തൃശ്ശൂര്‍: പൂരത്തിന് വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. ഭഗവതി തിടമ്പേറ്റുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ ജനസഹസ്രങ്ങളാണ് എത്തിയത്. പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് ഇത്. ഇതിന് ശേഷമാണ് 36 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക. 

വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുര നടയില്‍കൂടി ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിന് വലം വെച്ച് വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് തെക്കോട്ടിറക്കം എന്നാണ് പറയുക. ഘടക പൂരങ്ങളില്‍ പ്രധാനിയായ നെയ്തലക്കാവ് ഭഗവതിയാണ് പൂരവിളംബരത്തിന്റെ ഭാഗമായി ആദ്യം തെക്കോട്ടിറക്കം നടത്തുക. 

ഇതിന് ശേഷം കണിമംഗലം ശാസ്താവ് തെക്കേ ഗോപുരത്തിലെത്തും. പിന്നാലെ ഓരോ ചെറുപൂരങ്ങളായി തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുക.  കുടമാറ്റത്തിന് എത്തുന്ന അത്രയും ആളുകളെങ്കിലും ക്ഷേത്രമുറ്റത്തെത്തിയിരുന്നു. 

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കാണാന്‍ നിരവധി ആരാധകര്‍ എത്തിയിരിക്കുന്നതിനാല്‍ അവരെ നിയന്ത്രിക്കാന്‍ പോലിസ് നന്നേ പാടുപെട്ടു. ബാരിക്കേഡുകള്‍ തള്ളിമാറ്റി ജനക്കൂട്ടം നിന്നു. സുരക്ഷാ ക്രമീകരണം പാളിയെന്നാണ് കരുതുന്നത്. പോലീസിന്റെ എണ്ണം വളരെ കുറവായിരുന്നു. പലഘട്ടങ്ങളിലായി വടം കെട്ടി ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. 

Content Highlights: Thrissur Pooram 2019 Techikkottu ramachandran