തൃശ്ശൂർ: ഇത്തവണത്തെ പൂരംസാമ്പിളിന് പച്ചനിറം തീരെയുണ്ടാകില്ല. വെടിക്കെട്ടിന് പച്ചനിറം കൊടുക്കുന്ന ബേറിയത്തിനു നിരോധനമുള്ളതുകൊണ്ടാണിത്. ഈ രാസപദാർഥം സുപ്രീംകോടതി വിലക്കിയശേഷമുള്ള ആദ്യ വെടിക്കെട്ടാണിത്. പക്ഷേ, മറ്റു വർണങ്ങളെക്കൊണ്ട് മാനം തൊടാനുള്ള വഴികളാണ് തിരുവമ്പാടി-പാറമേക്കാവ് വെടിക്കെട്ടുപുരകളിൽ ഒരുങ്ങുന്നത്.

തിരുവമ്പാടി മഴവിൽ പരീക്ഷണത്തിനു തയ്യാറെടുക്കുമ്പോൾ മധുരരാജയാണ് പാറമേക്കാവിന്റെ കൈയിലുള്ള തുരുപ്പുചീട്ട്. കുണ്ടന്നൂർ സ്വദേശി പി.എം. സജിയുടെ നേതൃത്വത്തിലാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ഒരുക്കം. സജിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത്തെ പൂരമാണിത്.

മൂന്നുമാസമായുള്ള ഒരുക്കങ്ങളാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. അമ്പതുജോലിക്കാരാണ് ഇവിടെയുള്ളത്. മഴവില്ലിനു പുറമെ, സിൽവർ, സൂര്യകാന്തി ഇനങ്ങളിലുള്ള പരീക്ഷണങ്ങൾക്കും തിരുവമ്പാടി തയ്യാറെടുക്കുന്നുണ്ട്.

കുണ്ടന്നൂർ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നടക്കുന്നത്. മൂന്നാം ഊഴമാണ് ശ്രീനിവാസനിത്. മൂന്നുമാസമായി ഒരുക്കം തുടങ്ങിയിട്ട്. നാൽപ്പതോളം പേർ അവസാന ഒരുക്കത്തിൽ ജോലിക്കാരായി ഉണ്ട്.

മധുരരാജയിലെ മീശ സ്റ്റൈലിൽ വർണങ്ങൾ വരുന്ന വിസ്മയമാണ് ഇവർ ഒരുക്കിയിട്ടുള്ളത്. റെയിൻബോയും ഇവരുടെ കൈവശമുണ്ട്. നിരോധിക്കപ്പെട്ട ബേറിയത്തിനു പകരം പച്ചനിറം നൽകുന്ന രാസവസ്തു ഉണ്ടെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും വെടിക്കെട്ടുകാർക്ക് ഇത് ലഭ്യമായിട്ടില്ല. ഇതിനാലാണ് ഇത്തവണത്തെ വെടിക്കെട്ട് പച്ചയില്ലാത്തതാകുന്നത്.

Content Highlights: Barium ban, sample fire works, Thrissur Pooram 2019