തൃശ്ശൂര്‍: മേളപ്പെരുക്കത്തിനൊടുവില്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയില്‍ വര്‍ണങ്ങള്‍ കുടകളായി വിരിഞ്ഞു. മികവിനായി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചപ്പോള്‍ തേക്കിന്‍കാട് കുടമാറ്റ ലഹരിയില്‍ അലിഞ്ഞു. തിരുവമ്പാടിയും പാറമേക്കാവും ചെപ്പിലൊളിപ്പിച്ച അതിശയക്കുടകള്‍ കാണാന്‍ വീര്‍പ്പടക്കിയാണ് പൂരപ്രേമികള്‍ തെക്കേ ഗോപുരനടയില്‍ കൂടിയത്. 

പൂരാവേശം അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ വെടിക്കെട്ടിന് അനുതി ലഭിച്ചിരുന്നു. സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരിക്കേറ്റതിനെത്തടര്‍ന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്. എന്നാല്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയും വെടിക്കെട്ടിന് അനുമതി നല്‍കുകയും ചെയ്തു. 

നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറവാണ്. എന്നാല്‍ വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.