sri ramakrishna paramahamsaനരേന്ദ്രൻ വിവാഹം കഴിച്ചുകാണാൻ അച്ഛൻ വിശ്വനാഥ ദത്ത ഏറെ ആഗ്രഹിച്ചിരുന്നു. നരേന്ദ്രന്റെ ധാർമികവും ആത്മീയവുമായ തൃഷ്ണയെ തണുപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അമ്മ ഭുവനേശ്വരിദേവിയുടെ അമ്മാവനായ രാമചന്ദ്ര ദത്തയും നരേന്ദ്രനെ വിവാഹത്തിനായി നിർബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരാകരിച്ചു. നരേന്ദ്രന്റെ ആത്മീയതൃഷ്ണ തിരിച്ചറിഞ്ഞ രാമചന്ദ്ര ദക്ഷിണേശ്വറിൽ പോവാൻ അദ്ദേഹത്തോട് പറഞ്ഞു -‘സത്യം എന്തെന്ന് അറിയാൻ നീ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ബ്രഹ്മസമാജം ചുറ്റിപ്പറ്റി നിൽക്കുന്നത് എന്തിനാണ്? നിന്റെ പ്രയത്‌നം ഇവിടെ സഫലീകരിക്കില്ല. ദക്ഷിണേശ്വറിൽ പോയി രാമകൃഷ്ണ പരമഹംസരെ കാണൂ’- രാമചന്ദ്ര നിർദേശിച്ചു.

എഫ്.എ. പരീക്ഷ അടുത്തുവന്നിരുന്ന കാലമായതിനാൽ നരേന്ദ്രന് ഈ നിർദേശം നടപ്പാക്കാനായില്ല. പതിയെ ഇക്കാര്യം മറന്നുപോവുകയും ചെയ്തു. എന്നാൽ, ജനറൽ അസംബ്ലി ഇൻസ്റ്റിറ്റ്യൂട്ടിലെ സാഹിത്യക്ലാസിൽവെച്ച് വില്യം വേഡ്‌സ്‌വർത്തിന്റെ ‘ദ എക്‌സ്‌കർഷൻ’ എന്ന കവിതയെക്കുറിച്ച് പ്രൊഫസർ വില്യം ഹേസ്റ്റി ക്ലാസെടുക്കുമ്പോൾ നരേന്ദ്രൻ വീണ്ടും രാമകൃഷ്ണ പരമഹംസരെക്കുറിച്ച് കേട്ടു. കവിതയിൽ കവിയുടെ വികാരവും അനുഭവവും വർണിക്കുന്നതിനായി വേർഡ്‌സ് വർത്ത് ‘ട്രാൻസ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ, അതിന്റെ അർഥം മനസ്സിലാക്കാൻ നരേന്ദ്രനും അദ്ദേഹത്തിന്റെ സഹപാഠികൾക്കും സാധിച്ചില്ല. അതേക്കുറിച്ച് വിവരിക്കാൻ നരേന്ദ്രൻ ഹേസ്റ്റിയോട് ആവശ്യപ്പെട്ടു. അർഥം വിവരിച്ചുകൊടുത്ത പ്രൊഫസർ നരേന്ദ്രനോട് ദക്ഷിണേശ്വറിൽ ചെന്ന് രാമകൃഷ്ണനെ കാണാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഈ അവസ്ഥ അനുഭവിച്ച ആളാണെന്നും പറഞ്ഞുകൊടുത്തു.

പ്രൊഫസർ ഹേസ്റ്റിയുടെയും ബന്ധു രാമചന്ദ്രന്റെയും വാക്കുകൾക്കനുസരിച്ച് രാമകൃഷ്ണപരമഹംസരെ കാണാൻ നരേന്ദ്രൻ യാത്രതിരിച്ചു. നരേന്ദ്രനെ കണ്ടപ്പോൾ ഉത്കണ്ഠയും അതീവസന്തോഷവും ഇടകലർന്ന് രാമകൃഷ്ണപരമഹംസർ കണ്ണീർപൊഴിച്ചു. ആ ദിവസത്തെക്കുറിച്ച് രാമകൃഷ്ണപരമഹംസർതന്നെ പിന്നീട് പറയുകയുണ്ടായി.

‘പടിഞ്ഞാറുഭാഗത്ത് ഗംഗയുടെ അഭിമുഖമായി നിന്ന വാതിലിലൂടെ നരേന്ദ്രൻ എന്റെ മുറിയിലേക്ക് വന്നു. തന്റെ ഭൗതികരൂപത്തിൽ അദ്ദേഹം ഒട്ടും ശ്രദ്ധാലുവായിരുന്നില്ല. അദ്ദേഹത്തിന്റെ മുടിയും വസ്ത്രവും അഴിഞ്ഞുകിടന്നിരുന്നു. മറ്റാരുടെയോ പോലെ ഇതുമായി അദ്ദേഹത്തിനും ഒരു ബന്ധവും ഇല്ലാത്തപോലെ തോന്നിച്ചു. മനസ്സിന്റെ ഏറിയ ഭാഗവും മിക്കപ്പോഴും ചിന്തകളിൽ അന്തർലീനമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ പറഞ്ഞു. ഇത്തരം ഒരു മഹദ്‌മനസ്സിന് എങ്ങനെയാണ് കൊൽക്കത്തപോലുള്ള ഇടത്തിൽ ജീവിക്കാൻ സാധിക്കുന്നതെന്ന് ഞാൻ അദ്‌ഭുതപ്പെട്ടു’.

മുറിയിലേക്ക് കയറിവന്ന നരേന്ദ്രനെ രാമകൃഷ്ണ സഹർഷം സ്വാഗതം ചെയ്തു. തറയിൽ വിരിച്ചിരുന്ന പായയിൽ അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒരു പാട്ടുപാടാൻ അദ്ദേഹം നരേന്ദ്രനോട് പറഞ്ഞു. സമ്മതംമൂളിയ നരേന്ദ്രൻ ഒരു ഭക്തിഗാനം പാടാൻ തുടങ്ങി.

Content Highlights: Vivekananda and sri ramakrishna paramahamsa