തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളുകയാണ്. രാമന്റെ പുറത്തേറി. സാക്ഷാല്‍ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്ത്. അവന്റെ ആ തലയെടുപ്പോടെയുള്ള വരവിന് സാക്ഷിയാകാന്‍ വേണ്ടി മാത്രമാണ് പതിനായിരങ്ങള്‍ തടിച്ചു കൂടിയിരിക്കുന്നത് . അവരുടെ ആരവങ്ങളില്‍ പൂരപ്പറമ്പ് പ്രകമ്പനം കൊള്ളുന്ന നിമിഷം ഏതൊരു പൂരപ്രേമിയുടെയും ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ സാക്ഷാത്കാരം കൂടിയാണ്.
പൂരപ്രേമികളുടെ ഇടയില്‍ രാമന്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്. ഒരു പൂരത്തിന് രാമന്‍ വരുന്നുണ്ടെങ്കില്‍ അന്നവിടെ വന്നിരിക്കുന്ന സകലകണ്ണുകളും നോട്ടം നീളുന്നത് രാമന്റെ നേര്‍ക്കായിരിക്കും.
വനം വകുപ്പിന്റെ കണക്ക് പ്രകാരം 317 സെന്റിമീറ്റര്‍ ഉയരുമുള്ള, നിലവില്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന, ഗജകേസരി, ഗജലോകനാഥന്‍, ഏകഛത്രാധിപതി തുടങ്ങി ഈ 27 ഓളം പട്ടങ്ങള്‍ സ്വന്തമാക്കിയവന്‍. സ്വന്തം പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉള്ളവന്‍, ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിശേഷണങ്ങളുണ്ട് രാമചന്ദ്രന്.
ലോകപ്രസ്തമായ ഒരു ആഘോഷത്തിന്റെ നിലനില്‍പ്പിനെ തന്നെ ഒരു ആനയുടെ അസാന്നിധ്യം ബാധിക്കുക എന്നത് ചിന്തിക്കാവുന്നതിന്റെ അപ്പുറമാണ്. എന്നാല്‍ രാമനെ അറിയുന്നവര്‍ക്ക് അവന്റെ അസാന്നിധ്യം അത്ര നിസാരമല്ല. തൃശൂരിനടുത്ത് പേരാമംഗലം എന്ന സ്ഥലത്തെ തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രം എന്ന ചെറിയ അമ്പലം ഇത്രയും പ്രശസ്തമായത് രാമന്‍ എന്ന ഒറ്റപേരില്‍ തന്നെയാണ് .
2014 മുതലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങിന് തിടമ്പെടുക്കുന്നത്. പണ്ട് വരെ നൂറോളം പേർ മാത്രം പങ്കെടുത്തുകൊണ്ടിരുന്ന ഒരു ചടങ്ങിന് അന്ന് വന്നത് ആയിരങ്ങള്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ എണ്ണവും ഇരട്ടിച്ചുകൊണ്ടിരുന്നു. അതായിരുന്നു രാമന്‍ ഇഫക്ട്. പൂരവിളമ്പരം ഇത്രയേറെ ജനകീയമായത് രാമന്റെ വരവോടെയെന്ന് നിസംശയം പറയാം.
മാത്രമല്ല, തിടമ്പെടുക്കുന്ന മറ്റാനകളില്‍ നിന്ന് രാമന്‍ വ്യത്യസ്തനാകുന്നതെങ്ങനെയെന്ന് പറയുന്നു ആനപ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയായ ഗജകേസരിയുടെ അഡ്മിന്‍ ശ്രീജിത്ത് - "മറ്റാനകള്‍ തിടമ്പെടുക്കാന്‍ കൊമ്പ് മണ്ണില്‍ കുത്തി ഇരിക്കുമ്പോള്‍ രാമന്‍ തന്റെ തുമ്പിക്കൈയിലാണ് കൊമ്പുകള്‍ അമര്‍ത്തുക. വേദന ഉണ്ടാകുമെങ്കില്‍ പോലും അങ്ങനെ അവന്‍ ചെയ്യുന്നത് അവന്‍ ആ തിടമ്പിന് നല്‍കുന്ന ആദരവാണ്. എടുത്തു പറയേണ്ട കാര്യം എന്തെന്നാല്‍ അന്യ ദേശത്തു നിന്നു വന്ന ഒരു ആനയല്ല രാമന്‍. അങ്ങനെയുള്ള ഒരു ആനയാണെങ്കില്‍ അതിനെ കാണാനുള്ള തിരക്ക് നമുക്ക് മനസിലാക്കാം. എന്നാല്‍ തൃശ്ശൂരില്‍ നിന്നും ഏറിയാല്‍ പത്തു കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ആനയെ കാണാനാണ് ഇക്കണ്ട ജനസാഗരം ഇവിടെയെത്തുന്നത്. അത് രാമന്‍റെ മാത്രം പ്രത്യേകതയാണ്. സ്വന്തം തട്ടകത്തില്‍ ഇത്രയും സ്വീകരണം കിട്ടുന്ന ആന അത് രാമന്‍ മാത്രമാകും." രാമന്റെ പേരില്‍ നടന്നു വന്ന കോലാഹലങ്ങളെക്കുറിച്ചും ശ്രീജിത്തിന് പറയാനുള്ളത് രാമനെ ഇല്ലാതാക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ്.

ഇത് തന്നെയാണ് പാറമേക്കാവ് ദേവസ്വം അസിസ്റ്റന്റ് സെക്രട്ടറിയും കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മഹേഷിനും പറയാനുള്ളത്. രാമനെ എഴുന്നളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മഹേഷ് പറയുന്നതിങ്ങനെ:
"ഞങ്ങള്‍ എപ്പോഴും പറയാറുള്ളതാണ് ആന എഴുന്നള്ളിപ്പിനെയും ഉത്സവങ്ങളെയും തകര്‍ക്കുക എന്നുള്ള ലക്ഷ്യം വച്ച് ഏതോ ഗൂഢശക്തികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ആളുകളുടെ ഇടപെടലുകളാണ് രാമനെ നിരോധിക്കണം എന്ന രീതിയില്‍ വന്ന ഈ ആക്രോശങ്ങളും ഇതിന്റെ ഭാഗമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് രാമന്‍ പങ്കെടുക്കുന്ന എല്ലാ എഴുന്നള്ളിപ്പുകളും തന്നെ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ വന്ന ഒരുപാട് തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് നടന്നിട്ടുള്ളത്. പക്ഷെ എന്നും രാമന് തന്നെയായിരുന്നു വിജയം. രാവണന്മാരെല്ലാം തോറ്റുപോവുകയായിരുന്നു. പക്ഷേ, ഇത്തവണ കുറച്ചുകൂടെ ശക്തമായിരുന്നു അവരുടെ എതിര്‍പ്പ്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയില്‍ നിന്ന് രണ്ട് മാസം മുന്‍പ് ഉണ്ടായ അപകടത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കാനിടയായി. അതിനെത്തുടര്‍ന്ന് ഇനി അവനെ ജീവിതകാലം മുഴുവന്‍ പുറത്ത് ഇറക്കാനാകാത്ത രീതിയില്‍ തളക്കാനുള്ള സമ്മര്‍ദ തന്ത്രങ്ങളുമായാണ് അവര്‍ ഇറങ്ങിയത്. എന്നിരുന്നാലും എന്തൊക്കെയാണെങ്കിലും ഈ ഗൂഢശ്രമങ്ങള്‍ കുറച്ച് വൈകിയാണെങ്കിലും നമ്മുടെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. നമ്മുടെ കൃഷിമന്ത്രി അതുപോലെ തന്നെ ദേവസ്വം മന്ത്രി, കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, എലിഫന്റ് അസോസിയേഷന്‍ ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി ശശികുമാര്‍ അങ്ങനെ എല്ലാവരും വളരെ ഭംഗിയായി തന്നെ കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ് രാമനെ എഴുന്നളിക്കാനുള്ള തീരുമാനം വേഗം തന്നെ കൈകൊണ്ടു. അതിന് നന്ദിയുണ്ട്. അതുപോലെ എല്ലാ രാഷ്ട്രീയ പാര്‍ടിയോടും ബി.ജെ.പി ആണെങ്കിലും കോണ്‍ഗ്രസാണെങ്കിലും രാമനെ എഴുന്നള്ളിക്കണം എന്ന് ആവശ്യമുയര്‍ത്തി കൂടെ നിന്ന സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആളുകള്‍ക്കും നന്ദിയുണ്ട്.
രാമനെ എഴുന്നള്ളിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പായിരുന്നു. ചില ശക്തികള്‍ രാമന്‍ പുറത്തിറങ്ങിയാല്‍ വലിയ അപകടം ഉണ്ടാകും എന്നുള്ള രീതിയില്‍ വലിയ പ്രചരണം കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ സര്‍ക്കാരും ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പറയുന്ന ഏതു വിധേയനയുള്ള സുരക്ഷാ ക്രമീകരണങ്ങളും എടുക്കാന്‍ തെച്ചികോട്ടുകാവ് ദേവസ്വവും കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷനും തയ്യാറായിരുന്നു". മഹേഷ് വ്യക്തമാക്കുന്നു.
എന്നാല്‍ രാമനെ പൂരത്തില്‍ നിന്നും വിട്ടുനിര്‍ത്താന്‍ രാമന് വിലക്കേര്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തിയതില്‍ ഫോറസ്റ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് ചന്ദ്രന്‍ രാമന്തറയ്ക്ക് പറയാനുള്ളത്. അദ്ദേഹത്തിന്റെ വാക്കുകള്‍:

"ഇന്നത്തെ പൂരവിളംബരത്തിന് തിടമ്പേറ്റിയതോട് കൂടി എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും രാമന്‍ എത്ര മാത്രം അപകടകരിയാണെന്ന്. യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതെയാണ് രാമന്‍ ഇന്ന് വിളംബരത്തില്‍ പങ്കെടുത്തത്. അവന്റെ ഓരോ ചലനങ്ങളും ലൈവായി ചാനലുകളില്‍ കാണിച്ചിരുന്നു. അതില്‍ നിന്ന് തന്നെ ഏവര്‍ക്കും എല്ലാം മനസിലായിക്കാണും.
ഇത് വനം വകുപ്പിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് രാമനോടുള്ള വിരോധത്തിന് പുറത്ത് വന്ന സംഭവമാണ്. അവരില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഏറെ നാളായി രാമനെ ഉത്സവങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് തളച്ചിട്ടിരിക്കുകയായിരുന്നു രാമനെ ഇക്കണ്ട കാലമത്രയും. അല്ലാതെ സര്‍ക്കാരിനോ ജില്ലാ ഭരണകൂടത്തിനോ ഇക്കാര്യത്തില്‍ വലിയ പങ്കൊന്നുമില്ല. വനം വകുപ്പിലെ ചല ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള എതിര്‍പ്പാണ് കാലങ്ങളായി വിലങ്ങുതടിയായി നില്‍ക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും മനസിലായിക്കാണും.
ഇത് രാമജയം തന്നെയാണ്. പക്ഷേ അതിന് പുറമേ ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണ്. ഒരുപാട് പേരുടെ പരിശ്രമവും ഇതിന് പുറകില്‍ ഉണ്ട്. സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, കേരള എലിഫ ഓണേഴ്സ് ഫെഡറേഷന്‍ എന്നിവയെല്ലാം അതിന് വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. മാധ്യമങ്ങള്‍ വളരെ പിന്തുണ തന്നു. പിന്നെ രാമനെ സ്‌നേഹിക്കുന്ന എല്ലാവരും പ്രാര്‍ത്ഥനയുടെ ഫലത്തിന്റെ പുറത്തുണ്ടായ കാര്യം കൂടിയാണ്. ഇന്ന് രാമനെ എഴുന്നള്ളിപ്പിന് കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷത്തിലാണ്."
അതേ രാമനെ സ്‌നേഹിക്കുന്നവര്‍ പറയുന്നവര്‍ പോലെ ഇത് രാമജയം ആണ്, ലക്ഷക്കണക്കിന് വരുന്ന പൂരപ്രേമികളെ ആനപ്രേമികളെ ആവേശം കൊളളിക്കുന്ന ദി ഗ്രേറ്റ് രാമന്‍ ഇഫക്റ്റ്.
Content Highlights: Thechikottukavu Ramachandran Thrissur Pooram