‘അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ’ എന്ന അഭിസംബോധനയിൽ തുടങ്ങിയ ഷിക്കാഗോ പ്രസംഗത്തിലൂടെ ലോകം ശ്രവിച്ചത് നാനാത്വബോധങ്ങൾക്കെല്ലാം ആധാരമായി നിലകൊള്ളുന്ന ഏകത്വത്തിന്റെ സന്ദേശമാണ്. മനുഷ്യസമുദായം ഈ അദ്വൈതബോധത്തെ തിരിച്ചറിഞ്ഞാലുണ്ടാകുന്ന വമ്പിച്ച പ്രായോഗിക പാഠങ്ങളെ പാശ്ചാത്യലോകത്തിനു മുമ്പിൽ വെച്ചപ്പോൾ അതിനെ ഒരു സമ്മാനപ്പൊതിയായി സ്വീകരിക്കുന്ന കാര്യമത്രേ വിവേകാനന്ദ ദൗത്യവിജയത്തിലൂടെ തെളിഞ്ഞുകിട്ടുന്നത്. 

ഏതൊരു മനുഷ്യനെയും വശീകരിക്കുന്ന സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പ്രായോഗികവശങ്ങൾ ഉരുത്തിരിഞ്ഞുവരുന്നത് അദ്വൈതബോധം അനുഭവത്തിലാകുമ്പോഴാണ്‌. ‘എന്റെ വഴി മാത്രം ശരി’യെന്ന കടുംപിടിത്തത്തിലൂടെ സ്വന്തം ആശയസംഹിതകൾക്ക് ചുറ്റുമതിൽ തീർത്തുകൊണ്ടിരുന്ന അന്നത്തെ മതസമ്പ്രദായങ്ങളോട് സാർവലൗകികതയുടെ ഈ മണ്ഡലത്തിലേക്കുയരാനാണ് സ്വാമികൾ ആഹ്വാനം നടത്തിയത്. ലോകത്തിനു ചെയ്ത നന്മയേക്കാൾ കൂടുതൽ രക്തച്ചൊരിച്ചിലുകൾ മതങ്ങൾ മുഖാന്തരം വന്നുപെട്ടതിനു കാരണം ഈ ‘സ്വമതഭ്രാന്ത’ല്ലാതെ മറ്റൊന്നുമല്ലെന്ന് ആ വേദിയിൽവെച്ചുതന്നെ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. 

കിഴക്ക്‌ പടിഞ്ഞാറിനെ തൊട്ടപ്പോൾ

ആധ്യാത്മികതയെ അനുഭവതലത്തിലേക്കെത്തിക്കുന്നതിനുള്ള പരിശീലനം ഉറപ്പാക്കാനുള്ള ആഗോളദൗത്യം ഭാരതത്തിനുള്ളതാണെന്ന് ഇന്നാട്ടുകാരെ ഓർമപ്പെടുത്തിയതും സ്വാമിജിയായിരുന്നു. അന്നാകട്ടെ ഭാരതദേശം അടിമത്തത്തിലാണ്ടു കിടക്കുകയായിരുന്നു. ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന ഉപനിഷദ്‌സന്ദേശം ഉരുവിട്ടുകൊണ്ടു സ്വാമിജി നടത്തിയ ‘ഉണർത്തൽക്രിയ’ ആയിരത്താണ്ടുകളുടെ അടിമത്തത്തിൽ നിന്നുമാണ് ഭാരതാംബയെ മന്ത്രമുഗ്ധയെപ്പോലെ ഉണർത്തെഴുന്നേൽപ്പിച്ചത്.

ഉപനിഷത്കാലമുൾപ്പെടെ, ഗുപ്തഭരണകാലമുൾപ്പെടെ ഇന്ത്യയുടെ സുവർണ ഭൂതകാലം ഒന്നൊന്നായി ഭാരതജനതയുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ‘കായകല്പ ചികിത്സ’യായിരുന്നു അത്. ഭാരതീയരായതിലും ഹിന്ദുവായതിലും അഭിമാനിക്കുന്നുവെന്ന് അക്കാലത്ത് പാശ്ചാത്യലോകത്തുവെച്ചു പറഞ്ഞപ്പോൾ ആ ഭാവതീവ്രതയെ ഇന്നാട്ടിലെ ഓരോരുത്തരുമാണ് പങ്കിട്ടെടുത്തത്. ഏറ്റവും പുരാതനമായ സന്ന്യാസിപരമ്പരയുടെ നാമത്തിൽ, മതങ്ങളുടെയെല്ലാം മാതാവായ സനാതന ഹിന്ദുസംസ്കാരത്തിന്റെ പ്രതിനിധിയെന്ന പേരിൽ, ഒക്കെയാണ് മതമഹാസമ്മേളനസദസ്സിലുണ്ടായിരുന്ന നാലായിരംപേരെ വിവേകാനന്ദൻ സ്വയം പരിചയപ്പെടുത്തിയത്. 


(പത്രാധിപർ, പ്രബുദ്ധകേരളം, ശ്രീരാമകൃഷ്ണമഠം, തൃശ്ശൂർ)

2018 സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ചത്