രുനൂറ്റി ഇരുപത്തിരണ്ടാം പൂരം ഇന്ന്. സോമവാരവ്രതം നോറ്റെത്തുന്ന പകല്‍പാര്‍വതിക്ക് പതിവിലേറെ മുഖപ്രസാദം.
ആദ്യപൂരം ആറാട്ടുപുഴ പൂരമാണെങ്കിലും ആദ്യന്തപൂരം തൃശ്ശിവപേരൂര്‍ പൂരംതന്നെ. 'പുരം' എന്ന പദത്തിന്റെ വികാസമാണ് പൂരം! ഒരു ദേശം (പുരം) അല്ലെങ്കില്‍ പൗരന്‍ (ദേശവാസി) സ്വയം വികസിച്ച് യഥാക്രമം വിശ്വവും വിശ്വമാനവനുമാകുന്ന മഹാസംസ്‌കൃതിയാകുന്നു അത്. 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍' എന്ന് മഹാകവി 'പാലാ'യ്ക്ക് പാടാനായത് ഇതുകൊണ്ടാണ്. ഈ ഭൂമുഖത്തെ ഏറ്റവും ഹൃദയഹാരിയായ കാഴ്ചയായി അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ തൃശ്ശൂര്‍പൂരം സ്ഥാനം പിടിച്ചതും ഇങ്ങനെയാണ്. തൃശ്ശൂര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായതും ഇതേ കാരണത്താലാണല്ലോ.

തൃശ്ശിവപ്പേരൂര്‍ (തിരുശിവ പേര് ഊര്) ആണ്, നീട്ടിപ്പിടിച്ചു പറയുന്ന തൃശ്ശൂര്‍ ഭാഷക്കാര്‍ കുറുക്കിയെടുത്ത് തൃശ്ശൂരാക്കിയത്. ശിവന്റെ, സാക്ഷാല്‍ വടക്കുംനാഥന്റെ വന്ദ്യഭൂമികയാണ് ഇത്. ശിവന്‍ താണ്ഡവനാകുന്നു, താളമാകുന്നു, തദ്വാരാ 'ത്രിപുട'യുമാകുന്നു. ശിവതാളസ്പന്ദനമില്ലാത്തതത്രയും ഈ പ്രപഞ്ചത്തില്‍ 'ശവതാള സ്തംഭന'മാകുന്നു! 'ശിവേതരം സര്‍വം ശവം' -നിശ്ചേതനം എന്നര്‍ഥം.

ഒരു പുരാവൃത്തം പകര്‍ത്താം -'പൂര്‍ണ താള'മായി ഈ പൂരമാസ്വദിക്കാന്‍. കൈലാസമാണ് വേദി. താണ്ഡവമാണ് നൃത്തം. നടരാജനാണ് നര്‍ത്തകന്‍. ശൂരപദ്മാവ് എന്ന ഒരു ശൈവന്‍ ഭഗവാന്റെ കൈയിലെ കടുന്തുടി ആഗ്രഹിച്ചു, അപേക്ഷിച്ചു. തുടികൊട്ടാനനുവദിച്ച് തന്നെയുംകൂടി ശിവതാണ്ഡവത്തില്‍ പങ്കുചേരാനനുവദിക്കണമെന്ന് യാചിച്ചു. ഭഗവാന്‍, കടുന്തുടിയുടെ കഥ കേള്‍പ്പിച്ച്, ഇത് തനിയ്ക്കല്ലാതെ മറ്റാര്‍ക്കും തൊടാനോ പ്രയോഗിക്കാനോ പാടില്ലെന്നറിയിച്ച്, തുടിരൂപത്തില്‍ ഒരു വാദ്യോപകരണം നിര്‍മിച്ചുകൊണ്ടുവരാന്‍ ശൂരപദ്മാവിനോട് ആവശ്യപ്പെട്ടു. തുടി നീണ്ടതുപോലെയുള്ള ഒരെണ്ണമുണ്ടാക്കി അദ്ദേഹം ശിവനു മുന്നിലെത്തി. നാദശരീരനായ ശങ്കരന്‍, ഉപകരണത്തിന്റെ ഉദരത്തില്‍ തന്റെ ഇടംകൈവിരലാല്‍ ഒരു ചെറുദ്വാരമിട്ട് കൊട്ടിനോക്കിയപ്പോള്‍ 'ഓം'കാരം ധ്വനിച്ച 'തോം' നാദം ജനിച്ചുവത്രെ!

'ധിമി-ല' (തിമില) എന്നു പേരിട്ട് ഈ വാദ്യയന്ത്രം തന്റെ ഭക്തോത്തമനായ ശൂരപദ്മാവിന് നല്‍കി അനുഗ്രഹിച്ചു ശിവപ്പെരുമാള്‍. ആനന്ദതുന്ദിലനായ അദ്ദേഹം 'മൃത്യുഞ്ജയ ഹരഹര ശംഭോ' എന്ന് സ്തുതിച്ച് ഭഗവദ്പാദങ്ങളില്‍ പ്രണമിച്ചു. അപ്പോള്‍ ഇതുതന്നെയാണ് ഇതിന്റെ താളം-'ത്രിപുട'-എന്ന് താളഭൈരവന്‍ പറഞ്ഞുകൊടുത്തു. സാക്ഷാല്‍ പരമേശ്വരനില്‍നിന്ന് ശൂരപദ്മാവിലൂടെ ഈ ഭൂമിയിലെത്തിയ തിമിലയില്‍ അന്നമനടത്രയത്തിലെ ആചാര്യനും പഞ്ചവാദ്യത്തിന്റെ വാല്മീകിയുമായ പരമേശ്വരമാരാര്‍ വിദ്വല്‍ പ്രയോക്താവും വിസ്മയവക്താവുമൊക്കെയായത് 'പരമേശ്വരത്വ'ത്തിന്റെ യാദൃച്ഛികതയുടെ താളവിസ്മയമായിരിക്കുന്നു.

Thrissur Pooram'താണ്ഡവ'ത്തിന്റെ 'താ'യും 'ലാസ്യ'ത്തിന്റെ (ശ്രീപാര്‍വതിയുടെ ശൃംഗാരനൃത്തം) അര്‍ധനാരീശ്വരഭാവത്തില്‍ സമന്വയിച്ച് 'താളം' ഉണ്ടായി എന്നുണ്ടല്ലോ. വര്‍ത്തമാനകാലവായ്ത്താരിയായ 'സ്ത്രീ- പുരുഷ സമതയുടെ ആദിതാളമല്ലേ ഈ 'ശിവപുരാണ'വൃത്തം. അങ്ങനെ എണ്ണുമ്പോള്‍, 'ശിവതാളം' തന്നെയാണ് ഈ പൂരവും പൂരമെന്ന പൂര്‍ണതാളവും.

ഓരോന്നായി നോക്കുമ്പോള്‍, ഇന്ന് ഈ പുതുപൂരം കൂടുമ്പോള്‍ ഇവിടെ എട്ട് ഘടക പൂരങ്ങളും പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥനെ സാക്ഷിയാക്കി വന്നുപോകുമ്പോള്‍, സ്വരാജ്‌റൗണ്ടിലൂടെയാകുമ്പോള്‍ അത് വിശ്വനാഥന്റെ ഭ്രമണതാളമുണര്‍ത്തുന്നുണ്ട്. 

ഇടകാലശേഷം ഇടയ്ക്ക-തിമില-മദ്ദളവാദനങ്ങള്‍ പഞ്ചവാദ്യത്തിന്റെ തനിയാവര്‍ത്തന താളമാകുന്നു. ഇടന്തല-വലന്തല-ഇലത്താളാദികള്‍ ഇലഞ്ഞിപ്പൂ പൊഴിക്കുന്ന മേളം 'അടന്താദ്ഭുത'മാകുന്നു. 'ആ'കാരമായി ദീര്‍ഘിച്ച് ആകാരം പൂണ്ട ആനയും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പൂരത്തിനിടയില്‍ കണ്ട 'ആനയാന'യുമെല്ലാം 'ഗജരാജവിരാജിത മന്ദഗതി'യുടെ 'തോടകവൃത്ത' നൃത്തതാളമാകുന്നു. ആലവട്ടം ഉയരുന്നതാകട്ടെ ആനപ്പുറത്തുള്ള താളവട്ടവും. മൂന്നുകുറി വെഞ്ചാമരം ഉയര്‍ന്നു താഴുമ്പോള്‍ ഉള്ള അലങ്കാരക്കുടമാറ്റത്തില്‍ ശക്തന്‍ തമ്പുരാന്റെ രാജകീയ ഛത്രതാളം, ചാമരതാളം.

തെക്കോട്ടിറക്കത്തില്‍ വൈലോപ്പിള്ളി ദര്‍ശിച്ച, പൂരം പൂത്തുലയുന്ന വൈചിത്ര്യ ചൈത്രതാളം. മേടച്ചൂടില്‍ തലപഴുത്തു തളര്‍ന്നവരില്‍ താലവൃന്ദതാളം. നിലപ്പന്തല്‍ നാലിലും നക്ഷത്രദീപജാലതാളം. രാപ്പൂരം വരവില്‍ തനിയാവര്‍ത്തനതാളം. പടക്കം, പകിരി, ഗുണ്ട്, കുഴിമിന്നി, അമിട്ട്, ഡൈന എന്നിങ്ങനെ ക്രമാല്‍ പൊട്ടിക്കേറുന്ന കേറ്റത്തില്‍ 'കാട്ടാളന്‍ ജോസി'ന്റെ രൗദ്രതാളം. അക്ഷരശ്ലോക അരങ്ങില്‍ സംസ്‌കൃതവൃത്തസാഹിതീതാളം. കൂടിപ്പിരിയലിലോ അടുത്ത പൂരത്തിന് കാണാമെന്ന അഭിലാഷതാളം! ഇരുകൂട്ടര്‍ക്കും അവരവരുടെ പൂരം അതികേമമെന്ന അവകാശതാളം.

Content Highlights: Thrissur Pooram 2019