തൃശ്ശൂര്‍: വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരത്തിന് എത്തി. നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും. ശനിയാഴ്ച വിദഗ്ധസംഘം നടത്തിയ പരിശോധനയ്ക്കുശേഷമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. രാവിലെ പത്തരയോടെയാണ് രാമചന്ദ്രന്‍ തെക്കേഗോപുരനട തള്ളിത്തുറക്കുക.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തുമ്പോള്‍ രാമചന്ദ്രന്‍ തിടമ്പേറ്റും. ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്‍ക്കാവൂ. തെക്കേഗോപുരനടയില്‍ ആളുകളെ ബാരിക്കേഡ് കെട്ടി അകലത്തില്‍ നിര്‍ത്തും. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടന്‍ ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാഞ്ഞതിനെത്തുടര്‍ന്ന് ആഘോഷങ്ങളില്‍നിന്ന് ആനകളെ പിന്‍വലിക്കാന്‍ ആനയുടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ഉടമകള്‍ വെള്ളിയാഴ്ച സമരം പിന്‍വലിച്ചു.

content highlights: Thechikkottukaav ramachandran will take part in poora vilambaram