പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യാ എസ്.അയ്യര്‍. തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളത്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

15.52 ലക്ഷം തീര്‍ഥാടകര്‍

ഈവര്‍ഷം ശബരിമല തീര്‍ഥാടനത്തിന് ഇതുവരെ 15,52,227 പേരാണെത്തിയത്. കാനനപാതയിലൂടെ മാത്രം 18,375 പേര്‍ സന്നിധാനത്തെത്തി. തീര്‍ഥാടകരുടെ വര്‍ധന കണക്കിലെടുത്ത് കാനനപാത വഴിയുള്ള തീര്‍ഥാടന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. എരുമേലി കോയിക്കല്‍വഴി രാവിലെ 5.30മുതല്‍ ഉച്ചയ്ക്ക് 1.30വരെയും അഴുത, മുക്കുഴി കാനനപാതകളിലൂടെ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെയുമാണ് തീര്‍ഥാടകരെ കയറ്റിവിടുക.

പോലീസ് സുരക്ഷയും ഉറപ്പാക്കും. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കും. പാണ്ടിത്താവളത്തില്‍ പുതുതായി 240 ടോയ്ലറ്റുകള്‍ സ്ഥാപിക്കും. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് 13-ന് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും. കെ.എസ്.ആര്‍.ടി.സി. അധിക ബസ് സര്‍വീസുകള്‍ നടത്തും.

300 ബസുകള്‍ ചെയിന്‍ സര്‍വീസും 400 ബസുകള്‍ ദീര്‍ഘദൂര സര്‍വീസും നടത്തും. ജ്യോതി ദര്‍ശിക്കുന്ന ഒന്‍പതുസ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യമൊരുക്കും. അഗ്‌നിരക്ഷാസേന 124 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ശബരിമല എ.ഡി.എം. അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.