തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍, ഏരുമേലി, കുമളി എന്നിവയ്ക്കു പുറമേ വിവിധ ജില്ലകളിലായി ഏഴിടത്തുകൂടി വെര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പുതിയ പ്രസിഡന്റും അംഗവും ചുമതലയേറ്റശേഷം ആദ്യമായി ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് പുതുതായി സ്‌പോട്ട് വെര്‍ച്ചല്‍ ക്യൂ ബുക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും -പ്രസിഡന്റ്

വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി ചുമതലയേറ്റ കെ. അനന്തഗോപന്‍.

ശബരിമലയില്‍ തീര്‍ഥാടകരെ തങ്ങാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായം. തീര്‍ഥാടനം തുടങ്ങിയശേഷം കോവിഡ് സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ നടപടിയെടുക്കും. നീലിമല പാത തുറന്നുനല്‍കുന്നത് സൗകര്യം ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും. കാണിക്ക വരുമാന പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടില്ല. ബോര്‍ഡ് പകരം വരുമാനം കണ്ടെത്തും. -പ്രസിഡന്റ് പറഞ്ഞു