തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകിയത് ജില്ലാതല നാട്ടാന നിരീക്ഷണസമിതിയിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ. മൃഗസംരക്ഷണ ബോർഡ് അംഗം എം.എൻ. ജയചന്ദ്രനാണ് വിയോജനക്കുറിപ്പ് മിനിറ്റ്‌സിൽ എഴുതിവെപ്പിച്ചത്. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഇദ്ദേഹമൊഴിച്ച് എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ അനുകൂലിച്ചു.

11 അംഗ സമിതിയിൽ 10 അംഗങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമർശമാണ് ജയചന്ദ്രൻ ഉയർത്തിക്കാട്ടിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോൾ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടായിരിക്കില്ലെന്നാണ് അദ്ദേഹം വിയോജനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഏപ്രിൽ 25-ന് ചേർന്ന യോഗത്തിൽ ആനയുടെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ആനയുടമ, ആനത്തൊഴിലാളി, ഫെസ്റ്റിവെൽ കോ- ഓർഡിനേഷൻ കമ്മിറ്റിയംഗം എന്നിവർ മാത്രമാണ് വിലക്കുനീക്കുന്നതിനെ പിന്തുണച്ചിരുന്നുള്ളൂ. എന്നാൽ, വെള്ളിയാഴ്ച ഈ സ്ഥിതി മാറി. ഒരാളൊഴിച്ച് എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ പിന്തുണയ്ക്കുകയായിരുന്നു.

content highlights: thechikkottkaav ramachandran health condition examination