അളവില്ലാത്ത ആനന്ദമാണ് പൂരം. ഈ ആനന്ദത്തിൽ മനസ്സുകൾ അപ്പൂപ്പൻതാടികണക്കെ പൂരപ്പറമ്പിൽ പാറിപ്പറന്നു. പലതരം ആനന്ദങ്ങളാണ് പൂരപ്പറമ്പിൽ കണ്ടത്. ചിലർ മേളങ്ങൾക്കുപിറകെ... മറ്റുചിലർക്ക് ആനകളിലാണ് ആനന്ദം.
  മനസ്സ് പൂരത്തിലേക്ക് അർപ്പിച്ചാണ് മിക്കവരും പൂരപ്പറമ്പിൽ എത്തിയത്. അതുകൊണ്ടുതന്നെ പറയാൻ പൂരക്കഥകൾ മാത്രമാണുണ്ടായിരുന്നത്. ഇവിടെ കേട്ടതിലേറെ ശിവസുന്ദറിന്റെ കഥകളായിരുന്നു. വെടിക്കെട്ടിന്റെ ചിത്രങ്ങളും ഓരോ ആനകളെക്കുറിച്ചുള്ള ഓർമകളും പൂരപ്പറമ്പിൽ നിറഞ്ഞു. മഠത്തിൽവരവിന് നിരന്ന ആനകളുടെ കാൽച്ചുവട്ടിലിരുന്ന് തിരുവമ്പാടി വലിയ ചന്ദ്രശേഖരന്റെ കഥകൾ വരെ അയവിറക്കുന്നവരെ കണ്ടു. 

പുതുവസന്തം പഴയ വസന്തങ്ങളെ ഓർമപ്പെടുത്തുന്നതുപോലെ. മേളങ്ങൾക്ക് കാത്തിരിക്കുമ്പോൾ അന്നമനടത്രയത്തെ വരെ ഇങ്ങനെ അനുസ്മരിക്കും. പൂരത്തിന്റെ അറിയാവുന്ന ചരിത്രം മുഴുവൻ ഇവിടെ ഓർമകളായി പാറിക്കളിച്ചു. കാരണം പൂരത്തിനിടയ്ക്കുനിന്ന് മറ്റൊന്നും ഓർക്കാനുള്ള വഴികളില്ല.  വിശകലനങ്ങളുടെ ചെറുവഴികളും പൂരപ്പറമ്പിൽ സജീവമായി. ആനകളുടെ കൊമ്പും തുമ്പിക്കൈയും നിൽപ്പും എല്ലാം സൈദ്ധാന്തികമായി ഇവിടെ ചർച്ചയ്ക്ക്‌ വന്നു.

എല്ലാ സിദ്ധാന്തങ്ങൾക്കും അതീതമായ ഒരുമയുടെ പാട്ടാണ് പൂരപ്പറമ്പിൽ എപ്പോഴും അലയടിച്ചത്‌. ഒത്തൊരുമകൾ കണ്ണിചേർന്നാണ് പൂരം ഉണ്ടാകുന്നത്. പൂരത്തിന് ഒരുമിച്ചെത്തുകയെന്ന ശരാശരി ആസ്വാദകന്റെ ഒത്തൊരുമ ഇവിടെ കണ്ടു. ഇലഞ്ഞിത്തറച്ചുവട്ടിലെ പാണ്ടിയിൽ മുന്നൂറോളം കലാകാരൻമാർ ഒത്തൊരുമിച്ച് ശബ്ദവസന്തം തീർത്തത് മറ്റൊരു ഒത്തൊരുമ. തലയെടുപ്പോടെ നിൽക്കുന്ന പൂരപ്പന്തലുകൾക്ക് പറയാനുള്ളത് ഐക്യത്തിന്റെ മറ്റൊരു നിറം. എഴുന്നള്ളിപ്പുകളും വെടിക്കെട്ടും എല്ലാം ഇങ്ങനെ ഒത്തൊരുമയുടെ നിറഭേദങ്ങളാകുന്നു.

കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന നിരവധിചിത്രങ്ങൾ ഇവിടെ പിറന്നു. നിലത്തിറങ്ങി നടക്കാനും ഇത്തിരിവിയർക്കാനുമെല്ലാമുള്ള വിമുഖത മലയാളി കൈവിടുന്ന ഒരുസ്ഥലം പൂരപ്പറമ്പാണെന്ന കാര്യത്തിൽ ഒരുവട്ടം പൂരംകൂടിയവർക്ക് സംശയം കാണില്ല. വിയർത്തുകുളിച്ച് പൊരിവെയിൽ കൊണ്ട് പൂരപ്പറമ്പിലൂടെ വെറുതെ ചുറ്റിക്കറങ്ങാനുമുണ്ടായിരുന്നു വൻജനം. 

വാഹനസൗകര്യമില്ലെങ്കിൽ മറ്റെവിടേക്കും പോകാൻ മടിക്കുന്നവരാണ് സ്വരാജ് റൗണ്ടിന്റെ മൂന്നുകിലോമീറ്റർ ദൂരം പലവട്ടം കറങ്ങിയത്. പൂരപ്പറമ്പിൽ എവിടെത്തിരിഞ്ഞാലും വിസ്മയിക്കാൻ മാത്രമെ നേരംകാണു. തലകുലുക്കിവരുന്ന കൊമ്പനെ ആയിരം വിസ്മയക്കണ്ണുകൾ എതിരേൽക്കുന്നത് എവിടെത്തിരിഞ്ഞാലും കാണാം.  കണ്ണുകൊണ്ടുള്ള അളവുകളിൽ ആനസൗന്ദര്യം മുഴുവൻ വിലയിരുത്തി. എഴുന്നള്ളിനിൽക്കുന്ന കൊമ്പനെ കാണുമ്പോൾ മറ്റൊരു വിസ്മയമാണ് കണ്ണുകളിൽ വരിക. രാത്രിപൂരത്തിൽ തീവെട്ടിവെളിച്ചത്തിൽ കാണുന്ന എഴുന്നള്ളിപ്പ് കൊണ്ടുവരുന്ന വിസ്മയം വേറെയാണ്.

ഒരുതുമ്പി വെള്ളം സ്വന്തം ശരീരത്തിലേക്കുചീറ്റുന്ന കൊമ്പനെ കാണാനുമുണ്ടായിരുന്നു ആളുകൾ. പൂരപ്പറമ്പിലെത്തിയാൽ അറിയാതെ കൈനീളുന്ന മറ്റൊരുവസ്തു വിശറിയാണ്. പലതരം പരസ്യങ്ങളാണതിലുള്ളതെങ്കിലും, കത്തുന്നവെയിലിൽ ഇത്തിരിപ്പോന്ന വിശറികൊണ്ട് വലിയ കാര്യമില്ലെങ്കിലും പൂരപ്പറമ്പിൽ അതുവീശി നടക്കുകയെന്നത് എന്തുകൊണ്ടോ കുറേയധികം പേർക്ക് ഇഷ്ടമുള്ള കാര്യമാണ്. വാദ്യങ്ങൾ മുറുകുമ്പോൾ താളംതുള്ളാനുള്ള ചുമതലയും ഈ വിശറികൾക്ക്‌ നൽകി. ഇങ്ങനെയിങ്ങനെ ആസ്വാദകമനസ്സിൽ പലതരം ആനന്ദങ്ങൾ തീർത്തുകൊണ്ടാണ് ഈ പൂരവും നടന്നുനീങ്ങിയത്‌.