മേടച്ചുടിന്റെ പുകച്ചിലിലാണ് പൂരം ഇത്തവണ മേളഗോപുരം തീര്‍ക്കുന്നത്,തേക്കിന്‍കാട്ടിലെ കല്ലിനും പുല്ലിനും വരെ ഉത്സവഛായ സ്വരാജ് റൗണ്ടിന്റെ നീളന്‍ കൈവഴികള്‍ താണ്ടി പുരത്തെ വരവേല്‍ക്കാര്‍ ദേശക്കാര്‍ എത്തിതുടങ്ങി.പുലരി മുതല്‍ ചടങ്ങുകളാണ്-ഒരുവര്‍ഷത്തെ വരവില്‍  കാഴ്ച്ചകളെല്ലാം കണ്ട് മടങ്ങാന്‍ കഴിയില്ല,ഓരേ സമയം തന്നെയുണ്ട് ഒന്നിലധികം വിസ്മയകാഴ്ച്ചകള്‍ .ഇലഞ്ഞിച്ചുവട്ടിലും മഠത്തിലെ വഴികളിലും പാറമേക്കാവിന്റെ മുറ്റത്തും പുരുഷാരം ഒഴുകി നടക്കുകയാണ്.കയ്യിലൊരു വെള്ളക്കുപ്പിയും തലയിലൊരു തൊപ്പിയുമായി പൂരപ്പറമ്പാകെ അലഞ്ഞു നടക്കാനിറങ്ങുമ്പോള്‍ മനസ്സിലൊരു കണക്കുവേണം മുപ്പത്തിയാറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന  പൂരത്തിന്റെ സമയക്രമം മനസ്സില്‍ സൂക്ഷിക്കണം എങ്കിലെ പ്രധാനചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ കഴിയൂ.

രാവിലെ 7.30 ഘടകപൂരങ്ങളുടെ വരവ്

പുലരും മുന്‍പേ വരവുകള്‍ വന്നു തുടങ്ങുകയായി.മഞ്ഞു വെയിലും ഏല്‍ക്കാതെ എന്നൊരു പ്രയോഗം തന്നെയുണ്ട്  കണിമംഗലം ശാസ്താവിന്റെ പുറപ്പാടിന്.പൂരം വിളിച്ചറിയിച്ച് ശാസ്താവാണ് വടക്കും നാഥനുമുന്നില്‍ ആദ്യമെത്തുന്നത്.കണിമംഗലത്തുനിന്നു പുറപ്പെടുന്ന ശാസ്താവ് കുളശ്ശേരി ക്ഷേത്രത്തില്‍ വിശ്രമിച്ച് ഏഴരയോടെ വടക്കുംനാഥസന്നിധിയിലെത്തും.ഘടകപൂരത്തിനൊപ്പമുള്ള മേളത്തിനും ഗജവീരന്‍മാര്‍ അകമ്പടിയായുണ്ടാകും.പനമുക്കും പിള്ളി,ചെമ്പൂക്കാവ്,കാരമുക്ക്,പൂക്കാട്ടിരി,ലാലൂര്‍,ചൂരക്കോട്ടുകാവ്,അയ്യന്തോള്‍,നെയ്തലക്കാവ് അങ്ങിനെ ദേശദൈവങ്ങളുടെ വരവില്‍ തേക്കിന്‍കാട് നിറയും.ഉച്ച 12 വരെ ഘടപൂരങ്ങളുടെ വരവ് തുടരും.

രാവിലെ 7.30തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ്

തട്ടകം പ്രാര്‍ത്ഥനാ നിര്‍ഭരമാകും,ദേശക്കാരുടെ കൂപ്പിയ കൈകള്‍ സാക്ഷിയാക്കിയാണ് തിരുവമ്പാടി ഭഗവതി പുറത്തേക്കിറങ്ങുക.പൂരചടങ്ങുകളിലെ വൈകാരികമായ നിമിഷമാണിത്.പുലര്‍ച്ചേ മൂന്നിനാരംഭിക്കുന്ന ക്ഷേത്രചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് പുറത്തേക്കുള്ള എഴുന്നെള്ളിപ്പ്.ഷൊര്‍ണ്ണൂര്‍ റോഡിലൂടെ പറകള്‍സ്വീകരിച്ചുള്ള യാത്രക്ക് ഭക്തജനങ്ങളുടെ അകമ്പടി ഉണ്ടാകും.പഴയനടക്കാവിലേക്ക് കടക്കുമ്പോള്‍ സമയം ഒന്‍പതുകഴിയും,മഠത്തില്‍ കോലമിറക്കി ഉപചാരങ്ങള്‍ സ്വീകരിച്ചാണ് പിന്നീടുള്ളയാത്ര.

രാവിലെ 11.30 പഞ്ചവാദ്യമധുരവുമായി മഠത്തില്‍ നിന്നുള്ള വരവ്


മഠത്തിലെ മരച്ചുവട്ടിനുതാഴെ പഞ്ചവാദ്യത്തിന്റെ മധുരം നിറയും.വാദ്യപ്രേമികള്‍ മണിക്കൂറുകള്‍ക്കുമുന്‍പ്തന്നെ സ്ഥലമുറപ്പിച്ച് കാത്തുകൂര്‍പ്പിച്ചിരിക്കും.ബ്രഹ്മസ്വം മഠത്തിലെ ഇറക്കിപൂജക്കുശേഷമാണ് മഠത്തില്‍ നിന്നുള്ള വരവ് തുടങ്ങുന്നത്. മേളത്തോടെയുള്ള യാത്ര സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുമ്പോള്‍ എഴുന്നള്ളിപ്പിലെ ആനകളുടെ എണ്ണം ഏഴ്. ഘോഷയാത്രകണക്കെ രണ്ടരയോടെ നായ്ക്കനാലിലെത്തുന്ന പഞ്ചവാദ്യഎഴുന്നെള്ളിപ്പ് നായ്ക്കനാലില്‍  അവസാനിക്കും.പഞ്ചവാദ്യത്തിനുശേഷം പാണ്ടിമേളത്തോടെ എഴുന്നെള്ളിപ്പ് തേക്കിന്‍കാട് മൈതാനിയിലേക്ക് പ്രവേശിക്കും.പാണ്ടിമേളം 4.45 ന് ശ്രീമൂലസ്ഥാനത്ത് സമാപിക്കും.

ഉച്ചയ്ക്ക് 12.00 പാറമേക്കാവിന്റെ ഇറക്കം

ഉച്ചസൂര്യന്‍ നെറുകയില്‍ കത്തിജ്വലിക്കുമ്പോഴാണ് പാറമേക്കാവിലമ്മ പുറത്തേക്ക എഴുന്നെള്ളുക.ക്ഷീണവും ദാഹവും മറന്ന് ആയിരങ്ങളാണ് ഓരേ മനസ്സോടെ പാറമേക്കാവിലമ്മയുടെ പുത്തേക്കിറക്കത്തിന് സാക്ഷിയാകുക.ആര്‍പ്പുവിൡകളാലും കതീനമുഴക്കത്താലും പ്രദേശം പ്രകമ്പനം കൊള്ളും.പുറത്തേക്കിറങ്ങുന്ന ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയിലാണ് പൂരനഗരിയിലേക്ക് എഴുന്നെള്ളുക.പാണ്ടിമേളം എഴുന്നെള്ളിപ്പിന് കൂട്ടുവരം.

ഉച്ചയ്ക്ക് 2.00 ഇലഞ്ഞിത്തറമേളം

പാണ്ടിയുടെ രൗദ്രലഹരി,പ്രമാണം പെരുവനം കുട്ടന്‍ മാരാര്‍.വടക്കുംനാഥന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിച്ചോട്ടില്‍ പാറമേക്കാവിലമ്മ എത്തിയാല്‍ ചിട്ടയൊത്ത പാണ്ടിമേളത്തിന് ചെണ്ടകൊലുമ്പും.മുന്നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന വാദ്യവിരുന്ന് മേളത്തിന് മിഴിവേകി ആസ്വാദകരുടെ കൂട്ടത്തില്‍ പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മയുമുണ്ടാകും.വൈകീട്ട് 4.30 ന് ഇലഞ്ഞിത്തറമേളം സമാപിക്കും.

വൈകീട്ട് 4.30 തെക്കോട്ടിറക്കം-കുടമാറ്റം

പൂരാവേശത്തിന്റെ ചൂടും ചൂരും നിറഞ്ഞ കണ്ണുകളെല്ലാം ഒരേ സമയം തെക്കേഗോപുരനടയില്‍ സമ്മേളിക്കും.വാനോളം ഉയരുന്ന ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് ഓരോ ഗജവീരനം ഗോപുരം താണ്ടി പുറത്തേക്കിറങ്ങുന്നത്.പാറമേക്കാവും തിരുവമ്പാടിയും നേര്‍ക്കുനേര്‍ ചുവടുറപ്പിക്കുന്നതോടെ കുടമാറ്റത്തിന് വേദിയൊരുങ്ങും.മാനത്ത് ഇരുട്ട് വീഴും വരെ വര്‍ണ്ണകുടകള്‍ വാനില്‍ വിസ്മയം തീര്‍ക്കും.പകല്‍പ്പൂരം അവസാനിക്കുന്നതോടെ രാത്രി തനിയാവര്‍ത്തനത്തിന് പൂരപറമ്പ് വേദിയാകും

ശനി പുലര്‍ച്ചേ 3.00 വെടിക്കെട്ട്

മാനത്ത് കരുത്ത് തെളിയിച്ച് തിരുവമ്പാടിയും പാറമേക്കാവും നേര്‍ക്കുനേര്‍ ആകാശമേളം ആസ്വദിക്കുവാന്‍ ആയിരങ്ങള്‍ സ്വരാജ് റൗണ്ടിന്റെ കൈവഴികളില്‍ ഇടം പിടിക്കും.

ശനിയാഴ്ച്ച 12.30 ഉപചാരം ചൊല്ലിപിരിയല്‍

അടുത്ത പൂരത്തിന് വീണ്ടും കാണാമെന്ന് വാക്കുനല്‍കി വടക്കും നാഥനെ സാക്ഷിയാക്കി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ പിരിയുന്ന ചടങ്ങ്. ഉപചാരത്തോടനനുബന്ധിച്ചുനടക്കുന്ന  പകല്‍പ്പൂരവെടിക്കെട്ടിന്റെ കനം നാടിനെ വിറപ്പിക്കും.