പന്തളം: പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ബുധനാഴ്ച ശബരിമലയ്ക്കു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്റെ നിയന്ത്രണങ്ങളുണ്ടെങ്കിലും ഘോഷയാത്ര മുന്‍വര്‍ഷങ്ങളിലേതുപോലെ പ്രൗഢി മങ്ങാതെ നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ പന്തളത്ത് നടന്ന യോഗം തീരുമാനിച്ചു.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളും ക്ഷേത്രങ്ങളുമെല്ലാം ഘോഷയാത്രയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഘോഷയാത്ര കാണാനെത്തുന്ന ഭക്തര്‍ക്കുവേണ്ട സൗകര്യങ്ങളും വിവിധ സംഘടനകള്‍ ഒരുക്കുന്നുണ്ട്. വഴിയില്‍ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണംചെയ്യും. ഭക്ഷണം പാഴ്സലായി നല്‍കുന്ന സംഘടനകളുമുണ്ട്.

പന്തളംവിട്ടാല്‍ പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര ശബരിമല ലക്ഷ്യമാക്കി നീങ്ങുന്നത്. വഴികളെല്ലാം പുണ്യയാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്. സ്വീകരണങ്ങള്‍ എല്ലായിടങ്ങളിലും പഴയതുപോലെ ഉണ്ടാകും.

ഘോഷയാത്രയെ നയിക്കുന്ന പന്തളം വലിയതമ്പുരാന്റെ രാജപ്രതിനിധി തിരുവാഭരണ മാളികയ്ക്കുമുന്‍പില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നുണ്ട്. തിരുവാഭരണ പേടകങ്ങളുടെയും പല്ലക്കിന്റെയും മിനുക്കുപണികളും കൊട്ടാരത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കൊട്ടാരത്തില്‍ ദര്‍ശനം ഇന്നുകൂടിമാത്രം

തിരുവാഭരണങ്ങള്‍ കൊട്ടാരത്തില്‍ ഭക്തര്‍ക്ക് ദര്‍ശിക്കാനുള്ള സൗകര്യം ചൊവ്വാഴ്ചകൂടി മാത്രമേ ഉണ്ടാകൂ. ബുധനാഴ്ച രാവിലെമുതല്‍ ഉച്ചയ്ക്ക് 11 വരെ വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തിന് മുന്‍പിലാണ് തിരുവാഭരണങ്ങള്‍ ദര്‍ശനത്തിന് തുറക്കുക. ഘോഷയാത്രയ്ക്ക് മുന്നോടിയായ ആചാരപരമായ ചടങ്ങുകള്‍ക്കായി ക്ഷേത്ര നടയടച്ചാല്‍ ദര്‍ശനം അനുവദിക്കില്ല.

യാത്രതുടങ്ങിയാല്‍ കുളനട ഭഗവതിക്ഷേത്രത്തിലാണ് തിരുവാഭരണപ്പെട്ടി ആദ്യം തുറന്ന് ദര്‍ശനത്തിനുവെയ്ക്കുന്നത്. തുടര്‍ന്ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ക്ഷേത്രം, പാമ്പാടിമണ്‍, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ പെട്ടിതുറക്കും.

രണ്ടാംദിവസം ആയിക്കക്കുന്ന്, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, പെരുനാട് രാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യമുണ്ടാകും. മൂന്നാം ദിവസം ശബരിമലയില്‍ എത്തിയശേഷമേ പെട്ടി തുറക്കുകയുള്ളൂ.

ഗതാഗതം തിരിച്ചുവിടും

ബുധനാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നതിനാല്‍ തിരക്കുകണക്കിലെടുത്ത് അടൂരില്‍നിന്നുവരുന്ന വാഹനങ്ങള്‍ പന്തളം കവലയില്‍ തിരിഞ്ഞ് തുമ്പമണ്‍ അമ്പലക്കടവുവഴി കുളനടയിലെത്തി പോകണം. ചെങ്ങന്നൂരില്‍നിന്നുവരുന്ന വാഹനങ്ങള്‍ കുളനടയില്‍നിന്ന് അമ്പലക്കടവ് തുമ്പമണ്‍ കരുകുഴി വഴി അടൂരിലേക്കുപോകണം.

എം.സി.റോഡില്‍ തിരക്കുകൂടിവരുന്ന സമയത്താണ് ഈ ക്രമീകരണം. ക്ഷേത്രത്തിനുസമീപം എം.സി.റോഡരികിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയിലും വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.

ഘോഷയാത്രയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും

പന്തളം: പന്തളത്തുനിന്ന് ബുധനാഴ്ച ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയില്‍ അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും തിരക്കൊഴിവാക്കാന്‍ മാലയിട്ടുള്ള സ്വീകരണത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനും കൊട്ടാരത്തില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘാംഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഘോഷയാത്രയ്‌ക്കൊപ്പം പോകുന്ന സ്വാമിമാര്‍ അകലം പാലിച്ച് മുന്നില്‍ നീങ്ങണം.

തിരുവാഭരണപ്പെട്ടികള്‍ ക്ഷേത്രത്തിനു പറത്തേക്കെടുക്കുന്ന സമയം മാലയിട്ടുള്ള സ്വീകരണത്തിന് വളരെ കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്താനാണ് തീരുമാനം. പകരം ബാക്കിയുള്ള ആളുകള്‍ക്ക് പെട്ടികളില്‍ പൂവിട്ട് തൊഴാനുള്ള അവസരമൊരുക്കും. സമയബന്ധിതമായി ഘോഷയാത്ര സ്വീകരണ സ്ഥലങ്ങളില്‍ എത്തുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പന്തളം നഗരസഭാ ഭാരവാഹികള്‍ മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമാണ് സ്വീകരിക്കുന്നത്. ക്ഷേത്രത്തില്‍നിന്ന് മണികണ്ഠനാല്‍ത്തറവരെയുള്ള വഴിയിലെ കടകളുടെ ഇറക്ക് അഴിച്ചുമാറ്റി യാത്ര സുഗമമാക്കും.

പുലര്‍ച്ചെ നാലിന് തിരുവാഭരണങ്ങള്‍ ഗുരുസ്വാമിമാര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് മാറ്റും. അഞ്ചുമുതല്‍ ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമൊരുക്കും. ഇത്തവണ രാജപ്രതിനിധി ക്ഷേത്രത്തില്‍നിന്ന് ആദ്യമിറങ്ങി വലിയതമ്പുരാട്ടി മകംനാള്‍ തന്വംഗിത്തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങും. ഒരുമണിക്ക് ഘോഷയാത്ര പുറപ്പെട്ടാല്‍ രാജപ്രതിനിധി അതിനൊപ്പം ചേരുകയും ചെയ്യും. വടശ്ശേരിക്കരയിലും ളാഹയിലും തിരുവാഭരണ പേടകവാഹകസംഘത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. ഘോഷയാത്രയ്‌ക്കൊപ്പം ശബരിമലയിലെത്തുന്ന സ്വാമിമാര്‍ക്ക് വടക്കേനടവഴി കയറി ദര്‍ശനത്തിന് സൗകര്യമൊരുക്കും. ഘോഷയാത്രയ്‌ക്കൊപ്പം ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യവുമുണ്ടാകും.

യോഗത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ, രാജപ്രതിനിധി ശങ്കര്‍ വര്‍മ, ആര്‍.ഡി.ഒ. കെ.ചന്ദ്രശേഖരന്‍ നായര്‍, നോഡല്‍ ഓഫീസര്‍ എം.കെ.അജികുമാര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷ്, കൗണ്‍സിലര്‍ പി.കെ.പുഷ്പലത, തിരുവാഭരണം സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.അജിത് കുമാര്‍, സ്‌പെഷല്‍ ഓഫീസര്‍ കെ.സൈനുരാജ്, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.പി.സന്തോഷ്, തിരുവാഭരണ പേടക വാഹകസംഘം സ്വാമിമാരായ മരുതമന ശിവന്‍പിള്ള, കുളത്തിനാല്‍ ഉണ്ണിക്കൃഷ്ണന്‍, വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍, പല്ലക്ക് വാഹകസംഘം ഗുരുസ്വാമി വേണുഗോപാല്‍, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

വില്ലേജ് പരിധികളില്‍ 12,13 തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ജില്ലയിലെ വില്ലേജ് പരിധികളില്‍ 12,13 തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പന്തളം, കുളനട, കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി, ചെറുകോല്‍, അയിരൂര്‍, റാന്നി, വടശേരിക്കര, റാന്നി പെരുനാട് എന്നീ വില്ലേജുകളില്‍ മദ്യനിരോധനത്തിന് സമയക്രമം ഏര്‍പ്പെടുത്തിയത്.

പന്തളം, കുളനട വില്ലേജ് പരിധിയില്‍ 12-ന് രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയും കിടങ്ങന്നൂര്‍ വില്ലേജില്‍ രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെയും ആറന്മുള, മല്ലപ്പുഴശേരി വില്ലേജില്‍ രാവിലെ 11 മുതല്‍ രാത്രി ഒന്‍പതുവരെയും കോഴഞ്ചേരിയില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 11 വരെയുമാണ് മദ്യനിരോധനം.

ചെറുകോല്‍, അയിരൂര്‍ വില്ലേജില്‍ 12-ന് വൈകീട്ട് മൂന്നുമുതല്‍ 13-ന് രാവിലെ ഏഴുവരെയും റാന്നിയില്‍ 13-ന് രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയും വടശേരിക്കരയില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെയും റാന്നി-പെരുനാട്ടില്‍ രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തുനിന്ന് മടങ്ങിയെത്തുന്ന റാന്നി പെരുനാട് വില്ലേജ് പരിധിയില്‍ ഈ മാസം 21-ന് 24 മണിക്കൂറും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.