്ടിട്ട് അന്നേക്ക് മൂന്ന് മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളു. യുദ്ധകാലങ്ങളിലും ഇത്തരത്തില്‍ പൂരം അനാഡംബരമായി നടത്തിയിട്ടുണ്ട്.

പൂരക്കൊയ്ത്ത്

തൃശ്ശൂര്‍ പൂരമെന്നത് സാമ്പത്തിക ചെലവ് മാത്രമല്ല വരവും കൂടിയായിരുന്നു. പണചക്രത്തിന്‌ ആവോളം ആവേഗം പകരുന്നതായിരുന്നു ഒരു പൂരക്കാലം.

അരനൂറ്റാണ്ട് മുമ്പത്തെ പത്രറിപ്പോര്‍ട്ടിലെ വരികള്‍ ഇങ്ങനെ കച്ചവടക്കാരുടെ ‘പൂരം കൊയ്ത്ത്’ വമ്പിച്ചതായിരുന്നു എന്നാണ് പറയപ്പെടുന്നത്. എല്ലാറ്റിനും പറയുന്ന വിലയായിരുന്നു. രണ്ടര ഉറുപ്പിക സാധാരണ ചാര്‍ജ്ജുള്ള ഒരു മുറിക്ക് ഇന്നലെ വാടക 25 ക. യായിരുന്നു. വെടിക്കെട്ട് കാണാന്‍ ഒരു കസേര ഇട്ടു കൊടുത്തതിന് 10 ക. വരെ വാങ്ങിയവരുണ്ട്.

പ്ലേഗുകാലത്തെ പൂരം

പ്ലേഗ് ബാധ രൂക്ഷമായ കാലത്തും പൂരം നടന്നിട്ടുണ്ട്. പക്ഷേ, പ്ലേഗ് പകരുമെന്നതിനാല്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കിയിരുന്നു. 1945- ലെ പത്രത്തില്‍ വന്ന പരസ്യം ഇങ്ങനെ.

‘തൃശ്ശൂര്‍ പട്ടണം പ്ലേഗ്‌ ബാധയില്‍ നിന്ന് ഒഴിവായതായി ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടില്ലെന്ന്‌ പൊതുജനങ്ങളെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. അതുകൊണ്ട് 1120 മേടം 10- ന് നടക്കാന്‍ പോകുന്ന തൃശ്ശൂര്‍ പൂരത്തിന് ആളുകള്‍ സംബന്ധിക്കുന്നത്‌ ഗുണകരമല്ലെന്ന് അവരെ അറിയിച്ചു കൊള്ളുന്നു. പ്ലേഗ് നിവാരണ കുത്തിവെപ്പ്‌ വേണ്ടവര്‍ക്ക്, അതിനാവശ്യമായ സൗകര്യങ്ങള്‍ ഏതായാലും ചെയ്തിട്ടുണ്ട്. ഈ ആവശ്യത്തിനായി ടൗണില്‍ രണ്ടു സൗകര്യമുള്ള കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ടൗണ്‍, പ്ലേഗ് ബാധയില്‍ നിന്ന് ഒഴിവായതായി പ്രഖ്യാപിക്കുന്നത് വരെ സാമാനങ്ങള്‍ക്ക് സൈനൊഗാസ് തളിക്കുന്നത് തുടരുന്നതായിരിക്കും.

ഇന്‍ഫോര്‍മേഷന്‍ ആഫീസര്‍

കൊച്ചി ഗവമ്മേണ്ട്

കാലങ്ങള്‍ കൊണ്ട് പൂരവാര്‍ത്തകളിലുണ്ടായ മാറ്റവും പത്രത്താളുകളില്‍ കാണാം. പൂരദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍നിന്ന്‌ പൂരത്തിന് മുമ്പുള്ള റിപ്പോര്‍ട്ടിങ്ങിലേക്ക് അരനൂറ്റാണ്ട് മുമ്പ് തന്നെ കടന്നിരുന്നു. എഴുപതുകളിലേക്ക് കടന്നതോടെ ഭാഷയിലും നിറഞ്ഞു, നെറ്റിപ്പട്ടവും മുത്തുക്കുടയും ആഡംബരവും അലങ്കാരവുമെല്ലാം. ഇന്ന് പൂരവാര്‍ത്തകള്‍ പതിനഞ്ച് നാള്‍ മുന്നേവരെ നല്‍കിത്തുടങ്ങിയിരിക്കുന്നു. പൂരത്തില്‍ തുടങ്ങി പൂരത്തില്‍ തീരുന്ന കലണ്ടറിലേക്ക് കാലം മാറി.

Content Highlights: Thrissur Pooram 2019 flash back memory Mathrubhumi