തൃശ്ശൂർ: താളത്തിരമാല ഇരമ്പിയാർത്ത മാസ്മരികലഹരിയിൽ ഇലഞ്ഞിത്തറമേളം പൂത്തുലഞ്ഞു. ആവേശപ്പൊലിമയിൽ മുൻകൊല്ലത്തേക്കാൾ ഒരുപടി മുന്നിട്ടുനിന്നു ഇലഞ്ഞിത്തറമേളം എന്നു വിശേഷിപ്പിച്ചാൽ അത് അധികമാവില്ല. പ്രമാണി എത്താൻ പത്തുമിനിറ്റ് വൈകിയെങ്കിലും പിന്നീടുള്ള മേളസഞ്ചാരം അതിശയിപ്പിക്കുന്നതായിരുന്നു. മേളം തീർന്നപ്പോൾ പെരുവനം കുട്ടൻമാരാർ എന്ന പ്രമാണി കയറിയത് ഒരു റെക്കോഡിലേക്കും. ഇലഞ്ഞിത്തറമേളത്തിന് ഏറ്റവും കൂടുതൽ തവണ പ്രാമാണ്യം വഹിച്ച പരിയാരത്ത് കുഞ്ഞൻമാരാരുടെ ഇരുപത്‌ തവണയെന്ന റെക്കോഡാണ് പെരുവനം മറികടന്നത്.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് തെല്ലൊരു വിശ്രമമെടുത്തശേഷം, കുട്ടൻമാരാർ ഇലഞ്ഞിച്ചോട്ടിലെത്തുമ്പോഴേക്കും കേളത്ത് അരവിന്ദാക്ഷൻമാരാരുടെ നേതൃത്വത്തിൽ വിളംബകാലത്തിലെ രണ്ട്‌ കലാശം കഴിഞ്ഞിരുന്നു. പാറമേക്കാവിനു മുന്നിൽനിന്ന് ആശുപത്രിയിലേക്ക് പോയതാണ് കുട്ടൻമാരാർ. 225-ഓളം വരുന്ന മേളക്കാർക്ക്, അദ്ദേഹം എത്തുമെന്നുമാത്രമേ അറിയിപ്പുണ്ടായിരുന്നുള്ളൂ. എന്നാൽ, എപ്പോഴെത്തും എന്നൊരു സൂചനയും ഇല്ലായിരുന്നു. വിളംബകാലത്തിലെ കൊട്ടുമായി മേളക്കാർ എല്ലാവരും നിരന്നപ്പോഴേക്കും പെരുവനം എത്തുകയായിരുന്നു.

അതോടെ ആസ്വാദകരിലും മേളക്കാരിലും ആഹ്ലാദം നിറഞ്ഞു. 2.45-ഓടെ പെരുവനത്തിന്റെ നേതൃത്വത്തിൽ മേളം തുറന്നുപിടിച്ചു. പിന്നെ ഉച്ചസ്ഥായിലേക്കുള്ള സഞ്ചാരമായിരുന്നു.

അടിച്ചുകലാശം, എടുത്തുകലാശം, തകൃതകൃതകലാശം, ഇടകാലം, മുട്ടുമ്മേൽ ഇരുത്തിയ കലാശം എന്നിവയിലൂടെ പാണ്ടിമേളത്തിന്റെ സൗന്ദര്യം പെരുവനവും സംഘവും ഇലഞ്ഞിച്ചോട്ടിൽ വരച്ചിട്ടു.

നാലേകാലിനുശേഷം വീണ്ടും തകൃതകൃതകലാശം. കുഴമറിഞ്ഞ കാലത്തിലേക്ക് മേളമെത്തിയതോടെ അതുവരെ തലയാട്ടിയും കൈയാട്ടിയും താളം പിടിച്ചും നിന്നവർ താളത്തിനൊത്തുതുള്ളാനും തുടങ്ങി. ഇലഞ്ഞിച്ചോട്ടിലാകെ ഒരു താളത്തിരമാല അലയടിച്ചു.

അൽപ്പമൊന്ന് കുനിഞ്ഞ് മുഖത്ത് മേളഗാംഭീര്യം വരുത്തി പെരുവനവും സംഘവും ഒരു അദൃശ്യതരംഗമായി കാണികളിലേക്കു കടന്നുകയറി. മുൻകൊല്ലങ്ങളിൽനിന്നുള്ള വ്യത്യസ്തത അതായിരുന്നു. പെരുവനത്തിൽനിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയ തൃപ്തിയായിരുന്നു മേളം തീർന്നപ്പോൾ എല്ലാവർക്കും. അഭിനന്ദിക്കാൻ എത്തിയവരോട് ‘ഗംഭീരമായില്ലേ..’ എന്ന് മറുചോദ്യം പെരുവനം ചോദിച്ചു. മേളം തകർപ്പനായി എന്ന് അദ്ദേഹത്തിന്റെ മനസ്സ്‌ പറയുന്നു എന്നതിന്റെ തെളിവായി അത് മാറി. ഒരുഘട്ടത്തിലും പിന്നാക്കംപോകാത്ത മേളം എന്ന ഖ്യാതിയും ഇത്തവണത്തെ ഇലഞ്ഞിത്തറമേളത്തിന് അവകാശപ്പെടാം.

കേളത്ത് അരവിന്ദാക്ഷൻമാരാരും പെരുവനം സതീശൻമാരാരും പെരുവനത്തിന്റെ സഹപ്രമാണിമാരായി ഇടത്തും വലത്തും ഉണ്ടായിരുന്നു. കുറുംകുഴലിൽ വെളപ്പായ നന്ദൻ, ഊരകം അനിൽ, കുറ്റുമുക്ക് ശിവൻ, കൊമ്പിൽ കുമ്മത്ത് രാമൻകുട്ടിനായർ, മച്ചാട് രാമചന്ദ്രൻ, കിഴക്കുംപാട്ടുകര കുട്ടൻ, വലംതല ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, കിഴക്കൂട്ട് കൃഷ്ണൻ, വയലൂർ സുകുമാരൻ, ഇലത്താളത്തിൽ കുമ്മത്ത് നന്ദനൻ, തോന്നൂർക്കര ശിവൻ, പരയ്ക്കാട് ബാബു എന്നിവർ നേതൃത്വം നൽകി.

Content Highlights:Thrissur Pooram 2019 Elenjithara Melam Peruvanam Kuttan Marar