വംബറിലെ തണുപ്പുള്ള ഒരു ഞായറാഴ്ച. സമയം ഏതാണ്ട് ഉച്ചകഴിഞ്ഞിരുന്നു. വെസ്റ്റ് എൻഡിലെ സ്വീകരണമുറിയായിരുന്നു സ്ഥലം. അർധവൃത്താകൃതിയിൽ കൂടിയിരുന്ന ശ്രോതാക്കൾക്ക് നടുവിൽ അദ്ദേഹമിരിക്കുന്നു. പിറകിൽ നെരിപ്പോട് എരിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ സംസ്കൃത ശ്ലോകങ്ങളുടെ വിശദീകരണങ്ങളോടെ ഒന്നിനുപിറകെ ഒന്നായി വരുന്ന ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം ഉത്തരം നൽകിക്കൊണ്ടേയിരുന്നു. അസ്തമയം ഇരുട്ടിലേക്ക് തെന്നിവീഴുമ്പോൾ, ഇന്ത്യൻ തോട്ടത്തിലോ ഗ്രാമാതിർത്തിയിലെ കിണറ്റിൻ കരയിലോ മരത്തിൻ ചുവട്ടിലോ ഇരുന്ന് ചുറ്റുംകൂടിയിരിക്കുന്നവരോട് സംസാരിക്കുന്ന ഒരു സന്ന്യാസിയുടെ ചിത്രം ആ സമയം അദ്ദേഹത്തിന്റെ ഉള്ളിലൂടെയും കടന്നുപോയിരിക്കണം.

പിന്നീടൊരിക്കലും ഇംഗ്ലണ്ടിൽവെച്ച് സ്വാമിയെ ഇത്ര ലളിതമായ രീതിയിൽ ഒരു അധ്യാപകനായി ഞാൻ കണ്ടിട്ടില്ല. പ്രഭാഷണങ്ങളായിരുന്നു തുടർകാലങ്ങളിൽ അദ്ദേഹം അവിടെ നടത്തിയിരുന്നത്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒരു വലിയ ആൾക്കൂട്ടത്തിനുമുന്നിലായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്. അന്നാദ്യ തവണ മാത്രമേ മാനസികമായി ഒരുമയുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളായ പതിനഞ്ചോ പതിനാറോ അതിഥികൾ, ഞങ്ങളിൽ ചിലരുമായി, നടുവിൽ ചുവന്ന മേലങ്കിയും അരക്കച്ചയുമണിഞ്ഞ് അദ്ദേഹമിരുന്ന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ.

ദൂരദേശത്തുനിന്നും ഞങ്ങൾക്കായി വാർത്തകൾ കൊണ്ടുവന്നു തരുമ്പോൾ ഇടയ്ക്കിടെ ശിവ!ശിവ! എന്ന് അദ്ദേഹം മന്ത്രിച്ചുകൊണ്ടേയിരുന്നു. ധാന്യത്തിലൂടെ ആർജിച്ചെടുത്ത പ്രൗഢവും സൗമ്യവുമായ ഭാവം എപ്പോഴും ആ മുഖത്ത് നിറഞ്ഞുനിന്നു. റാഫേലിന്റെ മനോഹരമായ പെയിന്റിങ്ങിലെ ഉണ്ണിയേശുവിന്റെ (സിസ്റ്റൈൻ മഡോണയിലെ മാതാവും യേശുവും) നിഷ്കളങ്കമായ മുഖമായിരുന്നു അത്.

Content Highlights: Sister Niveditha on Swami Vivekananda