തൃശ്ശൂർ:  വര്‍ണമേളങ്ങള്‍, വിസ്മയക്കാഴ്ചകള്‍, ശബ്ദഘോഷങ്ങള്‍ ഒടുവില്‍ ചെറുകണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വവും വിവാദങ്ങളും മാറ്റിനിര്‍ത്തിയാല്‍ ആവേശകരമായ ഒരു പൂരത്തിന്കൂടിയാണ് പരിസമാപ്തിയാകുന്നത്. ഇനി പകല്‍ പൂരത്തിന്റെ ഭാഗമായുള്ള പകല്‍ വെടിക്കെട്ടുകൂടി മാത്രമാണ് നടക്കാനുള്ളത്. 

അടുത്ത പൂരത്തിനു കാണാമെന്ന് പറഞ്ഞ് ആസ്വാദകര്‍ പരസ്പരം അഭിവാദ്യം ചെയ്ത് മടങ്ങുന്ന കാഴ്ചയാണ് കാണാനുള്ളത്. കെട്ടിപ്പിടിച്ച് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന നിരവധി ചിത്രങ്ങള്‍ ഇവിടെ പിറന്നു. നിലത്തിറങ്ങി നടക്കാനും ഇത്തിരി വിയര്‍ക്കാനുമെല്ലാമുള്ള വിമുഖത മലയാളി കൈവിടുന്ന ഒരുസ്ഥലം പൂരപ്പറമ്പാണെന്ന കാര്യത്തില്‍ ഒരുവട്ടം പൂരംകൂടിയവര്‍ക്ക് സംശയം കാണില്ല. വിയര്‍ത്തുകുളിച്ച് പൊരിവെയില്‍ കൊണ്ട് പൂരപ്പറമ്പിലൂടെ വെറുതെ ചുറ്റിക്കറങ്ങാനുമുണ്ടായിരുന്നു വന്‍ ജനം. 

വാഹനസൗകര്യമില്ലെങ്കില്‍ മറ്റെവിടേക്കും പോകാന്‍ മടിക്കുന്നവരാണ് സ്വരാജ് റൗണ്ടിന്റെ മൂന്നുകിലോമീറ്റര്‍ ദൂരം പലവട്ടം കറങ്ങിയത്. പൂരപ്പറമ്പില്‍ എവിടെത്തിരിഞ്ഞാലും വിസ്മയിക്കാന്‍ മാത്രമെ നേരംകാണു. തലകുലുക്കിവരുന്ന കൊമ്പനെ ആയിരം വിസ്മയക്കണ്ണുകള്‍ എതിരേല്‍ക്കുന്നത് എവിടെത്തിരിഞ്ഞാലും കാണാം.  

കണ്ണുകൊണ്ടുള്ള അളവുകളില്‍ ആനസൗന്ദര്യം മുഴുവന്‍ വിലയിരുത്തി. എഴുന്നള്ളിനില്‍ക്കുന്ന കൊമ്പനെ കാണുമ്പോള്‍ മറ്റൊരു വിസ്മയമാണ് കണ്ണുകളില്‍ വരിക. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ കാര്യത്തില്‍ അതിത്തിരി കടന്നുപോവുകയും ചെയ്തു. ഒടുവില്‍ പൂരവിളംബരത്തിന്റെ അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെ കാണാനായി മാത്രം ആരാധകര്‍ അണമുറിയാതെ എത്തിയതോടെ പൂരചരിത്രത്തില്‍ മറ്റൊരു ഏടുകൂടി എഴുതി ചേര്‍ക്കപ്പെട്ടു. 

പൂരം സുരക്ഷിതമാക്കാനായി ജോലിചെയ്തത് മുവ്വായിരത്തോളം പോലീസുകാര്‍. നഗരത്തിലെ എല്ലാറോഡുകളിലും പോലീസിന്റെ സാന്നിധ്യം  ഉണ്ടായിരുന്നു. വനിതാപോലീസുകാരെയും ഇറക്കി. പൂരത്തിനുവഴിയൊരുക്കി ആളുകളെ മാറ്റാനും കുഴഞ്ഞുവീഴുന്നവര്‍ക്കു കൃത്യസമയത്തു വൈദ്യസഹായം ലഭ്യമാക്കാനും ഇവര്‍ പരിശ്രമിച്ചു. ഇവര്‍ക്കുപുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വിജയകരമായി പൂരം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. 

Content Highlights: Thrissur Pooram 2019 Concluded