' രക്തദാനം മഹാദാനം' ഈ വാചകം നാം ഓരോരുത്തരുടെയും മനസ്സിലുണ്ട്. എന്നാല്‍ എത്രപേര്‍ രക്തം ദാനം ചെയ്യാറുണ്ട്. മറ്റുള്ളവര്‍ക്കായി ദാതാക്കളെ എത്തിച്ചുകൊടുത്തിട്ടുണ്ട്?.. തൃശ്ശൂര്‍ പൂരാഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്.  ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന രക്ത ദാതാക്കളുടെ കൂട്ടായ്മയാണ് കേരളത്തിലെവിടേക്കും രക്തമെത്തിക്കാനുള്ള ധര്‍മ്മം ഏറ്റെടുത്തിരിക്കുന്നത്.  പൂര നഗരിയിലെ എക്‌സിബിഷന്‍ സ്റ്റാളിലാണ് ഇപ്പോളിവരുടെ പ്രധാന പ്രവര്‍ത്തനം. കൂടുതല്‍ രക്ത ദാതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്, സമ്മതമുള്ളവരുടെ പേരും, സ്ഥലവും വാട്‌സ്ആപ് നമ്പറും ശേഖരിച്ചുവക്കുകയാണ് ലക്ഷ്യം. 

ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെയെത്തി രക്തദാനത്തിന് സന്നദ്ധത അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും പൂരദിവസം ഇവര്‍ രക്തദാതാക്കളെ തേടി ഇറങ്ങിയിരുന്നു. ഏത് ഗ്രൂപ്പിലുള്ള രക്തം ലഭിക്കാനും ഈ കൂട്ടായ്മ സഹായിക്കും. പ്രതിഫലമായി ഒന്നും വാങ്ങില്ല. ഇതേ ആവശ്യവുമായി മറ്റൊരാള്‍ വന്നാല്‍ സഹായിക്കണം എന്നത് മാത്രമാണ് ഇവര്‍ മുന്നോട്ടുവക്കുന്ന നിബന്ധന. അത്യപൂര്‍വ രക്തഗ്രൂപ്പായ ബോംബെ ഒ നെഗറ്റീവ് ബ്ലെഡ് ഉള്‍പ്പെടെ ഈ കൂട്ടായ്മ സംഘടിപ്പിച്ച് കൊടുത്തിട്ടുണ്ട്. ഒരു ദിവസം 60 യൂണിറ്റ് രക്തം ബ്ലഡ് ഡോണേഴ്‌സ് ആവശ്യക്കാര്‍ക്കായി എത്തിക്കുന്നു.   
 
വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ആവശ്യക്കാരെയും ദാതാക്കളെയും കണ്ടെത്തുന്നത് രക്ത ദാനത്തിന് സന്നദ്ധരായി 80 വാട്‌സ്ആപ് ഗ്രൂപ്പുകളിലായി പതിനായിരത്തിലേറെ പേരുണ്ട്. തികച്ചും സൗജന്യമായാണ് സേവനം, രക്തം ആവശ്യമുള്ളവര്‍ അറിയിച്ചാല്‍ ഗ്രൂപ്പില്‍ വിവരം നല്‍കും. ഇതിനായി കോഡിനേറ്റര്‍മാരുണ്ട്.  ആവശ്യക്കാര്‍ക്ക് അടുത്തുള്ള യോജിച്ച ബ്ലെഡ് ഗ്രൂപ്പുള്ള ആളെ എത്രയും നേരത്തെ രോഗിയുടെ അടുത്തെത്തിക്കും.  
വിവിധ രംഗങ്ങളില്‍ ജോലിചെയ്യുന്ന ഒരു കൂട്ടം യുവാക്കളാണ് ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. 

2012ല്‍ ഫേസ്ബുക്കിലൂടെയാണ് കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് 2014ല്‍ വാട്‌സ്ആപ് ഗ്രൂപ്പ് തുടങ്ങിയതു മുതലാണ് സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനായത്. സ്‌കൂളുകളിലും കോളേജുകളിലും രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാന്‍ ക്യാമ്പുകളും നടത്താറുണ്ട്. രക്തം ആവശ്യമുള്ളവര്‍ക്കും, ഈ സേവനത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യം ഉളളവര്‍ക്കും  ശ്രീകാന്ത് 9656965965, ബിനോയ് 9446020888 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാം.