വർണമേളങ്ങൾ, വിസ്മയക്കാഴ്ചകൾ, ശബ്ദഘോഷങ്ങൾ ഒടുവിൽ ചെറുകണ്ണീരോടെ ഉപചാരം. പൂരം ഇത്തവണയും പടിയിറങ്ങിയതിങ്ങനെ. പൂരക്കഞ്ഞിയും കുടിച്ച് തട്ടക ജനത മടങ്ങുമ്പോൾ അടുത്ത പൂരത്തിനു കുറിച്ച ദിവസമാണ് മനസ്സിൽ ആശ്വാസമായി മാറുന്നത്. പൂരം പിരിഞ്ഞ തേക്കിൻകാടും ചുറ്റുവട്ടവും വല്ലാത്ത വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പൂരദിവസത്തെ തെക്കേഗോപുരനടയും പൂരപ്പിറ്റേന്നത്തെ തെക്കേനടയും ഒന്നു താരതമ്യപ്പെടുത്തിയാൽ ഈ വിസ്മയം പുറത്തുചാടും. എവിടെനിന്ന് ഓടിക്കൂടി ഇത്രയും ജനമെന്ന് ആശ്ചര്യപ്പെടും.  പൂരത്തിന്റെ തേക്കിൻകാടല്ല പൂരം പിരിഞ്ഞതിനുശേഷമുള്ള തേക്കിൻകാട്. പൂരത്തിനു തേക്കിൻകാട്ടിലെ തിരക്ക് ആകർഷിക്കും. പൂരം പിരിഞ്ഞാൽ ആകർഷിക്കുന്നതാകട്ടെ തേക്കിൻകാട്ടിലെ തിരക്കില്ലായ്മയും പ്രകൃതിഭംഗിയുമാണ്.

ആളുകൂടി

ആൾത്തിരക്കാണ് പൂരത്തിന്റെ മുഖമുദ്ര. ഇത്തവണ ഇതു കൂടി. പൂരത്തിനു തുടക്കം കുറിച്ചുകൊണ്ട് തെക്കേഗോപുരം തുറക്കാൻ നെയ്തലക്കാവിലമ്മ എത്തിയതുമുതൽ ഈ തിരക്കുകൂടുതൽ ഉണ്ടായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസ്സിലേറിവന്ന നെയ്‌തലക്കാവിലമ്മയെ എതിരേൽക്കാൻ തെക്കേഗോപുരനട നിറയെ ആളെത്തി. 23-ന് സാമ്പിൾവെടിക്കെട്ടുദിവസം ആരംഭിച്ച പാറമേക്കാവിന്റെ ചമയപ്രദർശനത്തിനും ആൾത്തിരക്കുണ്ടായിരുന്നു. 
  പൂരത്തലേന്നത്തെ ആൾത്തിരക്കും അദ്ഭുതപ്പെടുത്തുന്നതായി. മൂന്നുകിലോമീറ്റർ റൗണ്ടിൽ എല്ലായിടത്തും ആൾക്കൂട്ടങ്ങളെ കാണാമായിരുന്നു. പൂരദിവസം രാത്രിയിൽ ജനം റൗണ്ടിലൂടെ ഒഴുകുകയായിരുന്നു. എവിടെയും മുറിഞ്ഞുപോയില്ല. വെടിക്കെട്ടുവരെ ഈ ഒഴുക്കു തുടർന്നു. 

റെയിൽവേയ്ക്കു വരുമാനം കൂടി

പൂരത്തിനു കൂടുതൽ ജനങ്ങൾ എത്തിയെന്നതിനു തെളിവായി റെയിൽവേയുടെ വരുമാന വർധന. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി.യും ഉണ്ടാക്കിയ വരുമാന വർധനയ്ക്ക് പുറമെയാണിത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പൂരനാളിലെ മാത്രം വരുമാനം 9,84,850 രൂപയാണ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണയായുള്ള ശരാശരി വരുമാനം ആറ്, ഏഴ് ലക്ഷമാണ്. ഇതനുസരിച്ച് രണ്ടര ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം പൂരം സർവീസിലൂടെയുണ്ടായെന്ന് തൃശ്ശൂർ റെയിൽവേ അധികൃതർ പറഞ്ഞു. ഇത് പൂരദിവസത്തെ മാത്രം കണക്കാണ്. കൂടുതൽ ആളുകൾ എത്തുന്ന പുലർച്ചെയിലെ വെടിക്കെട്ടും, പകൽപ്പൂരത്തിെന്റയും കണക്കുകൾ അടുത്തദിവസമേ അറിയു. പൂരത്തിനായി പൂങ്കുന്നത്തും തൃശ്ശൂർ സ്റ്റേഷനിലും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു.

കെ.എസ്.ആർ.ടി.സി.ക്കു കൂടുതൽ സർവീസുകൾ

പൂരത്തിന്‌ കെ.എസ്.ആർ.ടി.സി. നൂറിലധികം അധിക സർവീസുകൾ നടത്തി. 80 മുതൽ 90 വരെയാത്രക്കാരുമായിട്ടായിരുന്നു പല അധിക സർവീസുകൾ യാത്രതിരിച്ചത്. അതുകൊണ്ടുതന്നെ ഇതു ലാഭവും ഉണ്ടാക്കിനൽകി. കോഴിക്കോട്, കോട്ടയം, എറണാകുളം, മലപ്പുറം എന്നീറൂട്ടുകളിലാണ് അധിക സർവീസുകൾ നടത്തിയത്.  ചെറുറൂട്ടുകളിലേക്കും അധികം ബസുകൾ ഓടി.

പൂരക്കഞ്ഞി നുകർന്ന് പതിനായിരങ്ങൾ

തൃശ്ശൂർ പൂരം പിരിഞ്ഞതിനു ശേഷവും അതിനുമുമ്പും ഇരു ദേവസ്വങ്ങളിൽനിന്നുമായി പൂരക്കഞ്ഞി നുകർന്നത് പതിനായിരങ്ങൾ. പതിനയ്യായിരത്തോളം പേർ പാറമേക്കാവ് വിഭാഗത്തിന്റെ പൂരക്കഞ്ഞി നുകർന്നു. പത്തുചാക്ക് അരികൊണ്ടുള്ള കഞ്ഞിയാണ് തിരുവമ്പാടിയിൽ തയ്യാറാക്കിയിരുന്നത്.   കഞ്ഞിക്കു പുറമെ മാമ്പഴപ്പുളിശേരി, മുതിരപ്പുഴുക്ക്, മാങ്ങ അച്ചാർ, പപ്പടം എന്നിവയെല്ലാം ദേവസ്വങ്ങൾ ഒരുക്കിയിരുന്നു. 

നഗരം ക്ലീൻ

പൂരം കഴിഞ്ഞ പറന്പ്‌ പോലെ തന്നെയായിരുന്നു തേക്കിൻകാടും തൃശ്ശൂർ നഗരവും. പൂരത്തിന്റെ പൊലിമയോടൊപ്പം മാലിന്യങ്ങളുടെ അളവും വർധിച്ചു. കോർപ്പറേഷന്റെ കീഴിലുള്ള ശുചീകരണസേന മണിക്കൂറുകൾകൊണ്ടാണ് നഗരം പഴയപടിയാക്കിയത്. 200 പേരാണ് ശുചീകരണസംഘത്തിൽ ഉണ്ടായിരുന്നത്. സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അതിരാവിലെ മുതലാണ്‌ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌.

ഉച്ചയ്ക്ക് പൂരത്തിനു സമാപനംകുറിച്ച് ജനം പൂരപ്പറമ്പ് ഒഴിഞ്ഞു പോയതോടെ ഈ പ്രദേശങ്ങളിലെ  ശുചീകരണവും പൂർത്തിയാക്കി. ആനപ്പിണ്ടവും പരസ്യത്തൊപ്പികളും നിറഞ്ഞു കിടന്നു. കുടിവെള്ളക്കുപ്പികൾ, പൂരം വാണിഭക്കാർ തീർത്ത അവശിഷ്ടങ്ങൾ എല്ലാമുണ്ടായിരുന്നു നഗരത്തിലാകമാനം. ഇതെല്ലാമാണ് ഇവർ ശുചിയാക്കിയത്.
  കോർപ്പറേഷന്റെ ജീവനക്കാരാണ് ശുചീകരണം നടത്തിയത്. രാവിലെമുതൽ ഇവർ രംഗത്തിറങ്ങി. പൂരം പിരിഞ്ഞു മൂന്നുമണിക്കൂറിനുള്ളിൽ നഗരം മുഴുവൻ വൃത്തിയാക്കാൻ ഇവർക്കായി. മൂന്നു ഷിഫ്റ്റുകളായാണ് ഇവർ പ്രവർത്തിച്ചത്. 

വെളിച്ചം നിലനിർത്താൻ 

പൂരത്തിന്റെ വെളിച്ചം നിലനിർത്താൻ കോർപ്പറേഷൻ ഇലക്‌ട്രിസിറ്റിവിഭാഗവും രാപ്പകലില്ലാതെ അധ്വാനിച്ചു. പൂരദിവസം രാവിലെ ആറുമുതൽ പൂരപ്പിറ്റേന്നു ഉച്ചവരെ സാങ്കേതികവിഭാഗം ജീവനക്കാരെ നിർബന്ധിത ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നു. നഗരത്തിലെ 12 പ്രധാന കേന്ദ്രങ്ങളിൽ മുഴുവൻസമയഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിച്ചു. ലൈനുകളുടെ കുഴപ്പങ്ങൾ പൂരമെത്തുന്നതിനു മുമ്പ് പരിഹരിക്കുകയും ചെയ്തു.

സുരക്ഷയൊരുക്കി പോലീസ്

പൂരം സുരക്ഷിതമാക്കാനായി ജോലിചെയ്തത് മുവ്വായിരത്തോളം പോലീസുകാർ. നഗരത്തിലെ എല്ലാറോഡുകളിലും പോലീസിന്റെ സാന്നിധ്യം  ഉണ്ടായിരുന്നു. 
വനിതാപോലീസുകാരെയും ഇറക്കി. പൂരത്തിനുവഴിയൊരുക്കി ആളുകളെ മാറ്റാനും കുഴഞ്ഞുവീഴുന്നവർക്കു കൃത്യസമയത്തുവൈദ്യസഹായം ലഭ്യമാക്കാനും ഇവർ പരിശ്രമിച്ചു.