തൃശ്ശൂര്‍: കോട്ടും പാന്റ്‌സും ധരിച്ചിരിക്കുന്നു. കയ്യില്‍ എപ്പോഴും കാണും രണ്ട് സഞ്ചികള്‍. പിരിച്ചു വച്ചിരിക്കുന്ന മഞ്ഞുപോലുള്ള വെളുത്ത മീശ. ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ ഇതാണ് ഗോപിനാഥന്‍ പിള്ള. പക്ഷേ ആള് ചില്ലറക്കാരനല്ല. അല്‍പ്പം മാജിക്കൊക്കെയുണ്ട് കക്ഷിയുടെ കയ്യില്‍.
 
കൊല്ലം അഷ്ടമുടിയാണ് ഗോപിനാഥന്‍ പിള്ളയുടെ സ്വദേശം. ഇപ്പോള്‍ 77 വയസായി.  20 -ാമത്തെ വയസുമുതല്‍ മാജിക് ചെയ്യുന്നു. അച്ഛന്‍ ചന്ദ്രപിള്ളയാണ് ഗുരു. മാജിക് വിദ്യകളുമായി സഞ്ചരിക്കുകയാണ് വിനോദം. ഇന്ത്യയിലെ ഒരുവിധം സംസ്ഥാനങ്ങളെല്ലാം ഗോപിനാഥപിള്ള മാജിക്കുമായി സഞ്ചരിച്ചുകഴിഞ്ഞു. തെരുവ് മാജിക്കിന്റെ ഒരു രൂപം തന്നെയാണ് പിള്ളച്ചേട്ടന്റെ കൈമുതല്‍. കയ്യിലെ രണ്ട് സഞ്ചികളിലും മാജിക് അവതരിപ്പിക്കാനുള്ള ഉപകരണങ്ങളാണ്. പാല്‍ക്കുപ്പിയും കയറും തുടങ്ങി പല വസ്തുക്കളും ഇതിലുണ്ട്.
 
ഉല്‍സവമായാലും പള്ളിപ്പെരുന്നാളായാലും അവിടെ ഗോപിനാഥപിള്ളയുണ്ടാവും. 10 ദിവസം കൂടുമ്പോഴാണ് വീട്ടില്‍ പോവാറ്. പലരും മാജിക്കിലെ ഓരോ വിദ്യകള്‍ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വരാറുണ്ടെന്ന് പിള്ളച്ചേട്ടന്‍ പറയുന്നു. വരുന്നവര്‍ക്ക് അവരാവശ്യപ്പെടുന്ന ട്രിക്കുകള്‍ പഠിപ്പിച്ചുകൊടുക്കാറുമുണ്ട്. തെരുവുകളില്‍ മാത്രമല്ല; വിവാഹം, പാലുകാച്ചല്‍ പോലുള്ള ചടങ്ങുകള്‍ക്കും ഇദ്ദേഹത്തിന്റെ 'സേവനം' ആവശ്യപ്പെട്ടുവരുന്നവരുണ്ട്. ഇപ്പോള്‍ കേരളത്തിന് പുറത്തേക്കൊന്നും ഗോപിനാഥപിള്ള പോവാറില്ല. പ്രായമായില്ലേ, മക്കള്‍ സമ്മതിക്കില്ല എന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്.
 
എന്തൊക്കെ തിരക്കുണ്ടെങ്കിലും തൃശ്ശൂര്‍ പൂരം പിള്ളച്ചേട്ടന്‍ ഒരിക്കലും 'മിസ്' ആക്കിയിട്ടില്ല. പൂരം കഴിഞ്ഞാല്‍ അടുത്ത ഉള്‍സവപ്പറമ്പ് തേടി നടക്കും. അടുത്ത പൂരത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പെന്നോണം.