വീണ്ടുമൊരു പൂരംകൂടി പിറക്കാൻ ഇനി അഞ്ചുനാൾ. പുലരിമുതൽ അടുത്തദിവസം ഉച്ചവരെ നീണ്ടുനിൽക്കുന്ന മേളവിസ്മയം. പൂരവിസ്‌മയത്തിലേക്ക്‌ ആറാടാൻ തേക്കിൻകാട്‌ മൈതാനത്തെത്തുന്നത്‌ പതിനായിരങ്ങൾ. എന്നാൽ ഇവർക്കുമുമ്പേ പൂരത്തിൽ ലയിച്ചലിയുന്ന കൂട്ടരുണ്ട്‌. പറഞ്ഞുവരുന്നത്‌ തേക്കിൻകാട്ടിലെയും വടക്കുന്നാഥക്ഷേത്രത്തിനകത്തെയും മരങ്ങളെക്കുറിച്ചാണ്‌.

തൃശ്ശൂരും പൂരവും അതിന്റെ ചരിത്രവും സംസ്‌കാരവുമെല്ലാം തേക്കിൻകാട്ടിലെ മരങ്ങളുമായി ഇഴചേർന്നുകിടക്കുന്നതാണ്. ഇലഞ്ഞിത്തറയും നായ്ക്കനാലും നടുവിലാലും മണികണ്ഠനാലുമെല്ലാം പൂരത്തിന്റെ ആത്മാവിന്റെ ഭാഗംതന്നെയാണ്. എണ്ണമറ്റ പൂരങ്ങളുടെ കാഴ്ചക്കാരാണ് വടക്കുന്നാഥനു മുന്നിലെ ഒരോ മരവും.

‘തേക്കിൻ’കാട്

കൊച്ചിൻ ദേവസ്വം ബോർഡാണ് മൈതാനത്തെ ഇന്നുകാണുന്ന തേക്കിൻകാടാക്കി മാറ്റിയത്‌. അന്നുനട്ട തേക്കുകളിൽപലതും അപ്രത്യക്ഷമായെങ്കിലും തേക്കിൻപെരുമ കൈവിടാതിരിക്കാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പ് മുന്നിട്ടിറങ്ങി. അവരാണ് ഇന്നുകാണുന്ന തേക്കിൻതൈകളിലധികവും നട്ടത്.

ഇലഞ്ഞിപ്പെരുമ

പൂരത്തിൽ ഒഴിച്ചുകൂടാനാവാത്ത മേളപ്പെരുപ്പത്തിന് സാക്ഷ്യം വഹിക്കുന്നത് വടക്കുന്നാഥനുമുന്നിലെ ഇലഞ്ഞിയാണ്. ഇപ്പോഴുള്ള ഇലഞ്ഞിക്ക് പത്തുവർഷത്തിനടുത്തേ പ്രായമുള്ളൂ. ദക്ഷിണേഷ്യയിലും വടക്കൻ ഓസ്‌േട്രലിയയിലുമാണ് ഇലഞ്ഞി സാധാരണയായി കാണപ്പെടാറുള്ളത്.

ഇലവിൻ മികവ്

തെക്കേഗോപുരനടയ്ക്കുസമീപമുള്ള ഇലവുമരം ദേശാടനപ്പക്ഷികളായ റോസി സ്റ്റാർലിങ്ങുകളുടെ ശിശിരകാല വസതിയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചുവപ്പുകുപ്പായമിടുന്ന ഇലവിന് നിറച്ചാർത്തേകുന്നതിൽ സ്റ്റാർലിങ്ങുകളുടെ പങ്ക് പ്രധാനമാണ്. കുടമാറ്റത്തിന്റെ വീറും വാശിയും കൺകുളിർക്കെ കാണാനുള്ള ‘തലപ്പൊക്ക’വുമായി തേക്കിൻകാടിന്റെ അടയാളമായി ഇലവ്‌ നിലകൊള്ളുന്നു.

വടക്കുന്നാഥന്റെ വിളിപ്പുറത്ത് ശിവലിംഗമരം

വിദേശത്ത് കാനോൺ ട്രീ അഥവാ പീരങ്കിമരമെന്നറിയപ്പെടുന്നു. ശിവലിംഗമരമെന്നാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. കട്ടികൂടിയ പൂവിന് ശിവലിംഗത്തോടുള്ള സാമ്യം കാരണമാണ് ഇത്തരത്തിൽ അറിയപ്പെടാൻ കാരണം. വടക്കുന്നാഥക്ഷേത്രത്തിനുള്ളിലാണ് ശിവലിംഗമരത്തിന്റെ സ്ഥാനം.

അഴകിനൊപ്പം ഔഷധഗുണങ്ങളുമൊന്നിക്കുന്ന ഇതിന്റെ വരവ് കടൽ കടന്നാണ്. തെക്കേ അമേരിക്കൻ മഴക്കാടുകളിൽനിന്നാണ് ഇക്കൂട്ടർ ഭാരതപര്യടനം തുടങ്ങിയത്.

ആലിലവട്ടം

തേക്കിൻകാടിന്റെ എല്ലാ കോണിലും ആൽപ്പെരുമ കാണാം. അരയാലും പേരാലും ബെഞ്ചമിനാലുമൊക്കെ നിലകൊള്ളുന്നുണ്ട്. ശ്രീമൂലസ്ഥാനത്ത് മൂന്ന് ആലുകളാണുള്ളത്. ഗാന്ധിജി തൃശ്ശൂരിലെത്തിയ നാളിൽ വിശ്രമിച്ച ആൽമരം ഇന്നും മണികണ്ഠനാലിനടുത്തായി നിലകൊള്ളുന്നുണ്ട്.

തൃശ്ശൂരിന്റെതന്നെ അടയാളങ്ങളാണ്‌ നായ്ക്കനാലും നടുവിലാലും മണികണഠനാലും. ശ്രീമൂലസ്ഥാനത്തെ ഗണപതിക്കോവിലിനും തണലാവുന്നത് ആൽമരമാണ്.

ഗുൽമോഹറഴക്

പ്രണയവും വിരഹവുമായി ചേർത്തുപറയാറുള്ള മരമാണ് ഗുൽമോഹർ അഥവാ വാകയെന്ന സുന്ദരി. നിരവധി വാകമരങ്ങളാണ് തെക്കേഗോപുരനടയ്ക്കടുത്തായി നിലകൊള്ളുന്നത്. വാകമരങ്ങൾക്കു ചുവട്ടിലായാണ് വി.ഐ.പി. പന്തലുകൾ തയ്യാറാക്കുന്നത്.

തേക്കിൻകാട്ടിനുചുറ്റും കറങ്ങിയാൽ റബ്ബർ ആൽ എന്നറിയപ്പെടുന്ന മരവും കാണാം

വിദേശപ്പെരുമ

രാമവർമ പതിനാലാമനാണ് കൊച്ചിരാജ്യത്തിൽ ആദ്യമായി വിദേശമരങ്ങളെത്തിച്ചത്. ശിവലിംഗമരം, നെഹ്രുപാർക്കിനുള്ളിൽ കാണുന്ന ബാഡ്മിന്റൺ ബോൾ മരം അഥവാ പാർക്കിയ മരം, സോസേജ് മരം എന്നിവ തേക്കിൻകാട്ടിലെത്തിച്ചത് രാമവർമ പതിനാലാമനായിരുന്നു.

ന്യൂജെൻ മരങ്ങൾ

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.എൻ. ശശിധരനാണ് തേക്കിൻകാട്ടിൽ പുതിയമരങ്ങൾ നട്ടത്‌. ചാരക്കൊന്ന, കണിക്കൊന്ന, നെല്ലി, ഞാവൽ തുടങ്ങിയ ഇനങ്ങളും ഇവിടെ തണൽ വിരിക്കുന്നു. പലയിനം നാടൻ മാവിനങ്ങളാണ് തേക്കിൻകാട്ടിലുള്ളത്.

തേക്കിൻകാട്ടിലെ പ്രമാണിമാർ

കൊന്ന, മരുത്, ഏഴിലംപാല, പാപിരി, വെൺതേക്ക്, കാരകിൽ, വേപ്പ്, രക്തചന്ദനം, വേങ്ങ, മഹാഗണി, കടമ്പ്, ഇരുൾ, വീട്ടി, പിലിപ്പീൽ, മഴമരം, കുന്നി, അശോകം, അക്കേഷ്യ, പൂമരം തുടങ്ങി ഒട്ടനേകം മരങ്ങളാണ്‌ തേക്കിൻകാട്ടിലുള്ളത്.

ഒരു മരമുണ്ടെന്നു പറഞ്ഞാൽ ആ മരത്തോടൊപ്പം ഒരു സമൂഹവും നിലനിൽക്കുന്നുണ്ടെന്നാണർത്ഥം. അത്തരത്തിൽ അനേകമനേകം സമൂഹങ്ങളുടെ പ്രപഞ്ചമാണ് തേക്കിൻകാട്.

(ശ്രീകൃഷ്ണ കോളേജിലെ മുൻ അധ്യാപകനായ പി.എൻ. ഗണേശാണ് തേക്കിൻകാട്ടിലെ മരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.)

Content Highlights: Thrissur pooram 2019