കേരളത്തിന്റെ ‘കാർമുകിൽ വർണ’നാണ് തെച്ചിക്കോട്ടുകാവ് ദേവീദാസനെന്ന മുപ്പതുകാരൻ. ഇത്ര കറുമ്പനായ മറ്റൊരാന മലയാളനാട്ടിലില്ല. കർണാടകത്തിൽനിന്നാണ് വരവ്. കൊല്ലം സ്വദേശി ഷാജിയിൽനിന്ന് 2001-ൽ ആണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ദേവീദാസനെ വാങ്ങുന്നത്. കഴിഞ്ഞ മൂന്നുനാല് കൊല്ലമായി കുടമാറ്റത്തിലെ അംഗമാണ്.

ദേവീദാസന്റെ ഉയരം മുന്നൂറ് സെന്റീമീറ്ററിലേക്കെത്തും. അതായത് 10 അടിയോളം. രാമന്റെ പിൻമുറക്കാരനെന്ന നിലയിലാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ദേവീദാസനെ വാങ്ങിയത്. ചാലിശ്ശേരി രാജനാണ് ഒന്നാം പാപ്പാൻ. എറണാകുളം സ്വദേശി വിഷ്ണു രണ്ടാം പാപ്പാനും.

പൊതുവിൽ ശാന്തശീലനാണ്. പക്ഷേ, നീരുകാലത്ത് നല്ല ദേഷ്യക്കാരനും. ആരെയും അടുപ്പിക്കില്ല. പൂരം വിളംബരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനിൽനിന്ന്‌ നെയ്തലക്കാവിലമ്മയുടെ തിടമ്പ് ഏറ്റുവാങ്ങി ദേവീദാസൻ മസ്തകമുയർത്തിയപ്പോൾ ജനം ആർത്തിരമ്പിയത്‌ മറക്കാത്ത കാഴ്ചയായി.

Content Highlights: Thechikkottukavu DeviDasan Elephant Thrissur Pooram 2019