തൃശ്ശൂര്‍ : മാനത്ത് വര്‍ണ വിസ്മയം തീര്‍ത്ത് കുടകള്‍ ഉയര്‍ന്ന് പൊങ്ങിയപ്പോള്‍ തൃശ്ശൂരിലെ പൂരപ്രേമികള്‍ക്ക് ഇത്തവണ കുടമാറ്റം കണ്ണീരോര്‍മയായി. ഗജരാജന്‍ ശിവസുന്ദറിന്റെ ഓര്‍മയ്ക്കായി തിരുവമ്പാടിക്കാര്‍ ശിവസുന്ദറിന്റെ കുടകള്‍ വാനിലേക്കുയര്‍ത്തിയപ്പോള്‍ തേക്കിന് കാടിനെ ആര്‍പ്പുവിളികള്‍ കൊണ്ട് ആവേശപ്പെരുമഴയിലാക്കിയ ജനസാഗരം ഒരു നിമിഷം നിശബ്ദരായി.
ശിവസുന്ദറില്ലാത്ത പൂരവും കുടമാറ്റവും പൂരസ്നേഹികള്ക്ക് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. വൈകുന്നേരം അഞ്ചരയാകുമ്പോഴേക്കും പൂരനഗരിയില്‍ കുടമാറ്റ വിസ്മയം കാണാന്‍ പൂരസ്നേഹികള് സൂചികുത്താന്‍ ഇടം നല്‍കാതെ തടിച്ച് കുടിയിരുന്നു. പിന്നെ പാറേമക്കാവ്കാരും തിരുവമ്പാടിക്കാരും വിസ്മയങ്ങളുടെ വിരുന്നുകള്‍ തീര്‍ത്തു. രണ്ടും ഒന്നിനൊന്ന് മെച്ചം.
അതിനിടെയാണ് തിരുവമ്പാടിക്കാര്‍ ശിവസുന്ദറിന്റെ കുടകള്‍ ഉയര്‍ത്തിയത്. ഇതിനെ ഫോട്ടോകള്‍ ഉയര്‍ത്തിയും ലൈറ്റുകള്‍ തെളിച്ചും അവര്‍ വരവേറ്റു. അങ്ങനെ ഒരു കുടമാറ്റം പൂര സ്നേഹികള്‍ക്ക് കണ്ണീര് കുടമാറ്റമായി മാറി.
ഈ അടുത്താണ് ഗജരാജനും തൃശ്ശൂരുകാരുടെ കണ്ണിലുണ്ണിയുമായ തിരുവമ്പാടി ശിവസുന്ദര്‍ ഒരു പൂരത്തിന് കൂടെ കാത്ത് നില്‍ക്കാതെ വിട വാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി.എസ് ശിവകുമാര്‍ എന്നിവരും കുടമാറ്റത്തിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.