Peruvanam Kuttan Mararസാംസ്‌കാരിക തലസ്ഥാനത്തെ പൂരമാമാങ്കത്തിന് നാടൊരുങ്ങി. ഒപ്പം ‘മേളതലസ്ഥാനം’എന്ന് ആസ്വാദകലോകത്തിൽ അറിയപ്പെടുന്ന ‘പെരുവന’ത്തെ മേളകലാകാരന്മാരും.

പെരുവനത്തുനിന്ന് തേക്കിൻകാടിനുള്ളിലെ ഇലഞ്ഞിച്ചോട്ടിലെത്തി മേളവസന്തം തീർക്കുന്ന കുട്ടൻമാരാർ ഇൗ പൂരത്തിൽ കൊട്ടിക്കയറുന്നത് മറ്റൊരു ചരിത്രത്തിലേക്കാണ്. ഇലഞ്ഞിച്ചോട്ടിൽ ഏറ്റവും കൂടുതൽ തവണ പ്രാമാണ്യം വഹിച്ചതിന്റെ റെക്കോഡ്‌ ഇതോടെ പെരുവനം കുട്ടൻമാരാർക്ക്‌ സ്വന്തമാകും.

ഇരുപതുവർഷം തുടർച്ചയായി പ്രമാണിയായിരുന്ന പരിയാരത്ത് കുഞ്ഞൻമാരാരുടെ റെക്കോഡാണ് കുട്ടൻമാരാർ ഇരുപത്തൊന്നിലൂടെ ഭേദിക്കുന്നത്.

1977 മുതൽ പെരുവനം ഇലഞ്ഞിത്തറമേളത്തിലുണ്ട്. 1999 മുതൽ പ്രമാണിയായും. പഴയ ഇലഞ്ഞി കടപുഴകി വീണത് 2001-ലാണ്‌. ശേഷം നട്ട കുഞ്ഞിലഞ്ഞി പെരുവനത്തിന്റെ മേളം‘കേട്ടാണ്’വളർന്നത്.

പെരുവനമാണ് ഏറ്റവും ചെറിയപ്രായത്തിൽ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയാകുന്നതും. ഇലഞ്ഞിത്തറമേളത്തിനിടെ മുഖ്യമന്ത്രിയുടെ ആദരം ലഭിച്ച പ്രമാണിയെന്ന അംഗീകാരം കഴിഞ്ഞവർഷം പെരുവനം സ്വന്തമാക്കി. മേളം നടക്കുമ്പോൾത്തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിച്ച് കുട്ടൻമാരാരെ ആദരിച്ചു.

മേളം നടക്കുന്നതിനിടയിൽ ഇങ്ങനെ ചടങ്ങു നടന്നത് ഒരുവിഭാഗത്തിന് അമർഷമുണ്ടായെങ്കിലും തന്നെ അനുമോദിച്ചതിന്റെ ആഹ്ലാദം ചെറുതല്ലെന്ന് പെരുവനം പറഞ്ഞു. ഇത്തരം സന്ദർഭങ്ങൾ മേളത്തെ ബാധിക്കില്ലെന്നും തന്നെ ആദരിച്ചതിലൂടെ മേളകലയെ അംഗീകരിക്കുകയാണ് ചെയ്‌തതെന്നുമാണ്‌ കുട്ടൻമാരാരുടെ പക്ഷം. 1936-ലെ ഇലഞ്ഞിത്തറമേളം ആസ്വദിക്കാൻ അന്നത്തെ കൊച്ചിരാജാവ് എത്തിയതും പ്രമാണിയായ മാക്കോത്ത്‌ കൃഷ്ണൻമാരാരെ പാരിതോഷികം നൽകി ആദരിച്ചതും ചരിത്രത്തിലുണ്ട്.

മേളകലയിലെ ‘ഗ്രാൻഡ്‌ സ്‌ലാം’

ആസ്വാദകരുടെ ഭാഷയിൽ പറഞ്ഞാൽ

മേളകലയിലെ ‘ഗ്രാൻഡ്‌ സ്‌ലാം’ നേടിയ പ്രമാണിയാണ് പെരുവനം കുട്ടൻമാരാർ. പെരുവനം പൂരത്തിൽ ആറാട്ടുപുഴ, ഊരകം, ചേർപ്പ്, ചാത്തക്കുടം എന്നീ നാലുവിഭാഗങ്ങളുടെയും പ്രമാണിയായിട്ടുണ്ട് കുട്ടൻ മാരാർ. കേരളത്തിലെ പ്രധാന പൂരങ്ങളും ഉത്സവങ്ങളുമടക്കം ഒരുവർഷം മുന്നൂറിലധികം മേളങ്ങളിൽ പ്രമാണിയാണ്‌ കുട്ടൻമാരാർ. തൃശ്ശൂർ, പെരുവനം, ആറാട്ടുപുഴ, കുട്ടനെല്ലൂർ തുടങ്ങിയ പൂരങ്ങൾ, തൃപ്പൂണിത്തുറ, ഗുരുവായൂർ, ഇരിങ്ങാലക്കുട, എറണാകുളം തുടങ്ങിയ ഉത്സവങ്ങളിലും പെരുവനമാണ് അമരക്കാരൻ.

‘ഇലഞ്ഞിച്ചോട്ടിൽ എത്തുന്നത്’

പല്ലശ്ശന പദ്‌മനാഭമാരാർ പ്രമാണിയായിരുന്ന 1977-ലാണ് കുട്ടൻമാരാർ ആദ്യമായി ഇലഞ്ഞിത്തറയിൽ മേളത്തിന് പങ്കെടുത്തത്. 23-ാം വയസ്സിൽ. മേളത്തിന്റെ മുൻനിരയിൽ ഒരറ്റത്തായിരുന്നു സ്ഥാനം. ആ വർഷംമുതൽ തുടർച്ചയായി മേളത്തിൽ പങ്കാളിയായി. പല്ലശ്ശന പദ്‌മനാഭമാരാർ, പരിയാരത്ത് കുഞ്ചുമാരാർ, അച്ഛൻ  പെരുവനം അപ്പുമാരാർ, ചക്കംകുളം അപ്പുമാരാർ, രാമങ്കണ്ടത്ത് കൃഷ്ണൻകുട്ടിമാരാർ എന്നീ അഞ്ചുപ്രമാണിമാർക്കൊപ്പം പ്രവർത്തിച്ച 22 വർഷത്തെ അനുഭവസമ്പത്തുമായി പ്രമാണിയാകുന്നത് 45-ാം വയസ്സിലാണ്‌.

ഇലഞ്ഞിത്തറമേളം

ഉച്ചയ്ക്ക്‌ 12-ന്

പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ അണിനിരന്നാൽ ചെമ്പട ആരംഭിക്കും. തുടർന്നാണ് പാണ്ടി. വടക്കുന്നാഥന്റെ മതിൽക്കെട്ടിനകത്ത് 250-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടി 4.30-ന്‌ കലാശിക്കും.

"പെരുവനം പറയുന്നു "

മേളത്തിൽവെച്ച് ഏറ്റവും വലിയ മേളമാണ് ഇലഞ്ഞിത്തറമേളം. മേളത്തിൽ പങ്കെടുക്കുക എന്നതുതന്നെ ഭാഗ്യമാണ്.പ്രമാണിയാവുക എന്നത് മഹാഭാഗ്യവും. മഹാരഥന്മാർ പോയ വഴിയിലൂടെയാണ് യാത്ര. ആ മഹത്ത്വം കാത്തുസൂക്ഷിക്കുന്നു. ഒരുപാട് ആഹ്ലാദം പകർന്ന അനുഭവങ്ങളുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടിയും വന്നിട്ടുണ്ട്.

ഒരുവർഷത്തെ മേളം ഉച്ചസ്ഥായിയിലായിരിക്കുന്ന സമയത്താണ് കൂട്ടാനയ്ക്ക് തളർച്ചയനുഭവപ്പെട്ടതും പരിഭ്രാന്തിയിൽ മേളകലാകാരന്മാർ ചിതറിയോടിയതും. ഒരു മിനിറ്റുനേരം നിശ്ചലമായ മേളം സെക്കൻഡുകൾക്കുള്ളിൽ അവസാനിച്ചിടത്തുനിന്നു തന്നെ തുടങ്ങാൻ സാധിച്ചത് പാറമേക്കാവിലമ്മയുടെയും വടക്കുന്നാഥന്റെയും അനുഗ്രഹമാണ് -പെരുവനം പറഞ്ഞു.

Content Highlight: Periyavanam Kuttan Marar, Thrissur Pooram 2019,  Ilanjithara Melam