ജന്മംകൊണ്ട്‌ തൃശ്ശൂർക്കാരനല്ലെങ്കിലും കർമംകൊണ്ടും ‘വാസനാവൈകൃതം’കൊണ്ടും ഞാനിന്ന്‌ ഇന്നാട്ടുകാരനാണ്‌. ആയുസ്സിന്റെ പകുതിയിലധികം (32 വർഷം) തൃശ്ശൂർ ‘പൗരനാ’യും അഞ്ചുവർഷം വിദ്യാർഥിയായും കഴിച്ചുകൂട്ടിയത്‌ ഈ തൃശ്ശൂർ മണ്ണിൽത്തന്നെ. അങ്ങനെ നോക്കുമ്പോൾ മൊത്തം 37 വർഷം.

ഉള്ളിൽ അൽപ്പം പൂരാസ്വാദനവാസനയുണ്ടെങ്കിൽ ഒരു തൃശ്ശൂർ പൂരക്കമ്പക്കാരനായി മാറാൻ ഈ കാലയളവ്‌ ധാരാളം മതിയാകുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഇപ്പോൾ ലോകത്തെ എട്ടാമത്തെ അദ്‌ഭുതമായി വിശേഷിപ്പിക്കപ്പെടുന്ന തൃശ്ശൂർ പൂരം ആദ്യമായി കാണുന്നത്‌ പ്രീഡിഗ്രി അവധിക്കാലത്താണ്‌. നാട്ടിൽ (മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ) അവധിക്കാലം ചെലവഴിക്കാൻ വീട്ടിലെത്തുമ്പോൾ.

സ്‌കൂൾ പഠനകാലത്ത്‌ നാട്ടിലെ പൂരം, വേല, നേർച്ച, ചെണ്ടമേൽ കോലുവീഴുന്ന മറ്റ്‌ ഏതാഘോഷവും നടക്കുന്നിടത്തൊക്കെ ഒരു വിലക്കും കൂടാതെ കൂട്ടുകാരുമൊത്ത്‌ ഓടിയെത്തുമായിരുന്നു. ഇവിടങ്ങളിലെ യന്ത്രഊഞ്ഞാൽ, ഹൽവ, ഇൗത്തപ്പഴം, മിഠായി സ്റ്റാളുകൾ, മാജിക്‌ പ്രദർശനം, ചില്ലറ സർക്കസ്‌ അഭ്യാസം, നൃത്തങ്ങൾ, കരിങ്കാളി-പൂതൻ-മൂക്കൻ ചാത്തൻ, ചെണ്ടമേളം, ചെറിയതോതിലുള്ള വെടിക്കെട്ട്‌ തുടങ്ങിയവ കണ്ടുനടന്നിരുന്ന എന്നിൽ, വൈദ്യുതദീപാലങ്കാരങ്ങളും വർണവൈവിധ്യങ്ങളും നിറഞ്ഞ തൃശ്ശൂർ പൂരപ്പറമ്പിലെ എക്സിബിഷൻ കാഴ്ച കൗമാരവിസ്മയമുണർത്തി. ഒരു ഗ്രാമീണനായി ജനിച്ച എനിക്ക്‌ ഡിസ്‌നിലാൻഡിൽ ചെന്നെത്തിയതുപോലെയായിരുന്നു അന്ന്‌ പൂരം എക്സിബിഷൻ കാഴ്ചകൾ.

എക്സിബിഷൻ വിശദമായി നടന്ന്‌ കണ്ടുകഴിഞ്ഞാൽ പിന്നെ വെടിക്കെട്ടിന്റെ സമയം ആകുന്നതുവരെ ഏതെങ്കിലും ഒരു തിയേറ്ററിൽ കയറി സിനിമ കാണും. അത്‌ മലയാളമാണോ, തമിഴാണോ ഹിന്ദിയാണോ എന്നൊന്നും അന്ന്‌ നോക്കാറില്ല. വെടിക്കെട്ടായിരിക്കും അപ്പോഴൊക്കെയും മനസ്സിൽ തങ്ങിനിറഞ്ഞുനിൽക്കുക. സിനിമ കണ്ടുകഴിഞ്ഞശേം വെടിക്കെട്ട്‌ സൗകര്യപ്രദവും സുരക്ഷിതവുമായി കാണാൻ പറ്റിയ ഇടം കണ്ടുപിടിക്കാനുള്ള ബദ്ധപ്പാടിലായിരിക്കും. റൗണ്ടിൽ എവിടെയെങ്കിലും ഒതുങ്ങിനിന്ന്‌ വെടിക്കെട്ട്‌ അഥവാ മരുന്നുപണി കണ്ടും കേട്ടും ആസ്വദിച്ചശേഷം, കിട്ടുന്ന അടുത്ത ബസിന്‌ നാട്ടിലേക്ക്‌ സ്ഥലം വിടുമായിരുന്നു. ഒന്നുരണ്ട്‌ മണിക്കൂറിന്റെ യാത്ര. ആദ്യമായി തൃശ്ശൂർ പൂരം വെടിക്കട്ട്‌ കേട്ടപ്പോൾ എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയതിന്റെ കൃതാർത്ഥതയായിരുന്നു -ഉൾക്കിടിലമുണ്ടായിരുന്നുവെങ്കിലും.

തൃശ്ശൂരിൽ ബി.എ., എം.എ. വിദ്യാർഥിയായിരുന്ന കാലത്താണ്‌ പൂരം അതിന്റെ യാഥാർഥ സ്പിരിറ്റിൽ ആസ്വദിച്ചിരുന്നതെന്നും പറയാം. ഇന്നത്തേതിൽനിന്ന്‌ വ്യത്യസ്തമായി അന്ന്‌ ആൾക്കൂട്ടത്തിനിടയിൽ അവരിലൊരാളായി നടക്കുക ആവേശമായിരുന്നു.

അക്കാലത്ത്‌ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഞാൻ, പൂരക്കാലം വന്നണഞ്ഞാൽ എല്ലാദിവസവും വൈകീട്ട്‌ സുഹൃത്തുക്കളോടൊപ്പം തൃശ്ശൂർ സ്വരാജ്‌ റൗണ്ടിലും തേക്കിൻകാട്‌ മൈതാനത്തും ഉലാത്തുക പതിവായിരുന്നു. മിക്കവാറും പരീക്ഷക്കാലത്താണ്‌ പൂരാഘോഷം വന്നണയുകയെങ്കിലും പൂരം നാളുകളിലെ കറക്കവും തെണ്ടിനടക്കലുമൊന്നും പഠനത്തെ കാര്യമായി ബാധിക്കാതിരിക്കാൻ ഞങ്ങൾ ശദ്ധിച്ചു.

ഗൾഫിൽ ജോലിക്കുവേണ്ടി പാഴാക്കിയ ഏഴുവർഷക്കാലം തൃശ്ശൂർ പൂരം കാണാനുള്ള അവസരം തുടർച്ചയായി ഇല്ലാതാക്കി. അക്കാലത്ത്‌ ഇന്നത്തെപ്പോലെ ടി.വി. ചാനലുകൾ ഇല്ലാതിരുന്നതിനാൽ പൂരം പാടേ വിസ്മൃതിയിലാണ്ടുകഴിഞ്ഞിരുന്നു.

തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയശേഷം വന്ന ആദ്യത്തെ പൂരം, ആ പഴയകാല ആവേശം വീണ്ടും എന്നിലുണർത്തി. പൂരത്തിന്റെ പ്രധാനപ്പെട്ട ഇനങ്ങളൊന്നും വിട്ടുകളയാൻ മനസ്സുവരാതെ പൂരദിവസവും പിറ്റേന്നും തേക്കിൻകാട്‌ മൈതാനിയിലായിരുന്നു. പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും പിറ്റേദിവസത്തെ പാണ്ടിമേളവും പകൽവെടിക്കെട്ടും ഒന്നും വിടാതെ ആസ്വദിച്ചു.

പത്രപ്രവർത്തകനായി ജോലിയിൽ പ്രവേശിച്ചശേഷമാണ്‌ പൂരപ്പറമ്പും ചുറ്റുപാടുമെല്ലാം ചുറ്റിയടിക്കൽ ചുരുങ്ങിയത്‌. പ്രൂഫ്‌ റീഡറും സബ്‌ എഡിറ്ററുമായി ഡെസ്‌കിലായിരുന്നു പ്രവർത്തനമെന്നതിനാൽ, കറങ്ങാനുള്ള അവസരങ്ങൾ കുറവായിരുന്നു. എന്നാലൊരിക്കൽ വിദേശത്തുനിന്നെത്തിയ ആണും പെണ്ണുമടങ്ങുന്ന വിനോദസഞ്ചാരികളായ ചിലരെഅഭിമുഖം നടത്തി റിപ്പോർട്ട്‌ തയ്യാറാക്കാനുള്ള ചുമതല എന്നിൽ നിയുക്തമായി. ആ പൂരം നാൾ, അതിക്രൂരമായ ഏപ്രിൽ മാസത്തിലെ കൊടുംചൂടുള്ള ദിവസമായിരുന്നു. വിയർത്തുകുളിച്ച്‌, വിദേശികളെ തേക്കിൻകാട്ടിൽവെച്ചും അവർ താമസിക്കുന്ന ഹോട്ടലുകളിൽ ചെന്നും ഇന്റർവ്യൂ ചെയ്ത്‌ റിപ്പോർട്ട്‌ തയ്യാറാക്കി. അത്‌ എന്റെ പേരുവെച്ചുതന്നെ അടുത്തദിവസം പത്രത്തിൽ വന്നു. അതൊരു നല്ല അനുഭവമായിരുന്നു.

മുഴുസമയ വിവർത്തനത്തിനുവേണ്ടി പത്രസ്ഥാപനത്തിൽനിന്ന്‌ ദീർഘകാല അവധിയെടുത്ത്‌ ഇപ്പോൾ ഇരുപതുവർഷം പിന്നിട്ടു. ഈയിടെയായി സജീവമായ പൂരാസ്വാദനം കുറവാണ്‌. വെയിലാറിയുള്ള കുടമാറ്റമാണ്‌ സ്ഥിരമായി കാണുന്നത്‌. ഉറക്കമൊഴിയാൻ കഴിയാത്തതിനാൽ പുലർച്ചെയുള്ള വെടിക്കെട്ടും ഒഴിവാക്കി. എങ്കിലും വൈകുന്നേരങ്ങളിൽ പൂരപ്പറമ്പ്‌ ചുറ്റിയടിക്കൽ ഒരു സവിശേഷ അനുഭൂതിതന്നെയാണ്‌.

കൈനോട്ടക്കാരടക്കമുള്ള ഭാവിപ്രവാചകരുടെ കുത്തിയിരിപ്പും വഴിയോരത്തെ കച്ചവടക്കാരുടെ വിളിച്ചുകൂവലും നമ്മെ മധ്യകാലയുഗത്തിലെ ഏതോ സ്വപ്നലോകത്തേക്കാണ്‌ കൂട്ടിക്കൊണ്ടുപോകുന്നത്‌.

ഇൗയവസരത്തിൽ, ഈയടുത്തകാലത്ത്‌ പ്രസിദ്ധീകരിച്ച ‘ദി സൗണ്ട്‌ സ്റ്റോറി’ എന്ന ഫീച്ചർ ഫിലിമിനെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാതിരിക്കാൻ വയ്യ.

ഒാസ്‌കാർ അവാർഡ്‌ ജേതാവായ സൗണ്ട്‌ എൻജിനീയർ റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുകയും അഭിനയിക്കുകയുംചെയ്ത ‘ദി സൗണ്ട്‌ സ്റ്റോറി’ എന്ന സിനിമ തൃശ്ശൂർ പൂരത്തെ ആധാരമാക്കി ചിത്രീകരിച്ചതാണ്‌. കഴിഞ്ഞമാസം ചങ്ങരംകുളത്ത്‌ ഈ സിനിമയുടെ ഉദ്‌ഘാടനം നിർവഹിച്ച ആദരണീയനായ ചിത്രൻ നമ്പൂതിരിപ്പാട്‌, ഞങ്ങൾ ചില സുഹൃത്തുക്കളോട്‌ സംഭാഷണമധ്യേ വെളുപ്പെടുത്തിയ ചില കാര്യങ്ങൾ ഓർമവരുന്നു. തൃശ്ശൂർ പൂരം ശബ്ദത്തിന്റെ പൂരമാണെന്നും ദൃശ്യത്തിനല്ല പ്രാധാന്യം നൽകിയിരിക്കുന്നതെന്നുമാണ്‌ ആത്യന്തികമായി പൂക്കുട്ടി ചിത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്‌.

ദി സൗണ്ട്‌ സ്റ്റോറിയിൽ മുഖ്യമായും അഞ്ചിനങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നതെന്ന്‌ നമ്പൂതിരിപ്പാട്‌ പറഞ്ഞു. എല്ലാം ശബ്ദത്തിന്‌ പ്രാധാന്യമുള്ളത്‌. വെടിക്കെട്ട്‌, പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, പകൽവെടിക്കെട്ട്‌ (കുഴിമിന്നി- ഇത്‌ നിലത്തുവെച്ചുതന്നെ പൊട്ടുന്നതാണ്‌. മുകളിലേക്ക്‌ പോകുന്നില്ല), എക്സിബിഷൻ എന്നിവയാണവ. അമ്പതോ അറുപതോ കൊല്ലം മുമ്പുവരെ പൂരത്തിന്റെ ഒരു ഘടകമല്ലാതിരുന്ന എക്സിബിഷൻ ശബ്ദഘോഷങ്ങളുടെ ഒരു കേന്ദ്രമാണ്‌.

വിദേശികളെയടക്കം ആകർഷിക്കുന്ന പൂരച്ചടങ്ങുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായ വർണപ്പകിട്ടാർന്ന കുടമാറ്റത്തെ ദി സൗണ്ട്‌ സ്റ്റോറിയിൽനിന്ന്‌ ഒഴിവാക്കിയതിനുകാരണം അതിൽ ശബ്ദത്തിന്‌ സ്ഥാനമില്ല എന്നതായിരുന്നുവെന്ന്‌ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ആനകളും ബഹുവർണക്കുടകളും ഏതൊരു പൂരപ്രേമിയുടെയും ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണല്ലോ. വാസ്തവത്തിൽ ശബ്ദത്തിലൂടെ പൂരം ആസ്വദിച്ച്‌, ദൃശ്യാനുഭവങ്ങളുടെ അഭാവം അപ്രകാരം പരിഹരിക്കാം എന്ന ഒരു സന്ദേശംകൂടി ഈ ചിത്രം നൽകുന്നുണ്ട്‌.

പൂരം വിജയകരമായി നടപ്പാക്കുന്നതിനു പിറകിലെ അണിയറപ്രവർത്തകരിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരുമുണ്ട്‌. ജാതിമതഭേദമെന്യേ ലക്ഷക്കണക്കിനുപേർ ആഹ്ളാദാരവത്തോടെ സമ്മേളിക്കുന്ന, മതേതരത്വത്തിന്റെ ആഘോഷമെന്ന്‌ ലോകമെങ്ങും കേളികേട്ട, തൃശ്ശൂർ പൂരത്തിന്റെ വർണവൈവിധ്യവും ബഹുസ്വരതയും എക്കാലവും നിലനിൽക്കുമെന്നാണ്‌ പ്രതീക്ഷ.

Content Highlights: Thrissur Pooram 2019