റാന്നി: പമ്പയാറിന്റെ തീരംകടന്ന് കല്ലാറും കക്കാട്ടാറും കടന്ന് ശബരിഗിരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പൂങ്കാവനത്തിലേക്ക്. വഴികളിലെല്ലാം ഭക്തിനിര്‍ഭരമായ വരവേല്പാണ് ലഭിച്ചത്. തിരുവാഭരണം കണ്ടുതൊഴുത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ മനസ്സില്‍ ദര്‍ശിച്ച് ആയിരങ്ങള്‍ സംതൃപ്തിനേടി.

ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദര്‍ശനത്തിനായി ഭക്തരുടെ നല്ല തിരിക്കാണനുഭവപ്പെട്ടത്. പന്തളത്തുനിന്ന് ബുധനാഴ്ച തിരിച്ച ഘോഷയാത്ര രണ്ടാംദിവസം ളാഹ സത്രത്തിലെത്തി വിശ്രമിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവിടെനിന്നുതിരിച്ച് വൈകീട്ട് സന്നിധാനത്തെത്തും. ഈ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് മകരസംക്രമ സന്ധ്യയില്‍ ദീപാരാധന നടക്കുന്നത്.

ബുധനാഴ്ച അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിച്ച ഘോഷയാത്രാസംഘം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അവിടെനിന്ന് പുറപ്പെട്ടു. കുരുത്തോലകളും പൂമാലകളും വൈദ്യുതിദീപങ്ങളുംകൊണ്ട് അലങ്കരിച്ച പാതയിലൂടെ നീങ്ങിയ ഘോഷയാത്രയെ നിറപറയും നിലവിളക്കുമായി വഴിയിലുടെ നീളം ഭക്തര്‍ വരവേറ്റു.

കര്‍പ്പൂരമൊഴിഞ്ഞും പൂക്കള്‍ വിതറിയും അവര്‍ അയ്യപ്പപൂജ നടത്തി. മൂക്കന്നൂര്‍ മഹാദേവ ക്ഷേത്രം, ഇളപ്പുങ്കല്‍, ഇടപ്പാവൂര്‍ ക്ഷേത്രം, പേരൂച്ചാല്‍ എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രഭരണസമിതികളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയെ ഭക്തിയോടെ സ്വീകരിച്ചു.

പുലര്‍ച്ചെ നാലുമണിയോടെ പമ്പാനദി കടന്ന് മറുകരയിലെത്തുന്ന ഘോഷയാത്രയെ ചെറുകോല്‍ പഞ്ചായത്തും വിവിധ ഹൈന്ദവസംഘടനാ ഭാരവാഹികളും ഭക്തരുംചേര്‍ന്ന് സ്വീകരിച്ചു. അവിടെനിന്ന് പമ്പാനദീതീരത്തുകൂടിയുള്ള പാതയിലൂടെ ആയിക്കല്‍ തിരുവാഭരണ പാറയിലേക്ക്. രണ്ടാംദിവസം തിരുവാഭരണ പേടകങ്ങള്‍ ആദ്യംതുറന്നതിവിടെയാണ്. പുലര്‍ച്ചെ മഞ്ഞും തണുപ്പുമൊന്നും വകവെയ്ക്കാതെ നൂറു കണക്കിന് ഭക്തരാണ് ഈ സ്വീകരണ സ്ഥലങ്ങളിലൊക്കെ ഭജനയും ശരണംവിളികളുമായി കാത്തുനിന്നിരുന്നത്. ഓരോ സ്ഥലത്തും ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും ചുക്കുകാപ്പിയുമൊക്കെ തയ്യാറാക്കിയിരുന്നു.

തുടര്‍ന്ന് വൈക്കം കുത്തുകല്ലുങ്കല്‍ പടി, മന്ദിരം, അരമനപ്പടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഇടക്കുളം അയ്യപ്പക്ഷേത്രത്തിലെത്തി. ഇവിടെയും അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ ഏറെ ഭക്തരുണ്ടായിരുന്നു.

പള്ളിക്കമുരുപ്പിലെ സ്വീകരണം കഴിഞ്ഞ് പേങ്ങാട്ടുകടവിലെത്തി, കല്ലാര്‍കടന്ന് വടശ്ശേരിക്കരയിലെത്തി. ചെറുകാവ് ദേവീ ക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ ഭക്തര്‍ ഘോഷയാത്രയെ ശരണംവിളികളോടെ വരവേറ്റുു.

ശബരിമല സ്ഥിതിചെയ്യുന്ന പെരുനാട് ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കുന്ന മാടമണ്‍ ചെമ്പോണില്‍ പെരുനാട് ഗ്രാമപ്പഞ്ചായത്ത്് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മാടമണ്ണില്‍ മണ്ഡകത്തില്‍ വീട്, ഹൃഷികേശക്ഷേത്രം തുടര്‍ന്ന് ഐവേലിക്കുഴി, പൂവത്തുംമൂട്, കൂടക്കാവില്‍, വെള്ളാമണ്ണില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഘോഷയാത്ര പെരുനാട് കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇവിടെയെല്ലാം സ്വീകരണത്തിന് വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. നാലിന് കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട് മഠത്തുംമൂഴി രാജേശ്വരി മണ്ഡപത്തിലെത്തി. ഇവിടെയും തിരുവാഭരണപേടകങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നു.

മല കയറുന്നതിന് മുന്നോടിയായുള്ള പ്രത്യേക പൂജയും നടന്നു. കൂനംകര ആശ്രമം, പുതുക്കട, ഇരുമ്പത്താന്‍ തോട്, ളാഹ, അമ്മന്‍കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലും ഘോഷയാത്രയ്ക്ക് സ്വീകരണം ലഭിച്ചു.

ളാഹ സത്രത്തിലെത്തി രണ്ടാംദിവസം വിശ്രമിച്ചു. രാത്രി വൈകിയിട്ടും ഇവിടെയും തിരുവാഭരണ ദര്‍ശനത്തിനായി ഭക്തരുടെ തിരക്കായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് അവിടെനിന്ന് പുറപ്പെട്ട് വൈകീട്ട് ശബരിമലയിലെത്തും.

മകരവിളക്ക് ഇന്ന്

ശബരിമല: തിരുവാഭരണങ്ങളണിഞ്ഞ ശബരീശനെ കണ്ടുതൊഴാൻ സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളുമായി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

മകരസംക്രമസമയമായ വെള്ളിയാഴ്ച 2.29-ന് സംക്രമപൂജയും അഭിഷേകവും നടക്കും. മകരസംക്രമസമയത്തെ നെയ്യഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങയുമായി കവടിയാർ കൊട്ടാരത്തിൽനിന്ന് കന്നിഅയ്യപ്പൻ കൗശിക് ശബരിമലയിലെത്തി.

വൈകിട്ട് 6.30-ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രം ദൃശ്യമാകും. തുടർന്ന് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.