തൃശ്ശൂര്‍: പൂരാവേശത്തിന്റെ ചൂടുയര്‍ത്തി ആവേശ്വോജ്വലമായ കുടമാറ്റം നടന്നു. പാറമേക്കാവ്തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി, .കാണികള്‍ ആര്‍പ്പുവിളിച്ചും ഉയര്‍ന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചു.. 

ഇരുവിഭാഗങ്ങളും മത്സരബുദ്ധിയോടെ തന്നെ കുടമാറ്റത്തിനൊരുങ്ങിയിരുന്നു. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറി തിരുവമ്പാടി ഭഗവതി പുറത്തേക്കെഴുന്നള്ളി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നതൃത്വത്തില്‍ നടപ്പാണ്ടികൊട്ടിയാണ് തിരുമ്പാടി ഭഗവതിയെ എഴുന്നള്ളിച്ചത്. 

പിന്നാലെ തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കോട്ടിറങ്ങി തെക്കെ ഗോപുരനടയില്‍ അണിനിരന്നു. ശേഷം പാറമേക്കാവിന്റെ 15 ആനകള്‍ രാമവര്‍മ തമ്പുരാന്റെ പ്രതിമയെ വലം വെച്ച് തെക്കേ ഗോപുര നടയ്ക്ക് അഭിമുഖമായി അണിനിരന്നു. ഇതോടെ പൂരപ്രേമികള്‍ കാത്തിരുന്ന കുടമാറ്റത്തിന് തുടക്കമായി. 

പൂരുഷാരം നിറഞ്ഞുനിന്ന കുടമാറ്റത്തിനാണ് തൃശ്ശൂര്‍ സാക്ഷിയായത്. 51 സെറ്റ് കുടകളാണ് വിഭാഗവും ഒരുക്കിയത്. ഇതിന് പുറമെ സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ച അഞ്ച് സെറ്റ് കുടകളും വാശിയോടെ ഇരുകൂട്ടരും പ്രദര്‍ശിപ്പിച്ചു. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ഇടയിലുള്ള സ്ഥലം മുഴുവന്‍ മനുഷ്യ സമുദ്രമായി മാറി. മാത്രമല്ല ആനകളെല്ലാം അണിനിരന്നതിന് പിന്നാലെ സാധ്യമായ സ്ഥലങ്ങളിലെല്ലാം മതില്‍ പോലെ ജനസാഗരം നിറഞ്ഞു. 

ഓരോ തവണയും മത്സരിച്ച് കുടകള്‍ മാറുമ്പോള്‍ പുരപ്രേമികള്‍ ആര്‍പ്പുവിളികളോടോ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. 1954 ല്‍ ആയിരുന്നു ആദ്യമായി കുടമാറ്റം മത്സരമായി തുടങ്ങിയത്. പിന്നാലെ ഓരോ വര്‍ഷം കഴിയുമ്പോഴും കുടമാറ്റത്തിന്റെ വീറും വാശിയും കൂടി. ഇത് വൈരാഗ്യത്തിലേക്ക് മാറിയപ്പോള്‍ 1965 ആദ്യമായി കുടമാറ്റത്തിന് നിബന്ധനകള്‍ കൊണ്ടുവന്നു. ഇത് പ്രകാരം ആദ്യം കുട ഉയര്‍ത്താനുള്ള അവകാശം തിരുവമ്പാടി വിഭാഗത്തിനായി.

ആദ്യകാലത്ത് 12 സെറ്റ് കുടകളായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ അതിന്റെ എണ്ണം 60 ന് അടുത്തെത്തിയിരിക്കുന്നു. ആഴിചകളോളം എടുത്താണ് ഒരോ കുടകളും എടുക്കുക. സ്‌പെഷ്യല്‍ കുടകളുടെ നിര്‍മാണം രഹസ്യമായിരിക്കും. അവ കുടമാറ്റത്തിന്റെ സമയത്തുമാത്രമേ പുറത്തുകാണിക്കു. കുട ഉയര്‍ത്തിയാല്‍ മൂന്ന് തവണ ആലവട്ടവും വെഞ്ചാമരവും വീശും. ഇതിന് ശേഷമാണ് അടുത്ത കുട ഉയര്‍ത്തുക. 

കഥകളി വേഷം, ഡമരു പിടിച്ച ശിവന്‍, ചന്ദ്രകലാധരനായ പരമേശ്വരന്‍, പല തട്ടുകളുള്ള വര്‍ണകുടകള്‍, തിരുപ്പതി ഭഗവാന്‍, ശ്രീകൃഷ്ണന്‍, ഭഗവതി, എല്‍.ഇ.ഡി പതിപ്പിച്ചവ, ശക്തന്‍ തമ്പുരാന്‍,വടക്കേക്കര കോവിലകം,  തുടങ്ങി ഭാവനകള്‍ നിറഞ്ഞ വ്യത്യസ്തമായ കുടകളാണ് ഇരുവിഭാഗങ്ങളും അവസാന ഘട്ടത്തില്‍ പദര്‍ശിപ്പിച്ചത്. കുടമാറ്റം കഴിഞ്ഞ് ഏഴാനയും മേളവുമായി പാറമേക്കാവ് തിരികെ പോകും.

സ്‌പെഷ്യല്‍ നാദസ്വരത്തിന്റെ അകമ്പടിയോടെ വലന്തലകൊട്ടി ഒറ്റചെണ്ടയായിട്ടാണ് തിരികെ പോകുക. തിരുമ്പാടി വിഭാഗം മണികണ്ഠനാല്‍ പന്തലില്‍ മേളം കലാശിച്ച തിരിച്ചുപോകും. തുടര്‍ന്ന് തിടമ്പേറ്റിയ അനകള്‍ ബ്രഹ്മസ്വം മഠത്തിലേക്ക് യാത്രയാകും. ആ സമയം ചെറുപൂരങ്ങള്‍ വടക്കുംനാഥന്റെ മുന്നില്‍ സമര്‍പ്പണം നടത്തും.