തൃശ്ശൂർ: ചെമ്പടമേള കലാശത്തിനൊടുവിൽ തളർന്നുവീണിട്ടും, മണിക്കൂറുകൾക്കുള്ളിൽ മേളപ്രമാണിയായി വീണ്ടും ഇലഞ്ഞിച്ചോട്ടിലെത്തി പെരുവനം കുട്ടൻമാരാർ.

പാറമേക്കാവ് ഭഗവതിയുടെ പുറപ്പാടിന് അകമ്പടിയായാണ് കുട്ടൻമാരാരും സംഘവും ക്ഷേത്രനടയിൽ 12 മണിയോടെ എത്തിയത്. കാരമുക്ക് ഭഗവതിക്കായി കൊട്ടിയശേഷമായിരുന്നു ഇവരുടെ വരവ്.

കത്തുന്നവെയിലിൽ പാറമേക്കാവിൽ 15 ആനകൾ നിരന്നതിനു മുന്നിൽ പന്ത്രണ്ടരയോടെ ചെമ്പടമേളം തുടങ്ങി. മുക്കാൽ മണിക്കൂറോളം നീണ്ട മേളത്തിന്റെ കലാശക്കൊട്ടൽ 1.10-ന് ആയിരുന്നു. ഇതിനുശേഷം പാണ്ടിമേളം തുടങ്ങുന്നതിന്റെ ഇടവേളയിലാണ് പെരുവനം കുട്ടൻമാരാർ കുഴഞ്ഞുവീണത്. രണ്ടുദിവസമായി പനിയുണ്ടായിരുന്ന അദ്ദേഹം ചെമ്പടമേളത്തിന്റെ കലാശത്തിൽ തന്നെ അസ്വസ്ഥനായിരുന്നു.

പോലീസുകാർ കുട്ടൻമാരാരെ താങ്ങിയെടുത്ത് ആംബുലൻസിൽ തൊട്ടടുത്ത അശ്വിനി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. മന്ത്രി സുനിൽകുമാറും ഒപ്പമെത്തി.

മേളം തുടർന്നെങ്കിലും ഇതോടെ പാറമേക്കാവ് പരിസരത്തും പൂരപ്പറമ്പിലുമാകെ ആശങ്കപരന്നു. ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയാവാൻ പെരുവനം എത്തുമോയെന്ന് സംശയമുയർന്നു.

അതിയായി വിയർത്തതും തലകറങ്ങിയതുമായിരുന്നു കുട്ടൻമാരാരുടെ പ്രശ്‌നം. ഇ.സി.ജി. എടുത്തതിൽ നേരിയ വ്യതിയാനം കണ്ടതോടെ ഡോക്ടർമാർ കിടത്തിച്ചികിത്സ വേണമെന്നു പറഞ്ഞു. എന്നാൽ ഇതിന് തയ്യാറാകാതെ പൂരാവേശത്തിലലിയാൻ പെരുവനം കുട്ടൻമാരാർ മടങ്ങുകയായിരുന്നു.

പെരുവനം എത്തുന്നതിന് മുന്നേ ഇലഞ്ഞിത്തറമേളം കേളത്ത് അരവിന്ദാക്ഷമാരാരുടെ പ്രാമാണ്യത്തിൽ ഉച്ചയ്ക്ക് 2.20-ന് തുടങ്ങി. ആശുപത്രിയിൽനിന്ന് രണ്ടരയോടെ ഇലഞ്ഞിത്തറയിലെത്തിയ പെരുവനം മേളപ്രമാണിയായി മാറി.

മന്ത്രിയുടെ നിർദ്ദേശപ്രകാരം അശ്വിനി ആശുപത്രിയിലേക്ക് ജില്ലാ മെഡിക്കൽ ഓഫീസറടക്കം പാഞ്ഞെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിദഗ്ധൻ ഡോ.കരുണദാസും സ്ഥലത്തെത്തി. ഹൃദയസംബന്ധമായ ഒരു പ്രശ്നവും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പനിയുടെ ക്ഷീണം മാത്രമായിരുന്നു പ്രശ്‌നം. ഗ്ലൂക്കോസ് കയറ്റിയ ശേഷം മറ്റ് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പാക്കി. അശ്വിനിയിലെ പരിശോധനയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചും പരിശോധന നടത്തി.

Content Highlights: Peruvanam Kuttan Marar, Thrissur Pooram 2019