ധ്യകേരളത്തിലെ പൂരങ്ങളില്‍ പഴക്കംകൊണ്ടും ചടങ്ങുകള്‍കൊണ്ടും പെരുമയേറിയതാണ് പെരുവനം-ആറാട്ടുപുഴ പൂരം. തൃശ്ശൂര്‍ നഗരം രൂപകല്പന ചെയ്തയാളെന്ന് ചരിത്രം രേഖപ്പെടുത്തിയ ശക്തന്‍ തമ്പുരാനാണ് തൃശ്ശൂര്‍ പൂരത്തിന്റയും തുടക്കം കുറിച്ചത്. പെരുവനം-ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളായിരുന്നു തൃശ്ശൂര്‍ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍. അവര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് മറ്റ് ഘടകപൂരങ്ങളെയും ഉള്‍പ്പെടുത്തി വിപുലപ്പെടുത്തിയതാണ് ഇപ്പോഴത്തെ തൃശ്ശൂര്‍ പൂരം. പൂരത്തിലെ ആകര്‍ഷക ഘടകങ്ങളിലൊന്നാണ് പാറമേക്കാവ് ഭഗവതിയുടെ പുകള്‍പെറ്റ ഇലഞ്ഞിത്തറ മേളം. പൂത്തതാഴ്‌വാരംപോലെ മരുവുന്ന പുരുഷാരത്തെ ഉന്മാദത്തിന്റെ തലത്തോളം ഉയര്‍ത്തി ഉത്സവപ്പറമ്പുകളെ തന്റ കൈയും കോലും കൊണ്ട് കൊട്ടി ത്രസിപ്പിക്കുന്ന പെരുവനം കുട്ടന്‍മാരാര്‍. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറ പ്രാമാണ്യം വഹിക്കുന്നത് മേളകലയിലെ ഇന്നത്തെ പ്രമാണിമാരില്‍ അഗ്രിമസ്ഥാനത്തുളള പെരുവനം കുട്ടന്‍മാരാരാണ്. പ്രസിദ്ധ വാദ്യകലാകാരനായിരുന്ന പെരുവനം അപ്പുമാരാരുടേയും മാക്കോത്ത് ഗൗരിയുടെയും മകനായി 1953ല്‍ ജനിച്ച കുട്ടന്‍മാരാര്‍ക്ക് പൈതൃകമായി അച്ഛനില്‍ നിന്നും ലഭിച്ചതാണ് പ്രമാണ മികവ്. തന്റ ഗുരുനാഥന്‍മാരായ കുമരപുരം അപ്പുമാരാര്‍, ശ്രീനാരായണപുരം അപ്പുമാരാര്‍ എന്നിവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും ചക്കംകുളം അപ്പുമാരാര്‍, തൃപ്പേക്കുളം അച്യതമാരാര്‍ തുടങ്ങിയ മേളാചാര്യന്‍മാരുടെ കൂടെ കൊട്ടിയതിന്റെ അരങ്ങ് പരിചയവും കുട്ടന്‍മാരാര്‍ക്ക് മേള പ്രമാണ രംഗത്ത് ശോഭിക്കുവാന്‍ സാഹചര്യമൊരുക്കി.

ദീര്‍ഘകാലം പാറമേക്കാവ് മേളപ്രമാണിയായിരുന്ന പരിയാരത്ത് കുഞ്ഞന്‍മാരാർ വിരമിച്ച ഒഴുവിലേക്ക് 1977-ല്‍ കുട്ടന്‍മാരാര്‍ പാറമേക്കാവിലെ ഉരുട്ടുചെണ്ടക്കാരനായി. പല്ലശന പത്മനാഭമാരാര്‍, പരിയാരത്ത് കുഞ്ചുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, രാമന്‍കണ്ടത്ത് കൃഷ്ണന്‍കുട്ടിമാരാര്‍ എന്നീ പ്രഗല്‍ഭര്‍ക്കൊപ്പം കൊട്ടിയ ശേഷം 1999ല്‍ പാറമേക്കാവിലെ മേളപ്രമാണിയായി. പെരുവനം മേള സംസ്‌കൃതിയുടെ പ്രയോഗ മികവും, പാറമേക്കാവിലെ മുന്‍കാല പ്രമാണിമാരായിരുന്ന മാക്കോത്ത് മാരാന്‍മാരാരുടെ പിന്‍തുടര്‍ച്ചയും കുട്ടന്‍മാരാര്‍ക്ക് പാറമേക്കാവിലെ ദീര്‍ഘപ്രമാണത്തിന് സഹായകരമായി. അദ്ദേഹവുമായി വിനോദ് കണ്ടംകാവില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

Peruvanam Kuttan mararമേളത്തെ ജനകീയമാക്കിയതില്‍ കുട്ടന്‍മാരാര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മറ്റെല്ലാ വാദ്യങ്ങളേക്കാള്‍ കൂടുതല്‍ ആസ്വാദകര്‍ മേളത്തിനാണ്. ചിട്ട നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്രയധികം ആസ്വാദകരെ ആകര്‍ഷിക്കാന്‍ താങ്കള്‍ക്ക് എങ്ങിനെ കഴിയുന്നു ?

നമ്മുടെ പൂര്‍വ്വികര്‍ മികച്ച രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുളള മേളം ബൃഹത്തും ലളിതവുമാണ്. ചെണ്ട, ഇലത്താളം, കുഴല്‍, കൊമ്പ് എന്നിവ മിനിമം അനുപാതത്തില്‍ ഉള്‍പ്പെടുത്തി മേളം അവതരിപ്പിച്ചാല്‍ കൂടുതല്‍ ആസ്വാദകരെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നുണ്ട്.

ചിട്ടപ്പെടുത്തിയ പതികാലമാണ് പഞ്ചാരിയുടെ സൗന്ദര്യം എന്ന് പറയാറുണ്ട്. പാണ്ടിയുടെ ലാവണ്യശാസ്ത്രത്തെപ്പറ്റി എന്താണ് അഭിപ്രായം ? 

പഞ്ചാരി 96 അക്ഷരകാലത്തില്‍ സൗന്ദര്യത്തികവോടെ പതികാലം അവതരിപ്പിക്കുന്നത് ആസ്വാദ്യകരമാണ്. 14 അക്ഷരകാലത്തില്‍ കൊട്ടുന്ന പാണ്ടിയുടെ വിളംബകാലത്തില്‍ തന്നെയാണ് കൂടുതല്‍ സൗന്ദര്യം. കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവ പാണ്ടിയുടെ സൗന്ദര്യത്തിന് കൂടുതല്‍ മിഴിവേകുന്നു. തൃശ്ശൂര്‍ പൂരദിവസം ഉച്ചയ്ക്ക് 12 മണിയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിന് മുന്‍പില്‍ നടക്കുന്ന ചെമ്പട മേളം മനോഹരമാണ്. ഇത്രയും തികവുറ്റ ചെമ്പട മറ്റ് എവിടെയെങ്കിലുമുണ്ടോ ? മേട മാസ വെയില്‍ ചെണ്ടയുടെ അടക്കം ശബ്ദസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ കലാകാരന്‍മാര്‍ പങ്കെടുക്കുന്നതും മേളത്തിന് ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഇത്രയേറെ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മനോഹരമായ ചെമ്പടമേളം വേറെ ഒരിടത്തും ഇല്ല എന്നുതന്നെ പറയാം. 

കലയ്ക്ക് ദാരിദ്യം എന്ന് അര്‍ത്ഥമുണ്ടായിരുന്ന കാലത്ത് ഉദ്യോഗസ്ഥനായിരുന്നിട്ടും മേളരംഗത്ത് സജീവമാകാന്‍ കാരണം? 

വാദ്യം ഞങ്ങളുടെ കുലത്തൊഴിലാണ്. കുലധര്‍മ്മം അനുഷ്ഠിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ഞങ്ങള്‍ എന്ന തോന്നല്‍ ചെറുപ്രായം മുതല്‍ ഉണ്ട്. സ്‌കൂളിലെ ജോലി തുടര്‍ന്നത് ജീവിത സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതോടൊപ്പം ക്ഷേത്രച്ചടങ്ങുകള്‍ക്ക് ഭംഗം വരാതിരിക്കാനും അതീവശ്രദ്ധപുലര്‍ത്തി. കലയെ നിലനിര്‍ത്തണമെന്ന ഗുരുകാരണവന്‍മാരുടെ നിര്‍ബന്ധത്തെ ശിരസാവഹിച്ചുകൊണ്ട് അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആസ്വാദകരെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ഇലഞ്ഞിത്തറ മേളത്തിലെ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന മേള പ്രമാണത്തെപ്പറ്റി? 

എന്റെ ഗുരുകാരണവന്‍മാരുടെ അനുഗ്രഹവും ഈശ്വരാധീനവുമാണ് വാദ്യകലയില്‍ എനിക്ക് എക്കാലവും തുണയായിട്ടുളളത്. അനുഭവസമ്പത്തുള്ള കലാകാരന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാനായതും സഹായകമായി.

അസുരവാദ്യമായ ചെണ്ട താങ്കളടങ്ങുന്ന മേളക്കാര്‍ സൗന്ദര്യത്തികവോടെയാണ് കൊട്ടുന്നത്. പുതുതലമുറയിലെ മേളക്കാര്‍ കൊട്ടിനെ ദുരുപയോഗം ചെയ്യുന്നുണ്ടോ? 

പതിനെട്ട് വാദ്യങ്ങള്‍ക്കും മീതെയുളള വാദ്യമായാണ് ചെണ്ട അറിയപ്പെടുന്നത്. ചെണ്ടയില്‍നിന്ന് ലളിതശബ്ദവും കാരശബ്ദവും പുറപ്പെടുവിക്കുവാന്‍ സാധിക്കും. സംഘകലയായ മേളത്തില്‍ അപശബ്ദമില്ലാതെ കൊട്ടുകയാണ് വേണ്ടത്. പുതുതലമുറയില്‍ എല്ലാ തരത്തിലുളള കലാകാരന്‍മാരും ഉണ്ട്. 

പാണ്ടി-പഞ്ചാരി : ഇതില്‍ ഏത് മേളം പ്രമാണിക്കുമ്പോഴാണ് കൂടുതല്‍ ആസ്വാദ്യത സ്വയം തോന്നുന്നത് ? 

ഞാന്‍ പറഞ്ഞല്ലോ; മേളം ഒരു സംഘകലയാണ്. അതിലേക്കിറങ്ങി ആസ്വദിച്ച് കൊട്ടുമ്പോഴാണ് തൃപ്തി തോന്നാറുളളത്. പാണ്ടിയായാലും പഞ്ചാരിയായാലും ഒരേ സംതൃപ്തിയോടുകൂടിയാണ് കൊട്ടാറുള്ളത്.

പുതുതലമുറ വാദ്യപ്രമാണിമാരെ എങ്ങിനെ നോക്കിക്കാണുന്നു? 

കഴിവുളള നിരവധി കലാകാരന്‍മാര്‍ ഇന്നുണ്ട്. അതിലെ മികച്ച കലാകാരനാണ്  പ്രമാണിയാവേണ്ടത്. കലയുടെ വൈദഗ്ധ്യംകൊണ്ട് സംഘാടകര്‍ക്കും ആസ്വാദകര്‍ക്കും ഒരുപോലെ താല്‍പ്പര്യമുളള പ്രമാണിമാരാണ് വളര്‍ന്നുവരേണ്ടത്. 

ഇലഞ്ഞിത്തറയിലെ വാദ്യപ്രമാണം ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ വാദ്യകലാലോകത്ത് കണ്ട് വ്യത്യാസങ്ങള്‍ ?

1999-ല്‍ ഇലഞ്ഞിത്തറ മേളപ്രമാണം ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുളള നിരവധി കലാകാരന്‍മാര്‍ ഉണ്ടായിരുന്നു. ഇന്ന്  അനുഭവസമ്പത്തുള്ള കലാകാരന്‍മാരുടെ ഭൗര്‍ലഭ്യം വാദ്യകലയെ ബാധിക്കുന്നു. 

കാണികളില്‍ ചിലര്‍ ആവേശക്കാരും ചിലര്‍ ആസ്വാദകരുമാണ്. കാണികളെ ആവേശഭരിതരാക്കുവാന്‍ ചിലപ്പോഴൊക്കെ ചിലര്‍ പൊടിക്കൈകള്‍ പ്രയോഗിക്കുന്നത് കണ്ടുവരുന്നു. ഈ പ്രവണത ആശാസ്യമാണോ ? 

മേളകലയുടെ ധര്‍മ്മത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുളള പൊടിക്കൈകള്‍ ആശാസ്യമല്ല. - 

peruvanam kuttan mararസമസ്തകലാമേഖലകളിലുമെന്ന പോലെ മേള രംഗത്തും കച്ചവടതാല്‍പ്പര്യം കൂടിവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കില്‍, കലാമൂല്യം ചോര്‍ന്നു പോകുന്നുവെന്ന അഭിപ്രായമുണ്ടോ ? 

കലാമേഖലകളില്‍ കച്ചവടതാല്‍പ്പര്യം കൂടി വരുന്നുണ്ട്. മേളം സംഘകലയാണ് എന്ന പൊതുധര്‍മ്മം തെറ്റിച്ചുകൊണ്ടുളള രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കലാമൂല്യം നഷ്ടപ്പെടുന്നുണ്ട്.

ഒറ്റച്ചരടില്‍ കോര്‍ത്ത പൂമാലപോലെ സഹവാദ്യക്കാരെ നയിക്കുമ്പോള്‍ എവിടെയെങ്കിലും ഇടര്‍ച്ച അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ എങ്ങിനെയാണത് മറികടക്കുന്നത് ? 

ചില നേരങ്ങളില്‍ ഇടര്‍ച്ച ഉണ്ടാകാറുണ്ട്. നോട്ടം കൊണ്ടും, കൊട്ടുകൊണ്ടും അവരെ മേളവഴിയില്‍ സക്രിയരാക്കാന്‍ ശ്രമിക്കും. അവരുടെ അടുത്തുചെന്ന് സ്‌നേഹപൂര്‍വ്വമായ ശാസനയിലൂടെയും തിരുത്താന്‍ ശ്രമിക്കാറുണ്ട്. 

പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ പാണ്ടി കൂട്ടിപ്പെരുക്കലിന് ശേഷം ഇലഞ്ഞിച്ചുവട്ടില്‍ എത്തുമ്പോഴേക്കും കാലംകൊണ്ടും ചൂടുകൊണ്ടും പാണ്ടിക്ക് ചോര്‍ച്ച സംഭവിക്കുന്നു. അത് പരിഹരിക്കപ്പെടേണ്ടതല്ലേ ? 

മേളം തുടങ്ങുമ്പോള്‍ മുതല്‍ അവസാനിക്കുന്നതുവരെ കലാകാരന്‍മാര്‍ അതില്‍ ലയിച്ച് പ്രവര്‍ത്തിക്കണം എന്നതാണ് മേളധര്‍മ്മം. തിരക്ക് മൂലവും ചൂട് മൂലവും അതില്‍ വരുന്ന ന്യൂനത ശ്രദ്ധയില്‍പ്പെടാറുണ്ട്. അത് പരിഹരിക്കുവാന്‍ ശ്രമിക്കാറുണ്ട്. ഇനിയും അത് ശ്രദ്ധിക്കുന്നതാണ്. 

മേള ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങള്‍ ? 

ആദ്യമായി ചേര്‍പ്പ് ഭഗവതിയുടെ പൂരത്തിന് മേളത്തില്‍ പങ്കെടുത്തതാണ് മേളരംഗത്ത് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. വിവിധയിടങ്ങളിലെ മേള പ്രമാണം പ്രത്യേകിച്ച് ഇലഞ്ഞിത്തറ മേളപ്രമാണം ഏറെ സന്തോഷം നല്‍കിയ അവസരങ്ങള്‍ തന്നെയാണ്. 

മേള ജീവിതത്തില്‍ വിഷമം തോന്നിയ സന്ദര്‍ഭം ? 

വളരെ നല്ലരീതിയില്‍ അവതരിപ്പിക്കേണ്ട മേളങ്ങള്‍ പലകാരണങ്ങളെക്കൊണ്ട് പ്രതീക്ഷിച്ച് നിലവാരത്തിലല്ലാതെ അവസാനിപ്പിക്കേണ്ടിവരുമ്പോള്‍ മാനസിക സംഘര്‍ഷം അനുഭവപ്പെടാറുണ്ട്.

നിരവധി വേദികളില്‍ പ്രമാണിയായിട്ടുളള താങ്കള്‍ക്ക് ഏത് വേദിയിലെ മേളം അവതരിപ്പിക്കുമ്പോളാണ് മാനസികസമ്മര്‍ദം അനുഭവപ്പെടുന്നത് ? 

കൂടുതല്‍ ആസ്വാദകരുളള വേദികളില്‍ മേളം അവതരിപ്പിക്കുമ്പോഴാണ് മനഃസംഘര്‍ഷം തോന്നാറുളളത്. ഉദാ: തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, കുട്ടനെല്ലൂര്‍ പൂരം തുടങ്ങി വലിയ മേളങ്ങള്‍ കൊട്ടുമ്പോള്‍ സംഘര്‍ഷമനുഭവപ്പെടാറുണ്ട്. മേളം കൊട്ടിത്തുടങ്ങിയാല്‍ അതിലേയ്ക്ക് ലയിച്ച് മാനസികസംഘര്‍ഷം മറികടക്കും. 

തൃശ്ശൂര്‍ പൂരം പാറമേക്കാവ് പാണ്ടിമേളത്തിന്റെ ഘടനയൊന്ന് വിശദീകരിക്കാമോ?  

ഒരു മണിക്കൂര്‍ നീളുന്ന ചെമ്പടയ്ക്ക് ശേഷം പാണ്ടിയുടെ കൂട്ടിപ്പെരുക്കല്‍ അഥവാ കൊലുമ്പലോട് കൂടിയാണ് മേളം ആരംഭിക്കുക. തുടര്‍ന്ന് സംഗീത സാന്ദ്രമായ വിളംബകാലത്തിനു ശേഷം തുറന്നു പിടിച്ച ഘട്ടം, അടിച്ചുകലാശം, എടുത്തുകലാശം, തകൃതകൃത കലാശം, ഇടകാലം, മുട്ടിന്മേല്‍ ഇരുത്തിയ കലാശം എന്നിവ 14 അക്ഷരകാലത്തിലാണ് കൊട്ടാറുളളത്. തുടര്‍ന്ന് ഏഴ് അക്ഷരകാലത്തില്‍ വീണ്ടും തകൃതകൃതകലാശം, കുഴമറിഞ്ഞകലാശം എന്നിവയ്ക്ക് ശേഷം
തീരുകലാശത്തോടെയാണ് മേളം സമാപിക്കുക. 

ഒരേ ദിവസംതന്നെ വിവിധ സ്ഥലങ്ങളില്‍ മേളം അവതരിപ്പിക്കുമ്പോള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നത് എങ്ങിനെ ? 

ഓരോ മേളവും നല്ലരീതിയില്‍ കൊട്ടി പൂര്‍ത്തീകരിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തി - ശാരീരിക അവശത മറന്ന് അടുത്ത സ്ഥലത്തും മേളമവതരിപ്പിക്കാന്‍ ഊര്‍ജ്ജമാവാറുണ്ട്. 

പ്രായത്തില്‍ താങ്കളേക്കാള്‍ മുതിര്‍ന്ന കലാകാരന്‍മാര്‍ മേളത്തില്‍ സഹപ്രമാണിമാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നതിന്റെ കാരണം? 

മുതിര്‍ന്ന കലാകാരന്‍മാരോടുള്ള ബഹുമാനവും അവരോടുളള സൗഹൃദവും മൂലം എനിക്ക് അവര്‍ പ്രമാണസ്ഥാനം അനുവദിച്ച് തന്നിട്ടുണ്ട്. എന്റെ കൂടെ സഹകരിച്ച് മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍, കേളത്ത് അരവിന്ദാക്ഷമാരാര്‍ എന്നിവരുടെ കൂടെ ഞാനും പിന്നീട് പലവേദികളിലും സഹകരിച്ചിട്ടുണ്ട്. 

വരുംകാല മേള രംഗത്തെപ്പറ്റി ?

മേളത്തിന് ചിട്ടയായ അടിത്തറയുണ്ട്. മേളത്തെ പൂര്‍വ്വികര്‍ ചിട്ടപ്പെടുത്തിയത് വളരെ ലളിതമായും ശാസ്ത്രീയമായും ആണ്. ആസ്വാദകര്‍ നിറഞ്ഞ വേദികള്‍ അതിന് തെളിവാണ്. വരുംതലമുറയില്‍ പ്രഗല്‍ഭരായ നിരവധി കലാകാരന്‍മാരുണ്ട്. അവര്‍ അതിനെ നല്ലരീതിയില്‍ മുന്നോട്ടു നയിക്കും. 

പാറമേക്കാവില്‍ വാദ്യപ്രമാണം ഏറ്റെടുക്കുമ്പോള്‍ ആരെല്ലാമായിരുന്നു വലംതല, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയിലെ പ്രമാണിമാര്‍ ? 

വലംതല കടവത്ത് നാരായണമാരാര്‍, കുറുംകുഴല്‍ കൊടകര കൃഷ്ണന്‍കുട്ടിനായര്‍, ഇലത്താളം കോതറ ശേഖരന്‍നായര്‍, കൊമ്പ് മച്ചാട് രാമകൃഷ്ണന്‍നായര്‍ - എന്നിവരായിരുന്നു. 

Peruvanam Kuttan Mararതൃശ്ശൂര്‍ പൂരത്തിനു പുറമേ പ്രധാനമായും പ്രമാണം വഹിക്കുന്ന പൂരങ്ങള്‍ ? 

പെരുവനം-ആറാട്ടുപുഴ പൂരങ്ങളുടെ പ്രധാനമേളങ്ങള്‍, കുട്ടനെല്ലൂര്‍ പൂരം, കൊടുന്തിരപ്പിള്ളി നവരാത്രി, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, കോഴിക്കോട് തളി അടക്കം നിരവധി വേദികളില്‍ വര്‍ഷങ്ങളായി പ്രമാണിയാണ്. 

ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍ ?

ഭാരത സര്‍ക്കാരിന്റ പത്മശ്രീ, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഫെലോഷിപ്പ്, വീരംശ്യംഖല, ഗുരുവായൂരപ്പന്‍ പുരസ്‌കാരം, പാറമേക്കാവ് സുവര്‍ണ്ണമുദ്ര തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

മേളവുമായി വിദേശ പര്യടനങ്ങള്‍ ? 

റഷ്യയിലെ ഭാരതോല്‍സവം, പാരീസ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മേളം കൊട്ടിയിട്ടുണ്ട്. 
കുടുംബം - = ഗീതയാണ് ഭാര്യ. മകള്‍ കവിത. മകന്‍ മേളകലാകാരന്‍ കാര്‍ത്തിക് പി മാരാര്‍.

Content Highlights: Peruvanam Kuttan Marar, Thrissur Pooram, Elanjithara Melam